Arrested | വീടിന് മുന്നില്‍ കളിക്കുകയായിരുന്ന ഒരു വയസുകാരന്‍ വണ്ടിയിടിച്ച് മരിക്കാനിടയായ സംഭവം; ശ്രദ്ധയില്ലാതെ കാര്‍ എടുത്തതുകൊണ്ടാകാമെന്ന് പൊലീസ്; ഒരാള്‍ പിടിയില്‍, മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു

 



പോത്തന്‍കോട്: (www.kvartha.com) തിരുവനന്തപുരത്ത് വീടിന് മുന്നില്‍ കളിക്കുകയായിരുന്ന ഒരു വയസുകാരന്‍ വണ്ടിയിടിച്ച് മരിക്കാനിടയായ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. കാര്‍ ഓടിച്ചിരുന്ന പോത്തന്‍കോട്ടെ ജ്വലറി കളക്ഷന്‍ ഏജന്റ് വേളാവൂര്‍ സ്വദേശി തൗഫീഖിനെ (29) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.

വേങ്ങോട് കിഴക്കുംകര പുത്തന്‍വീട്ടില്‍ അബ്ദുള്‍ റഹിം-ഫസ്ന ദമ്പതിമാരുടെ മകന്‍ ഒന്നേകാല്‍ വയസുള്ള റയാനെയാണ് 10ന് വൈകിട്ട് വീടിന് മുന്നിലെ റോഡില്‍ വാഹനം തട്ടിയ നിലയില്‍ കണ്ടെത്തിയത്. വേങ്ങോട്-അമ്പാലൂര്‍കോണം റോഡിലായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ അപകടം നടന്നത്. വീട്ടുകാരുടെ ശ്രദ്ധയൊന്ന് മാറിയപ്പോള്‍ തുറന്ന് കിടന്ന ഗേറ്റിലൂടെ റോഡിലേക്ക് ഇറങ്ങിയ കുട്ടി അപകടത്തില്‍പെടുകയായിരുന്നു. കാറിനരികില്‍ കുഞ്ഞ് കളിക്കുന്നതറിയാതെ വണ്ടി എടുത്തപ്പോഴാണ് ദുരന്തമുണ്ടായതെന്ന് കരുതുന്നു. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: അറസ്റ്റിലായ തൗഫീക് ജ്വലറി കളക്ഷന്‍ ഏജന്റ് ആണ്. ഇയാളും സുഹൃത്തും വീട്ടില്‍നിന്ന് പണം പിരിക്കാനായി എത്തിയതായിരുന്നു. വീടിന് മുന്നില്‍ കാര്‍  നിര്‍ത്തിയിട്ടാണ് ഇവര്‍ വീട്ടില്‍ കയറിയത്. തിരിച്ചിറങ്ങുമ്പോള്‍ ഗേറ്റ് പാതിയെ അടച്ചിരുന്നുള്ളൂ. പുറത്തിറങ്ങിയ ഇവര്‍ തൊട്ടടുത്ത വീട്ടിലേക്ക് പോയി. ഈ സമയം മുറ്റത്ത് ജ്യേഷ്ഠന്‍ റയ്ഹാനുമൊത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന റയാന്‍ റോഡില്‍ ഇറങ്ങി കാറിന് പിന്നില്‍ പിടിച്ചുകൊണ്ട് നിന്നതാവാമെന്നാണ് പൊലീസിന്റെ നിഗമനം

Arrested | വീടിന് മുന്നില്‍ കളിക്കുകയായിരുന്ന ഒരു വയസുകാരന്‍ വണ്ടിയിടിച്ച് മരിക്കാനിടയായ സംഭവം; ശ്രദ്ധയില്ലാതെ കാര്‍ എടുത്തതുകൊണ്ടാകാമെന്ന് പൊലീസ്; ഒരാള്‍ പിടിയില്‍, മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു


പിരിവ് കഴിഞ്ഞ് മടങ്ങിയെത്തിയ തൗഫീഖും സുഹൃത്തും കുട്ടി വാഹനത്തിന് പിന്നില്‍ നില്‍കുന്നത് കാണാതെ കാര്‍ ഓടിച്ചുപോയി. കാര്‍ നീങ്ങിയപ്പോള്‍ റയാന്‍ റോഡിലേക്ക് വീഴുകയോ കാര്‍ പിന്നിലോട്ട് എടുത്തപ്പോള്‍ കാര്‍തട്ടി വീഴുകയും ചെയ്തതാവാം അപകടകാരണമെന്നാണ് പൊലീസ് നിഗമനം.

അപകടത്തില്‍ കുട്ടിയുടെ തലയ്ക്ക് പിന്നില്‍ മുറിവുണ്ടായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കാര്‍ കടന്നുപോയതിന് ശേഷം ഇതുവഴി വരികയായിരുന്ന സമീപവാസിയായ ഓടോ റിക്ഷക്കാരനാണ് പരിക്കേറ്റ് റോഡില്‍ കിടക്കുന്ന കുട്ടിയെ കണ്ടത്. തുടര്‍ന്ന് വീട്ടുകാരോട് പറയുകയും അയല്‍വാസികള്‍ ചേര്‍ന്ന് കഴക്കൂട്ടത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു.  

കുട്ടിയെ ഇടിച്ചിട്ട വാഹനം ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. എന്നാല്‍ വീട്ടിലേക്ക് വന്നപ്പോള്‍ സംഭവം നടന്ന വീടിന് 100 മീറ്റര്‍ അപ്പുറത്തുവെച്ച് ഒരു കാര്‍ കണ്ടുവെന്ന് ഓടോ റിക്ഷാ ഡ്രൈവറായ അബ്ദുള്‍ സലാം പറഞ്ഞിരുന്നു. ആ വാഹനം ഇടിച്ചിട്ടതാകാമെന്ന നിഗമനത്തില്‍ പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വാഹനം തിരിച്ചറിഞ്ഞതും തൗഫീഖിനെ അറസ്റ്റ് ചെയ്തതും. ആഈശത്ത് ഫാത്വിമയാണ് റയാന്റെ സഹോദരി.

Keywords:  News,Kerala,State,Local-News,Police,Arrested,Death,Police,Case,Child, Pothancode: One year old boy Rayan's accident death, One arrested
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia