Amul milk | ഈ വര്‍ഷം ഇത് 3-ാം തവണ; പാല്‍ വില വീണ്ടും കൂട്ടി അമുല്‍; ഉത്സവ സീസണിലെ വര്‍ധനവിനെതിരെ വിമര്‍ശനം

 


ന്യൂഡെല്‍ഹി: (www.kvartha.com) ഇന്‍ഡ്യയിലെ ഏറ്റവും വലിയ പാല്‍ ഉല്‍പന്ന വിതരണക്കാരായ ഗുജറാത് കോപറേറ്റീവ് മില്‍ക് മാര്‍കറ്റിങ് ഫെഡറേഷന്‍ പാലിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. ഫുള്‍ ക്രീം പാലിന്റെ വില രണ്ട് രൂപയാണ് ഉയര്‍ത്തിയത്. ഇതോടൊപ്പം എരുമപ്പാലിന്റെയും വില ലിറ്ററിന് രണ്ടു രൂപ വര്‍ധിപ്പിച്ചു. ഗുജറാത് ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും വിലവര്‍ധന ബാധകമാകുമെന്ന് ജിസിഎംഎംഎഫ് അറിയിച്ചിട്ടുണ്ട്.

Amul milk | ഈ വര്‍ഷം ഇത് 3-ാം തവണ; പാല്‍ വില വീണ്ടും കൂട്ടി അമുല്‍; ഉത്സവ സീസണിലെ വര്‍ധനവിനെതിരെ വിമര്‍ശനം

ഈ വര്‍ഷം ഇത് മൂന്നാംതവണയാണ് പാല്‍ വില വര്‍ധിപ്പിക്കുന്നത്. ഉത്സവ സീസണില്‍ പാലിന്റെയും ക്രീമിന്റെയും വില വര്‍ധിപ്പിച്ചത് അമുലിനെതിരെ വിമര്‍ശനത്തിന് വഴി വെച്ചിട്ടുണ്ട്. അമുല്‍ എന്ന പേരില്‍ പാലും പാല്‍ ഉല്‍പന്നങ്ങളും വിപണിയിലെത്തിക്കുന്നത് ഗുജറാത് കോപറേറ്റീവ് മില്‍ക് മാര്‍കറ്റിങ് ഫെഡറേഷന്‍ ആണ്.

വില വര്‍ധിപ്പിച്ചതോടെ ഫുള്‍ ക്രീം പാലിന്റെ വില ഇപ്പോള്‍ ലിറ്ററിന് 61 രൂപയില്‍ നിന്ന് 63 രൂപയായി ഉയര്‍ന്നു. പുതുക്കിയ വില എന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അറിയിച്ചിട്ടില്ല. അമുലും ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവിട്ടിട്ടില്ല.

ആഗസ്റ്റില്‍ അമുല്‍ പാലിന്റെ വില വര്‍ധിപ്പിച്ചിരുന്നു. ലിറ്ററിന് രണ്ടു രൂപയാണ് അന്ന് വര്‍ധിപ്പിച്ചത്. അമുലിന്റെ ഗോള്‍ഡ്, ശക്തി, താസ പാല്‍ ബ്രാന്‍ഡുകളുടെ മൊത്തത്തിലുള്ള പ്രവര്‍ത്തനച്ചെലവും പാലുല്‍പാദന ചെലവും വര്‍ധിച്ചതിനാല്‍ ആണ് വില വര്‍ധനവ് എന്നാണ് അമുല്‍ വ്യക്തമാക്കിയിരുന്നത്.

അതേസമയം, ഗുജറാത്ത് കോപറേറ്റീവ് മില്‍ക് മാര്‍കറ്റിങ് ഫെഡറേഷന്‍ എന്ന സഹകരണ സ്ഥാപനത്തെ മറ്റ് അഞ്ച് സഹകരണ സംഘങ്ങളുമായി ലയിപ്പിച്ച് ഒരു മള്‍ടി-സ്റ്റേറ്റ് കോ-ഓപറേറ്റീവ് സൊസൈറ്റി രൂപീകരിക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി അമിത് ഷാ അറിയിച്ചിരുന്നു. നോര്‍ത് ഈസ്റ്റേണ്‍ കൗണ്‍സിലിന്റെ 70-ാമത് പ്ലീനറി സമ്മേളനത്തിലാണ് ലയന പദ്ധതി അമിത് ഷാ അറിയിച്ചത്. ഇതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു.

ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധനയാണ് മള്‍ടി-സ്റ്റേറ്റ് കോ-ഓപറേറ്റീവ് സൊസൈറ്റി രൂപീകരണം വഴി ലക്ഷ്യമിടുന്നത്. ആഭ്യന്തര വിപണിയില്‍ മാത്രമല്ല, അയല്‍രാജ്യങ്ങളുടെയും പാല്‍ ലഭ്യത ഉറപ്പാക്കും. രാജ്യത്തെ പാല്‍ ഉത്പാദനം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയാക്കും. ഭൂടാന്‍, നേപാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് പാല്‍ എത്തിക്കാന്‍ പദ്ധതിയുണ്ടെന്നും അമിത് ഷാ വ്യക്തമാക്കിയിരുന്നു.

Keywords: Amul milk price hiked by Rs 2 per litre ahead of Diwali, New Delhi, News, Business, Increased, Criticism, Festival, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia