Loka Kerala Sabha | ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് തുടക്കമായി; മുഖ്യമന്ത്രി പങ്കെടുത്തില്ല; യുഡിഎഫ് എംഎല്‍എമാര്‍ ചടങ്ങ് ബഹിഷ്‌ക്കരിച്ചു

 


തിരുവനന്തപുരം: (www.kvartha.com) ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് തുടക്കമായി. വൈകിട്ട് അഞ്ചുമണിക്ക് നിശാഗന്ധിയില്‍ ആരംഭിച്ച പൊതുസമ്മേളനവും സാംസ്‌കാരിക പരിപാടികളും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഉദ്ഘാടനം ചെയ്തു.

അതേസമയം അനാരോഗ്യത്തെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ പങ്കെടുത്തില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനാകുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ സ്പീകര്‍ എം ബി രാജേഷാണ് അധ്യക്ഷത വഹിച്ചത്. 17, 18 തീയതികളില്‍ നിയമസഭാ മന്ദിരത്തിലാണ് ലോക കേരള സഭയുമായി ബന്ധപ്പെട്ട വിവിധ ചര്‍ചകള്‍ നടക്കുന്നത്.

Loka Kerala Sabha | ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് തുടക്കമായി; മുഖ്യമന്ത്രി പങ്കെടുത്തില്ല; യുഡിഎഫ് എംഎല്‍എമാര്‍ ചടങ്ങ് ബഹിഷ്‌ക്കരിച്ചു

അതേസമയം യുഡിഎഫ് എംഎല്‍എമാര്‍ ചടങ്ങ് ബഹിഷ്‌ക്കരിച്ചു. മുഖ്യമന്ത്രിക്കും സര്‍കാരിനുമെതിരെ സമരം തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. എന്നാല്‍ യുഡിഎഫിന്റെ സംഘടനാ പ്രവാസി പ്രതിനിധികളെ വിലക്കേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്.

65 രാജ്യങ്ങളില്‍ നിന്നും 21 സംസ്ഥാനങ്ങളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. വനിതകള്‍ക്ക് 20 ശതമാനം പ്രാതിനിധ്യമുണ്ട്.

പ്രവാസികള്‍ക്ക് ക്ഷേമപദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാന്‍ സര്‍കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഗവര്‍ണര്‍ ഉദ് ഘാടന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. യുക്രൈന്‍ റഷ്യ യുദ്ധം ഉണ്ടായപ്പോള്‍ സുരക്ഷിതമായി ജനങ്ങളെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞു.

സ്റ്റാര്‍ടപ് രംഗത്ത് കേരളത്തിന് മികച്ച നേട്ടം സ്വന്തമാക്കാനായി. ഗ്ലോബല്‍ സ്റ്റാര്‍ടപ് ഇകോസിസ്റ്റം റിപോര്‍ടിന്റെ അഫോര്‍ഡബിള്‍ ടാലെന്റ് റാങ്കിങ്ങില്‍ കേരളം ഏഷ്യയില്‍ ഒന്നാമതെത്തി. ലോകകേരള സഭ ഉദ്ഘാടനം ചെയ്യുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും എല്ലാവര്‍ക്കും സ്വാഗതവും ആശംസയും അറിയിക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു.

കേരളത്തിന്റെ പുരോഗതിക്ക് പ്രവാസി സമൂഹം വഹിക്കുന്ന പങ്ക് വലുതാണെന്ന് സ്പീകര്‍ എം ബി രാജേഷ് പറഞ്ഞു. കേരളത്തിന്റെ ആഭ്യന്തര ഉല്‍പാദനത്തിന്റെ 35 ശതമാനമാണ് പ്രവാസികള്‍ അയയ്ക്കുന്ന പണം. ജിഡിപിയുടെ മൂന്നിലൊന്ന് പ്രവാസികളുടെ സംഭാവനയാണ്. ലോക കേരളസഭ വന്നതോടെ പ്രവാസികളുടെ അഭിപ്രായങ്ങളും ആശയങ്ങളും പങ്കുവയ്ക്കാന്‍ ജനാധിപത്യ വേദിയുണ്ടായി.

ഏഴു മേഖലകള്‍ കേന്ദ്രീകരിച്ച് സഭയുടെ സമിതികള്‍ പ്രവര്‍ത്തിക്കുന്നു. എന്‍ആര്‍ഐ സഹകരണ സൊസൈറ്റി, നോര്‍കയിലെ വനിതാ സെല്‍, പ്രവാസി ലീഗല്‍ എയ്ഡ് സെല്‍, പ്രവാസി ഡിവിഡന്റ് സൈല്‍ എന്നിവ ലോകകേരള സഭയില്‍ വന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.

ലോകകേരള സഭയില്‍ 351 അംഗങ്ങളാണുള്ളത്. സംസ്ഥാനത്തെ നിലവിലെ നിയമസഭാംഗങ്ങളും പാര്‍ലമെന്റ് അംഗങ്ങളുമായി 169 പേരും പ്രവാസികളായി 182 പേരും അടങ്ങുന്നതാണ് സഭ. പ്രവാസികളില്‍ ഇന്‍ഡ്യക്ക് പുറത്തുള്ളവര്‍ 104 പേരും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് 36 പേരും തിരിച്ചെത്തിയവര്‍ 12 പേരും എമിനന്റ് പ്രവാസികളായി 30 പേരും ഉള്‍പെടുന്നു. ഇവരെ കൂടാതെ വിവിധ പ്രവാസമേഖലയിലെ പ്രമുഖര്‍ അടങ്ങുന്ന ഒരു സംഘം ക്ഷണിതാക്കളും ഉണ്ടാവും. 18ന് ലോകകേരള സഭ സമാപിക്കും.

Keywords: CM Pinarayi Vijayan misses inauguration of Loka Kerala Sabha due to health issues, Thiruvananthapuram, News, Politics, Inauguration, Governor, Pinarayi vijayan, UDF, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia