പി എൻ പണിക്കരുടെ കത്തുകൾ

 


/ കൂക്കാനം റഹ്‌മാൻ

(www.kvartha.com)
പി എൻ പണിക്കരുമായി കാൽനൂറ്റാണ്ടുകാലത്തെ നിരന്തര ബന്ധമുണ്ട്. 1977ൽ കാൻഫെഡ് സ്ഥാപിതമായത് മുതൽ 1995 ൽ അദ്ദേഹം മരണപ്പെടുന്നതുവരെയുള്ള ബന്ധത്തിനിടയിൽ നിരവധി എഴുത്തുകുത്തുകൾ ഞങ്ങൾ തമ്മിൽ നടത്തിയിട്ടുണ്ട്. ആ കത്തുകൾ നഷ്ടപ്പെടാതെ സൂക്ഷിച്ചു വെക്കുമായിരുന്നു ഞാൻ. അവയിൽ നിന്ന് തെരഞ്ഞെടുത്ത കത്തുകൾ ഒരു പുസ്തക രൂപത്തിലാക്കി വെക്കുകയും കാഞ്ഞങ്ങാട് വെച്ചു നടന്ന കാൻഫെഡ് പ്രവർത്തകയോഗത്തിൽ വെച്ച് മുൻമന്ത്രി ശ്രീ. ചന്ദ്രശേഖരൻ പ്രകാശനം ചെയ്യുകയുണ്ടായി.
   
പി എൻ പണിക്കരുടെ കത്തുകൾ

അദ്ദേഹത്തിന്റെ 27-ാമത് ചരമദിനമാണ് 2022 ജൂൺ 19. സമൂഹത്തിൽ എങ്ങിനെ പ്രവർത്തിക്കണമെന്ന് പഠിപ്പിക്കുന്ന കത്തുകളാണ് അവയിൽ മിക്കതും. നന്മ ചെയ്യുന്ന സാമൂഹ്യ പ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം വിമർശിച്ചു നിരുത്സാഹപ്പെടുത്തുന്ന ഒരുപാട് അനുഭവം അദ്ദേഹത്തിനുണ്ടായിയെന്ന് വേദനയോടെ പലപ്പോഴും ഞങ്ങളോട് പറയാറുണ്ട്. സാമൂഹ്യ പ്രവർത്തകരെ പ്രോത്സാഹിപ്പിക്കാൻ നിരന്തരം അദ്ദേഹം ശ്രമിക്കാറുണ്ട്. അതിന്റെ ഭാഗമാണ് ഇത്തരം കത്തുകൾ.

എല്ലാ മേഖലകളിലെയും പ്രഗത്ഭരെ പ്രോത്സാഹിപ്പിക്കാൻ അവാർഡുകൾ നൽകുന്നത് പോലെ സാമൂഹ്യ പ്രവർത്തകർക്കും അവാർഡ് നൽകി ആദരിക്കണമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്താറുണ്ട്. കാൻഫെഡിന്റെ പേരിൽ ഗ്രാമതലത്തിൽ പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകർക്ക് അദ്ദേഹം അവാർഡുകൾ നൽകാറുണ്ട്.
കേരളത്തിൽ ഇന്ന് പടർന്ന് പന്തലിച്ചു നിൽക്കുന്ന ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിക്കുകയും ഗ്രാമങ്ങളിലൂടെ സഞ്ചരിച്ച്‌ ആ പ്രസ്ഥാനം വളർത്തിക്കൊണ്ടുവന്നതിൽ പ്രഥമഗണനീയനാണദ്ദേഹം. എന്നിട്ടും വേണ്ടത്ര അംഗീകാരം അദ്ദേഹത്തിന് ലഭിച്ചിട്ടില്ല.

1909 മാർച്ച് ഒന്നിനാണ് അദ്ദേഹം ജനിച്ചത്. പ്രൈമറി അധ്യാപകനായി ജോലി ചെയ്ത് വരവേയാണ് അത് വേണ്ടെന്ന് വെച്ച് മുഴുവൻ സമയ ഗ്രന്ഥശാലാ പ്രവർത്തകനാവുന്നത്. 1977 ൽ ഗ്രന്ഥശാല പ്രവർത്തനം സർക്കാർ ഏറ്റെടുത്തപ്പോൾ മുതൽ അനൗപചാരിക വിദ്യാഭ്യാസ പ്രവർത്തനവും സാക്ഷരതാ പ്രവർത്തനവും ലക്ഷ്യമിട്ട് കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതിക്ക് രൂപം നൽകി പ്രവർത്തിക്കാൻ തുടങ്ങി. ഏറ്റവും കഴിവാർന്ന സംഘടനാ പ്രവർത്തകനാണദ്ദേഹം. അതിന്റെ തെളിവാണ് വളരെ കുറഞ്ഞ കാലയളവിൽ കാൻ ഫെഡ് പ്രസ്ഥാനം കേരളമാകെ വ്യാപിപ്പിക്കാനും ആയിരക്കണക്കായ സന്നദ്ധ പ്രവർത്തകരെ സജ്ജരാക്കാനും അദ്ദേഹത്തിന് സാധിച്ചത്.
  
പി എൻ പണിക്കരുടെ കത്തുകൾ

പി എൻ പണിക്കരുടെ കത്തുകൾ



കേരളത്തിൽ നടന്ന സമ്പൂർണ സാക്ഷരതാ യജ്ഞത്തിന്, അത് വിജയത്തിലെത്താൻ മണ്ണൊരുക്കിയത് പിഎൻ പണിക്കരാണ്. സാമൂഹ്യ പ്രവർത്തകർക്ക് വഴി കാട്ടിയാണദ്ദേഹം. സുകുമാർ അഴീക്കോട് നിരീക്ഷിച്ചത് പോലെ കേരളത്തിലല്ലായിരുന്നു പി എൻ. പണിക്കർ ജനിച്ചതെങ്കിൽ ലോകമെങ്ങും അറിയപ്പെടുന്ന വ്യക്തിയായി അദ്ദേഹം മാറുമായിരുന്നു. ഏതായാലും അദ്ദേഹത്തിന്റെ ചരമദിനം വായനാ ദിനമായി ആചരിക്കാൻ സർക്കാർ സന്നദ്ധമായതിൽ നമുക്ക് സന്തോഷിക്കാം.

Keywords:  Article, Kerala, Kookanam-Rahman, Letter, Kanhangad, Kasaragod, Award, Teacher, Letters from PN Panicker.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia