Kailash Vijayvargiya | പാര്‍ടി ഓഫിസിലെ സുരക്ഷാ ജോലികള്‍ക്ക് 'അഗ്‌നിവീറുകള്‍ക്ക്' മുന്‍ഗണന; ബി ജെ പി നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരെ വിവിധ പാര്‍ടി നേതാക്കള്‍ രംഗത്ത്

 


ന്യൂഡെല്‍ഹി: (www.kvartha.com) കേന്ദ്ര സര്‍കാര്‍ പ്രഖ്യാപിച്ച അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കത്തിപ്പടരുന്നതിനിടെ, സൈന്യത്തില്‍ നിന്നും വിരമിക്കുന്ന 'അഗ്‌നിവീറു'കളെ പാര്‍ടി ഓഫിസില്‍ സുരക്ഷാ ഗാര്‍ഡുകളായി നിയമിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് കൈലാഷ് വിജയ് വര്‍ഗിയ. അച്ചടക്കവും ഉത്തരവുകള്‍ പാലിക്കലും സേനയുടെ പ്രധാന ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Kailash Vijayvargiya | പാര്‍ടി ഓഫിസിലെ സുരക്ഷാ ജോലികള്‍ക്ക് 'അഗ്‌നിവീറുകള്‍ക്ക്' മുന്‍ഗണന; ബി ജെ പി നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരെ വിവിധ പാര്‍ടി നേതാക്കള്‍ രംഗത്ത്


അഗ്നിവീറുകള്‍ നാലു വര്‍ഷത്തെ സേവനത്തിനുശേഷം എന്തു ചെയ്യുമെന്നതിനെക്കുറിച്ച് സംസാരിക്കുമ്പോഴാണ് അവരെ ബിജെപി ഓഫിസുകളില്‍ സുരക്ഷാ ജോലിക്ക് നിയോഗിക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് കൈലാഷ് വിജയ് വര്‍ഗിയ വ്യക്തമാക്കിയത്.

കൈലാഷ് വിജയ് വര്‍ഗിയയുടെ വാക്കുകള്‍:


'അഗ്‌നിവീര്‍ 21-ാം വയസ്സില്‍ സേനയില്‍ ചേരുന്നു എന്ന് കരുതുക. സേനയില്‍ നിന്ന് പുറത്തുവരുമ്പോള്‍ അയാള്‍ക്ക് 25 വയസ് തികയും. അപ്പോള്‍ അദ്ദേഹത്തിന്റെ കയ്യില്‍ 11 ലക്ഷം രൂപയും ഉണ്ടാകും. ഒപ്പം നെഞ്ചില്‍ അഭിമാനത്തിന്റെ 'അഗ്‌നിവീര്‍' മെഡലും. ഇവിടെയുള്ള ബിജെപി ഓഫിസിന്റെ സുരക്ഷയ്ക്കായി ആരെയെങ്കിലും നിയമിക്കേണ്ടിവന്നാല്‍, ഞാന്‍ മുന്‍ഗണന നല്‍കുക അഗ്‌നിവീറിനായിരിക്കും' അദ്ദേഹം പറഞ്ഞു.

അതേസമയം, അഗ്‌നിവീറുകളെ പാര്‍ടി ഓഫിസുകളില്‍ സുരക്ഷാ ഗാര്‍ഡുകളായി നിയമിക്കുമെന്ന ബിജെപി നേതാവിന്റെ പ്രസ്താവനയ്‌ക്കെതിരെ വിവിധ പാര്‍ടി നേതാക്കള്‍ രംഗത്തെത്തി. 'നമ്മുടെ സേന അഗ്‌നിവീരന്മാരെ സുരക്ഷാ ഗാര്‍ഡുകളാകാന്‍ പരിശീലിപ്പിക്കും' എന്ന് ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി പരിഹസിച്ചു.

അഗ്‌നിവീരന്മാരെ ബിജെപി കാണുന്നത് കൂലിക്ക് വാങ്ങുന്ന ചൗകിദാര്‍മാരായി മാത്രമാണെന്നത് വ്യക്തമാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി പറഞ്ഞു. ബിജെപി നേതാവു കൂടിയായ വരുണ്‍ ഗാന്ധിയും തന്റെ സഹപ്രവര്‍ത്തകന്റെ പരാമര്‍ശത്തെ തള്ളിപ്പറഞ്ഞു.

ഇതിനു പിന്നാലെയാണ് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും വിമര്‍ശനവുമായി രംഗത്തെത്തിയത്. 'രാജ്യത്തെ യുവജനങ്ങളെയും സൈനികരെയും ഇങ്ങനെ അപമാനിക്കരുത്. ജീവിതകാലം മുഴുവന്‍ രാജ്യത്തെ സംരക്ഷിക്കാനുള്ള അതിയായ ആഗ്രഹം നിമിത്തം സൈന്യത്തില്‍ ചേരുന്നതിനായി എഴുത്തുപരീക്ഷകള്‍ക്കായും കായികക്ഷമതാ പരീക്ഷകള്‍ക്കായും കഠിനാധ്വാനം ചെയ്യുന്നവരാണ് നമ്മുടെ യുവജനങ്ങള്‍. അല്ലാതെ ബിജെപി ഓഫിസുകള്‍ക്ക് സംരക്ഷണം നല്‍കാനല്ല അവരുടെ ഈ അധ്വാനം' എന്ന് കേജ്‌രിവാള്‍ പറഞ്ഞു.

എന്നാല്‍ തന്റെ പരാമര്‍ശം വളച്ചൊടിച്ചെന്ന് വിജയ് വര്‍ഗിയ ആരോപിച്ചു. 'ടൂള്‍കിറ്റു'മായി ബന്ധപ്പെട്ട ആളുകള്‍ തന്റെ പ്രസ്താവന വളച്ചൊടിച്ച് അഗ്‌നിവീറുകളെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Keywords: Kailash Vijayvargiya says Agniveers can get security jobs at BJP offices, Kejriwal, others hit back, New Delhi, News, Politics, BJP, Criticism, Leaders, Trending, Arvind Kejriwal, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia