കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ ജൂണ്‍ 5 മുതല്‍ 9 വരെ അധിക നിയന്ത്രണങ്ങള്‍; സര്‍കാര്‍, അര്‍ധസര്‍കാര്‍ സ്ഥാപനങ്ങള്‍ 10 മുതല്‍ മാത്രമെന്ന് മുഖ്യമന്ത്രി

 


തിരുവനന്തപുരം: (www.kvartha.com 03.06.2021) സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ ജൂണ്‍ അഞ്ചു മുതല്‍ ഒമ്പതുവരെ അധിക നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ പ്രവര്‍ത്തനാനുമതിയുള്ള വിപണന സ്ഥാപനങ്ങള്‍ ജൂണ്‍ നാലിന് രാവിലെ ഒമ്പതുമണി മുതല്‍ വൈകുന്നേരം ഏഴുമണി വരെ പ്രവര്‍ത്തിക്കാം. ജൂണ്‍ അഞ്ചു മുതല്‍ ഒമ്പതുവരെ ഇവയ്ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടാവില്ല.

കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ ജൂണ്‍ 5 മുതല്‍ 9 വരെ അധിക നിയന്ത്രണങ്ങള്‍; സര്‍കാര്‍, അര്‍ധസര്‍കാര്‍ സ്ഥാപനങ്ങള്‍ 10 മുതല്‍ മാത്രമെന്ന് മുഖ്യമന്ത്രി

അവശ്യ വസ്തുക്കളുടെ കടകള്‍, വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും (പാകേജിംഗ് ഉള്‍പെടെ) വില്‍ക്കുന്ന
സ്ഥാപനങ്ങള്‍, നിര്‍മാണസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവക്കു മാത്രമേ ജൂണ്‍ അഞ്ചു മുതല്‍ ഒമ്പതുവരെ പ്രവര്‍ത്തനാനുമതി ഉണ്ടാവുകയുള്ളു. ജൂണ്‍ നാലിന് പാഴ് വസ്തുവ്യാപാര സ്ഥാപനങ്ങള്‍ തുറക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍കാര്‍, അര്‍ധസര്‍കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, കോര്‍പറേഷനുകള്‍, കമിഷനുകള്‍ തുടങ്ങിയവ 50 ശതമാനം ഉദ്യോഗസ്ഥരെ ഉള്‍പെടുത്തി ജൂണ്‍ 10 മുതലാണ് പ്രവര്‍ത്തിക്കുക. നേരത്തെ ഇത് ജൂണ്‍ ഏഴ് എന്നായിരുന്നു നിശ്ചയിച്ചത്.

സംസ്ഥാനത്തിനകത്തു യാത്രാനുമതിയുള്ള ആളുകള്‍ (ഡെലിവറി ഏജന്റുമാര്‍ ഉള്‍പെടെ) കോവിഡ് നെഗറ്റീവ് സര്‍ടിഫികെറ്റ് കരുതേണ്ട ആവശ്യമില്ല. സംസ്ഥാനത്തിന് പുറത്തു നിന്ന് വരുന്നവര്‍ മാത്രം അത്തരം സര്‍ടിഫികെറ്റുകള്‍ കരുതിയാല്‍ മതിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

കോവിഡ് മരണങ്ങള്‍ നിലവില്‍ സംസ്ഥാനതലത്തിലാണ് സ്ഥിരീകരിക്കുന്നത്. അത് ജില്ലാതലത്തിലാക്കുന്നത് ആലോചിക്കും. ഏത് കാറ്റഗറിയിലുള്ള മരണമാണെന്ന് കൃത്യമായ മാനദണ്ഡം ഡോക്ടര്‍മാര്‍ നിശ്ചയിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മൂന്നാം തരംഗമുണ്ടാവുകയാണെങ്കില്‍ നേരിടാനുള്ള നടപടികള്‍ ആരംഭിച്ചു. സാധാരണ നിലയിലുള്ള ജാഗ്രത തുടരണം. ആള്‍ക്കൂട്ടം ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കണം. അതിഥി തൊഴിലാളികളെ മുഴുവന്‍ വാക്‌സിനേറ്റ് ചെയ്യും. അവരെ ഇടക്കിടെ പരിശോധിക്കാനുള്ള സംവിധാവും ഒരുക്കും. മറ്റു സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകളിലെ മുഴുവന്‍ പേരേയും വാക്‌സിനേറ്റ് ചെയ്യും. രോഗ ലക്ഷണങ്ങളില്‍ വരുന്ന മാറ്റം നിരീക്ഷിക്കും. ജനിതക പഠനവും നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രായമായ റബര്‍ മരങ്ങള്‍ മുറിച്ചു നീക്കുന്നതിനും പുതിയ റബര്‍ തൈകള്‍ വച്ചുപിടിപ്പിക്കുന്നതിനും അനുമതി നല്‍കും. മാലിന്യം നീക്കം ചെയ്യുന്ന തൊഴിലാളികള്‍ക്കും പ്രവര്‍ത്തനാനുമതി നല്‍കും.

ഫ് ളാറ്റുകളില്‍ കോവിഡ് പോസിറ്റീവ് ശ്രദ്ധയില്‍പെട്ടാല്‍ മുന്നറിയിപ്പ് നല്‍കണം. ഏത് ഫ് ളാറ്റിലാണ് രോഗബാധയുള്ളതെന്ന് നോടിസ് ബോര്‍ഡിലൂടെ അറിയിക്കണം. ജാഗ്രത ഉറപ്പാക്കാനാണിത്. ആരോഗ്യ കേന്ദ്രങ്ങളിലും പൊലീസ് സ്റ്റേഷനുകളിലും നഗരസഭ/പഞ്ചായത്ത് അധികൃതരെയും വിവരമറിയിക്കണം. ഈ ചുമതലകള്‍ അതത് ഫ് ളാറ്റുകളിലെ റസിഡന്‍സ് അസോസിയേഷനുകള്‍ നിര്‍ബന്ധമായും ഏറ്റെടുത്ത് നിറവേറ്റണം. ഫ് ളാറ്റുകളിലെ ലിഫ്റ്റ് ദിവേസന മൂന്നു തവണയെങ്കിലും സാനിറ്റൈസ് ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords:  More lockdown restrictions in Kerala from June 5 to 9, Thiruvananthapuram, News, Health, Health and Fitness, Lockdown, Chief Minister, Pinarayi Vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia