Follow KVARTHA on Google news Follow Us!
ad

Malayalam Writers | മലയാളിയുടെ പ്രിയപ്പെട്ട 10 എഴുത്തുകാര്‍; സാഹിത്യത്തെ സമ്പന്നമാക്കിയ ഇതിഹാസങ്ങള്‍

10 Famous Malayalam Writers, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തിരുവനന്തപുരം: (www.kvartha.com) മലയാള സാഹിത്യത്തിന് വലിയ സംഭാവനകള്‍ നല്‍കിയ ഒരുപാട് എഴുത്തുകാരുണ്ട്. അതില്‍ ഏറ്റവും മികച്ചവര്‍ ആരെന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നത് എളുപ്പമല്ല. വായനക്കാരുടെ അഭിരുചികള്‍, ഇഷ്ടങ്ങള്‍, അനിഷ്ടങ്ങള്‍, കാലഘട്ടം മുതലായവയെ അടിസ്ഥാനമാക്കി അതില്‍ വ്യത്യാസങ്ങളുണ്ടാകാം. അതിനിടയിലും ഏവരാലും അംഗീകരിക്കപ്പെട്ട, മലയാള സാഹിത്യത്തെ സമ്പന്നമാക്കിയ ചിലരെ അറിയാം.
             
Latest-News, Kerala, Thiruvananthapuram, Top-Headlines, Kerala-Piravi-Day, Writer, Malayalam, Poem, Story, 10 Famous Malayalam Writers.

എം ടി വാസുദേവന്‍ നായര്‍

എംടി വാസുദേവന്‍ നായര്‍ എംടി എഴുത്തുകാരനും തിരക്കഥാകൃത്തും ചലച്ചിത്ര സംവിധായകനുമാണ്. ആധുനിക മലയാള സാഹിത്യത്തിലെ പ്രഗത്ഭനും ബഹുമുഖ എഴുത്തുകാരനുമാണ് അദ്ദേഹം. 1933 ജൂലൈ 15 ന് പാലക്കാട് ജില്ലയിലെ കൂടല്ലൂരില്‍ ജനിച്ചു. അദ്ദേഹത്തിന്റെ ആദ്യ നോവല്‍ നാലുകെട്ട് എഴുതിയത് 23-ാം വയസിലാണ്. 1958-ല്‍ കേരള സാഹിത്യ അകാഡമി അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചു. മഞ്ഞ്, കാലം, അസുരവിത്ത്, രണ്ടാമൂഴം തുടങ്ങിയവ മറ്റ് നോവലുകളാണ്. അദ്ദേഹത്തിന്റെ മിക്ക കൃതികളും അടിസ്ഥാന മലയാള കുടുംബ ഘടനയെയും സംസ്‌കാരത്തെയും കേന്ദ്രീകരിച്ചുള്ളവയാണ്, അവയില്‍ പലതും മലയാള സാഹിത്യ ചരിത്രത്തിലെ വഴിത്തിരിവായിരുന്നു.

വൈക്കം മുഹമ്മദ് ബശീര്‍

ബേപ്പൂര്‍ സുല്‍ത്വാന്‍ എന്നും വൈക്കം മുഹമ്മദ് ബശീര്‍ അറിയപ്പെടുന്നു. 1908 ജനുവരി 21 ന് അദ്ദേഹം ജനിച്ചു. എഴുത്തുകാരന്‍, മനുഷ്യസ്നേഹി, സ്വാതന്ത്ര്യ സമര സേനാനി, നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളില്‍ അദ്ദേഹം തന്റെ രചനാശൈലി കൊണ്ട് ശ്രദ്ധേയനായിരുന്നു. ഇത് അദ്ദേഹത്തെ സാഹിത്യ നിരൂപകര്‍ക്കിടയിലും സാധാരണക്കാര്‍ക്കിടയിലും ഒരുപോലെ ജനപ്രിയനാക്കി. ബാല്യകാലസഖി, ശബ്ദങ്ങള്‍, പാത്തുമ്മയുടെ ആട്, മതിലുകള്‍, ന്റുപ്പുപ്പാക്കൊരാനേണ്ടെന്ന്, ജന്മദിനം, അനര്‍ഘ നിമിഷം എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കൃതികള്‍.

എസ്‌കെ പൊറ്റെക്കാട്

ശങ്കരന്‍ കുട്ടി കുഞ്ഞിരാമന്‍ പൊറ്റെക്കാട് എന്നാണ് മുഴുവന്‍ പേര്. 1913 മാര്‍ച് 14 ന് ജനിച്ച അദ്ദേഹം, നിരവധി യാത്രാവിവരണങ്ങള്‍ എഴുതി മലയാളികള്‍ക്കിടയിലെ മികച്ച സഞ്ചാരി കൂടിയായിരുന്നു. പത്ത് നോവലുകള്‍, ഇരുപത്തിനാല് ചെറുകഥാ സമാഹാരങ്ങള്‍, മൂന്ന് കവിതാ സമാഹാരങ്ങള്‍, പതിനെട്ട് യാത്രാവിവരണങ്ങള്‍, നാല് നാടകങ്ങള്‍, ഒരു ഉപന്യാസ സമാഹാരം, വ്യക്തിപരമായ ഓര്‍മ്മകളെ അടിസ്ഥാനമാക്കിയുള്ള രണ്ട് പുസ്തകങ്ങള്‍ എന്നിവ ഉള്‍പെടുന്ന അറുപതോളം പുസ്തകങ്ങളുടെ രചയിതാവാണ് അദ്ദേഹം.

എം മുകുന്ദന്‍

മണിയമ്പത്ത് മുകുന്ദന്‍ എന്ന എം മുകുന്ദന്‍ 1942 സെപ്തംബര്‍ 10-നാണ് ജനിച്ചത്. അദ്ദേഹത്തിന്റെ ആദ്യകാല കൃതികള്‍ പലതും മാഹിയെ (മയ്യഴി) പശ്ചാത്തലമാക്കിയതാണ്, അത് അദ്ദേഹത്തിന് മയ്യഴിയുടെ കഥാകാരന്‍ എന്ന അപരനാമം നേടിക്കൊടുത്തു. മലയാള സാഹിത്യത്തിലെ ആധുനികതയുടെ തുടക്കക്കാരില്‍ ഒരാളായി അറിയപ്പെടുന്ന അദ്ദേഹം മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, ദൈവത്തിന്റെ വികൃതികള്‍, കേശവന്റെ വിലാപങ്ങള്‍, പ്രവാസം തുടങ്ങിയ ശ്രദ്ധേയമായ കൃതികളുടെ രചയിതാവാണ്.

കമലാ സുരയ്യ

1934 മാര്‍ച് 31 നാണ് കമലാ സുരയ്യ ജനിച്ചത്. ചെറുകഥകളും ആത്മകഥയും കൊണ്ട് കേരളീയരുടെ ജനപ്രീതി പിടിച്ചുപറ്റി. കമലാ ദാസ് എന്ന പേരില്‍ ഇന്‍ഗ്ലീഷിലും എഴുതി. വ്യാപകമായി വായിക്കപ്പെട്ട കോളമിസ്റ്റ് കൂടിയായ അവര്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍, ശിശു സംരക്ഷണം, രാഷ്ട്രീയം എന്നിവയുള്‍പെടെ വിവിധ വിഷയങ്ങളില്‍ എഴുതി.

തകഴി ശിവശങ്കരപ്പിള്ള

തകഴി ശിവശങ്കരപ്പിള്ള തകഴി എന്ന പേരിലാണ് അറിയപ്പെടുന്നത്. 1912 ഏപ്രില്‍ 17 നാണ് അദ്ദേഹം ജനിച്ചത്. അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ ജീവിതത്തെ കേന്ദ്രീകരിച്ച് 30-ലധികം നോവലുകളും 600-ലധികം ചെറുകഥകളും അദ്ദേഹം എഴുതി. കയര്‍, ചെമ്മീന്‍ തുടങ്ങിയ കൃതികള്‍ കൊണ്ട് അദ്ദേഹം പ്രശസ്തനായിരുന്നു.

പി കേശവദേവ്

പി കേശവദേവ് എന്ന തൂലികാനാമത്തിലാണ് പി കേശവപിള്ള കൂടുതല്‍ അറിയപ്പെട്ടിരുന്നത്. അദ്ദേഹം നോവലിസ്റ്റും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായിരുന്നു. 1904 ജൂലൈ 20 നാണ് ജനിച്ചത്. പ്രസംഗങ്ങള്‍, ആത്മകഥകള്‍, നോവലുകള്‍, നാടകങ്ങള്‍, ചെറുകഥകള്‍, സിനിമകള്‍ എന്നിവയിലൂടെയാണ് അദ്ദേഹം ഓര്‍മിക്കപ്പെടുന്നത്. ഓടയില്‍ നിന്ന്, നദി, അയല്‍ക്കാര്‍, എതിര്‍പ്പ്, ഒരു സുന്ദരിയുടെ ആത്മകഥ എന്നിവ അദ്ദേഹത്തിന്റെ 128 സാഹിത്യകൃതികളില്‍ ചിലതാണ്. കേശവദേവ്, തകഴി ശിവശങ്കരപ്പിള്ള, വൈക്കം മുഹമ്മദ് ബശീര്‍ എന്നിവര്‍ പുരോഗമന മലയാള സാഹിത്യത്തിന്റെ വക്താക്കളായി കണക്കാക്കപ്പെടുന്നു.

സാറാ ജോസഫ്

നോവലിസ്റ്റും ചെറുകഥാകൃത്തുമാണ് സാറാ ജോസഫ്. ആലാഹയുടെ പെണ്‍മക്കള്‍ എന്ന നോവലിന് കേന്ദ്ര സാഹിത്യ അകാഡമി അവാര്‍ഡ് ലഭിച്ചു. ഇതേ നോവലിന് വയലാര്‍ അവാര്‍ഡും ലഭിച്ചു. കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്‍നിരയിലുള്ള സാറ മാനുഷിയുടെ സ്ഥാപകയാണ്. സാറാ ജോസഫും മാധവിക്കുട്ടിയും മലയാളത്തിലെ മുന്‍നിര സ്ത്രീ എഴുത്തുകാരില്‍ ഒരാളായി കണക്കാക്കപ്പെടുന്നു.

ഒവി വിജയന്‍

എഴുത്തുകാരനും കാര്‍ടൂണിസ്റ്റുമായിരുന്നു ഒവി വിജയന്‍. ആധുനിക മലയാള സാഹിത്യത്തിലെ പ്രധാന വ്യക്തിയാണ്. 1930 ജൂലൈ രണ്ടിന് പാലക്കാട്ടായിരുന്നു ജനനം. ഖസാക്കിന്റെ ഇതിഹാസം (1969) എന്ന ആദ്യ നോവലിലൂടെയാണ് അദ്ദേഹം കൂടുതല്‍ അറിയപ്പെടുന്നത്. ആറ് നോവലുകള്‍, ഒമ്പത് ചെറുകഥാ സമാഹാരങ്ങള്‍, ഒമ്പത് ഉപന്യാസ സമാഹാരങ്ങള്‍, ഓര്‍മക്കുറിപ്പുകള്‍ തുടങ്ങിയവയുടെ രചയിതാവാണ് വിജയന്‍.

ലളിതാംബികാ അന്തര്‍ജനം

എഴുത്തുകാരിയും സാമൂഹിക പരിഷ്‌കര്‍ത്താവുമാണ്. 1909 മാര്‍ച് 30 നാണ് അവര്‍ ജനിച്ചത്. മഹാത്മാഗാന്ധിയും വിടി ഭട്ടതിരിപ്പാട്ടിന്റെ നേതൃത്വത്തിലുള്ള സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങളും അവരെ സ്വാധീനിച്ചു. ഒമ്പത് ചെറുകഥാസമാഹാരങ്ങള്‍, ആറ് കവിതാസമാഹാരങ്ങള്‍, കുട്ടികള്‍ക്കുള്ള രണ്ട് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. അഗ്‌നിസാക്ഷി (1976) എന്ന നോവല്‍ ഏറെ പ്രശസ്തമാണ്.

Keywords: Latest-News, Kerala, Thiruvananthapuram, Top-Headlines, Kerala-Piravi-Day, Writer, Malayalam, Poem, Story, 10 Famous Malayalam Writers.
< !- START disable copy paste -->

Post a Comment