KPCC suspended | വിശദീകരണം തൃപ്തികരമല്ല; എല്‍ദോസിന് 6 മാസത്തേക്ക് സസ്‌പെന്‍ഷന്‍; കെപിസിസി, ഡിസിസി പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തും; പാര്‍ടി നിലപാട് അംഗീകരിക്കുമെന്നും നിരപരാധിത്വം തെളിയിക്കുമെന്നും എം എല്‍ എ

 


തിരുവനന്തപുരം: (www.kvartha.com) പീഡനക്കേസില്‍ പ്രതിയായ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ കെപിസിസി സസ്‌പെന്‍ഡ് ചെയ്തു. കെപിസിസി അംഗമായ എല്‍ദോസിനെ ആറ് മാസത്തേക്കാണ് സസ്‌പെന്‍ഡ് ചെയ്തത്. എല്‍ദോസിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് കെപിസിസി അറിയിച്ചു.

KPCC suspended | വിശദീകരണം തൃപ്തികരമല്ല; എല്‍ദോസിന് 6 മാസത്തേക്ക് സസ്‌പെന്‍ഷന്‍; കെപിസിസി, ഡിസിസി പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തും; പാര്‍ടി നിലപാട് അംഗീകരിക്കുമെന്നും നിരപരാധിത്വം തെളിയിക്കുമെന്നും എം എല്‍ എ


ജനപ്രതിനിധി എന്ന നിലയില്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തിയില്ലെന്നും കെപിസിസി വിലയിരുത്തി. കെപിസിസി, ഡിസിസി പ്രവര്‍ത്തനങ്ങളില്‍ നിന്ന് എല്‍ദോസിനെ മാറ്റിനിര്‍ത്തും. ആറുമാസത്തെ നിരീക്ഷണകാലയളവിനു ശേഷമാകും തുടര്‍നടപടി.

പീഡനക്കേസില്‍ പ്രതിയായതോടെ നടപടിയുണ്ടാകുമെന്ന് നേരത്തെ പാര്‍ടി നേതൃത്വം അറിയിച്ചിരുന്നു. എല്‍ദോസിനെ സംരക്ഷിക്കില്ലെന്ന് കെ സുധാകരന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

അതേസമയം പാര്‍ടി നിലപാട് അംഗീകരിക്കുന്നുവെന്നും തന്റെ നിരപരാധിത്വം എത്രയും പെട്ടെന്ന് തെളിയിക്കുമെന്നാണ് സസ്‌പെന്‍ഡ് ചെയ്ത നടപടിയോട് എം എല്‍ എ പ്രതികിരിച്ചത്.

പീഡനക്കേസുമായി ബന്ധപ്പെട്ട് എല്‍ദോസ് കുന്നപ്പിള്ളിയെ വെള്ളിയാഴ്ച പൊലീസ് ചോദ്യം ചെയ്തു. തിങ്കളാഴ്ച വീണ്ടും ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചോദ്യങ്ങള്‍ക്ക് എല്‍ദോസ് കൃത്യമായ മറുപടി നല്‍കുന്നില്ലെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. കഴിഞ്ഞദിവസമാണ് എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി പറഞ്ഞത്.

ഉപാധികളോടെ കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. പാസ്‌പോര്‍ട് അന്വേഷണ സംഘത്തിനു കൈമാറണമെന്നും കേരളം വിട്ടു പോകരുതെന്നും അടക്കമുള്ള 11 നിബന്ധനകളോടെയാണ് അഡി. സെഷന്‍സ് കോടതി എല്‍ദോസിന് ജാമ്യം അനുവദിച്ചത്. ഇതിനുപിന്നാലെയാണ് 11 ദിവസം ഒളിവിലായിരുന്ന എല്‍ദോസ് പെരുമ്പാവൂരിലെത്തിയത്.

എല്‍ദോസിന്റെ ഫോണും പാസ്‌പോര്‍ടും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എല്‍ദോസിനെതിരായ നടപടിയെക്കുറിച്ച് പാര്‍ടി ഉടന്‍ തീരുമാനമെടുക്കും. കെപിസിസി അംഗമാണ് എല്‍ദോസ്.

എന്നാല്‍ താനൊരു തെറ്റും ചെയ്തില്ലെന്നും പരാതി രാഷ്ട്രീയ പ്രേരിതമാണെന്നുമുള്ള മുന്‍നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് എല്‍ദോസ്.

Keywords: KPCC suspended Eldhose Kunnappilly for 6 months, Thiruvananthapuram, News, Politics, K Sudhakaran, KPCC, Trending, Suspension, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia