തന്റെ കൈകള്‍ ശുദ്ധം; അഴിമതിയെക്കുറിച്ച് സത്യസന്ധമായ അന്വേഷണം വേണം, മുന്‍ ടൂറിസം മന്ത്രി അനില്‍കുമാറിന് അഴിമതിയില്‍ പങ്കുണ്ടെന്ന് എപി അബ്ദുല്ലക്കുട്ടി

 


കണ്ണൂര്‍: (www.kvartha.com 04.06.2021) കണ്ണൂര്‍ കോട്ടയിലെ ലൈറ്റ് ആന്‍ഡ് സൗന്‍ഡ് ഷോ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ തന്റെ കൈകള്‍ ശുദ്ധമെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുല്ലക്കുട്ടി. അഴിമതിയെക്കുറിച്ച് സത്യസന്ധമായ അന്വേഷണം വേണമെന്നും മുന്‍ ടൂറിസം മന്ത്രി അനില്‍കുമാറിന് ഇതില്‍ പങ്കുണ്ടെന്നും അബ്ദുല്ലക്കുട്ടി ആരോപിച്ചു.

പദ്ധതിയില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് പറഞ്ഞ അബ്ദുല്ലക്കുട്ടി അന്ന് ടൂറിസം മന്ത്രിയായിരുന്ന എ പി അനില്‍ കുമാറും ഡിടിപിസിയും ഏല്‍പിച്ച കരാര്‍ സംഘം കേരളത്തിലെ ടൂറിസം മേഖലയില്‍ നടത്തിയ ഏറ്റവും വലിയ കൊള്ളയാണിതെന്നും ആരോപിച്ചു. തന്റെ പേരില്‍ കുറ്റമുണ്ടെങ്കില്‍ താനും ശിക്ഷിക്കപ്പെടട്ടെ എന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ പള്ളിക്കുന്നിലെ വീട്ടില്‍ വിജിലന്‍സ് പരിശോധന അവസാനിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിജലന്‍സ് ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന് വന്നപ്പോഴാണ് അഴിമതിയിലെ സത്യാവസ്ഥ മനസിലാക്കിയത്. എംഎല്‍എ എന്ന നിലയിലാണ് ലൈറ്റ് ആന്‍ഡ് സൗന്‍ഡ് ഷോ കൊണ്ടുവരാനുള്ള പദ്ധതി മുന്നോട്ടുവെച്ചത്. നിര്‍ദേശം സമര്‍പിക്കാന്‍ മാത്രമേ എംഎല്‍എയ്ക്ക് സാധിക്കൂ. മറ്റുകാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് വകുപ്പുകളും മന്ത്രിതലത്തിലുമാണ്. ഒരുതട്ടിക്കൂട്ട് കമ്പനിയെയാണ് പദ്ധതി ഏല്‍പിച്ചതെന്നും അബ്ദുല്ലക്കുട്ടി ആരോപിച്ചു.

മമ്മൂട്ടിയുടേയും കാവ്യമാധവന്റേയുമൊക്കെ ശബ്ദം ഉപയോഗിച്ച് മനോഹരമായി നടത്തിയ പരിപാടിയായിരുന്നു അത്. ഉമ്മന്‍ ചാണ്ടി വന്നായിരുന്നു ഉദ്ഘാടനം ചെയ്തത്. വിജിലന്‍സ് സംഘം ചോദിച്ചതിനെല്ലാം ഉത്തരം നല്‍കിയിട്ടുണ്ട്. പരിപാടി സംഘടിപ്പിച്ച ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ പേര് തനിക്ക് ഓര്‍മയില്ല. അതൊരു തട്ടിക്കൂട്ട് കമ്പനിയായിരുന്നു. വീട്ടില്‍ നടന്നത് റെയ്ഡല്ലെന്നും സംഭവത്തില്‍ സത്യസന്ധമായ അന്വേഷണം നടക്കണമെന്നും അബ്ദുല്ലക്കുട്ടി വ്യക്തമാക്കി.

2016ല്‍ അബ്ദുള്ളക്കുട്ടി കണ്ണൂര്‍ എംഎല്‍എ ആയിരുന്ന കാലത്തായിരുന്നു പദ്ധതി നടപ്പാക്കിയത്. കോട്ട നവീകരിക്കുന്നതിന്റെ ഭാഗമായി ഡിടിപിസിയുമായി ചേര്‍ന്ന് വലിയ പദ്ധതി ആയിരുന്നു വിഭാവനം ചെയ്തിരുന്നത്. യുഡിഎഫ് സര്‍ക്കകാര്‍ അധികാരമൊഴിയുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തിരക്കുപിടിച്ചായിരുന്നു പദ്ധതി.

ഉപകരണങ്ങളും മറ്റും വാങ്ങുന്നതിന് ഒരു കോടി രൂപ ചെലവഴിച്ചിരുന്നു. എന്നാല്‍ 2018-ല്‍ കണ്ണൂര്‍ കോട്ടയില്‍ ഒരു ദിവസത്തെ ലൈറ്റ് ആന്‍ഡ് സൗന്‍ഡ് ഷോ നടത്തിയതൊഴിച്ചാല്‍ മറ്റൊന്നും ചെയ്തിരുന്നില്ല. ഈ ഇനത്തില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് പരാതി.
തന്റെ കൈകള്‍ ശുദ്ധം; അഴിമതിയെക്കുറിച്ച് സത്യസന്ധമായ അന്വേഷണം വേണം, മുന്‍ ടൂറിസം മന്ത്രി അനില്‍കുമാറിന് അഴിമതിയില്‍ പങ്കുണ്ടെന്ന് എപി അബ്ദുല്ലക്കുട്ടി

Keywords:  Corruption done by former minister Anil Kumar, my hands are pure, if found guilty should be punished, says A Abdullakutty, Kannur, News, Politics, Allegation, UDF, Vigilance-Raid, Corruption, A.P Abdullakutty, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia