Veena George | പകര്‍ചപ്പനിയ്ക്കെതിരെ മുന്നറിയിപ്പുമായി മന്ത്രി വീണാ ജോര്‍ജ്

 


കോഴിക്കോട്: (www.kvartha.com) സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ചപ്പനിയ്ക്കെതിരെ മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. പനി ഒരു രോഗമല്ല രോഗലക്ഷണമാണ്. പനിയെ ഭയപ്പെടേണ്ട. രോഗിയെ ജാഗ്രതയോടെ പരിചരിക്കുകയാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു.

നീണ്ടുനില്‍ക്കുന്ന പനി ഏറെ ശ്രദ്ധിക്കണം. പല പനികളും പകര്‍ചപ്പനിയാകാന്‍ സാധ്യതയുണ്ട്. കോവിഡ് 19, ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി, ചികുന്‍ഗുനിയ, ചെള്ളുപനി, എച്1 എന്‍1, ചികന്‍ പോക്സ്, സിക, കുരങ്ങുപനി, ജപാന്‍ ജ്വരം, വെസ്റ്റ് നൈല്‍ വൈറസ് എന്നീ അസുഖങ്ങളുടെ ലക്ഷണമായും പനി വന്നേക്കാം എന്നും മന്ത്രി പറഞ്ഞു.

Veena George | പകര്‍ചപ്പനിയ്ക്കെതിരെ മുന്നറിയിപ്പുമായി മന്ത്രി വീണാ ജോര്‍ജ്
.
ഡെങ്കിപ്പനിയും എലിപ്പനിയും ഏറെ ശ്രദ്ധിക്കണം. അതിനാല്‍ പനിയുള്ളപ്പോള്‍ നിസാരമായി കാണാതെ എത്രയും വേഗം ചികിത്സ തേടേണ്ടതാണെന്നും മന്ത്രി മുന്നറിയിപ്പുനല്‍കി. മഴക്കാലമായതിനാല്‍ സാധാരണ വൈറല്‍ പനിയാണ് (സീസണല്‍ ഇന്‍ഫ്ളുവന്‍സ) കൂടുതലായും കണ്ട് വരുന്നത്. അതിനാല്‍ മിക്കപ്പോഴും വിദഗ്ധ പരിശോധനയോ പ്രത്യേക ചികിത്സയോ ആവശ്യമായി വരാറില്ല.

സാധാരണ വൈറല്‍ പനി സുഖമാവാന്‍ മൂന്നു മുതല്‍ അഞ്ചു ദിവസം വരെ വേണ്ടി വരാം. പനിക്കെതിരെയുള്ള എല്ലാ മരുന്നുകളും ഏറ്റവും ലളിതമായ പാരസെറ്റമോള്‍ പോലും ഡോക്ടറുടെ നിര്‍ദേശപ്രകാരം കഴിക്കുന്നതാണ് ഉചിതം. പനിയുള്ളപ്പോള്‍ ഇന്‍ജക്ഷനും ട്രിപിനും ഡോക്ടര്‍മാരെ നിര്‍ബന്ധിക്കാതിരിക്കുക.

കാരണം പാരസെറ്റമോള്‍ ഗുളികകളെക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ കുത്തിവയ്പ്പുകള്‍ പ്രവര്‍ത്തിക്കില്ല. പനി ഒരു രോഗലക്ഷണമാണെങ്കലും അവഗണിക്കാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു. പനിയോടൊപ്പം തുടര്‍ച്ചയായ ഛര്‍ദി, വയറുവേദന, ഏതെങ്കിലും ശരീര ഭാഗത്തുനിന്നുള്ള രക്ത സ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാവുന്ന ശ്വാസം മുട്ടല്‍, ശരീരം ചുവന്നു തടിക്കല്‍, മൂത്രത്തിന്റെ അളവ് കുറയുക, കഠിനമായ ക്ഷീണം, ബോധക്ഷയം, ജന്നി, കഠിനമായ തലവേദന, സ്ഥലകാലബോധമില്ലാതെ സംസാരിക്കുക, ശരീരം തണുത്തു മരവിക്കുന്ന അവസ്ഥ, വലിയ തോതിലുള്ള തളര്‍ച, ശ്വസിക്കുവാന്‍ പ്രയാസം, രക്ത സമ്മര്‍ദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളില്‍ തുടര്‍ചയായ കരച്ചില്‍ എന്നീ അപകട സൂചനകള്‍ കണ്ടാല്‍ ഉടനെ ഡോക്ടറെ കാണണം.

മാസ്‌ക് ധരിക്കുന്നത് കോവിഡിനോടൊപ്പം പലതരം രോഗങ്ങളേയും പ്രതിരോധിക്കാന്‍ സാധിക്കും. മഴ നനയാതിരിക്കാന്‍ ശ്രദ്ധിക്കണം. തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും മാസ്‌ക് താഴ്ത്തരുത്. കൈകള്‍ സോപും വെള്ളവും ഉപയോഗിച്ച് ഇടക്കിടയ്ക്ക് വൃത്തിയാക്കണം. പനി മറ്റുള്ളവരിലേക്ക് പകരാതെയിരിക്കാന്‍ ഇത്തരം ശീലങ്ങള്‍ സഹായിക്കും.

പനി സാധാരണയില്‍ കൂടുതലായാല്‍ കുട്ടികളില്‍ ജന്നി വരാനുള്ള സാധ്യതയുണ്ട്. അതിനാല്‍ പനിയുള്ളപ്പോള്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം കുട്ടികള്‍ക്ക് പനി കുറയ്ക്കാനുള്ള മരുന്നുകള്‍ ഉടന്‍ തന്നെ നല്‍കണം. ചൂട് കുറയ്ക്കുന്നതിനായി തണുത്ത വെള്ളത്തില്‍ തുണി നനച്ച് കുട്ടികളുടെ ശരീരം മുഴുവന്‍ തുടരെ തുടരെ തുടയ്ക്കുകയും വേണം. പനിയുള്ളപ്പോള്‍ ഭയത്തേക്കാളുപരി ജാഗ്രതയാണ് വേണ്ടതെന്നും മന്ത്രി അറിയിച്ചു .

Keywords: We need to pay attention to the pandemic Says Minister Veena George, Kozhikode, News, Health, Health Minister, Health and Fitness, Minister, Children, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia