മനുഷ്യന്റെ കുപ്പായം ധരിക്കുന്ന പിശാചുക്കൾ

 


-റഹ്‌മാൻ മുട്ടത്തൊടി

(www.kvartha.com) അന്ധവിശ്വാസങ്ങളുടെ കൂത്തരങ്ങായി മാറുകയാണ് നവോത്ഥാനത്തിന്റെയും രാഷ്ട്രീയ പ്രബുദ്ധതയുടേയും കേളീരംഗമെന്ന് ഒരിക്കൽ വിശേഷിപ്പിക്കപ്പെട്ടിരുന്ന ഒരു നാട്. ജുഗുപ്സാവഹവും പ്രതിലോമപരവുമായ അന്ധവിശ്വാസങ്ങൾക്കും ആഭിചാരക്രിയകൾക്കും ഒത്താശയും വിടുപണിയും ചെയ്യുന്നവരായി നല്ലൊരു വിഭാഗം ദൃശ്യ - അച്ചടി മാധ്യമങ്ങളും അധപതിച്ചു തുടങ്ങിയിട്ടും കാലം കുറേയായിരിക്കുന്നു.
             
മനുഷ്യന്റെ കുപ്പായം ധരിക്കുന്ന പിശാചുക്കൾ

മനുഷ്യനെ സ്തബ്ധനും സംഭീതനുമാക്കുന്ന അന്ധവിശ്വാസത്തിന്റെയും ആഭിചാരകർമ്മങ്ങളുടേയും ഒരു വാർത്തയെങ്കിലുമില്ലാതെ ഒരൊറ്റ ദിവസവും കടന്നുപോവില്ല എന്നായിരിക്കുന്നു. മുമ്പൊക്കെ മറ്റു സംസ്ഥാനങ്ങളിൽ സംഭവിക്കുന്ന കിരാത സംഭവങ്ങളിൽ രോഷം കൊണ്ടിരുന്ന നമ്മുടെ സ്വന്തം സംസ്ഥാനത്തും മറ്റേതൊരു സംസ്ഥാനത്തേയും ലജ്ജിപ്പിക്കും വിധം മ്ലേച്ഛവും അതിക്രൂരവുമായ സംഭവവികാസങ്ങൾ നടമാടുകയാണ്.

ഏറ്റവും ഒടുവിലിതാ, രണ്ടു സംഭവങ്ങൾ. ഒന്ന് കാസർകോഡ് ജില്ലയിലെ ഒരു ക്ഷേത്രക്കുളത്തിൽ അധിവസിപ്പിച്ചിരുന്ന ഒരു മുതല ചത്തതിനേത്തുടർന്നുണ്ടായ പൊടിപ്പും തൊങ്ങലും വെച്ച കഥകൾ മെനയപ്പെട്ടുകൊണ്ടിരിക്കുന്നത്. മറ്റൊന്ന് പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ ദുർമന്ത്രവാദം വഴി പെട്ടെന്ന് സാമ്പത്തികാവൃദ്ധി ഉണ്ടാകുന്നതിനായി നിരപരാധികളായ രണ്ട് സ്ത്രീകളെ അതിക്രൂരമായി ശിരസ്സറുത്ത് നരബലി നടത്തിയ കഥ. സാമ്പത്തികാവൃദ്ധി മാത്രമല്ല, ലൈംഗിക വൈകൃതങ്ങളുടെ ഉപാസകനും അതിക്രൂരനുമായ ഒരു ഇരുകാലി രാക്ഷസന്റെ സമാനതയില്ലാത്ത ക്രൗര്യത്തിന്റെ ബലിയാടുകളായിരുന്നു രണ്ടു സ്ത്രീകളും എന്ന വാർത്തകളാണ് സംഭവത്തിന് മണിക്കൂറുകൾക്കു ശേഷം പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
           
മനുഷ്യന്റെ കുപ്പായം ധരിക്കുന്ന പിശാചുക്കൾ

തീർന്നില്ല, മൃഗീയമായ ലൈംഗിക പീഡനങ്ങൾക്കു ശേഷം പ്രതികളിൽ ഒരാളായ ഷാഫി എന്നവൻ ഇരകളുടെ രഹസ്യ ഇടങ്ങളിൽ മുറിവുകൾ ഉണ്ടാക്കി ആനന്ദം കണ്ടെത്തുന്നവനായിരുന്നു എന്ന വാർത്തയും അതിനും പുറമേ കൊലപ്പെടുത്തിയ സ്ത്രീകളുടെ ചില പ്രത്യേക അവയവങ്ങൾ അറുത്തെടുത്ത് പാകപ്പെടുത്തി ഭക്ഷിക്കുകയും ചെയ്തിരുന്നു എന്ന ആരേയും നടുക്കുകയും ആരിലും വമനേച്ഛ ഉണ്ടാക്കുന്നതുമായ വാർത്തകൾ കൂടി പുറത്തു വന്നുകൊണ്ടിരിക്കുന്നു !.

ഏതൊരു വിദ്യാസമ്പന്നനേയും ഏതു പാമരനായ തട്ടിപ്പുകാരനും തന്റെ ഇംഗിതത്തിനൊത്ത് ചലിപ്പിക്കാവുന്ന ദയനീയ സ്ഥിതിയിലേക്ക് നല്ലൊരു ശതമാനം ആളുകളും അധ:പതിച്ചു കൊണ്ടിരിക്കുന്നു എന്നത് ഭയജനകമായ അവസ്ഥ തന്നെയാണ്. പണത്തിനും ലഹരിമരുന്നിനും അവിഹിതമായ ലൈംഗികതയ്ക്കും മറ്റിതര സുഖാഢംബരങ്ങൾക്കും വേണ്ടി നമുക്കിടയിലുള്ള ചിലർ ഏതൊരു ഹിംസ്രജന്തുവിനേക്കാളും ക്രൂരനായി ഏതു നിമിഷവും മാറാം എന്നതും ഭീകരം തന്നെയാണ്. നരഭോജികൾ കാടുകളിലല്ല, ഇങ്ങ് നാടുകളിൽ നമ്മളോട് തോൾ ചേർന്നാണ് നടക്കുന്നത്. വയറിന്റെ വിശപ്പു മാറ്റാൻ മാത്രം തന്നെക്കാൾ ശക്തി കുറഞ്ഞ ഇരകളെ കൊന്നു തിന്നുന്ന മൃഗങ്ങളേക്കാൾ ഭയക്കേണ്ടത് കേവലാനന്ദത്തിനു വേണ്ടിയും ദേവതകൾക്കു ബലിയർപ്പിച്ചാൽ അധ്വാനിച്ചു വിയർക്കാതെ ചുളുവിൽ സമ്പത്തും ഐശ്വര്യങ്ങളും നേടാം എന്ന മൂഢവിശ്വാസത്താലും അവിഹിത ലൈംഗിക തൃഷ്ണയുടെ പൂർത്തീകരണത്തിനായും മറ്റും സഹജീവികളെ ഒരു മന:സാക്ഷിക്കുത്തുമില്ലാതെ നിഷ്കരുണം കൊന്നുതള്ളാൻ ഒരറപ്പുമില്ലാത്ത മനുഷ്യന്റെ കുപ്പായം ധരിക്കുന്ന പിശാചുക്കളെയാണ്.

അനുദിനം പുതിയ പുതിയ ദൈവങ്ങൾ ഇവിടെ പിറന്നു വീഴുകയാണ്. യഥാർത്ഥമായ ദൈവമോ ശക്തിയോ ആയതിനു പകരം അതിന്റെ ഏജന്റുമാർ ചമയുന്ന, മലവും മൂത്രവും വിയർപ്പും ചലവും പേറുന്ന, രോഗം വന്നാൽ ആരെങ്കിലും ആശുപത്രികളിലേക്ക് എടുത്ത് ഓടേണ്ട, തങ്ങളുടെ നാളെ അഥവാ, ഭവിഷ്യത്ത് എന്താവുമെന്ന് ഒരു പിടിയുമില്ലാത്ത വ്യാജന്മാരുടെയടുക്കൽ കദനങ്ങൾക്കും പീഡകൾക്കും പ്രഹേളികകൾക്കും പരിഹാരം തേടി ദക്ഷിണ നൽകി വരിയിൽ നിൽക്കുകയാണ് ലോകത്തിനു തന്നെ മാതൃകയാണ് എന്നവകാശപ്പെട്ടിരുന്ന ഒരു സമൂഹം, ചെയ്തു കൂട്ടിയ പാപങ്ങൾക്ക് പശ്ചാത്താപവും പ്രായശ്ചിത്തവുമായി തങ്ങൾ സമീപിക്കുന്നവർ തങ്ങളേക്കാൾ പാപികളും അധമന്മാരുമാണെന്ന പാഠം എത്രയൊക്കെ ദുരനുഭവങ്ങളുണ്ടായിട്ടും ജനം പഠിക്കുന്നില്ല.

അധികാരത്തിനു വേണ്ടി ഏതു വിശ്വാസങ്ങളെയും അന്ധവിശ്വാസങ്ങളേയും തരാതരം പോലെ വാരിപ്പുണരുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിക്ഷിപ്ത താല്പര്യക്കാരായ രാഷ്ട്രീയ ചേരികളും അന്ധവിശ്വാസങ്ങൾക്കെതിരേ ഒന്നാം പേജിൽ ഉലക്ക മുക്കിയും എഡിറ്റോറിയൽ പേജിൽ ഗുണപാഠകർ ചമഞ്ഞും കഥകളും വാർത്തകളും നിരത്തി അകം പേജുകളിൽ സമ്പത്തിനും സന്താനത്തിനും ശത്രുസംഹാരത്തിനും മറ്റുദ്ദിഷ്ട കാര്യങ്ങൾക്കും സമീപിക്കേണ്ട കപടന്മാരുടെയും ഏലസ്സുകളുടേയും ചരടുകളുടേയും മോതിരങ്ങളുടേയും പരസ്യങ്ങൾ കൊണ്ടു നിറയ്ക്കുന്ന മാധ്യമങ്ങളും നമ്മുടെ വർത്തമാന ദുരന്തങ്ങളുടെയെല്ലാം പ്രോത്സാഹകരാണ്.

ദൃശ്യ - അച്ചടി മാധ്യമങ്ങൾക്കു പുറമേ സോഷ്യൽ മീഡിയ എന്ന ഇ മാധ്യമവും ദുർബ്ബല ചിത്തരെ അനായാസം കെണിയിൽ ചാടിക്കാൻ പര്യാപ്തമാണ് എന്ന യാഥാർത്ഥ്യവും പത്തനംതിട്ടയിലെ സംഭവം നമുക്കു കാട്ടിത്തന്നു. ഒരു പെണ്ണിന്റെ വ്യാജ പേരും പ്രൊഫൈലും കണ്ടാൽ ചാടിവീണ് തങ്ങളുടെ രഹസ്യങ്ങളും സ്വകാര്യതകളുമെല്ലാം വിളിച്ചോതാൻ ഒരു മടിയുമില്ലാത്ത ഞരമ്പു രോഗികളുടെ നാടായും കേരളം മാറിയിരിക്കുന്നു എന്ന സത്യവും. ദൈവമാക്കപ്പെടുന്നതിൽ നിന്നും രക്ഷപ്പെടാനാവാതെ കുതറുകയാണിവിടെ മുതലയും പാമ്പും എലിയും പശുവും പോത്തും തുടങ്ങിയ ജീവികളൊക്കെയും. ദൈവമായി മാറാൻ വെമ്പൽ കൊള്ളുന്ന കുറേ നാരീ - നരന്മാരും. എന്തൊരു ഗതികേടും ലജ്ജാകരവുമാണിത്.

മൂഢവിശ്വാസങ്ങളിൽ അഭിരമിക്കുക മാത്രമല്ല, ഹിംസയിലും ക്രൂരതയിലും പുതിയ പുതിയ പരീക്ഷണങ്ങളും ഗവേഷണങ്ങളും കൂടി നടത്തുകയാണ് ചിലരിവിടെ. നാടിന്റെ മന:സാക്ഷിയെ നടുക്കുന്ന സംഭവവികാസങ്ങൾ ഉണ്ടാവുന്ന പല സന്ദർഭങ്ങളിലും കുറ്റാന്വേഷണ വിഭാഗം ശ്ലാഘനീയമാം വിധം ഉണർന്നു പ്രവർത്തിക്കുകയും കുറ്റവാളികളെ നിയമത്തിനു മുന്നിൽ എത്തിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, തൊണ്ണൂറ്റൊമ്പതു ശതമാനം കേസുകളും കോടതികളിൽ എത്തുമ്പോഴേക്കും ചീറ്റിപ്പോകുന്നത് എല്ലാ കൊടുംകുറ്റവാളികൾക്കും പ്രചോദനമായിത്തീരുന്നുണ്ട് എന്നു പറയാതിരിക്കാനും വയ്യ.

അന്ധവിശ്വാസങ്ങളുടെയും മന്ത്രവാദങ്ങളുടേയും ആഭിചാരങ്ങളുടേയും മുഴുവൻ കേന്ദ്രങ്ങളേയും സീൽ ചെയ്ത് എല്ലാ ആൾദൈവങ്ങളേയും സിദ്ധന്മാരേയും തുറുങ്കിലടയ്ക്കാൻ മാത്രം ശക്തിമത്തും ഇച്ഛാശക്തിയുള്ളതുമായ ഒരു സംവിധാനം ഇവിടെ ഉണ്ടാവണം, മുഴുവൻ കറുത്ത ശക്തികൾക്കുമെതിരേയും മുഖമോ ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ അതീവ കർക്കശമായ നടപടി സ്വീകരിക്കുകയും ചെയ്യുന്ന ഒരു കുറ്റമറ്റ, ലക്ഷ്യബോധമുള്ള സംവിധാനം. പത്തനംതിട്ടയിലെ ഇലന്തൂരിൽ നിന്നും ഇതെഴുതിക്കൊണ്ടിരിക്കുമ്പോഴും അവിശ്വസനീയവും ഭീതിജനകവുമായ വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. വരും ദിവസങ്ങളിൽ എന്താണ് സംഭവിക്കുക എന്ന് നമുക്ക് കാത്തിരുന്നു കാണാം. കുറ്റവാളികൾ ശിക്ഷിക്കപ്പെടും എന്ന പുരാതന വിശ്വാസം കാത്തു സൂക്ഷിക്കാം.

Keywords: Demons in human form, Kerala, Article, Politics, Media, Temple, Kasaragod, Human, Social Media, Beliefs.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia