KUWJ | ഗവര്‍ണറുടെ മാധ്യമവിലക്ക് ജനാധിപത്യ നിഷേധമെന്ന് കെ യു ഡബ്ല്യു ജെ

 


കണ്ണൂര്‍: (www.kvartha.com) കേരള ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം റിപോര്‍ട് ചെയ്യുന്നതില്‍ നിന്നും ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കിയ നടപടി ജനാധിപത്യ വിരുദ്ധവും അങ്ങേയറ്റം പ്രതിഷേധാര്‍ഹവുമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ വാര്‍ത്താ കുറിപ്പില്‍ പ്രസ്താവിച്ചു.

മാധ്യമ സ്വാതന്ത്ര്യത്തിന് മേലുളള കടന്നു കയറ്റമാണിത്. കൈരളി, ജയ്ഹിന്ദ്, മീഡിയാവണ്‍, റിപോര്‍ടര്‍ ടിവി എന്നീ ചാനലുകളെയാണ് വാര്‍ത്താസമ്മേളനത്തില്‍ നിന്നും വിലക്കിയത്. ഗവര്‍ണര്‍ തന്നെ നിര്‍ദേശിച്ചത് അനുസരിച്ച് അഭിമുഖത്തിന് സമയം ചോദിച്ച് മെയില്‍ നല്‍കിയ മാധ്യമങ്ങളുമുണ്ട് വിലക്ക് നേരിട്ടവയില്‍.

KUWJ | ഗവര്‍ണറുടെ മാധ്യമവിലക്ക് ജനാധിപത്യ നിഷേധമെന്ന് കെ യു ഡബ്ല്യു ജെ

ഒരു വിഭാഗം മാധ്യമങ്ങളെ വിലക്കുന്ന രീതി രാജ്ഭവന്‍ പോലെ ഒരു ഭരണഘടനാ സ്ഥാപനത്തിന് യോജിച്ചതല്ല. ഇത് തുടര്‍ന്നാല്‍ അതിശക്തമായ പ്രതിഷേധത്തിലേക്ക് പോകാന്‍ നിര്‍ബന്ധിതരാകും എന്ന് കെ യു ഡബ്ല്യു ജെ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജെനറല്‍ സെക്രടറി ആര്‍ കിരണ്‍ ബാബുവും അറിയിച്ചു.

കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരെ അവഹേളിക്കുന്ന തരത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ പ്രതികരണവും പ്രതിഷേധാര്‍ഹമാണ്. തൊഴിലിന്റെ ഭാഗമായി വാര്‍ത്താ ശേഖരണത്തിന് വേണ്ടി പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകരെ വേഷം മാറിവരുന്ന വ്യാജന്മാര്‍ എന്ന തരത്തില്‍ വിശേഷിപ്പിച്ചത് ഉന്നതമായ ഭരണഘടനാ പദവി വഹിക്കുന്ന ഒരാള്‍ക്ക് യോജിച്ചതല്ല. കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ ആരുടെയും കേഡര്‍മാരല്ല. അത്യന്തം ദൗര്‍ഭാഗ്യകരമായ ഈ പ്രസ്താവന പിന്‍വലിക്കണമെന്ന് കെ യു ഡബ്ല്യു ജെ ആവശ്യപ്പെടുന്നു.

രാഷ്ട്രീയം അടക്കം വ്യത്യസ്ത ആശയങ്ങള്‍ പിന്തുടരുന്ന മാധ്യമങ്ങളില്‍ തൊഴിലെടുക്കുമ്പോഴും മാധ്യമ പ്രവര്‍ത്തകര്‍ എന്ന നിലയില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നവരാണ് കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍.
റിപോര്‍ടിംഗിന് അടക്കം ഒന്നിച്ചു തന്നെയാണ് പോകുന്നതും. മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലെ ഈ ഐക്യം തകര്‍ക്കാനുളള നീക്കമായിട്ട് കൂടിയേ ഈ നീക്കങ്ങളെ വിലയിരുത്താനാകൂ. ഇതിനെതിരെ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ യോജിച്ചു നിന്ന് പോരാടുമെന്നും ഭാരവാഹികള്‍ അറിയിച്ചു..

Keywords: KUWJ says Governor's media ban is a denial of democracy, Kannur, News, Controversy, Trending, Governor, Media, Criticism, Kerala, Politics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia