70 Rooms For Sena Rebels | വിമത എംഎല്‍എമാര്‍ക്കായി 7 ദിവസത്തേക്ക് ബുക് ചെയ്തിരിക്കുന്നത് 70 മുറികള്‍; വാടക 56 ലക്ഷം; ഒരു ദിവസത്തെ ചെലവ് 8 ലക്ഷം

 


ഗുവാഹതി: (www.kvartha.com) ഗുവാഹതിയിലെ പഞ്ചനക്ഷത്ര ഹോടെലിലേക്കാണ് ഇപ്പോള്‍ രാജ്യം മുഴുവനും ഉറ്റുനോക്കുന്നത്. അസമിലെ ഗുവാഹതിയിലുള്ള ഈ പഞ്ചനക്ഷത്ര ഹോടെലിലാണ് മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാടി സര്‍കാരില്‍ ഉള്‍പെട്ട ശിവസേനയുടെ വിമത എംഎല്‍എമാര്‍ കാംപ് ചെയ്യുന്നത്. 

70 Rooms For Sena Rebels | വിമത എംഎല്‍എമാര്‍ക്കായി 7 ദിവസത്തേക്ക് ബുക് ചെയ്തിരിക്കുന്നത് 70 മുറികള്‍; വാടക 56 ലക്ഷം; ഒരു ദിവസത്തെ ചെലവ് 8 ലക്ഷം

വിമതനേതാവ് ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലാണ് എംഎല്‍എമാര്‍ ഹോടെലില്‍ തങ്ങിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ നാടകീയത നിറഞ്ഞ മുഹൂര്‍ത്തങ്ങളിലൂടെയാണ് ഓരോ നിമിഷവും കടന്നുപോകുന്നത്.

ആകെ 196 മുറികളുള്ള ഹോടെലിലെ 70 മുറികളും ഏഴു ദിവസത്തേക്ക് എം എല്‍ എമാര്‍ക്കായി ബുക് ചെയ്തിരിക്കയാണ്. മുറികള്‍ ബുക് ചെയ്തതിനുള്ള ആകെ ചെലവ് 56 ലക്ഷം രൂപ, ഇതുകൂടാതെ ഭക്ഷണത്തിനും മറ്റു കാര്യങ്ങള്‍ക്കുമായി പ്രതിദിനം എട്ടു ലക്ഷം രൂപയാണ് ഹെടെലിലെ ചെലവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു.

പുതിയ ബുകിങ്ങുകള്‍ ഒന്നും ഹോടെല്‍ അധികൃതര്‍ സ്വീകരിക്കുന്നില്ല. ബാങ്ക്വറ്റ് ഹാള്‍ താല്‍കാലികമായി അടച്ചിട്ടിരിക്കുകയാണ്. ഹോടെലിലെ റസ്റ്റോറന്റിലും താമസക്കാര്‍ക്ക് ഒഴികെ മറ്റാര്‍ക്കും പ്രവേശനമില്ല. ചാര്‍ടേഡ് ഫ്‌ളൈറ്റുകള്‍ക്ക് ഉള്‍പെടെ 'ഓപറേഷന്റെ' മറ്റു ചെലവുകളുടെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

വ്യാഴാഴ്ച വൈകിട്ടു വരെയുള്ള വിവരപ്രകാരം 41 എംഎല്‍എമാരാണ് ഷിന്‍ഡെയ്‌ക്കൊപ്പമുള്ളത്. ചില എംപിമാരും കൂടെയുണ്ടെന്ന് റിപോര്‍ടുണ്ട്. ബുധനാഴ്ച പുലര്‍ചെയാണ് ഗുജറാതിലെ സൂറതില്‍നിന്നും വിമതര്‍ ഗുവാഹതിയിലെ പഞ്ചനക്ഷത്ര ഹോടെലിലെത്തിയത്. കനത്ത സുരക്ഷയാണ് അസമിലെ ബിജെപി സര്‍കാര്‍ ഇവിടെ ഒരുക്കിയിരിക്കുന്നത്.

കോണ്‍ഗ്രസും എന്‍സിപിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ഹിന്ദുത്വ അജന്‍ഡയില്‍ ഉറച്ച് ബിജെപിയുമായി ശിവസേന സഖ്യം പുനഃസ്ഥാപിക്കുകയും ചെയ്യണമെന്നാണ് ഏക്‌നാഥ് ഷിന്‍ഡെയുടെ ആവശ്യം. വിമതരെ അനുനയിപ്പിക്കാന്‍ ശ്രമം തുടരുന്നുണ്ടെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല. ഭൂരിപക്ഷ എംഎല്‍എമാരും കൈവിട്ടെന്ന് ഉറപ്പായതോടെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനവും ശിവസേന അധ്യക്ഷസ്ഥാനവും രാജിവയ്ക്കാന്‍ ഉദ്ധവ് താകറെ സന്നദ്ധത അറിയിച്ചിരുന്നു. ഉദ്ധവ്, ഔദ്യോഗിക വസതി ഒഴിയുകയും ചെയ്തു.

കഴിഞ്ഞദിവസം എന്‍ സി പി അധ്യക്ഷന്‍ ശരത് പവാറും എം പിയായ മകള്‍ സുപ്രിയ സുലെയും ഉദ്ധവ് താകറെയുമായി വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. മാത്രമല്ല, കോണ്‍ഗ്രസ് നേതാക്കളായ ഹരീഷ് റാവത്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരും താകറെക്ക് പിന്തുണ അറിയിച്ചിരുന്നു.

Keywords: 70 Rooms For Sena Rebels: Here's What The 5-Star Hotel In Guwahati Costs, Assam, News, Politics, Hotel, Trending, BJP, Congress, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia