Gold Smuggling Case | സ്വര്‍ണക്കടത്ത് കേസിന് വിശ്വാസ്യതയുണ്ടാക്കിയത് സര്‍കാരിന്റെ വെപ്രാളം; സോളാറില്‍ സരിതയുടെ പരാതി വാങ്ങി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതുപോലെ ഈ കേസില്‍ സ്വപ്ന സുരേഷിന്റെ പരാതി വാങ്ങി അന്വേഷണത്തിന് ഉത്തരവിടുമോ എന്ന് വി ഡി സതീശന്‍

 


തിരുവനന്തപുരം: (www.kvartha.com) സോളാര്‍ കേസില്‍ സരിത എസ് നായരുടെ പരാതി വാങ്ങി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതുപോലെ സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ പരാതി വാങ്ങി സിബിഐ അന്വേഷണത്തിന് ഉത്തരവിടുമോയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


Gold Smuggling Case | സ്വര്‍ണക്കടത്ത് കേസിന് വിശ്വാസ്യതയുണ്ടാക്കിയത് സര്‍കാരിന്റെ വെപ്രാളം; സോളാറില്‍ സരിതയുടെ പരാതി വാങ്ങി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതുപോലെ ഈ കേസില്‍ സ്വപ്ന സുരേഷിന്റെ പരാതി വാങ്ങി അന്വേഷണത്തിന് ഉത്തരവിടുമോ എന്ന് വി ഡി സതീശന്‍


സ്വര്‍ണക്കടത്ത് കേസിനു വിശ്വാസ്യതയുണ്ടാക്കിയത് സര്‍കാരിന്റെ വെപ്രാളമാണെന്നും സതീശന്‍ പറഞ്ഞു. സ്വപ്നയുടെ ആരോപണങ്ങള്‍ക്കെതിരെ നിയമപരമായി പരാതി കൊടുക്കാന്‍ മുഖ്യമന്ത്രി തയാറാകുന്നില്ല. പകരം, നിയമവിരുദ്ധമായ കാര്യങ്ങളുടെ പുറകേ പോകുകയാണ്. സ്വപ്നയുടെ സുഹൃത്തും കൂട്ടുപ്രതിയുമായ സരിത്തിനെ വിജിലന്‍സ് തട്ടിക്കൊണ്ടുപോയി.

രണ്ട് എഡിജിപിമാര്‍ പൊലീസ് ക്ലബില്‍ മൂന്നു മണിക്കൂര്‍ ഷാജ് കിരണുമായി സംസാരിച്ചു. മടിയില്‍ കനമില്ലെങ്കില്‍ എന്തിന് ഇടനിലക്കാരെ പറഞ്ഞുവിട്ടു. ഷാജ് കിരണിനെ എന്തുകൊണ്ട് അന്വേഷണ പരിധിയില്‍ കൊണ്ടുവന്നില്ല? നിങ്ങള്‍ നിയമപരമായി നേരിട്ടെങ്കില്‍ പ്രതിപക്ഷം ഇത്രയും പ്രശ്‌നമുണ്ടാക്കില്ലായിരുന്നുവെന്നും സതീശന്‍ വ്യക്തമാക്കി.

അനുഭവങ്ങള്‍ വെളിപ്പെടുത്താന്‍ ശിവശങ്കറിന് അനുവാദം കൊടുത്ത സര്‍കാര്‍, മൊഴി വെളിപ്പെടുത്തിയതിനു സ്വപ്നയ്‌ക്കെതിരെ കേസെടുത്തെന്നും വി ഡി സതീശന്‍ പറഞ്ഞു. ശിവശങ്കര്‍ പുസ്തകം എഴുതിയപ്പോള്‍ നടപടിയില്ല. ശിവശങ്കര്‍ എഴുതിയത് നിങ്ങള്‍ക്ക് സ്വീകാര്യം.

ശിവശങ്കറിനെ വെള്ളപൂശി കൂടെ നിര്‍ത്തി. ശിവശങ്കറിനും സ്വപ്നയ്ക്കും രണ്ടുനീതിയാണ്. നിരപരാധിത്വം തെളിയിക്കാന്‍ നിയമപരമായി അവസരമുള്ളപ്പോള്‍ എന്തിനാണ് ഈ മാര്‍ഗം സ്വീകരിക്കുന്നതെന്നും സതീശന്‍ ചോദിച്ചു. കാലം കണക്കുചോദിക്കാതെ പോവില്ലെന്നും സതീശന്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസില്‍ അടിയന്തരപ്രമേയത്തിനു മുന്‍പ് ചര്‍ചയ്ക്ക് അനുമതി നല്‍കാത്ത സര്‍കാര്‍ ഇപ്പോള്‍ അനുവാദം തരാന്‍ നിര്‍ബന്ധിതരായി. സ്വന്തം പ്രിന്‍സിപല്‍ സെക്രടറി വൈകിട്ട് എങ്ങോട്ടാണ് പോയിരുന്നതെന്ന് മുഖ്യമന്ത്രി അന്വേഷിച്ചിട്ടുണ്ടോ എന്ന് വി ഡി സതീശന്‍ ചോദിച്ചു.

സ്വര്‍ണക്കടത്തു കേസില്‍ അന്വേഷണത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയ മുഖ്യമന്ത്രി കേന്ദ്ര അന്വേഷണം എതിരായപ്പോള്‍ ജുഡിഷ്യല്‍ കമിഷനെ വച്ചു. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെയുള്ള കമിഷനെ ഹൈകോടതി സ്റ്റേ ചെയ്തിട്ടും കാലാവധി നീട്ടിക്കൊടുത്തു.

സ്വപ്നയുടെ അഭിഭാഷകന്‍ കൃഷ്ണരാജുമായി 29 അല്ല 32 വര്‍ഷത്തെ ബന്ധമുണ്ട്. ലോ കോളജില്‍ ഒരേ ബാചില്‍ പഠിച്ചവരാണ്. കൂടെ പഠിച്ചവനെ അറിയില്ലെന്ന് പറയാന്‍ കഴിയുമോയെന്നും വി ഡി സതീശന്‍ ചോദിച്ചു.

Keywords: VD Satheesan on Swapna Suresh allegations in Gold Smuggling Case, Thiruvananthapuram, News, Pinarayi vijayan, Chief Minister, CBI, Allegation, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia