Byju's | തൊഴിലാളികളില്‍ നിന്ന് നിര്‍ബന്ധിത രാജി ആവശ്യപ്പെടുന്നു; ബൈജൂസിനെതിരെ പരാതിയുമായി മന്ത്രിയെ സമീപിച്ച് ജീവനക്കാര്‍

 


തിരുവനന്തപുരം: (www.kvartha.com) പ്രമുഖ എഡ്യുടെക് സ്ഥാപനമായ ബൈജൂസിനെതിരെ പരാതിയുമായി മന്ത്രിയെ സമീപിച്ച് ജീവനക്കാര്‍. തിരുവനന്തപുരം ടെക്‌നോ പാര്‍കിലെ ബൈജൂസ് ആപിലെ ജീവനക്കാരാണ് പരാതിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയെ സമീപിച്ചത്. 

Byju's | തൊഴിലാളികളില്‍ നിന്ന് നിര്‍ബന്ധിത രാജി ആവശ്യപ്പെടുന്നു; ബൈജൂസിനെതിരെ പരാതിയുമായി മന്ത്രിയെ സമീപിച്ച് ജീവനക്കാര്‍

ടെക്നോപാര്‍ക് ജീവനക്കാരുടെ ക്ഷേമസംഘടനയായ പ്രതിധ്വനിയുടെ നേതൃത്വത്തിലാണ് ജീവനക്കാര്‍ പരാതി സമര്‍പ്പിച്ചത്. തൊഴില്‍ നഷ്ടം അടക്കം നിരവധി കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള പരാതിയാണ് ജീവനക്കാര്‍ മന്ത്രിക്ക് നല്‍കിയത്.

കംപനി തൊഴിലാളികളില്‍ നിന്ന് നിര്‍ബന്ധിത രാജി ആവശ്യപ്പെടുകയാണെന്നും 170ഓളം ജീവനക്കാരെ ഇത് ബാധിക്കുമെന്നും ജീവനക്കാര്‍ മന്ത്രിയെ അറിയിച്ചു. പരാതി സ്വീകരിച്ച മന്ത്രി വിഷയം ഗൗരവമായി എടുക്കുന്നുവെന്ന് അറിയിച്ചു. സംഭവത്തില്‍ തൊഴില്‍വകുപ്പ് വിശദമായ അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

2023ഓടെ 2500 ജീവനക്കാരെ പിരിച്ചുവിടുമെന്ന സൂചന നേരത്തെ തന്നെ ബൈജൂസ് നല്‍കിയിരുന്നു. 2023 മാര്‍ച് മാസത്തോടെ സ്ഥാപനത്തെ ലാഭത്തില്‍ എത്തിക്കുകയാണ് കംപനിയുടെ ലക്ഷ്യം. ഇതോടെ കംപനിയുടെ അഞ്ചുശതമാനം തൊഴിലാളികള്‍ക്ക് അടുത്ത ആറ് മാസത്തിനുള്ളില്‍ ജോലി നഷ്ടപ്പെട്ടേക്കും.

കാര്യക്ഷമത ഉയര്‍ത്താനും ചെലവ് കുറയ്ക്കുന്നതിനുമാണ് പുതിയ നടപടിയെന്നാണ് കംപനിയുടെ ന്യായീകരണം. ഇതിന്റെ ഭാഗമായി മറ്റു മാര്‍ഗങ്ങളും ബൈജൂസ് ആവിഷ്‌കരിച്ചിട്ടുണ്ട്. ബ്രാന്‍ഡിനെ കുറിച്ച് ജനങ്ങള്‍ക്ക് കൃത്യമായ അവബോധം നല്‍കാനായിട്ടുണ്ടെന്ന് സഹസ്ഥാപക ദിവ്യ ഗോകുല്‍നാഥ് പറഞ്ഞിരുന്നു.

ഹൈസ്‌കൂള്‍ വിഭാഗമായ കെ10ന് കീഴില്‍ സഹ പ്ലാറ്റ്ഫോമുകളായ മെറിറ്റ്നേഷന്‍, ട്യൂടര്‍വിസ്റ്റ, സ്‌കോളര്‍, ഹാഷ്ലേണ്‍ എന്നിവയെ ബൈജൂസ് ലയിപ്പിക്കും. അതേ സമയം ആകാശ്, ഗ്രേറ്റ് ലേണിംഗ് എന്നിവ രണ്ട് പ്ലാറ്റ്ഫോമുകളായി തുടരും. കനത്ത നഷ്ടമാണ് ബൈജൂസ് നേരിട്ട് കൊണ്ടിരിക്കുന്നത്. ലോകത്തിന്റെ മുന്‍നിര എഡ്യുടെക് സ്റ്റാര്‍ടപ് ആയ ബൈജൂസ് തകര്‍ചയുടെ വക്കിലാണ്.

2020-21 സാമ്പത്തികവര്‍ഷം 4,588 കോടി രൂപയായാണ് ബൈജൂസിന്റെ നഷ്ടം. ഇക്കാലയളവില്‍ 2,428 കോടി രൂപയായിരുന്നു സ്ഥാപനത്തിന്റെ വരുമാനം. 2021-22 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ ബൈജൂസ് പുറത്തുവിട്ടിട്ടില്ല.

Keywords: Byju's to sack up to 2500 employees in 'rationalization' bid, Thiruvananthapuram, News, Education, Complaint, Minister, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia