തലച്ചോറിനെ ബാധിക്കുന്ന ന്യൂ ബ്രണ്‍സ്വിക് സിന്‍ഡ്രോം എന്ന അജ്ഞാത രോഗത്തിന്റെ ഭീതിയില്‍ കാനഡ; ഇതിനകം പിടിപെട്ടത് 48 പേര്‍ക്ക്; 6 മരണം

 


ഒട്ടാവ: (www.kvartha.com 06.06.2021) തലച്ചോറിനെ ബാധിക്കുന്നതെന്ന് കരുതുന്ന അജ്ഞാത രോഗത്തിന്റെ ഭീതിയില്‍ കാനഡ. കാഴ്ച, കേള്‍വി പ്രശ്നങ്ങള്‍, സ്മൃതിനാശം, ശരീരത്തിന്റെ സംതുലനം നഷ്ടപ്പെടല്‍, നടക്കാന്‍ പ്രയാസം എന്നിങ്ങനെയുള്ള ലക്ഷണങ്ങളോടു കൂടിയ അസുഖം ഇതുവരെ പിടിപെട്ടത് 48 പേര്‍ക്ക്. 

സ്ത്രീകളും പുരുഷന്‍മാരും രോഗബാധിതരായിട്ടുണ്ട്. കാനഡയിലെ ന്യൂ ബ്രണ്‍സ്വിക് പ്രവിശ്യയിലാണ് ഈ അജ്ഞാത രോഗം റിപോര്‍ട് ചെയ്യപ്പെട്ടത്. അതുകൊണ്ടുതന്നെ ന്യൂ ബ്രണ്‍സ്വിക് സിന്‍ഡ്രോം എന്നാണ് രോഗത്തിന് പേരുനല്‍കിയിരിക്കുന്നത്.

തലച്ചോറിനെ ബാധിക്കുന്ന ന്യൂ ബ്രണ്‍സ്വിക് സിന്‍ഡ്രോം എന്ന അജ്ഞാത രോഗത്തിന്റെ ഭീതിയില്‍ കാനഡ; ഇതിനകം പിടിപെട്ടത് 48 പേര്‍ക്ക്; 6 മരണം

ആറ് പേര്‍ രോഗം ബാധിച്ച് മരിച്ചതായും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. 18നും 85നും ഇടയില്‍ പ്രായമുള്ളവരിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം തലച്ചോറിനെയാണ് ബാധിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. ഇത് വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കരുതുന്നത്.

രോഗബാധയ്ക്കു കാരണമാകുന്നത് എന്താണെന്ന് ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന അജ്ഞാത രോഗം ഭയപ്പെടുത്തുന്ന ഒന്നാണെന്ന് ന്യൂ ബ്രണ്‍സ്വിക്ക് ആരോഗ്യ മന്ത്രി ഡോറോത്തി ഷെപേര്‍ഡ് പറഞ്ഞു. രോഗം സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.

രോഗത്തിന്റെ കാരണം സംബന്ധിച്ച് പഠനം നടത്തുന്നതിന് പ്രത്യേക വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മൃഗങ്ങളില്‍ നിന്ന് രോഗം ഉണ്ടാവാനുള്ള സാധ്യതകളെക്കുറിച്ചും പാരിസ്ഥിതിക ഘടകങ്ങളെക്കുറിച്ചും അന്വേഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇതുവരെ കൃത്യമായ നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടില്ല. എല്ലാവിധ സാധ്യതകളും പരിശോധിച്ചുവരികയാണെന്നും വൈകാതെ നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദഗ്ധ സമിതി അധ്യക്ഷന്‍ ഡോ. എഡ്വേര്‍ഡ് ഹെന്റിക്സ് പറഞ്ഞു.

ഇതുവരെയുള്ള പരിശോധനകളില്‍ പാരിസ്ഥിതകമായ കാരണങ്ങളോ ജനിതക സംബന്ധമായ കാരണങ്ങളോ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വിഷാംശം, ബാക്ടീരിയ, വൈറസ് തുടങ്ങിയവയുടെ സാധ്യതകളും പരിശോധിക്കുന്നുണ്ട്. രോഗത്തിന്റെ ഉറവിടം സംബന്ധിച്ച് നിഗമനത്തില്‍ എത്തിച്ചേരാന്‍ സാധിക്കാത്തതിനാല്‍ രോഗപ്രതിരോധം സംബന്ധിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും കഴിഞ്ഞിട്ടില്ല. അജ്ഞാത രോഗബാധ സംശയിക്കുന്നവരെ ചികിത്സിക്കുന്നതിന് പ്രത്യേക ക്ലിനിക്ക് ആരംഭിച്ചിട്ടുണ്ട്.

വിചിത്രമായ ലക്ഷണങ്ങളോടു കൂടിയ അജ്ഞാത രോഗം ന്യൂ ബ്രണ്‍സ്വിക് മേഖലയില്‍ ആദ്യം സ്ഥിരീകരിക്കുന്നത് 2015ല്‍ ന്യൂറോളജിസ്റ്റ് ആയ ഡോ. എലിയര്‍ മറേറോ ആണ്. അതിനു ശേഷം പലരിലും ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. 2020-ഓടെയാണ് സമാന ലക്ഷണങ്ങളോടെ നിരവധി പേര്‍ ചികിത്സ തേടിയത്. ഇതോടെയാണ് രോഗം വ്യാപകമാകുന്നതായി ആശങ്കയുയര്‍ന്നത്. ഏതാനും മാസങ്ങളായി ന്യൂ ബ്രണ്‍സ്വിക് മേഖലയിലുള്ള നിരവധി പേരില്‍ അജ്ഞാത രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായിരുന്നുവെന്ന് ആരോഗ്യവിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Keywords:  Mysterious Brain Syndrome Stumps Canadian Doctors, News, Health, Health and Fitness, Report, Treatment, Study, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia