ഇന്‍ഡ്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് യുഎഇ ജൂലൈ ആറ് വരെ നീട്ടി; തിരികെ പോകുന്ന യുഎഇ പൗരന്മാര്‍ക്ക് വിലക്ക് ബാധകമല്ല

 


ദുബൈ: (www.kvartha.com 08.06.2021) ഇന്‍ഡ്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് യുഎഇ ജൂലൈ ആറ് വരെ നീട്ടി. ഗള്‍ഫിലേക്ക് മടങ്ങാനിരിക്കുന്ന പതിനായിരക്കണക്കിന് പ്രവാസികള്‍ക്കാണ് തീരുമാനം തിരിച്ചടിയായിരിക്കുന്നത്. അതേസമയം തിരികെ പോകുന്ന യുഎഇ പൗരന്മാര്‍ക്കു വിലക്ക് ബാധകമല്ല. ഇന്‍ഡ്യയില്‍ നിന്ന് നേരിട്ടുള്ള യാത്രകള്‍ ജൂലൈ ആറ് വരെ യുഎഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജിസിഎഎ) റദ്ദാക്കിയ കാര്യം എയര്‍ ഇന്‍ഡ്യ എക്സ്പ്രസാണ് അറിയിച്ചത്.

ഇന്‍ഡ്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് യുഎഇ ജൂലൈ ആറ് വരെ നീട്ടി; തിരികെ പോകുന്ന യുഎഇ പൗരന്മാര്‍ക്ക് വിലക്ക് ബാധകമല്ല

ഏപ്രില്‍ 24 നാണ് യു എ ഇ ഇന്‍ഡ്യക്കാര്‍ക്ക് നേരിട്ട് പ്രവേശന വിലക്ക് ഏര്‍പെടുത്തുന്നത്. ഇന്‍ഡ്യയിലെ കോവിഡ് കേസുകള്‍ കുറയുന്ന മുറയ്ക്ക് മാത്രമേ പ്രവേശന വിലക്ക് പിന്‍വലിക്കൂ എന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിക്കുകയും ചെയ്തു. ജൂണ്‍ 30ന് വിലക്ക് മാറും എന്നും ജൂലൈ ആദ്യ വാരം മുതല്‍ പ്രവേശനം സാധ്യമാകും എന്നും സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ജൂലൈ ആറു വരെ ഇന്‍ഡ്യക്കാര്‍ക്ക് നേരിട്ട് പ്രവേശനം അനുവദിക്കേണ്ടതില്ല എന്ന് യുഎഇ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ തീരുമാനിക്കുകയായിരുന്നു.

ഇന്‍ഡ്യയില്‍ കോവിഡ് രണ്ടാം തരംഗം തുടരുന്ന സാഹചര്യത്തില്‍ യാത്രാവിലക്ക് നിലനില്‍ക്കുന്നതിനാല്‍ പതിനായിരക്കണക്കിനു മലയാളികളാണു യുഎയിലേക്കു മടങ്ങാന്‍ കഴിയാതെ കുടുങ്ങിയത്. ഇവരെ കൂടുതല്‍ ആശങ്കയിലാഴ്ത്തുന്നതാണു യുഎഇ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പുതിയ തീരുമാനം.
ഇവരുടെ മടക്കം ഇനിയും നീളും.

യാത്ര അനിശ്ചിതമായി നീളുന്നത് ജോലി നഷ്ടപ്പെടുമെന്ന ഭയം മലയാളികള്‍ ഉള്‍പെടെയുള്ള പ്രവാസികളെ വ്യാപകമായി പിടികൂടിയിട്ടുണ്ട്. ഇതു മറികടക്കാന്‍ മറ്റു ചില രാജ്യങ്ങളിലേക്കു യാത്ര ചെയ്ത് 15 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി യുഎഇയിലേക്കു പ്രവേശിക്കുന്നവര്‍ നിരവധിയാണ്. പലരും അര്‍മേനിയ, ഉസ്ബെക്കിസ്ഥാന്‍ വഴിയാണ് യുഎഇയിലെത്തുന്നത്.

ജൂലൈ ആദ്യ വാരത്തിലേക്ക് ടികെറ്റ് ബുക് ചെയ്തവര്‍ ട്രാവല്‍ ഏജന്‍സികളെ ബന്ധപ്പെട്ട് യാത്ര പുനക്രമീകരിക്കണം എന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. യു എഇക്ക് പുറമേ ഒമാന്‍, കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളും ഇന്‍ഡ്യക്കാര്‍ക്ക് നേരിട്ട് പ്രവേശന വിലക്ക് ഏര്‍പെടുത്തിയിരിക്കുകയാണ്. താമസ വിസക്കാര്‍ക്ക് ബഹ്റൈന്‍, ഖത്വര്‍ എന്നീ രാജ്യങ്ങള്‍ പ്രവേശനം അനുവദിക്കുന്നുണ്ട്.

നിലവില്‍ യുഎഇ പൗരന്മാര്‍, യുഎഇ ഗോള്‍ഡന്‍ വിസയുള്ളവര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു മാത്രമാണ് ഇന്‍ഡ്യയില്‍ നിന്നു യുഎഇയിലേക്കു യാത്ര ചെയ്യാന്‍ അനുമതിയുള്ളത്. ജിസിഎഎയുടെ അനുമതിക്കു വിധേയമായി ചാര്‍ടേഡ് ഫ് ളൈറ്റുകളും അനുവദനീയമാണ്. അതേസമയം, യുഎഇയില്‍ നിന്ന് ഇന്‍ഡ്യയിലേക്കുള്ള യാത്രയ്ക്കു തടസമില്ല. ഇന്‍ഡ്യക്കാര്‍ക്ക് ഒമാന്‍, കുവൈത്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളും നേരിട്ട് പ്രവേശന വിലക്ക് ഏര്‍പെടുത്തിയിട്ടുണ്ട്.

Keywords:  UAE extends suspension of flights from India till July 6: Air India Express, Dubai, Flight, Air India Express, Passengers, UAE, Ticket, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia