Follow KVARTHA on Google news Follow Us!
ad

Heated arguments in Assembly | സ്വര്‍ണക്കടത്ത് കേസിലെ പ്രതി മജിസ്ട്രേറ്റിന് മുമ്പാകെ നല്‍കിയ മൊഴി തിരുത്തിക്കാന്‍ സര്‍കാര്‍ ഇടനിലക്കാര്‍ വഴി ശ്രമം നടത്തിയെന്ന ആരോപണത്തിന് വസ്തുതകളുടെ പിന്‍ബലമുണ്ടോ എന്ന് മുഖ്യമന്ത്രി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Politics,Congress,Assembly,Chief Minister,Pinarayi vijayan,Kerala,
തിരുവനന്തപുരം: (www.kvartha.com) സ്വര്‍ണക്കടത്ത് കേസിലെ പ്രതി മജിസ്ട്രേറ്റിന് മുമ്പാകെ നല്‍കിയ മൊഴി തിരുത്തിക്കാന്‍ സര്‍കാര്‍ ഇടനിലക്കാര്‍ വഴി ശ്രമം നടത്തിയെന്ന ആരോപണത്തിന് വസ്തുതകളുടെ പിന്‍ബലമുണ്ടോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശാഫി പറമ്പില്‍ എം എല്‍ എയുടെ സബ് മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

സ്വര്‍ണക്കള്ളക്കടത്ത് കേസ് സംസ്ഥാന സര്‍കാര്‍ അട്ടിമറിക്കുന്നുവെന്ന ആരോപണവുമായാണ് അടിയന്തരപ്രമേയം അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ പ്രധാനമായും പറയുന്നത് സി ആര്‍ പി സി 164-ാം വകുപ്പ് പ്രകാരം പ്രസ്തുത കേസിലെ പ്രതിയായ ഒരു വനിത, മജിസ്ട്രേറ്റ് മുമ്പാകെ നല്‍കിയ മൊഴി തിരുത്തിക്കാന്‍ സര്‍കാര്‍ ഇടനിലക്കാര്‍ വഴി ശ്രമം നടത്തിയെന്നാണ്. ഈ ആരോപണത്തിന് വസ്തുതകളുടെ പിന്‍ബലമുണ്ടോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.

പ്രമേയവതാരകന്‍ പറഞ്ഞുവരുന്നത് പ്രസ്തുത കേസിലെ പ്രതിയായ വനിത ദൃശ്യമാധ്യമങ്ങള്‍ക്കു മുന്നില്‍ നടത്തിയ ചില വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണെന്നത് വ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 2022 ജൂണ്‍ ഏഴാം തീയതിയാണ് ഇത്തരം ചില വെളിപ്പെടുത്തലുകള്‍ ദൃശ്യമാധ്യമങ്ങളിലൂടെ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളില്‍ ഒരാളായ വനിത നടത്തിയത്.

എന്നാല്‍, ആദ്യമായല്ല ഈ വ്യക്തി 164 വകുപ്പു പ്രകാരം രഹസ്യമൊഴി നല്‍കിയത് എന്നാണ് മനസ്സിലാക്കാവുന്നത്. 2021 ഡിസംബര്‍ മാസത്തില്‍ ഈ വനിത ഇത്തരമൊരു രഹസ്യമൊഴി നല്‍കിയതായി വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്. ആ മൊഴിയുടെ ചില ഭാഗങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് കേന്ദ്ര ഏജന്‍സിയായ കസ്റ്റംസിലെ അന്നത്തെ കമിഷണര്‍ ഹൈകോടതി മുമ്പാകെ 2021 മാര്‍ച് നാലിന് ഒരു സ്റ്റേറ്റ്മെന്റ് നല്‍കുകയുണ്ടായി.

അദ്ദേഹം കക്ഷിയല്ലാത്ത ഒരു കേസിലാണ് ഈ സ്റ്റേറ്റ്മെന്റ് നല്‍കിയത്. ഇത് നിയമസഭാ തെരഞ്ഞെടുപ്പ് വേളയിലായിരുന്നു. വീണ്ടും ഒരിടവേളയ്ക്കു ശേഷം തെളിവുകളുടെ പിന്‍ബലമില്ലാതെ ഒരാവര്‍ത്തി കൂടി രഹസ്യമൊഴി നല്‍കിയെന്ന് ദൃശ്യമാധ്യമങ്ങളിലൂടെ ഈ വനിത പറയുമ്പോള്‍ ഞങ്ങള്‍ക്ക് ഒരു അങ്കലാപ്പുമില്ല. ഇടനിലക്കാരന്‍ എന്നത് കെട്ടുകഥയ്ക്കപ്പുറം ഒന്നുമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോഴത്തെ രഹസ്യമൊഴിയില്‍ എന്തുണ്ടെന്ന് പ്രമേയാവതാരകന് പ്രത്യേക വിവരമുണ്ട് എന്നാണ് അടിയന്തിരപ്രമേയത്തിലെ ആരോപണങ്ങളില്‍ നിന്നും സാമാന്യമായി അനുമാനിക്കാന്‍ കഴിയുന്നത്. ഇതിനായി പ്രതിയുമായി നേരിട്ടോ ഇടനിലക്കാരന്‍ വഴിയോ എന്തു ബന്ധമാണ് സ്ഥാപിച്ചിട്ടുള്ളത് എന്നതിനെപ്പറ്റി നിങ്ങള്‍ തന്നെ വിശദമാക്കേണ്ടതാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

മേല്‍പറയപ്പെടുന്ന മൊഴിയിലുണ്ടെന്ന് പറയപ്പെടുന്നവ തിരുത്തിയാല്‍ മാത്രം തീരുന്നതാണോ സ്വര്‍ണക്കള്ളക്കടത്ത് പോലൊരു കേസ് എന്നും പിണറായി ചോദിച്ചു. പിന്‍ബലമുള്ള തെളിവുകള്‍ ഉണ്ടെങ്കില്‍ മൊഴി മാറ്റിയാല്‍ തീരുമോ? ഇനിയുയരുന്ന യുക്തിസഹമായ മറ്റൊരു ചോദ്യം, ഓരോ ദിവസവും ഓരോ രീതിയില്‍ മജിസ്ട്രേറ്റിനു മുമ്പാകെ പോയി മാറ്റിമാറ്റി പറയാന്‍ കഴിയുന്ന ഒന്നാണോ സി ആര്‍ പി സി 164 പ്രകാരം നല്‍കുന്ന രഹസ്യമൊഴി എന്നും പിണറായി ചോദിച്ചു.

മേല്‍പറഞ്ഞ കേസില്‍ പ്രതിയായ വനിതയ്ക്ക് നിലവില്‍ സകല ഭൗതിക സാഹചര്യങ്ങളും ഒരുക്കിക്കൊടുക്കുന്ന ഒരു പ്രസ്ഥാനമുണ്ട്. ആ പ്രസ്ഥാനം ഏതെന്ന് പരിശോധിച്ചാല്‍ കാണാന്‍ കഴിയുന്നത് അതിന്റെ സംഘപരിവാര്‍ ബന്ധങ്ങളാണ്. ജോലി അവരുടെ വക. കാര്‍ അവരുടെ വക, താമസം അവരുടെ വക, സുരക്ഷ അവരുടെ വക. ശമ്പളം അവരുടെ വക. വകീല്‍ അവരുടെ വക.

പ്രധാനമന്ത്രിക്ക് കത്തെഴുതാന്‍ ലെറ്റര്‍ഹെഡ് അവരുടെ വക. ചെല്ലും ചെലവും കൊടുത്തു വളര്‍ത്തുക എന്നു കേട്ടിട്ടില്ലേ? അതേപോലൊരു ഏര്‍പാട്. ഇത്തരമൊരു സംഘടനയുടെ തണലില്‍ നില്‍ക്കുന്ന സ്വര്‍ണക്കടത്ത്, വ്യാജ ബിരുദം, വ്യാജ മൊഴിയുണ്ടാക്കല്‍ എന്നിങ്ങനെ നിരവധി കേസില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്ന ഒരു വ്യക്തിയുടെ വാക്കുകളാണ് നിങ്ങള്‍ക്ക് ഇപ്പോള്‍ വേദവാക്യമായിരിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇങ്ങനെ ഒരു വ്യക്തി സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയും അതിനു പിന്നില്‍ ചിലരുണ്ടെന്ന വ്യക്തമായ സംശയം ഉയരുകയും ചെയ്യുമ്പോള്‍, സംസ്ഥാനത്തെ പൊതുഅന്തരീക്ഷം കലുഷിതമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് പ്രഥമ ദൃഷ്ട്യാ തെളിവുകള്‍ ലഭിക്കുമ്പോള്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നത് സ്വാഭാവികം.

അതിനെതിരെ കേസിലെ പ്രതികള്‍ നിയമത്തിന്റെ വഴി തേടിയിട്ടുണ്ട്. കോടതിയില്‍ ഇരിക്കുന്ന വിഷയമായതിനാല്‍ കൂടുതല്‍ പറയുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രമേയവതാരകന്‍ കേന്ദ്ര ഏജന്‍സിക്കെതിരെ അന്വേഷിക്കുന്ന കമിഷന്റെ കാലാവധി നീട്ടിയതായും പറയുന്നുണ്ട്. ഒരു കാര്യത്തിന്റെ ഏതെങ്കിലും ഒരു ഭാഗം മാത്രം പറഞ്ഞാല്‍ മതിയാകില്ലല്ലോ.

സ്വര്‍ണക്കള്ളക്കടത്ത് ഉള്‍പെടെയുള്ള കേസുകളില്‍ പ്രതിയായ മേല്‍പറഞ്ഞ വനിത ജയിലില്‍ ആയിരുന്നപ്പോള്‍ ചില പ്രത്യേക രീതിയില്‍ സംസ്ഥാനത്തെ ഭരണനേതൃത്വത്തിനെതിരെ മൊഴി നല്‍കാന്‍ അവര്‍ക്കുമേല്‍ സമ്മര്‍ദമുണ്ടെന്ന് പറയുന്നതായുള്ള വോയ്സ് ക്ലിപ് പുറത്തുവന്നിരുന്നു.

ഇക്കാര്യം അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് നടപടികള്‍ ആരംഭിച്ചു. ഇതിനെതിരെ എന്‍ഫോര്‍സ്മെന്റ് ഡയറക്ടറേറ്റ് ഹൈകോടതിയെ സമീപിച്ചു. ഇതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ചിന്റെ എഫ് ഐ ആര്‍ റദ്ദാക്കിയ ഹൈകോടതി ഇതിന്റെ അന്വേഷണം പി എം എല്‍ എ കേസ് കൈകാര്യം ചെയ്യുന്ന എറണാകുളത്തെ ജില്ലാ കോടതി നടത്താമെന്ന് ഉത്തരവില്‍ പറയുകയും ചെയ്തു. ഈ അന്വേഷണം നടന്നുവരവെ കേന്ദ്ര ഏജന്‍സി സുപ്രീംകോടതിയെ സമീപിച്ച് സ്റ്റേ സമ്പാദിച്ചിട്ടുണ്ട്. എഫ് ഐ ആര്‍ റദ്ദാക്കിയതിനെതിരെ ക്രൈംബ്രാഞ്ചും കേരള ഹൈകോടതിയിലെ ഡിവിഷന്‍ ബെഞ്ചില്‍ അപീല്‍ നല്‍കിയിട്ടുണ്ട്.

പ്രതികള്‍ക്കുമേല്‍ ഏതെങ്കിലും രീതിയില്‍ മൊഴി നല്‍കാന്‍ സമ്മര്‍ദമുണ്ടെങ്കില്‍ അന്വേഷണം നടത്തി വസ്തുത പുറത്തു കൊണ്ടുവരണമെന്നുതന്നെയാണ് സംസ്ഥാന സര്‍കാരിന്റെ വ്യക്തമായ അഭിപ്രായം. ഇതിനായുള്ള നടപടികള്‍ തന്നെയാണ് സംസ്ഥാന സര്‍കാര്‍ സ്വീകരിച്ചിട്ടുള്ളത്.

ഇതിന്റെ ഭാഗമായി തന്നെയാണ് മന്ത്രിസഭാ യോഗതീരുമാന പ്രകാരം ജുഡിഷ്യല്‍ കമിഷനെ നിയമിച്ചതും. അന്വേഷണം നടക്കണ്ട എന്ന താത്പര്യം ഒരിക്കലും സംസ്ഥാന സര്‍കാരിനില്ല. നിയമത്തിന്റെ വഴിയിലൂടെയാണ് സംസ്ഥാന സര്‍കാര്‍ ഇക്കാര്യത്തില്‍ സഞ്ചരിച്ചിട്ടുള്ളത്.

ചില പ്രത്യേക ലക്ഷ്യങ്ങളോടു കൂടി മാധ്യമങ്ങള്‍ക്കു മുന്നില്‍ സ്വര്‍ണക്കടത്ത് ഉള്‍പെടെയുള്ള കേസില്‍ പ്രതിയായ ഒരു വ്യക്തി സംസ്ഥാനത്തെ പൊതുരംഗത്തുള്ള വ്യക്തികള്‍ക്കെതിരെയും ഭരണനേതൃത്വത്തിനെതിരെയും സസ്പെന്‍സ് സൃഷ്ടിക്കുന്ന രീതിയില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അന്വേഷിക്കപ്പെടേണ്ടതുതന്നെയാണ്. സുതാര്യമായ ഒരു അന്വേഷണം നടക്കുന്നതില്‍ എന്തിന് നിങ്ങള്‍ വേവലാതിപ്പെടണം എന്നും മുഖ്യമന്ത്രി ചോദിച്ചു.

സ്വര്‍ണക്കള്ളക്കടത്ത് പോലൊരു കേസില്‍ അതിന്റെ സ്രോതസ് മുതല്‍ അന്തിമ വിനിയോഗം വരെയുള്ള എല്ലാ കണ്ണികളും പുറത്തുകൊണ്ടുവരാന്‍ ഏകോപിതവും കാര്യക്ഷമവുമായ അന്വേഷണം കേന്ദ്ര ഏജന്‍സികളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് 2020 ജൂലായ് എട്ടിന് പ്രധാനമന്ത്രിക്ക് സംസ്ഥാന സര്‍കാരില്‍ നിന്നും കത്ത് അയച്ചിരുന്നു.

ചില മാധ്യമങ്ങളും മറ്റു തത്പരകക്ഷികളും നടത്തുന്ന പ്രചരണത്തിനൊത്ത് അന്വേഷണം നീങ്ങുന്നതായി പൊതുമനസ്സില്‍ ന്യായമായ സംശയങ്ങള്‍ ഉയര്‍ന്നപ്പോള്‍ അക്കാര്യവും 2020 ഡിസംബര്‍ 15 ന് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. അന്വേഷണം ശരിയായ രീതിയില്‍ നടക്കണമെന്ന് സംസ്ഥാന സര്‍കാരിന് വ്യക്തമായ അഭിപ്രായമുണ്ട്.

അടിയന്തര പ്രമേയത്തില്‍ പറയുന്നത് സംസ്ഥാനത്തെ ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഇടനിലക്കാരനെന്ന് പറയുന്ന ഒരാളുമായി ഫോണില്‍ സംസാരിച്ചുവെന്നാണ്. എന്തിനു സംസാരിച്ചുവെന്നതിനെപ്പറ്റി ഒന്നും പറയുന്നില്ല. ഇതിന്റെ ഉത്തരവാദിത്വം സര്‍കാരിന്റെ മേല്‍ കെട്ടിവയ്ക്കാനാണ് പതിവുപോലത്തെ ശ്രമം.

ഒരു കാര്യം വ്യക്തമായി പറയാം, ഒരു പ്രശ്നത്തിലും ഇടനിലയായി ഉപയോഗിക്കേണ്ട ആവശ്യം സര്‍കാരിനില്ല. ഏതെങ്കിലും ഒരു ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നും എന്തെങ്കിലും വഴിവിട്ട നടപടിയോ വീഴ്ചയോ ഉണ്ടായെന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍ ആവശ്യമായ നടപടിയെടുക്കാന്‍ സര്‍കാരിന് ഒരു മടിയുമില്ല.

സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം അട്ടിമറിക്കപ്പെടരുതെന്നും ആ കേസില്‍ നടന്ന സംഭവങ്ങള്‍ നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണത്തിലൂടെ പുറത്തുവരണമെന്നും ന്യായമായ താത്പര്യമാണ് ഈ നാട്ടിലെ ജനങ്ങള്‍ക്കും സര്‍കാരിനുമുള്ളത്.

പക്ഷെ, ഇതില്‍ നിന്നും എന്തെങ്കിലും രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ കഴിയുമോ എന്നാണ് പ്രമേയാവതാരകന്റെ പാര്‍ടിയായ കോണ്‍ഗ്രസും കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ ചില സംസ്ഥാന നേതാക്കളും ചേര്‍ന്നു നോക്കുന്നത്.

ഇവരുടെ തിരക്കഥയിലെ സൃഷ്ടിയാണ് 'ഇടനിലക്കാര്‍'. ഞങ്ങള്‍ക്ക് ഇത്തരം ആളുകളെ ആവശ്യമില്ല. പൊതുരംഗത്ത് ജനങ്ങളോടൊപ്പം നില്‍ക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്താന്‍ എന്തും വിളിച്ചുപറയാമെന്ന സ്ഥിതിയെ പ്രോത്സാഹിപ്പിക്കുന്നത് ജനാധിപത്യ വ്യവസ്ഥയെ തന്നെ അസ്ഥിരപ്പെടുത്തുമെന്നു കൂടി, ഈ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെങ്കില്‍, പ്രമേയാവതാരകനും പാര്‍ടിയും പരിഗണിക്കേണ്ടതാണെന്നനും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷം ചോദിക്കാന്‍ താത്പര്യപ്പെടാത്ത ചോദ്യങ്ങള്‍

സ്വര്‍ണക്കടത്ത് കേസില്‍ എന്തോ പുതിയ കാര്യം കണ്ടെത്തി എന്ന പ്രതീതി സൃഷ്ടിക്കാനുള്ള വൃഥാ വ്യായാമമാണ് ഇപ്പോള്‍ നടക്കുന്നത്. സര്‍വ അധികാരങ്ങളും സമസ്ത സംവിധാനങ്ങളുമുള്ള മൂന്നു പ്രബല കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് രാപകല്‍ ഭേദമില്ലാതെ രണ്ടുവര്‍ഷം അന്വേഷിച്ചിട്ടും എങ്ങുമെത്താത്ത ദുര്‍ബലങ്ങളായ, രാഷ്ട്രീയ പ്രേരിതങ്ങളായ ആരോപണങ്ങളാണ്.

നാലു കേന്ദ്ര ഏജന്‍സികള്‍ ഇവിടമാകെ ഉഴുതുമറിച്ചു നോക്കി. ഒരു കച്ചിത്തുരുമ്പ് എങ്കിലും കിട്ടിയിരുന്നെങ്കില്‍ ആ ഏജന്‍സികളും, അവരെ തുറന്നുവിട്ട രാഷ്ട്രീയ അധികാര കേന്ദ്രങ്ങളും അവര്‍ക്കുവേണ്ടി തെളിവുകളുണ്ടാക്കിക്കൊടുക്കാന്‍ ശ്രമിച്ച പ്രമേയവതാരകന്റെ പാര്‍ടിക്കാരും ഇവിടെ ആരെയെങ്കിലും ബാക്കിവെച്ചേക്കുമായിരുന്നോ?

തീയില്ലാത്തിടത്തു പുക കണ്ടെത്തിയെന്നു വരുത്തിത്തീര്‍ക്കന്‍ ശ്രമിക്കുകയാണ് അവര്‍. അതിനപ്പുറം ഒരു പ്രസക്തിയുമില്ല ഈ അടിയന്തര പ്രമേയ നോടിസിന് എന്നും പിണറായി പറഞ്ഞു.

ഒരാള്‍ എന്തോ ചെയ്തുവെന്ന് മറ്റൊരാള്‍ കേട്ട്, വേറൊരാളോട് പറഞ്ഞ്, അതുകേട്ടയാള്‍ അത് ഇന്നതിനായിരിക്കുമെന്ന് വിചാരിച്ച് പറയുന്ന കാര്യങ്ങള്‍ സത്യമാണ്, തെളിവാണ് എന്നൊക്കെ പറയുന്നത് എന്തുതരം വാദഗതിയാണ്? ഇതിനപ്പുറം എന്തെങ്കിലും ഇതുവരെ ഇവര്‍ക്ക് എന്തെങ്കിലും ചൂണ്ടിക്കാട്ടാന്‍ കഴിഞ്ഞിട്ടുണ്ടോ?

സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെയും അവര്‍ ചെല്ലും ചെലവും കൊടുത്തുവളര്‍ത്തുന്നവരുടെയും വാക്കുകള്‍ക്കു നിയമസഭാ തലത്തില്‍ മുഴക്കം നല്‍കാന്‍ കഴിഞ്ഞ തവണ ഇവിടെ ഒരു ബി ജെ പി അംഗമുണ്ടായിരുന്നു. ഇന്ന് ബിജെപിക്ക് അംഗമില്ല. അതിന്റെ കുറവ് നികത്താന്‍ വന്നിരിക്കുകയാണ് പ്രതിപക്ഷത്തെ ചിലര്‍.

ആ സംഘപരിവാര്‍ സ്ഥാപനത്തിന്റെ, അതിന്റെ ഉദ്യോഗസ്ഥരുടെ, അതിന്റെ വകീലിന്റെ, എന്നുവേണ്ട സംഘപരിവാറിന്റെ ചരടുവലിക്കൊത്തു നീങ്ങുന്ന ചില ഉദ്യോഗസ്ഥരുടെ വരെ ശബ്ദം സഭയില്‍ ആവുന്നത്ര ഉച്ചത്തില്‍ പ്രതിപക്ഷം ഉയര്‍ത്താന്‍ നോക്കുന്നത്.

ഒരു കാര്യം ഉറപ്പായും വിശ്വസിക്കാം. ദുര്‍ബലപ്പെട്ട കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞാലും കൂറുള്ളവരെ സംരക്ഷിക്കുന്നവരാണു സംഘപരിവാര്‍ എന്ന ആശ്വാസം അക്കൂട്ടര്‍ക്ക് ഉണ്ടാകും.

കേന്ദ്രത്തിനോ, കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കോ അപ്രിയമാവുന്ന ഒരു ചോദ്യവും പ്രതിപക്ഷത്തില്‍ നിന്നുവരില്ല. സ്വര്‍ണം കൊടുത്തയച്ചതാര്? സ്വര്‍ണം കിട്ടിയതാര്‍ക്ക്? ഇത്തരത്തില്‍ യുക്തിസഹമായി ചിന്തിക്കുന്നവരുടെ മനസ്സില്‍ വരുന്ന ഒരു ചോദ്യവും കോണ്‍ഗ്രസില്‍ നിന്നോ ബി ജെ പിയില്‍ നിന്നോ അവരുമായി ബാന്ധവത്തില്‍ നില്‍ക്കുന്നവരില്‍ നിന്നോ സ്വാഭാവികമായി പ്രതീക്ഷിക്കേണ്ടതില്ല.

കാരണമെന്താ? ഈ ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം പറയേണ്ടത് ബി ജെ പിയുടെ കേന്ദ്രവും അതിന്റെ അന്വേഷണ ഏജന്‍സികളുമാണ്. അവര്‍ക്ക് അലോസരമുണ്ടാവുന്ന ഒരു ചോദ്യവും പ്രതിപക്ഷത്തുനിന്നുണ്ടാവില്ല. അത്രയ്ക്ക് കൂറുള്ളവരാണ് നിങ്ങള്‍!

മറ്റൊരു സെറ്റ് ചോദ്യവും അവര്‍ ചോദിക്കില്ല. സ്വര്‍ണക്കടത്തു കേസിലെ പ്രതിക്ക് സംഘപരിവാര്‍ അനുകൂല ഏജന്‍സിയില്‍ ജോലി ലഭിച്ചതെങ്ങനെ? ജീവിക്കാന്‍ വകയില്ല എന്നു പറഞ്ഞവര്‍ക്കു കാര്‍ കിട്ടിയതെങ്ങനെ? കേരള പൊലീസിന്റെ സുരക്ഷ വേണ്ട എന്നു പറയാന്‍ പാകത്തില്‍ സുരക്ഷ സംവിധാനം ഒരുക്കപ്പെട്ടതെങ്ങനെ? പ്രതിയുടെയും അവര്‍ ജോലി ചെയ്യുന്ന സംഘപരിവാര്‍ സ്ഥാപനത്തിന്റെയും അഭിഭാഷകന്‍ ഒരേ ആള്‍ ആയതെങ്ങനെ?

ആ സ്ഥാപനത്തിന്റെ നടത്തിപ്പുകാരന്‍ മുന്‍ കോണ്‍ഗ്രസ് നേതാവു കൂടിയായ ബി ജെ പി നേതാവായതെങ്ങനെ? ആ സ്ഥാപനത്തിന്റെ ലെറ്റര്‍ ഹെഡില്‍ പ്രധാനമന്ത്രിക്ക് കത്തയക്കാന്‍ സ്വര്‍ണക്കടത്ത് ഉള്‍പെടെയുള്ള കേസില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്ന വനിതയ്ക്ക് എങ്ങനെ കഴിഞ്ഞു? ഇത്തരം ചോദ്യങ്ങളൊന്നും പ്രതിപക്ഷത്തില്‍ നിന്നുണ്ടാവുകയില്ല.

ഇവ ഉയര്‍ന്നാല്‍ വെളിപ്പെടുക സംഘപരിവാറും സ്വര്‍ണക്കടത്തു കേസിലെ പ്രതിയായ വനിതയും തമ്മിലുള്ള ബന്ധമാണ്. അതിലൂടെ വിഷമത്തിലാകുന്നത് ബി ജെ പിയാണ്. അതുകൊണ്ട് ഈ ചോദ്യങ്ങളും അവര്‍ ചോദിക്കില്ല. ബി ജെ പിയും പ്രതിപക്ഷവും തമ്മിലുള്ള കുട്ടുകച്ചവടമാണ് ഇവിടെ വെളിവാകുന്നത്. ഇതിന്റെ ഭാഗമാണ് ആ വനിതയെ സംരക്ഷിക്കുംവിധം ബി ജെ പി സംസ്ഥാന പ്രസിഡന്റിന്റെ പ്രസ്താവനയും ഈ നോടിസിന്റെ ഉള്ളടക്കവും.

മുന്‍ മൊഴികളിലെ കാര്യങ്ങള്‍ തന്നെയല്ലേ പൊടിപ്പും തൊങ്ങലും പുതുതായി ചേര്‍ത്ത് 164 എന്ന നിലയില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്ന വനിത മാധ്യമങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്. കോടതിയില്‍ രഹസ്യമൊഴി കൊടുത്തിട്ട് പുറത്തുവന്ന് അതിന്റെ ഉള്ളടക്കം വെളിവാക്കുന്നതില്‍ രാഷ്ട്രീയ ഗൂഢോദ്ദേശ്യമല്ലാതെ മറ്റെന്താണുള്ളത്?

ഇങ്ങനെ ജനങ്ങളുടെ മനസ്സില്‍ ഉയര്‍ന്നു വരുന്ന സ്വാഭാവിക ചോദ്യങ്ങളുണ്ട്. ഇതും പ്രതിപക്ഷം ചോദിക്കില്ല. കാരണം, ഇതൊക്കെ ചോദിച്ചാല്‍ സ്വന്തം പ്രചരണം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീഴും. തീയില്ലാതെയുള്ള പുകയാണ് ഇവരുണ്ടാക്കുന്ന പുകില്‍ എന്നതു വെളിവാകും.

ഇല്ലാക്കഥയുണ്ടാക്കി അതിന്മേല്‍ ഇല്ലാ ചോദ്യങ്ങള്‍ മെനയുകയും എന്തോ മഹാകാര്യം സംഭവിച്ചിരിക്കുന്നു ഇവിടെ എന്ന പ്രതീതിയുണ്ടാക്കി ആ വഴിക്കു രാഷ്ട്രീയ മുതലെടുപ്പു നടത്താന്‍ നോക്കുകയുമാണ് പ്രതിപക്ഷം.

മറ്റൊരു വിധത്തില്‍ക്കൂടി ബി ജെ പിക്കു സ്വീകാര്യമാവാന്‍ ശ്രമിക്കുന്നുണ്ട് പ്രതിപക്ഷം. മകന്‍ മരിച്ചാലും വേണ്ടില്ല മരുമകളുടെ കണ്ണീരു കണ്ടാല്‍ മതി എന്നാലോചിക്കുന്ന ഒരു കഥാപാത്രത്തെക്കുറിച്ച് കേട്ടിട്ടില്ലേ? കോണ്‍ഗ്രസിന്റെ നേതാവ് രാഹുല്‍ ഗാന്ധിയെ ശ്വാസം വിടാന്‍ അനുവദിക്കാതെ തുടരെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ് ഡെല്‍ഹിയില്‍ ഇ ഡി.

സോണിയാ ഗാന്ധിക്കാണെങ്കില്‍ സുഖമില്ല. അവരെയും വരുത്തുകയാണ്. ഇ ഡി ഇവരെ ചോദ്യം ചെയ്യുന്നത് മുന്‍നിര്‍ത്തി ഡെല്‍ഹിയിലും രാജ്യത്ത് സാന്നിധ്യമുള്ള മറ്റിടങ്ങളിലും കോണ്‍ഗ്രസ് പ്രക്ഷോഭത്തിലാണ്. ഇ ഡി രാഷ്ട്രീയ വൈരനിര്യാതനത്തിനുള്ള ആയുധമാണെന്നും ആ ഏജന്‍സിക്ക് ഒരുവിധ വിശ്വാസ്യതയുമില്ല എന്നും പറഞ്ഞുകൊണ്ടാണ് കോണ്‍ഗ്രസ് രാജ്യത്താകെ പ്രക്ഷോഭരംഗത്ത് നില്‍ക്കുന്നത്.

Pinarayi Vijayan replies to Shafi Parambil, Thiruvananthapuram, News, Politics, Congress, Assembly, Chief Minister, Pinarayi vijayan, Kerala.

ഇവിടത്തെ പ്രതിപക്ഷമോ? എങ്ങനെയെങ്കിലും അന്വേഷണ ഏജന്‍സികള്‍ക്കും കള്ളക്കടത്തു കേസ് പ്രതിക്കും ഇല്ലാത്ത വിശ്വാസ്യത ചാര്‍ത്തിക്കൊടുക്കാന്‍ പാടുപെടുകയാണ്. എന്തൊരു വിരോധാഭാസമാണ്?

ഏതായാലും ഒരു കാര്യമുണ്ട്. രണ്ട് വര്‍ഷമായി അന്വേഷണ ഏജന്‍സികള്‍ക്ക് കണ്ടെത്താന്‍ കഴിയാത്ത തെളിവുകളാണ് ഇവരും പ്രതിയും സംയുക്തമായും വെവ്വേറെയായും തിരയുന്നത്. എന്തുകൊണ്ടാണ് സര്‍വാധികാരങ്ങളും സര്‍വ സംവിധാനങ്ങളും ഉള്ള കേന്ദ്ര ഏജന്‍സികള്‍ക്ക് തെളിവു കിട്ടാതെപ്പോകുന്നത്? തെളിവില്ലാത്തതുകൊണ്ടുതന്നെ എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രതിപക്ഷം ചോദിക്കാത്ത ചോദ്യങ്ങള്‍ വേറെയുമുണ്ട്. സ്വര്‍ണം പിടിക്കപ്പെട്ടപ്പോള്‍ സംഘപരിവാര്‍ ചാനല്‍ മേധാവി പ്രതിയെ വിളിച്ച് നയതന്ത്ര ബാഗിലൂടെയല്ല സ്വര്‍ണം വന്നത് എന്നു പറയാന്‍ പറഞ്ഞത് എന്തിനാണ്? അദ്ദേഹം എങ്ങനെയാണ് ഇക്കാര്യം അറിഞ്ഞത്? ഇത് പ്രതിധ്വനിപ്പിക്കും വിധം നയതന്ത്ര ബാഗിലൂടെയല്ല സ്വര്‍ണം വന്നത് എന്ന് കേന്ദ്രമന്ത്രി പറഞ്ഞത് എന്തുകൊണ്ടാണ്? എവിടുന്നാണ് വാദമുഖങ്ങള്‍ ഈ വിധത്തില്‍ ക്രമീകരിച്ചത്?

മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും ആരും കസ്റ്റംസ് ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ചിട്ടില്ലായെന്ന സത്യം പറഞ്ഞ കസ്റ്റംസ് ഉദ്യോഗസ്ഥനെ രായ്ക്കുരാമാനം സ്ഥലംമാറ്റിയില്ലേ? അതുപോലെ കേട്ടുകേള്‍വിയുടെ തരത്തിലുള്ളത് മാത്രമാണ് കറന്‍സി കടത്തി എന്ന ആരോപണം. കറന്‍സി കടത്തുന്നതു താന്‍ കണ്ടു എന്നല്ല, മറ്റൊരാള്‍ കണ്ടതായി തന്നോടു പറഞ്ഞു എന്നു മാത്രമായിരുന്നു വിവാദപ്രതി അന്ന് പറഞ്ഞത്.

എന്നാല്‍, കഥയ്ക്കു കള്ളത്തെളിവു ചമയ്ക്കാന്‍ പ്രോടോകോള്‍ ഉദ്യോഗസ്ഥനെ വരെ ചില കേന്ദ്ര ഏജന്‍സികള്‍ ഭീഷണിപ്പെടുത്തിയില്ലേ? അന്നും ഇന്നും തെളിവില്ല. സാക്ഷിമൊഴിയില്ല. ആകെയുള്ളത് വാലും തലയും ഇല്ലാത്ത കുറെ വാര്‍ത്തകള്‍ മാത്രം.

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ കോലാഹലപൂര്‍വം ഉന്നയിച്ച ആരോപണങ്ങളല്ലേ ഇപ്പോള്‍ പുതിയ കുപ്പിയില്‍ പഴയ വീഞ്ഞ് എന്ന മട്ടില്‍ കൊണ്ടുവന്നിട്ടുള്ളത്? ജനങ്ങള്‍ അതു നിരാകരിച്ചു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. അങ്ങനെയുള്ള ഒന്നു വീണ്ടും കുത്തിപ്പൊക്കിക്കൊണ്ടുവന്നാല്‍ ഞങ്ങള്‍ വല്ലാതെ പതറുമെന്നു നിങ്ങള്‍ വിചാരിച്ചോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

ഡോളര്‍ കടത്ത് എന്നുപറഞ്ഞും നിങ്ങള്‍ ഇവിടെ വലിയ പുകിലുണ്ടാക്കാന്‍ നോക്കി. ശാര്‍ജാ ശേഖിന് കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ചു എന്ന പമ്പര വിഡ്ഢിത്തം പറഞ്ഞവരെ വരെ നിങ്ങള്‍ തോളിലേറ്റി. ബ്രഹ്മാവിനോ ആയുസ്സിനു പഞ്ഞം എന്നൊരു ചൊല്ലുണ്ടല്ലോ. അതറിയാവുന്ന നിങ്ങളില്‍ ബുദ്ധിയുള്ള ചിലര്‍ അത് ഏറ്റെടുക്കുന്നത് മറ്റൊരു വിഡ്ഢിത്തമാവുമെന്നു കണ്ടെത്തി. ഒടുവില്‍ അതു നിങ്ങള്‍ പോലും ഉപേക്ഷിച്ചു. ഇനി ഡോളര്‍ കൊണ്ടുപോയ കാര്യം. വിമാനത്താവളത്തിലെ സെക്യൂരിറ്റിയും കസ്റ്റംസും ഒക്കെ കേരള ഗവണ്‍മെന്റിന്റെ കീഴിലാണോ?

വ്യക്തി, കൊണ്ടുപോവുന്ന ബാഗിനു ഡിപ്ലോമാറ്റിക് പ്രിവിലേജിന്റെ പരിഗണനയൊന്നുമില്ല എന്നതു നിങ്ങള്‍ക്കറിയാത്തതല്ലല്ലോ. എംബസിയില്‍ നിന്ന് പ്രത്യേകം അടയാളപ്പെടുത്തി അയക്കുന്നതേ ഡിപ്ലൊമാറ്റിക് ബാഗേജ് ആവുന്നുള്ളൂ. വ്യക്തി കൊണ്ടുപോകുന്നത് സ്‌കാനിങ് അടക്കമുള്ള പരിശോധനകള്‍ക്കു വിധേയമാണ്. എന്നാല്‍ എയര്‍പോര്‍ടിലെ സ്‌കാനിംഗില്‍ ഇത് തെളിയേണ്ടതല്ലേ? ഇതിനുത്തരം പറയേണ്ടതു കേരള സര്‍കാരാണോ? കേന്ദ്ര സര്‍കാരല്ലേ? അതുകൊണ്ട് ആ ചോദ്യവും നിങ്ങള്‍ ചോദിക്കില്ല.

സ്വര്‍ണം കയറ്റി അയച്ചതിലെ പ്രധാനി ഒരു ഫൈസല്‍ ഫരീദ് ആണെന്നാണ് ഒരിക്കല്‍ അന്വേഷണ ഏജന്‍സി പറഞ്ഞത്. അങ്ങനെയെങ്കില്‍ അയാള്‍ക്കെതിരെ കേന്ദ്രം റെഡ് കോര്‍ണര്‍ നോടിസ് പുറപ്പെടുവിക്കാത്തതെന്തുകൊണ്ടാണ്? കോണ്‍സുലേറ്റ് ജെനറലിനും അറ്റാഷെക്കും പങ്കുണ്ടെന്നു പറയുന്നു. ഇതറിഞ്ഞിട്ടും ഡെല്‍ഹി വഴി രാജ്യം വിടാന്‍ ഇവര്‍ക്ക് അവസരമൊരുക്കിയതാര്? ഇതൊന്നും നിങ്ങള്‍ ചോദിക്കില്ല.

1. സ്വര്‍ണക്കടത്ത് കേസ് സംസ്ഥാന സര്‍കാരിന് എന്തോ പങ്കുള്ളതുപോലെ വരുത്തിത്തീര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഒരു അടുത്ത ഭാഗമാണ് ഇപ്പോള്‍ അരങ്ങേറുന്നത്. നേരത്തെ പയറ്റി പരാജയപ്പെട്ടതാണ്. കസ്റ്റംസ് ഡ്യൂടി വെട്ടിച്ച് വിമാനത്താവളം വഴി വ്യാപകമായി സ്വര്‍ണം കടത്തുന്നുവെങ്കില്‍ അത് കേന്ദ്ര ധനമന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികളുടെ വീഴ്ചയാണ്.

പുറത്തുവരുന്ന വിവരങ്ങള്‍ അനുസരിച്ച് നയതന്ത്ര ബാഗേജ് വഴി 21 തവണ സ്വര്‍ണം കടത്തിയെന്നാണ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട ആളുകളെ അന്വേഷണ പരിധിയില്‍ കൊണ്ടുവരാന്‍ കഴിയാത്തത് ആരുടെ കുറ്റമാണ്? അതില്‍ കേന്ദ്രസര്‍കാരിനു വേണ്ടി രക്ഷാകവചം തീര്‍ക്കുന്ന ജോലി എന്തിനു വേണ്ടി കോണ്‍ഗ്രസ് കേരളത്തില്‍ ചെയ്യുന്നു?

2. അന്വേഷണത്തിന്റെ തുടക്കത്തില്‍ ഒരു ഫോണ്‍വിളി വിവാദം ഉയര്‍ത്തിയിരുന്നു. പ്രമേയവതാരകന്റെ പാര്‍ടി ഈ വിവാദത്തിന്റെ മുന്‍പന്തിയിലായിരുന്നു. അന്വേഷണം നടത്തിത്തീര്‍ന്നിട്ടും ഇത്തരമൊരു കാര്യം തെളിഞ്ഞതായി കാണുന്നില്ല. അനാവശ്യമായി മുഖ്യമന്ത്രിയുടെ ഓഫിസിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ ബി ജെ പിയും കോണ്‍ഗ്രസും നടത്തിയ തിരക്കഥ പൊളിഞ്ഞുപോയില്ലേ?

3. അന്വേഷണത്തിന്റെ ഏതെങ്കിലും ഘട്ടത്തില്‍ അതിലെ പ്രതികള്‍ക്കു മേല്‍ അന്യായമായ സമ്മര്‍ദം ഉണ്ടാകുന്നു എന്ന ആരോപണമുയര്‍ന്നപ്പോള്‍ അത് സുതാര്യമായി അന്വേഷിക്കണം എന്നാണ് സംസ്ഥാന സര്‍കാര്‍ തീരുമാനിച്ചത്. പി എം എല്‍ എ കോടതിയുടെ അന്വേഷണത്തോടും സര്‍കാര്‍ എല്ലാ സഹകരണവും നല്‍കി.

ഈ അന്വേഷണം മുന്നോട്ടു പോകണ്ടായെന്ന് തോന്നിയത് ഒരു കേന്ദ്ര ഏജന്‍സിക്കല്ലേ? ആ തടസവാദങ്ങള്‍ സത്യം പുറത്തുവരുന്നതിന് വിഘാതമാണെന്ന് ഏതെങ്കിലും ഒരു ഘട്ടത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞിട്ടുണ്ടോ? ഇക്കാര്യത്തില്‍ കേന്ദ്ര ഏജന്‍സികളെ അകമഴിഞ്ഞ് പിന്താങ്ങുന്ന നയം നിങ്ങള്‍ എന്തുകൊണ്ട് സ്വീകരിച്ചു?

4. ഇപ്പോള്‍ പറയുന്നത് രാഹുല്‍ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ നീക്കമാണെന്നും ഞങ്ങള്‍ കേന്ദ്രസര്‍കാരിന് നേതൃത്വം നല്‍കുന്ന സംഘപരിവാറുമായി ഒത്തുതീര്‍പ്പ് ഉണ്ടാക്കിയെന്നുമാണ്. രാഹുല്‍ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വന്നുനിന്ന് അതിനെ പ്രകീര്‍ത്തിക്കുകയും കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന രീതിയും ഞങ്ങള്‍ ചെയ്യുന്നില്ല. ഏജന്‍സികള്‍ ചെയ്യുന്നതെല്ലാം ശരിയെന്ന് നിങ്ങള്‍ പറയുന്നതുപോലെ ഞങ്ങള്‍ നിലപാടെടുക്കുന്നില്ല.

5. കേന്ദ്ര ഏജന്‍സികള്‍ ഇവിടെ അന്വേഷണം നടത്തിക്കൊണ്ടിരുന്നപ്പോള്‍ ലൈഫ് മിഷന്‍ വിദേശസംഭാവന സ്വീകരിച്ചു എന്ന കള്ളപ്പരാതിയുമായി ഒരു കേന്ദ്ര ഏജന്‍സിക്കു മുമ്പില്‍ ഓടിയെത്തിയത് അന്നത്തെ കോണ്‍ഗ്രസ് എം എല്‍ എ ആയിരുന്ന വ്യക്തിയല്ലേ? 140 ഓളം വീടുകളുടെ നിര്‍മാണം വ്യാജ ആരോപണങ്ങളുടെ പേരില്‍ നിര്‍ത്തിവെയ്പ്പിക്കാന്‍ കഴിഞ്ഞതുമാത്രമല്ലേ നിങ്ങളുടെ നേട്ടം?

6. നിങ്ങളുടെ തിരക്കഥ ഭാഗം ഒന്നിന് ജനങ്ങളുടെ കോടതിയില്‍ തിരിച്ചടി നേരിട്ടപ്പോള്‍ സംഘപരിവാര്‍ ബന്ധമുള്ള ഒരു എന്‍ ജി ഒ യുടെ സ്പോണ്‍സര്‍ഷിപില്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ ഒരു വനിത മാധ്യമങ്ങള്‍ക്കു മുന്നില്‍ വന്ന് ചില കാര്യങ്ങള്‍ പറയുമ്പോള്‍ അതിന്റെ പേരില്‍ യുക്തിയെന്ത്, തെളിവെന്ത് എന്ന് അന്വേഷിക്കാതെ സംസ്ഥാനത്തുടനീളം സമരപരമ്പര അഴിച്ചുവിടുന്ന നിങ്ങള്‍ കേന്ദ്രസര്‍കാരിനും ബി ജെ പി ക്കും വേണ്ടിയല്ലാതെ ആര്‍ക്കുവേണ്ടിയാണ് പണിയെടുക്കുന്നത്? ഒടുവില്‍ ഈ വനിതയും കൂട്ടാളിയും പറയുന്നതെല്ലാം മുഖവിലയ്ക്കെടുക്കാനില്ലെന്ന് നിങ്ങള്‍ക്കു തന്നെ പറയേണ്ടി വന്നില്ലേ?

7. ഞങ്ങള്‍ ഇടനിലക്കാരെ ഏര്‍പെടുത്തി എന്ന ആരോപണം നട്ടാല്‍ കുരുക്കാത്ത നുണയാണ്. ഒന്നിലധികം തവണ രഹസ്യ മൊഴിയുടെ ഭാഗങ്ങളെന്ന് പല കോണുകളില്‍ നിന്നും ദുരുദ്ദേശ്യത്തോടെ പുറത്തുവിടുന്ന കാര്യങ്ങള്‍ ഞങ്ങളെ ഒരുവിധത്തിലും ബാധിക്കുന്നില്ല. എന്നാല്‍, സ്വര്‍ണക്കടത്ത് കേസിലെ പ്രതി എന്തു പറയണം, ഏതു പറയണമെന്ന് ഇടനിലക്കാര്‍ വഴി തീരുമാനിക്കുന്നത് നിങ്ങളും ബി ജെ പിയുമാണെന്നല്ലേ ന്യായമായി സംശയിക്കേണ്ടത്?

8. അനവധി കേസുകളില്‍ പ്രതിയായി നില്‍ക്കുന്ന ഒരാള്‍ രക്ഷപ്പെടാന്‍ പഴുതന്വേഷിച്ച് നടക്കുമ്പോള്‍ അവരെ സഹായിക്കാമെന്ന് കേന്ദ്ര രാഷ്ട്രീയ സ്വാധീനതയുള്ള ചിലര്‍ സമീപിക്കുമ്പോള്‍ ആ വ്യക്തി അതിന്റെ ഭാഗമായി അണിനിരക്കുന്നുണ്ടാവാം. അതിന്റെ പേരില്‍ സംസ്ഥാന ഭരണം തന്നെ താഴെപ്പോകണമെന്നു പറയുന്ന നിങ്ങള്‍ ജനാധിപത്യത്തിന്റെ അന്തഃസത്തയെ ചോദ്യം ചെയ്യുകയല്ലേ?

9. കോടതിയിലിരിക്കുന്ന വിഷയങ്ങളെക്കുറിച്ച് മാധ്യമങ്ങളില്‍ വെളിപ്പെടുത്തുന്നത് അന്വേഷണത്തെ സഹായിക്കാനാണോ, രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണോ എന്നു നിങ്ങള്‍ക്ക് മനസ്സിലാകാത്തതാണോ? മനസ്സിലായിട്ടുണ്ടെന്ന് വ്യക്തം. എന്നിട്ടും സംഘപരിവാറുമായി നിങ്ങളുണ്ടാക്കിയ രാഷ്ട്രീയ ബാന്ധവത്തിന്റെ അടിസ്ഥാനത്തില്‍ ഞങ്ങളെപ്പറ്റി അപവാദം പ്രചരിപ്പിക്കുകയാണ്.

10. സ്രോതസ്സു മുതല്‍ അന്തിമ വിനിയോഗം വരെയുള്ള കാര്യങ്ങള്‍ ഏകോപിതവും കാര്യക്ഷമമവുമായ അന്വേഷണത്തിലൂടെ പുറത്തുവരണമെന്ന് ആവശ്യപ്പെട്ട ഞങ്ങളെ പരിഹസിക്കാന്‍ നിങ്ങള്‍ മുന്‍പന്തിയില്‍ നിന്നത് എന്തുകൊണ്ടാണ്?

ഇവിടെ അടുത്ത കാലത്ത് ഉയര്‍ന്നുവന്ന മറ്റൊരു പ്രധാന വെളിപ്പെടുത്തലുണ്ട്. നിങ്ങള്‍ തമസ്‌ക്കരിക്കാന്‍ ആഗ്രഹിക്കുന്ന വെളിപ്പെടുത്തല്‍. ജൂണ്‍ ഏഴിന് ദൃശ്യമാധ്യമങ്ങളിലൂടെ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ വനിത നടത്തിയ വെളിപ്പെടുത്തലുകളില്‍ പുതുതായി ഒന്നുമില്ലെന്ന് അന്വേഷണ ചുമതലയുണ്ടായിരുന്ന അന്നത്തെ കസ്റ്റംസ് പ്രിവന്റീവ് കമിഷണര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അപ്പോള്‍ ഇപ്പോഴത്തെ കോലാഹലത്തിന്റെ അടിസ്ഥാനമെന്താണ്?

ഇത്തരം കാര്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ സാമാന്യയുക്തി മതിയാകും. അടിസ്ഥാനമില്ലാതെ, അസ്ഥിവാരമില്ലാതെ, കെട്ടിപ്പൊക്കുന്ന ആരോപണങ്ങളുടെ ചീട്ടുകൊട്ടാരം ഒരു തവണ തകര്‍ന്നു വീണതാണ്. വീണ്ടും തകര്‍ന്ന ചീട്ടുകെട്ടുകള്‍ കെട്ടിപ്പോക്കുകയാണ്. ഇതും തകരാന്‍ അധികം സമയം വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords:  Pinarayi Vijayan replies to Shafi Parambil, Thiruvananthapuram, News, Politics, Congress, Assembly, Chief Minister, Pinarayi vijayan, Kerala.
Post a Comment