Kiran Kumar | വിസ്മയ കേസില്‍ ശിക്ഷ അനുഭവിക്കുന്ന കിരണ്‍ കുമാറിന് ജയിലില്‍ തോട്ടപ്പണി; കൂലി ദിവസവും 63 രൂപ

 


തിരുവനന്തപുരം: (www.kvartha.com) സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലം സ്വദേശി വിസ്മയ (24) ജീവനൊടുക്കിയ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഭര്‍ത്താവ് എസ് കിരണ്‍ കുമാറിന് ജോലി തോട്ടപ്പണി. രാവിലെ 7.15ന് തോട്ടത്തിലെ ജോലി തുടങ്ങും. 

ദിവസവും 63 രൂപ വേതനമായി ലഭിക്കും. ഒരു വര്‍ഷം കഴിഞ്ഞാല്‍ 127 രൂപ ദിവസ വേതനമായി ലഭിക്കും. അസി.മോടര്‍ വെഹികിള്‍ ഇന്‍സ്‌പെക്ടറായിരിക്കെയാണ് കിരണ്‍ കേസില്‍ പ്രതിയാകുന്നത്. തുടര്‍ന്ന് സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടിരുന്നു.

Kiran Kumar | വിസ്മയ കേസില്‍ ശിക്ഷ അനുഭവിക്കുന്ന കിരണ്‍ കുമാറിന് ജയിലില്‍ തോട്ടപ്പണി; കൂലി ദിവസവും 63 രൂപ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ മതിലിനുള്ളിലുള്ള തോട്ടത്തിലാണ് 10 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട കിരണ്‍ ജോലി ചെയ്യുന്നത്. മതില്‍ക്കെട്ടിനുള്ളിലെ 9.5 ഏകറില്‍ ചില ഭാഗങ്ങളില്‍ കൃഷിയുണ്ട്. ജയില്‍ സൗന്ദര്യവല്‍കരണത്തിന്റെ ഭാഗമായി ചിലയിടങ്ങളില്‍ അലങ്കാര ചെടികളും നട്ടിട്ടുണ്ട്. ഇതെല്ലാം കിരണ്‍ കുമാര്‍ അടക്കമുള്ള തിരഞ്ഞെടുക്കപ്പെടുന്ന ജയില്‍ തടവുകാരുടെ പരിപാലനത്തിലാണ്.

രാവിലെയും ഉച്ചയ്ക്കും ഭക്ഷണത്തിന് ഇടവേളയുണ്ട്. വൈകിട്ട് ചായ ലഭിക്കും. രാത്രി ഭക്ഷണം നല്‍കി 5.45ന് തടവുകാരെ സെലി(Cell) ല്‍ കയറ്റും. അഞ്ചാം ബ്ലോകിലാണ് കിരണ്‍കുമാര്‍ കഴിയുന്നത്. ജയിലില്‍ വരുന്നവരെ ആദ്യം മതില്‍ക്കെട്ടിന് പുറത്തുള്ള ജോലികള്‍ക്ക് വിടില്ലെന്ന് അധികൃതര്‍ പറഞ്ഞു.

അപകടകാരികള്‍, വാര്‍ത്താ പ്രാധാന്യമുള്ള കേസുകളില്‍പ്പെട്ടവര്‍, സ്ഥിരം കുറ്റവാളികള്‍ തുടങ്ങിയവരെ പുറത്തെ പണിക്ക് വിടില്ല. ജയിലിലെത്തിയാല്‍ അധികൃതരുടെ വിശ്വാസം നേടിയെടുക്കുന്നതുവരെ ജയിലിനകത്ത് ജോലി ചെയ്യണം. ശിക്ഷ അനുഭവിക്കുന്ന തടവുപുള്ളികള്‍ എല്ലാവരും ജോലി ചെയ്യണമെന്നാണ് നിയമം. പൂജപ്പുര ജയിലില്‍ പച്ചക്കറി കൃഷിയുണ്ട്, ഗാര്‍ഡന്‍ നഴ്‌സറിയുണ്ട്. തിങ്കള്‍, ബുധന്‍, വെള്ളി എന്നീ ദിവസങ്ങളില്‍ ജയിലില്‍ പച്ചക്കറി വില്‍ക്കും. ശരാശരി പതിനായിരം രൂപയുടെ വില്‍പന നടക്കുന്നതായി അധികൃതര്‍ പറഞ്ഞു.

ശിക്ഷയ്ക്ക് പുറമെ കിരണിന് 12.55 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇതില്‍ നാലു ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ 27 മാസവും 15 ദിവസവും കൂടി തടവുശിക്ഷ അനുഭവിക്കണം. സ്ത്രീധന നിരോധന നിയമപ്രകാരം ഇത്രയും വലിയ പിഴ വിധിക്കുന്നത് സംസ്ഥാനത്ത് ഇത് ആദ്യമാണ്.

2021 ജൂണ്‍ 21നാണ് വിസ്മയയെ ശാസ്താംകോട്ട പോരുവഴിയിലുള്ള ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 2020 മേയ് 30നായിരുന്നു വിവാഹം. മരണസമയത്ത് അവസാന വര്‍ഷ ആയുര്‍വേദ വിദ്യാര്‍ഥിയായിരുന്നു.

Keywords: Kiran Kumar works as a gardener in jail, Thiruvananthapuram, News, Trending, Jail, Court, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia