Follow KVARTHA on Google news Follow Us!
ad

27-ാം രാവിൽ പാണ്ടിക്കടവിൽ ഉദിച്ച പൗർണമി

Full moon rose on the 27th night at Pandikkadavu#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
സൂപ്പി വാണിമേൽ

(www.kvartha.com 01.06.2021) എഴുപതാണ്ട് മുമ്പ് പതിനാലാം രാവുദിച്ചത് മാനത്തല്ല, പാണ്ടിക്കടവത്തായിരുന്നു. റമദാൻ 27-ാം രാവിൽ തെളിഞ്ഞ പൗർണമിക്ക് വാപ്പച്ചി മുഹമ്മദ് ഹാജി പേരിട്ടു-കുഞ്ഞാലിക്കുട്ടി. ഉമ്മച്ചി കെ പി ഫാത്തിമക്കുട്ടിയുടെ ആട്ടുതൊട്ടിലിൽ കുഞ്ഞാപ്പയായ ആ പൈതൽ അരുമയോടെ തറവാടാകെ പരന്നു. നാടും ഏറ്റെടുത്ത ആ പേരുകാരൻ ഹരിതരാഷ്ട്രീയത്തിന്റെ ആകാശത്ത് താരകമാവുന്നതു കാണാൻ പിതാവിനെ ഭൂമിയിൽ ദൈവം അനുഗ്രഹിച്ചില്ല.

                                                                         
Kerala, Article, Ramadan, Panakkad, Media, Mobile Phone, P.K Kunjalikutty, UDF, Police, Election, Lok Sabha, Malappuram, Muslim-League, Islam, Oommen Chandy, Full moon rose on the 27th night at Pandikkadavu.



സമ്പന്നതയുടെ മടിത്തട്ടിൽ മയങ്ങുമ്പോഴും അനാഥത്വ കനൽ കുഞ്ഞാപ്പയുടെ മനസ്സിലുണ്ടായിരുന്നു. അതിൽ വെള്ളം പാർന്നത് പാണക്കാട് കൊടപ്പനക്കൽ തങ്ങന്മാരാണെന്ന് ആദ്യം അറിഞ്ഞത് കലാകൗമുദി വാരികയിലൂടെ. മുതിർന്ന മാധ്യമപ്രവർത്തകനും ഡോക്യുമെന്ററി സംവിധായകനുമായ ഇ എം അഷറഫ് കൗമുദി കണ്ണൂർ ലേഖകനായിക്കെ തയ്യാറാക്കിയ കവർസ്റ്റോറിയായിരുന്നു അത്. മൊബൈൽ ഫോൺ ഇല്ലാത്ത അക്കാലത്ത് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ലാന്റ് ഫോണിൽ പി കെ കുഞ്ഞാലിക്കുട്ടിയുടെ വിളി കേട്ടുണരുന്നതിൽ തുടങ്ങി പിരിശച്ചരടിൽ കോർത്ത അനേകം മുഹബ്ബത്തിന്റെ മുത്തുമണികളായിരുന്നു ആ ഫീച്ചർ.കോയാമോൻ - കുഞ്ഞാപ്പ സ്നേഹ പരാഗണ സൗരഭ്യം ഹൈദരലി തങ്ങളിലൂടെ ആറ്റപ്പൂമണം പരത്തുന്നതാണ് പച്ചപ്പൂങ്കാവന വൃത്താന്തം.

ഇംഗ്ലീഷ് മാസം പിന്തുടർന്നാൽ ചൊവ്വാഴ്ച സപ്തതി നിറവിലാണ് മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. 1951 ജൂൺ ഒന്നിനായിരുന്നു ജനനം. ഉരുക്കു മനുഷ്യൻ എന്നറിയപ്പെട്ട സർദാർ വല്ലഭായ് പട്ടേൽ ഉയരം കൂടിയ പ്രതിമയാണിപ്പോൾ. ആരോപണങ്ങളുടെ ചൂളയിൽ ഉരുകാത്ത കുഞ്ഞാപ്പ പ്രതിമയാവാനും കൂട്ടാക്കാത്തതാണ് വർത്തമാനം. ഭരണത്തുടർച്ചയിൽ നിലവിൽ വന്ന രണ്ടാം പിണറായി സർക്കാർ കേരളത്തിൽ 1977ൽ യു ഡി എഫ് നേടിയതിന്റെ പുതുമയില്ലാത്ത മറ്റൊരു ആവർത്തനമാണെന്ന് മാധ്യമങ്ങളോട് ആദ്യം പറഞ്ഞ യുഡിഎഫ് നേതാവ് കുഞ്ഞാലിക്കുട്ടി.

ആത്മാംശം അടർത്തി അദ്ദേഹം കൂട്ടിച്ചർത്തത്, 2006ലെ അവസ്ഥയല്ല ഇപ്പോൾ തനിക്ക് എന്നും. നിർഭയനാണ് അദ്ദേഹം. ഭീതിയുടെ ആകാശത്തിനും പീഡനപർവ്വ ഭൂമിക്കുമിടയിൽ കഴിഞ്ഞ രണ്ട് ദശകങ്ങൾ പിന്നിട്ട് അഗ്നിശുദ്ധിവരുത്തിയ പൊതുപ്രവർത്തകന്റെ മനസ്സ് ശാന്തവും ഇഛാശക്തി തീവ്രവുമാവുന്നതിന്റെ അടയാളമാണ് കാണുന്നത്. ഇരുട്ടത്തെവിടെയോ കളഞ്ഞുപോയ സൂചി വെളിച്ചമുള്ളേടത്ത് തിരയുന്നവർക്ക് പി കെ കുഞ്ഞാലിക്കുട്ടി ഹരിതരാഷ്ട്രീയ കള്ളനും പൊലീസും കളിയിൽ കുറ്റവാളിയാവാം.എന്നാൽ തെരഞ്ഞെടുപ്പ് ഫലങ്ങൾ അതിനെ പിന്തുണക്കുന്നില്ല.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മലപ്പുറം മണ്ഡലത്തിൽ നിന്ന് 2,60,153 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അദ്ദേഹം ജയിച്ചപ്പോൾ ചില പ്രചാരണങ്ങളായിരുന്നില്ല ജനമനസ്സുകളിലെന്നാണ് തെളിഞ്ഞത്. എതിർസ്ഥാനാർത്ഥി വി പി സാനു തന്നെയായിട്ടും ഉപതെരഞ്ഞെടുപ്പിൽ ജയിച്ച എം പി അബ്ദുസ്സമദ് സമദാനിയുടെ ഭൂരിപക്ഷം 1,14,692 വോട്ടുകളായി കുറഞ്ഞതാണ് കണക്ക്. മലപ്പുറം ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെട്ട കൊണ്ടോട്ടി, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് നിയമസഭ മണ്ഡലങ്ങളിൽ എല്ലായിടത്തും മുസ്ലിം ലീഗ് സ്ഥാനാർത്ഥികളാണ് വിജയിച്ചത്. 2017 ഉപതെരഞ്ഞെടുപ്പിൽ വേങ്ങരയിൽ കെഎൻഎ ഖാദറിന് 65,227 വോട്ടുകളായിരുന്നെങ്കിൽ ഇടതുതരംഗം വീശിയിട്ടും
പികെ കുഞ്ഞാലിക്കുട്ടിക്ക് 70,381 വോട്ടുകളായി ഉയർന്നതും കണക്ക്.

ഇസ്ലാം പ്രത്യയശാസ്ത്രക്കാർ സൂക്ഷിക്കുന്ന ഉൾക്കിടില രാവാണ് ലൈലത്തുൽ ഖദ്ർ. ആയിരം മാസത്തേക്കാൾ പുണ്യം പ്രതീക്ഷിക്കുന്ന ഒരു രാത്രിയാണത്. റമദാനിലെ ഒറ്റയിട്ട രാത്രി എന്നല്ലാതെ ആ ഒറ്റ രാവിന്റെ തീയതി ദൈവം കൃത്യം പ്രഖ്യാപിച്ചില്ല. എങ്കിലും ചില സൂചനകളിലൂടെ ഏറെ സാധ്യത 27-ാം രാവിനാണെന്ന വിശ്വാസമാണ് വിശ്വമെങ്ങുമുള്ള മുസ്ലിംകൾക്ക്. ആ രാവിൽ അവർ ഉറങ്ങാറില്ല. ഒരു സമുദായം ഒന്നടങ്കം ഉണർന്നിരിക്കെ ഭൂജാതനായ ചോരപ്പൈതലിന്റെ ഉയർച്ചയുടെ പേരാണ് പി കെ കുഞ്ഞാലിക്കുട്ടി.

ആ ചോരക്ക് ദാഹിച്ചവരിൽ നിന്ന് പ്രിയ നേതാവിനെ ഈ നിമിഷം വരെ അടയാത്ത കണ്ണുകളുമായി കാത്തത് സമുദായമല്ലാതെ മറ്റൊരു ഭൗതിക ശക്തിയുമല്ല. തിങ്കളാഴ്ച നിയമസഭയിൽ പി കെ ബഷീർ മന്ത്രി എംവി ഗോവിന്ദൻ മാസ്റ്ററോട് പറഞ്ഞത് പാർട്ടി ക്ലാസ്സെടുക്കുന്ന താങ്കൾ ഞങ്ങൾക്കൊക്കെ വേണ്ടി പ്രാക്ടിക്കലാവണം എന്നാണ്. അദ്ദേഹത്തിന്റെ താത്വിക ശൈലിയെയാണ് ഏറനാട് എംഎൽഎ സ്പർശിച്ചത്. പിണറായി വിജയന്റേയും പി കെ കുഞ്ഞാലിക്കുട്ടിയുടേയും പ്രസംഗങ്ങൾ ഒരുപോലെ ആൾക്കൂട്ടവുമായുള്ള സംവദിക്കലാവുന്നതാണ് അതിന്റെ മറുപുറം. മുസ്ലിം ലീഗിന്റെ ക്രൗഡ് പുള്ളർ ആരെന്ന ചോദ്യത്തിന് രണ്ടാമനായേ മറ്റൊരാളെ പറയാനാവൂ.

പ്രീഡിഗ്രിക്ക് കാമ്പസ് രാഷ്ട്രീയം ഇല്ലാതിരുന്ന ഫാറൂഖ് കോളജിൽ നിന്ന് ഒരു കാലം മലബാറിന്റെ നായകരെ വാർത്ത തളിപ്പറമ്പ് സർ സയ്യിദ് കോളജിലേക്ക് ബിരുദ പഠനം മാറിയതോടെയാണ് രാഷ്ട്രീയ ബോധം അത്ര കുഞ്ഞായ കുട്ടിയല്ല കുഞ്ഞാപ്പയിലെ അലിയെന്ന് അറിഞ്ഞത്. കാമ്പസ് നിറഞ്ഞ എം എസ് എഫ് നേതാവ് ഒരാളുടെ ഹൃദയവും കവരാതിരുന്നില്ല. ആൾ ഒരു സുൽത്താന്റെ കൊട്ടാരത്തിലേതായിട്ടും ബന്ധം കണ്ണി ചേർക്കുന്നത് കൊടപ്പനക്കലിലാവണം എന്ന ശാഠ്യത്തിൽ കെട്ടാതെയങ്ങ് വിട്ടു.

മലപ്പുറം നഗരസഭ ചെയർമാനായ 1980ൽ പ്രായം 29. മലപ്പുറം മണ്ഡലത്തിൽ നിന്ന് 1982ലും '87ലും നിയമസഭയിൽ. '91, '96, '01ൽ വിജയം നൽകിയ കുറ്റിപ്പുറം മണ്ഡലത്തിൽ '06ൽ തോൽവി. 2011ലും '16ലും '21ലും വേങ്ങരയുടെ എംഎൽഎ. ഇ അഹമ്മദിന്റെ നിര്യാണത്തെത്തുടർന്ന് 2017ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മലപ്പുറം എം പി. 1991ൽ കെ കരുണാകരൻ, 2001ൽ എ കെ ആന്റണി, 2011ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭകളിൽ ബിസിനസ് മാനജ്മെന്റിൽ പിജി ഡിപ്ലോമയുള്ള വ്യവസായ മന്ത്രി. മുസ്ലിം ലീഗിൽ ദേശീയ ജനറൽ സെക്രട്ടരി വരെ വിവിധ പദവികൾ.

മക്കൾ രാഷ്ട്രീയ അപവാദങ്ങൾ തീണ്ടാതെ കാത്തുപോരുന്ന പിതാവ്. മകൻ പി കെ ഹാശിഖ് ഖത്തറിൽ ബിസിനസ് രംഗത്ത് തിളങ്ങുന്നു. താനിയ ഹാശിക്കാണ് സഖി. മകൾ പി കെ ലസിത ഭർത്താവ് കുദൽ അബു സുൽഫിക്കൊപ്പം ദുബായിൽ ബിസിനസ് ലോകത്ത്. നെഞ്ചുപിളർത്തുന്ന ആക്ഷേപങ്ങളുടെ ചാനൽ രാവുകളും പത്രപ്രഭാതങ്ങളും ചാഞ്ചല്ല്യമില്ലാതെ താണ്ടി പ്രിയതമനെ ചേർത്തുപിടിച്ച് വയനാട്ടിലെ പ്രമുഖമായ കക്കോടൻ കുടുംബത്തിന്റെ അന്തസ്സും ആഭിജാത്യവും കാത്ത കെ എം ഉമ്മു കുത്സുവാണ് വീരപുരുഷ ജീവിതത്തിന്റെ വീരനായിക.

Keywords: Kerala, Article, Ramadan, Panakkad, Media, Mobile Phone, P.K Kunjalikutty, UDF, Police, Election, Lok Sabha, Malappuram, Muslim-League, Islam, Oommen Chandy, Full moon rose on the 27th night at Pandikkadavu.
< !- START disable copy paste -->

Post a Comment