K Sudhakaran Criticized CM | ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ മുഖ്യമന്ത്രി തെന്നിമാറുന്നു: കെ സുധാകരന്‍

 


കണ്ണൂര്‍: (www.kvartha.com) സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നിയമസഭയിലെ വിശദീകരണം ആര്‍ക്കും തൊണ്ടതൊടാതെ വിഴുങ്ങാന്‍ സാധ്യമല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി പറഞ്ഞു.
പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ മുഖ്യമന്ത്രി തെന്നിമാറുകയാണ്. ഇത് മടിയില്‍ കനമുള്ളത് കൊണ്ടാണോ.

സ്വര്‍ണക്കടത്ത്, കറന്‍സികടത്ത് തുടങ്ങിയവയില്‍ ഹൈകോടതി മേല്‍ നോട്ടത്തില്‍ സി ബി ഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ ആവശ്യം. അതിനോട് മുഖ്യമന്ത്രി മുഖം തിരിക്കുകയാണ്. സ്വപ്നയുടെ രഹസ്യമൊഴി കളവെങ്കില്‍ നിയമ നടപടി സ്വീകരിക്കാത്തത് എന്തെന്ന ചോദ്യത്തിനും മുഖ്യമന്ത്രിക്ക് മറുപടിയില്ലെന്ന് സുധാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് അദ്ദേഹം മറുപടി പറയാന്‍ തയാറാകാത്തത് ദുരൂഹത വര്‍ധിപ്പിക്കുന്നു. മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിനിടെ ബാഗേജ് കാണാതായ സംഭവുമായി ബന്ധപ്പെട്ട പരസ്പരവിരുദ്ധ കാര്യങ്ങളാണ് ശിവശങ്കറും മുഖ്യമന്ത്രിയും പറയുന്നത്.

ബാഗേജ് മറന്നു പോയിട്ടില്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ കസ്റ്റംസിന് നല്‍കിയ എം ശിവശങ്കറിന്റേതായി പുറത്ത് വന്ന മൊഴിയില്‍ പറയുന്നത് അതിഥികള്‍ക്കുള്ള ആറന്‍മുള കണ്ണാടി ഉള്‍പെടെയുള്ള ഉപഹാരങ്ങള്‍ അടങ്ങിയ ബാഗേജ് വിട്ടു പോയപ്പോള്‍ കോണ്‍സുല്‍ ജെനറലിന്റെ സഹായത്തോടെ എത്തിച്ചു എന്നാണ്.

എന്നാല്‍ ഈ വിഷയത്തില്‍ സ്വപ്ന പറഞ്ഞതാകട്ടെ കോണ്‍സുല്‍ ജെനറലിന്റെ സഹായത്തോടെ എത്തിച്ച ബാഗില്‍ നിറയെ കറന്‍സിയായിരുന്നുവെന്നുമാണ്. ഇതില്‍ ആരാണ് കള്ളം പറയുന്നതെന്ന് അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

സ്വപ്നയെ സംരക്ഷിക്കുന്നത് ആര്‍എസ്എസ് ആണെന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ എന്തുകൊണ്ട് അവരുടെ രഹസ്യമൊഴിയെ കോടതിയില്‍ ചോദ്യം ചെയ്യുന്നില്ലെന്നും മറ്റു നിയമനടപടികള്‍ സ്വീകരിക്കാന്‍ തയാറാകുന്നില്ലെന്നും വിശദീകരിക്കാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ട്.

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക് പോസ്റ്റിട്ടാല്‍ പോലും കേസെടുക്കുന്ന ഈ സര്‍കാരിന്റെ കാലത്ത് ഗുരുതര സ്വഭാവമുള്ള രഹസ്യമൊഴി നല്‍കിയിട്ടും നിയമ നടപടി സ്വീകരിക്കാത്തത് വിചിത്രവും അത്രയങ്ങ് ദഹിക്കാത്തതുമാണ്.

K Sudhakaran Criticized CM | ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ മുഖ്യമന്ത്രി തെന്നിമാറുന്നു: കെ സുധാകരന്‍

ആരോപണം ഉന്നയിക്കുന്ന വ്യക്തിക്കെതിരെ വളഞ്ഞ വഴിയിലൂടെ പ്രതികാര നടപടിയെടുക്കുന്നതോടൊപ്പം ആ വ്യക്തിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതും സ്വയം രക്ഷപെടാനുള്ള മുഖ്യമന്ത്രിയുടെ ശ്രമമായി ആരെങ്കിലും വ്യാഖ്യാനിച്ചാല്‍ കുറ്റംപറയാനാകില്ലെന്നും സുധാകരന്‍ പറഞ്ഞു.

നുണകള്‍കൊണ്ട് പ്രതിരോധ കോട്ട തീര്‍ക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. സ്വപ്നയുടെ രഹസ്യമൊഴി മാറ്റാന്‍ ശ്രമിച്ച ഇടനിലക്കാരന്‍ കെട്ടുകഥയാണെങ്കില്‍ വിജിലന്‍സിന്റെ അതീവ രഹസ്യനീക്കങ്ങള്‍ എങ്ങനെയാണ് ഇയാള്‍ മനസിലാക്കിയെന്നത് കേരളീയ സമൂഹത്തോട് പറയാനുള്ള ബാധ്യത ആഭ്യന്തരവകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിക്കുണ്ട്.

സിപിഎമിന് വാളയാറിന് അപ്പുറവും ഇപ്പുറവും വ്യത്യസ്ത നിലപാട് ഇല്ലാത്തതിനാലാണോ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായ യശ്വന്ത് സിന്‍ഹയെ വിമാനത്താവളത്തില്‍ വന്ന് സ്വീകരിക്കാനുള്ള മാന്യത മുഖ്യമന്ത്രിയും മന്ത്രിമാരും കാട്ടാതിരുന്നത്.

സിപിഎം ഉള്‍പെടുന്ന പ്രതിപക്ഷത്തിന്റെ പൊതുസമ്മതനായ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്താത്തതിന് പിന്നില്‍ മോദി ഫോബിയയാണെന്നും സുധാകരന്‍ പരിഹസിച്ചു.

Keywords: K Sudhakaran Criticized Pinarayi Vijayan, Kannur, News, Politics, Criticism, K.Sudhakaran, Pinarayi vijayan, Chief Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia