ആന്ധ്രാപ്രദേശില്‍ മൃതദേഹസംസ്‌കാരം കഴിഞ്ഞ് 18-ാം നാള്‍ മരിച്ച മുത്തശ്ശി ആരോഗ്യത്തോടെ തിരിച്ചെത്തി; ഞെട്ടലില്‍ കുടുംബം, സംഭവം ഇങ്ങനെ

 



ഹൈദരാബാദ്: (www.kvartha.com 04.06.2021) ആന്ധ്രാപ്രദേശില്‍ മൃതദേഹസംസ്‌കാരം കഴിഞ്ഞ് 18-ാം നാള്‍ മരിച്ച മുത്തശ്ശി ആരോഗ്യത്തോടെ തിരിച്ചെത്തി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 70കാരി മരിച്ചെന്നറിയിച്ച് ആശുപത്രി അധികൃതര്‍ കോവിഡ് മാനദണ്ഡം പാലിച്ച് പ്രത്യേകമായി പൊതിഞ്ഞുകെട്ടി വീട്ടുകാര്‍ക്ക് നല്‍കി. മൃതദേഹം ഏറ്റുവാങ്ങിയ കുടുംബം സംസ്‌കരിക്കുകയും ചെയ്തതിന് ശേഷമാണ് മുത്തശ്ശിയുടെ തിരിച്ച് വരവ്. 

ആന്ധ്രപ്രദേശിലെ കൃഷ്ണ ജില്ലയില്‍ ജഗയ്യപേട്ട് മണ്ഡലിലെ ക്രിസ്ത്യന്‍ പേട്ടിലാണ് വീട്ടുകാരെ ഞെട്ടിച്ച സംഭവം നടന്നത്. മരിച്ച മുത്തശ്ശിയുടെ അടക്കും മരണാനന്തര ചടങ്ങും നടത്തി രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ 'മരിച്ച ആള്‍' അതാ ജീവനോടെ എത്തി. 

70കാരിയായ ഗിരിജാമ്മയെ മേയ് 12നാണ് കോവിഡ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭര്‍ത്താവ് ഗദ്ദയ്യ എല്ലാ ദിവസവും ഇവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും. മേയ് 15ന് എത്തിയപ്പോള്‍ അവരെ കിടക്കയില്‍ കാണാതെ വന്നതോടെ തിരച്ചില്‍ ഊര്‍ജിതമാക്കി. എന്നിട്ടും, ഫലമില്ലാതായപ്പോള്‍ നഴ്‌സുമാര്‍ മരിച്ചതാകാമെന്ന് ഉറപ്പിച്ച് ആശുപത്രി മോര്‍ചെറിയില്‍നിന്ന് പൊതിഞ്ഞുകെട്ടിയ മൃതദേഹവും കൈമാറി. 

സ്വന്തം ഭാര്യയുടെതെന്ന പേരില്‍ കിട്ടിയ മൃതദേഹം ഏറ്റുവാങ്ങി ഗ്രാമത്തിലെത്തിച്ച് ചടങ്ങുകള്‍ പൂര്‍ത്തിയാക്കി അന്നുതന്നെ സംസ്‌കാരവും നടത്തി. ദിവസങ്ങള്‍ കഴിഞ്ഞ് മേയ് 23ന് മകന്‍ മുത്തയ്യയും മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഖമ്മാം ജില്ലാ ആശുപത്രിയിലായിരുന്നു മകനുണ്ടായിരുന്നത്. ഗിരിജാമ്മയുടെയും മുത്തയ്യയുടെയും മരണാനന്തര ചടങ്ങുകള്‍ ജൂണ്‍ ഒന്നിനാണ് ഒന്നിച്ച് നടത്തിയത്. ഇതിനു പിറ്റേന്നാണ് കഥയിലെ ട്വിസ്റ്റ്.  

ആന്ധ്രാപ്രദേശില്‍ മൃതദേഹസംസ്‌കാരം കഴിഞ്ഞ് 18-ാം നാള്‍ മരിച്ച മുത്തശ്ശി ആരോഗ്യത്തോടെ തിരിച്ചെത്തി; ഞെട്ടലില്‍ കുടുംബം, സംഭവം ഇങ്ങനെ


ഗിരിജാമ്മ ആരോഗ്യവതിയായി വീട്ടില്‍ തിരികെയെത്തി. രോഗം മാറി എല്ലാം ശരിയായിട്ടും തന്നെ കൂട്ടാന്‍ എന്തേ ആരും വരാതിരുന്നത് എന്നായിരുന്നു അവരുടെ പരിഭവം. കുടുംബമാകട്ടെ, എല്ലാം സ്വപ്നത്തിലെന്ന പോലെ കഴിഞ്ഞതൊക്കെയും മറക്കാനുള്ള പെടാപാടിലും.   

ആരും വരാത്തതിനാല്‍ സ്വയം പോരേണ്ടിവന്നുവെന്നും ആശുപത്രിക്കാര്‍ 3,000 രൂപ ഏല്‍പിച്ചെന്നുമായിരുന്നു ഗിരിജാമ്മക്ക് പറയാനുണ്ടായിരുന്നത്. ആശുപത്രി അധികൃതര്‍ കൈമാറിയ മൃതദേഹം കോവിഡ് ബാധ ഭയന്ന് തുറന്നുനോക്കാത്തത് വില്ലനായെന്ന് കുടുംബവും ഗ്രാമവാസികളും പറയുന്നു. ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ വന്‍ വീഴ്ചക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു. എന്തായാലും മരിച്ചെന്ന് കരുതി വിഷമിച്ചിരിക്കുന്ന സമയത്ത് ആള്‍ ജീവനോടെ എത്തിയത് വീട്ടുകാരെ സന്തോഷത്തിലാക്കിയിരിക്കുകയാണ്.


Keywords:  News, National, India, Hyderabad, Andhra Pradesh, Death, COVID-19, Funeral, Health, Trending, Woman Returns Home 18 Days After Andhra Family Buries Body In Covid Wraps
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia