Follow KVARTHA on Google news Follow Us!
ad

Thackeray Calls Meeting | മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയുടെ വസതിയില്‍ വൈകിട്ട് 5 മണിക്ക് നിര്‍ണായക യോഗം; പങ്കെടുക്കാത്ത എം എല്‍ എമാരുടെ അംഗത്വം റദ്ദാക്കുമെന്ന് അന്ത്യശാസനം

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍, Mumbai,News,Politics,Trending,Shiv Sena,BJP,Congress,National,Meeting,
മുംബൈ: (www.kvartha.com) മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരിക്കെ വൈകിട്ട് മുഖ്യമന്ത്രി ഉദ്ധവ് താകറെയുടെ വസതിയില്‍ അഞ്ചുമണിക്ക് ചേരുന്ന യോഗം നിര്‍ണായകം. ശിവസേനയുടെ എല്ലാ എംഎല്‍എമാരുടെയും നിര്‍ണായക യോഗമാണ് വിളിച്ചുചേര്‍ത്തത്.

ഈ യോഗത്തില്‍ പങ്കെടുക്കാത്തവരുടെ അംഗത്വം റദ്ദാക്കുമെന്നു പാര്‍ടി അന്ത്യശാസനം നല്‍കി. ഉദ്ധവ് താകറെ കോവിഡ് ബാധിതനായതിനാല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു മന്ത്രിസഭാ യോഗം. കോണ്‍ഗ്രസ് നേതാക്കള്‍ മന്ത്രി ബാലസാഹെബ് തോറാടിന്റെ വീട്ടിലും യോഗം ചേര്‍ന്നു.

അതിനിടെ സൂറതില്‍ നിന്നും മടങ്ങിയെത്തിയ എം എല്‍ എമാരില്‍ രണ്ടുപേര്‍ ഷിന്‍ഡെയ്‌ക്കെതിരെ അതിഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. തങ്ങളെ മര്‍ദിച്ച് തട്ടിക്കൊണ്ടുപോയതാണെന്നും സൂറതില്‍ വച്ച് വിഷം തന്ന് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നുമാണ് ആരോപണം.

ഗുരുതര രാഷ്ട്രീയ പ്രതിസന്ധിയിലിരിക്കെ ശിവസേന നേതാവ് സഞ്ജയ് റാവുതിന്റെ ട്വീറ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മന്ത്രിസഭ പിരിച്ചുവിട്ടേക്കുമെന്നാണ് റാവുതിന്റെ ട്വീറ്റ്. 'വിധാന്‍സഭ പിരിച്ചുവിടലിലേക്ക് മഹാരാഷ്ട്രയിലെ രാഷ്ട്രീയ സംഭവവികാസങ്ങളുടെ യാത്ര' എന്നാണ് സഞ്ജയ് റാവുത് ട്വീറ്റ് ചെയ്തത്.

എന്നാല്‍ അത്ര പെട്ടെന്നൊന്നും രാജിക്ക് മുതിരാനുള്ള തീരുമാനം എടുക്കില്ലെന്നും റിപോര്‍ടുണ്ട്. ശരത് പവാറുമായും കമല്‍നാഥുമായുമൊക്കെ അന്തിമ ചര്‍ച നടത്തിയതിന് ശേഷമേ അത്തരമൊരു തീരുമാനത്തിലേക്ക് കടക്കൂ എന്നും റിപോര്‍ടുണ്ട്.

വിമതനീക്കവുമായി ശിവസേനാ മന്ത്രി ഏക്നാഥ് ഷിന്‍ഡെയും എംഎല്‍എമാരും ഗുജറാതിലെ സൂറതിലേക്കു പോയതോടെയാണ് മഹാരാഷ്ട്രയില്‍ സര്‍കാര്‍ ഗുരുതര പ്രതിസന്ധിയിലായത്. ഷിന്‍ഡെയും കൂട്ടരും പിന്നീട് ഗുവാഹതിയിലേക്കു മാറി. കൂടുതല്‍ എംഎല്‍എമാര്‍ ഷിന്‍ഡെയ്ക്കൊപ്പം സേന വിടുമെന്നാണു സൂചന. അതിനിടെ സ്വതന്ത്രമായി ജയിച്ച ശേഷം 2020ല്‍ ശിവസേനയിലെത്തിയ ഗീത ജയിന്‍ മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി. സേനാ എംഎല്‍എമാരായ സഞ്ജയ് റാതോഡ്, യോഗേഷ് കദം എന്നിവരും വിമതര്‍ക്കൊപ്പം ചേരുമെന്നു റിപോര്‍ടുണ്ട്.

ശിവസേനയിലെ 40 എംഎല്‍എമാരുടെയും ആറ് സ്വതന്ത്രരുടെയും പിന്തുണ തനിക്കുണ്ടെന്ന് ഷിന്‍ഡെ അവകാശപ്പെട്ടു. വിമത കാംപില്‍നിന്ന് തിരിച്ചെത്തിയ മൂന്ന് പേരടക്കം എല്ലാ എംഎല്‍എമാരെയും ശിവസേന മുംബൈയിലെ റിസോര്‍ടിലേക്ക് മാറ്റി. കഴിഞ്ഞദിവസത്തെ നിയമനിര്‍മാണ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഒരുവിഭാഗം ശിവസേനാ എംഎല്‍എമാരുടെ പിന്തുണയോടെ ബിജെപിക്ക് ഒരു സീറ്റില്‍ അപ്രതീക്ഷിത വിജയം ലഭിച്ചതിനു പിന്നാലെയാണു പുതിയ നീക്കം ഉണ്ടായത്.

കോണ്‍ഗ്രസും എന്‍സിപിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ഹിന്ദുത്വ അജന്‍ഡയില്‍ ഉറച്ച് ബിജെപിയുമായി സഖ്യം പുനഃസ്ഥാപിക്കുകയും ചെയ്താല്‍ തിരിച്ചെത്താമെന്നാണ് ഷിന്‍ഡെ ഫോണില്‍ വിളിച്ച് അനുനയത്തിന് ശ്രമിച്ചപ്പോള്‍ ഉദ്ധവ് താകറെയെ അറിയിച്ചത്. ശിവസേനയുടെ നിയമസഭാ കക്ഷി നേതൃസ്ഥാനത്തുനിന്നു ഷിന്‍ഡെയെ നീക്കിയെങ്കിലും അനുനയശ്രമം തുടരുകയാണ്.

ഡെല്‍ഹിയിലെത്തിയ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ടി പ്രസിഡന്റ് ജെ പി നഡ്ഡ എന്നിവരുമായി ചര്‍ച്ച നടത്തി. ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള 'ഓപറേഷന്‍ താമര' പദ്ധതിയാണു നടപ്പാക്കുന്നതെന്ന് ആരോപണമുണ്ട്.

ഉദ്ധവ് ചൊവ്വാഴ്ച വിളിച്ച അടിയന്തര പാര്‍ടി യോഗത്തില്‍ 55 എംഎല്‍എമാരില്‍ 17 പേര്‍ മാത്രമാണു പങ്കെടുത്തതെന്ന് അറിയുന്നു. എന്നാല്‍ 33 പേര്‍ എത്തിയെന്നു ശിവസേന അവകാശപ്പെട്ടു. എന്നാല്‍ 46 പേര്‍ ഒപ്പമുണ്ടെന്നാണ് ഷിന്‍ഡെയുടെ അവകാശവാദം. 37 പേരുണ്ടെങ്കില്‍ കൂറുമാറ്റ നിരോധന നിയമത്തെ മറികടക്കാം. ഇത്രയും പേരില്ലെങ്കില്‍ രാഷ്ട്രപതി ഭരണത്തിനാണ് ബിജെപിയുടെ നീക്കമെന്നും സൂചനയുണ്ട്. സ്വതന്ത്രരും ചെറുകക്ഷികളും ഒപ്പമെത്തുമെന്നും കണക്കുകൂട്ടുന്നു.

Maharashtra CM Uddhav Thackeray Calls For A Meeting At 5 PM, Summons All MP's & MLA's, Mumbai, News, Politics, Trending, Shiv Sena, BJP, Congress, National, Meeting


Keywords: Maharashtra CM Uddhav Thackeray Calls For A Meeting At 5 PM, Summons All MP's & MLA's, Mumbai, News, Politics, Trending, Shiv Sena, BJP, Congress, National, Meeting.

Post a Comment