Maiden Pharma | ഗാംബിയയിലെ 66 കുട്ടികളുടെ മരണം: പ്രതിസ്ഥാനത്തുള്ള കംപനിയോട് മരുന്ന് നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ സര്‍കാര്‍ ഉത്തരവ്; 12 നിയമലംഘനങ്ങളോ പോരായ്മകളോ കണ്ടെത്തിയതായി ആരോഗ്യമന്ത്രി

 


ചണ്ഡീഗഡ്: (www.kvartha.com) ഗാംബിയയിലെ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തുള്ള ഹരിയാന ആസ്ഥാനമായ മെയ്ഡന്‍ ഫാര്‍മസ്യൂടികല്‍സിന്റെ സോനിപത് യൂണിറ്റില്‍ മരുന്ന് നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ഹരിയാന സര്‍കാര്‍ ഉത്തരവിട്ടു. അടുത്തിടെ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ നിരവധി നിയമലംഘനങ്ങള്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലെങ്കില്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യും.
                
Maiden Pharma | ഗാംബിയയിലെ 66 കുട്ടികളുടെ മരണം: പ്രതിസ്ഥാനത്തുള്ള കംപനിയോട് മരുന്ന് നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ സര്‍കാര്‍ ഉത്തരവ്; 12 നിയമലംഘനങ്ങളോ പോരായ്മകളോ കണ്ടെത്തിയതായി ആരോഗ്യമന്ത്രി

ആഫ്രികന്‍ രാജ്യമായ ഗാംബിയയിലെ 66 കുട്ടികളുടെ മരണത്തിലേക്ക് നയിച്ചത് കംപനിയുടെ നാല് കഫ് സിറപുകളാണെന്ന ലോകാരോഗ്യ സംഘടനയുടെ ആരോപണം വന്നതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഉല്‍പാദനം നിര്‍ത്താനുള്ള ഉത്തരവ് വന്നത്. 'ഈ യൂണിറ്റിലെ എല്ലാ മരുന്നുകളുടെയും ഉല്‍പാദനം ഉടനടി പ്രാബല്യത്തില്‍ നിര്‍ത്താന്‍ ഞങ്ങള്‍ ഉത്തരവിട്ടിട്ടുണ്ട്', ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ് പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന് ശേഷം, കംപനി നിര്‍മിച്ച നാല് മരുന്നുകളുടെ സാംപിളുകള്‍ ഒക്ടോബര്‍ ആറിന് കൊല്‍കത്തയിലെ സെന്‍ട്രല്‍ ഡ്രഗ്സ് ലബോറടറിയിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും സംയുക്ത സംഘം നിര്‍മാണ കേന്ദ്രം പരിശോധിച്ചപ്പോള്‍ 12 നിയമലംഘനങ്ങളോ പോരായ്മകളോ കണ്ടെത്തിയതായി ആരോഗ്യമന്ത്രി പറഞ്ഞു. ഇത് ശ്രദ്ധയില്‍പ്പെട്ടാണ് മരുന്ന് ഉല്‍പാദനം നിര്‍ത്തിവെക്കാന്‍ സംസ്ഥാന സര്‍കാര്‍ ഉത്തരവിട്ടത്.

കൊല്‍കത്തയിലെ സെന്‍ട്രല്‍ ഡ്രഗ്സ് ലബോറടറിയില്‍ നിന്ന് സാംപിളുകളുടെ റിപോര്‍ട് ഇനിയും ലഭിക്കാനുണ്ടെന്നും അതില്‍ പറയുന്ന കാര്യങ്ങള്‍ അനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മരുന്നുകളിലൊന്ന് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുവായ പ്രൊപിലീന്‍ ഗ്ലൈകോളിന്റെ ഗുണനിലവാര പരിശോധന നടത്തിയിട്ടില്ലെന്നും അധികൃതര്‍ പറയുന്നു. കംപനി നിര്‍മിച്ച പ്രോമെതാസിന്‍ ഓറല്‍ സൊലൂഷന്‍, കോഫെക്സാമാലിന്‍ ബേബി കഫ് സിറപ്, മകോഫ് ബേബി കഫ് സിറപ്, മഗ്രിപ് എന്‍ കോള്‍ഡ് സിറപ് എന്നിവയ്ക്കെതിരെയാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്.

Keywords:  Latest-News, National, Top-Headlines, Death, Government, Haryana, Business, Health, Treatment, Africa, World Health Organization, Allegation, Maiden Pharma, Government of Haryana, Orders issued to halt drug manufacturing at Maiden Pharma's Sonipat unit.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia