ജീവിതത്തിലെ തോൽവികൾ അനുഭവിക്കാനുള്ളതാണ്, നിരാശപ്പെടാനുള്ളതല്ല

 


മുജീബുല്ല കെ എം

(www.kvartha.com 03.06.2021) ഒരിക്കൽ ഒരു ജീവശാസ്ത്ര അധ്യാപകന്‍ പൂമ്പാറ്റയുടെ ജീവിതത്തിന്റെ വിവിധഘട്ടങ്ങള്‍ പഠിപ്പിക്കാനായി ഒരു കൊക്കൂണുമായി പത്താം ക്ലാസ്സിലെത്തി. ഏതാനും മണിക്കൂറിനുള്ളില്‍ പൂമ്പാറ്റ വിരിഞ്ഞു പുറത്തു വരുമെന്നും അതിനായി എല്ലാരും കാത്തിരിക്കണമെന്നും കുട്ടികളോട് പറഞ്ഞു. കൊക്കൂണില്‍ നിന്ന് പുറത്തുവരാനുള്ള പൂമ്പാറ്റയുടെ പരിശ്രമം കണ്ട് അതിനെ സഹായിക്കാന്‍ ആരും ഒരുങ്ങരുതെന്ന് പ്രത്യേകം താക്കീത് ചെയ്തു കൊണ്ട് മാഷ്‌ പുറത്തേക്കു പോയി.

                                                                                
ജീവിതത്തിലെ തോൽവികൾ അനുഭവിക്കാനുള്ളതാണ്, നിരാശപ്പെടാനുള്ളതല്ല



കുട്ടികള്‍ ആകാംക്ഷയോടെ, കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നു. കൊക്കൂണ്‍ മെല്ലെ അനങ്ങി തുടങ്ങി. കുഞ്ഞു പൂമ്പാറ്റ വളരെ കഷ്ടപ്പെട്ട് കൊക്കൂണില്‍ നിന്ന് പുറത്തേക്കു വരാനുള്ള ശ്രമം തുടങ്ങി. അത് കണ്ട് കുട്ടികളിലൊരുവന് കുഞ്ഞു പൂമ്പാറ്റയോട് അലിവ് തോന്നി. മാഷ് പറഞ്ഞ താക്കീത് മറന്ന് അവന്‍ കൊക്കൂണ്‍ മെല്ലെ തുറന്നു കൊടുത്തു. പൂമ്പാറ്റ വേഗം പുറത്തേക്കെത്തി.

ഒറ്റക്ക് നടക്കാനൊരുങ്ങിയ, പറക്കാനൊരുങ്ങിയ പൂമ്പാറ്റ പക്ഷെ ചത്തുവീണു. ഇതെല്ലാം കണ്ട് സങ്കടത്തോടെ നില്‍ക്കുന്ന കുട്ടികളെയാണ് തിരികെയെത്തിയ മാഷ്‌ കണ്ടത്. കാര്യം മനസ്സിലായ അദ്ദേഹം കുട്ടികളോട് പറഞ്ഞു. മക്കളെ, നോക്കൂ കൊക്കൂണില്‍ നിന്ന് പുറത്തു കടക്കാനുള്ള പരിശ്രമമാണ് പൂമ്പാറ്റക്ക് ഭാവിയില്‍ പറക്കാനായി ചിറകുകള്‍ക്ക് ശക്തിനല്‍കുന്നത്. കൊക്കൂണ്‍ തുറക്കാന്‍ നമ്മള്‍ സഹായിച്ചാല്‍ പിന്നെയത് ജീവിച്ചാലും പറക്കാന്‍ കഴിയില്ല. വെളിയില്‍ വരാന്‍ സഹിക്കുന്ന പ്രയാസം പിന്നീടുള്ള പൂമ്പാറ്റയുടെ ജീവിതത്തെയാണ് സഹായിക്കുന്നത് .

പൂമ്പാറ്റക്ക് മുന്നോട്ട് കുതിക്കാനുള്ള ഊര്‍ജ്ജം പകരുന്നത് വിരിഞ്ഞിറങ്ങുമ്പോഴുള്ള പ്രയാസമാണെങ്കില്‍ മനുഷ്യരായ നമ്മുടെ കാര്യവും അങ്ങിനെതന്നെയാണ്. മാഷ് തുടർന്നു. പക്ഷികളുടെ ശരീരത്തില്‍ ചിറക്‌ ഒരു ഭാരമായിട്ടാണ് തോന്നുന്നതെങ്കിലും ആ ചിറകാണ് അവയെ പറക്കാന്‍ സഹായിക്കുന്നത്. ഭാരങ്ങളും വേദനകളും നമ്മളെയും മുന്നോട്ട് തന്നെയാണ് കൊണ്ടുപോയിട്ടുള്ളത്. പിറകോട്ടേക്കല്ല.

സങ്കടങ്ങളാണ് ശരിയായ അനുഭവങ്ങളെന്ന് സങ്കടപ്പെട്ടവര്‍ക്കെല്ലാം അറിയാമല്ലോ. വേദന നല്‍കുന്ന ചെറിയൊരു മുറിവ് പോലും വലിയ സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വലിയ വേദന അനുഭവിച്ചാല്‍ മാത്രമേ ഏറ്റവും വലിയ ആഹ്ലാദമായ കുഞ്ഞിനെ അവള്‍ക്ക് കിട്ടൂ. ജീവിതത്തിന്‍റെ ആരംഭത്തില്‍ പൂമ്പാറ്റ അനുഭവിക്കുന്ന വേദന വെറുതെയായിരുന്നില്ല. കൃത്യമായ ഒരു പ്ലാനിംഗ് അതിനു പിന്നില്‍ ഉണ്ട്. അതിന്‍റെ സ്രഷ്ടാവിന്‍റെതാണ് പിഴക്കാത്ത ആ പ്ലാനിംഗ്. അങ്ങിനെയൊരു പ്ലാനിംഗ് സര്‍വ സൃഷ്ടികള്‍ക്കുമുണ്ട്, നമ്മൾ കണ്ണ് കൊണ്ട് കാണാത്ത ആ സ്രഷ്ടാവിൻ്റെ അനുഗ്രഹങ്ങൾ എത്ര അപാരം. മാഷ് പറഞ്ഞ് നിർത്തി.

പ്രിയപ്പെട്ടവരെ, ജീവിതങ്ങളിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കൂ. മനുഷ്യരായ നമ്മള്‍ മാത്രമാണ് മനോവേദനകളില്‍ തകര്‍ന്നുപോകുന്നത്. പലവട്ടം ഓടിയിട്ടും എലിയെ പിടിക്കാന്‍ കഴിയാത്ത സങ്കടത്തില്‍ ഒരു പൂച്ചയും ആത്മഹത്യ ചെയ്തത് നമ്മള്‍ കണ്ടിട്ടില്ല. ഇന്ന് കിട്ടിയില്ല എങ്കില്‍ നാളെ പിടിക്കാമെന്ന ചിന്തയേ ഉള്ളൂ ആ പൂച്ചക്ക്.

എന്നാല്‍ ഒരു ചെറിയ തോല്‍വി പോലും സഹിക്കാനാകാതെ ജീവിതം നഷ്ടപ്പെടുത്തിയ എത്രയെത്ര ജീവിതങ്ങളുടെ വാര്‍ത്തകളാണ് നാം വായിച്ചു തീർത്തിട്ടുള്ളത്. ജീവിതത്തിൽ പരാജയങ്ങൾ സാധാരണയാണ്. അത് ഉൾകൊള്ളാനാകുന്ന ചെറിയ പാഠങ്ങളാണ്. അത് ഉൾക്കൊണ്ട് മുന്നേറുന്നവർക്ക് പിഴയ്ക്കാത്ത ലക്ഷ്യത്തിലേക്കെത്താനാകുന്നു. അത്തരം ചിന്തകളാകണം നമ്മെ നയിക്കേണ്ടതും.

Keywords:  Article, Teacher, Clash, Students, Failed, Man, Women, Suicide, News, Life's failures are to be experienced, not to be disappointed.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia