Covid-19 | കോവിഡ് പ്രതിദിന കേസുകളില്‍ ഇരട്ടി വര്‍ധന, 24 മണിക്കൂറില്‍ 5,223 പുതിയ രോഗികള്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്‍ഡ്യയില്‍ പുതുതായി 5233 പുതിയ കോവിഡ് കേസുകള്‍ റിപോര്‍ട് ചെയ്തു. മാര്‍ച്
ആറിന് ശേഷം രാജ്യത്ത് റിപോര്‍ട് ചെയ്ത ഏറ്റവുമുയര്‍ന്ന കേസ് നിരക്കാണിത്. ഏഴ് പേരാണ് കഴിഞ്ഞ ദിവസം മാത്രം കോവിഡ് ബാധിച്ച് മരിച്ചത്. പ്രതിദിന കേസുകളിലെ വര്‍ധന 41 ശതമാനമാണ്.

മഹാരാഷ്ട്രയില്‍ ചൊവ്വാഴ്ച പുതുതായി 1881 കോവിഡ് കേസുകളാണ് റിപോര്‍ട് ചെയ്തത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 81% കൂടുതലായിരുന്നു ഇത്. ഇതിന് മുമ്പ് ഇവിടെ ഇത്രയുമുയര്‍ന്ന കോവിഡ് കണക്ക് റിപോര്‍ട് ചെയ്തത് ഫെബ്രുവരി 18-നാണ്. മഹാരാഷ്ട്രയില്‍ കോവിഡ് ഒമിക്രോണിന്റെ ബി.എ.5 വേരിയന്റ് കണ്ടെത്തിയതിനാല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും, എന്നാല്‍ വന്‍തോതിലൊരു കേസുകളുടെ കുതിച്ചുചാട്ടത്തിന് ഈ വകഭേദം ഇതുവരെ വഴിവച്ചിട്ടില്ലെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. എന്നാല്‍, ഇതുവരെ ഇവിടെ മരണം റിപോര്‍ട് ചെയ്തിട്ടില്ല.

  
Covid-19 | കോവിഡ് പ്രതിദിന കേസുകളില്‍ ഇരട്ടി വര്‍ധന, 24 മണിക്കൂറില്‍ 5,223 പുതിയ രോഗികള്‍


മുംബൈ നഗരത്തില്‍ 1,242 പുതിയ കേസുകളാണ് റിപോര്‍ട് ചെയ്തത്. തിങ്കളാഴ്ച റിപോര്‍ട് ചെയ്ത കണക്കുകളുടെ ഇരട്ടിയോളമായിരുന്നു ഇത്. കോവിഡ്
നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതിന് പിന്നാലെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വന്നതാകാം കേസുകള്‍ വീണ്ടും ഉയരാന്‍ കാരണമായതെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍. ലോക് ഡൗണ്‍
ഉള്‍പെടെയുള്ള കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും നടപ്പിലാക്കുന്നത് ഒഴിവാക്കണമെങ്കില്‍ മാസ്‌ക് ഉള്‍പ്പടെയുള്ള മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. വാക്‌സിനേഷനും മുന്‍കരുതല്‍ ഡോസ് വിതരണവും വിലയിരുത്താന്‍ ആരോഗ്യമന്ത്രി മാന്‍സുഖ് മാണ്ഡവിയ ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നിരുന്നു.

കോവിഡ് കേസിലെ വര്‍ധന ജാഗ്രതയോടെ നിരീക്ഷിക്കണമെന്നും, എന്നാല്‍ നിലവിലെ കണക്ക് പ്രകാരം നാലാം തരംഗമെന്ന ആശങ്കയ്ക്ക് ഇടമില്ല എന്നും ഐസിഎംആര്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ സമീരന്‍ പാണ്ഡെ ഓര്‍മ്മിപ്പിച്ചു.

കേരളത്തിലും ആശങ്കയായി കോവിഡ് വ്യാപനം തുടരുകയാണ്. 2271 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളത്ത് 622 കോവിഡ് രോഗികളും രണ്ട് മരണവും സ്ഥിരീകരിച്ചു.

മെയ് 31ന് ആയിരം കടന്ന കേസുകളാണ് ഒരാഴ്ച കൊണ്ട് രണ്ടായിരം കടന്നത്. തിരുവനന്തപുരത്ത് 416 രോഗികളും ഒരു മരണവും, ആലപ്പുഴയില്‍ ഒരു കോവിഡ് മരണവും റിപോര്‍ട് ചെയ്തു.

കോഴിക്കോട്, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും കേസുകള്‍ കൂടുന്നുണ്ട്. കൃത്യമായ ഇടവേളകളില്‍ ഇരട്ടി വളര്‍ച്ച രേഖപ്പെടുത്തുന്ന കോവിഡ് കേസുകള്‍ ഈ നിലയ്ക്ക് മുന്നേറിയാല്‍ പ്രതിസന്ധിയാകുമെന്നുറപ്പാണ്. പരിശോധനകള്‍ പ്രതിദിനം പതിനയ്യായിരം പോലുമില്ലെന്നിരിക്കെ, പരിശോധനകളില്‍ കണ്ടെത്തപ്പെടാതെ പോകുന്ന കേസുകള്‍ ഏറെയാണ്.

കേസുകളുടെ വര്‍ധനയില്‍ അടുത്ത ഒരാഴ്ച നിര്‍ണായകമാണ്. ഒമിക്രോണ്‍ വകഭേദം തന്നെയാണ് പടരുന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ വരുംദിവസങ്ങളില്‍ മരണനിരക്ക് ഉയരുമോ എന്നതും ആശുപത്രിയിലാകുന്നവരുടെ എണ്ണം കൂടുന്നതും കണക്കിലെടുത്താകും പ്രതിസന്ധിയെ നിര്‍ണയിക്കുക.

Keywords:  Daily Covid  cases are increasing , 5,223 new patients in 24 hours,  News, National, Top-Headlines, COVID-19, Cases, New Delhi, India, New, Report, March, Maharashtra, Mumbai, Health, Vaccine, Director.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia