മുട്ടില്‍ മരം മുറി കൊള്ളയുമായി ബന്ധപ്പെട്ട ആരോപണത്തോട് സഭയില്‍ ശക്തമായി പ്രതികരിച്ച് മുഖ്യമന്ത്രി ; മാംഗോ ഫോണ്‍ ഉദ്ഘാടനം ചെയ്തത് താനല്ല; പി ടി തോമസ് മാപ്പുപറയണമെന്ന് പിണറായി വിജയന്‍

 


തിരുവനന്തപുരം: (www.kvartha.com 09.06.2021) മുട്ടില്‍ മരം മുറി കൊള്ളയുമായി ബന്ധപ്പെട്ട ആരോപണത്തോട് സഭയില്‍ ശക്തമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മാംഗോ മൊബൈല്‍ ഉദ്ഘാടനം ചെയ്യാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചെന്നും ഉദ്ഘാടനത്തിന് തൊട്ടുമുന്‍പ് മാംഗോ മൊബൈല്‍ ഉടമ അറസ്റ്റിലായെന്നുമുള്ള പിടി തോമസ് എംഎല്‍എയുടെ ആരോപണത്തിനെതിരെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

മുട്ടില്‍ മരം മുറി കൊള്ളയുമായി ബന്ധപ്പെട്ട ആരോപണത്തോട് സഭയില്‍ ശക്തമായി പ്രതികരിച്ച് മുഖ്യമന്ത്രി ; മാംഗോ ഫോണ്‍ ഉദ്ഘാടനം ചെയ്തത് താനല്ല; പി ടി തോമസ് മാപ്പുപറയണമെന്ന് പിണറായി വിജയന്‍

'മാംഗോ ഫോണ്‍ മൊബൈല്‍ ഫോണ്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുംമുമ്പ് അതിന്റെ പിന്നിലുള്ള പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു എന്നായിരുന്നു പി ടി തോമസിന്റെ കഴിഞ്ഞ ദിവസത്തെ സഭയിലെ പരാമര്‍ശം. എന്റെ മേല്‍വന്നു തറയ്ക്കുന്നതായി ആരെങ്കിലും കരുതുന്നെങ്കില്‍ കരുതിക്കോട്ടെ എന്നതാവും ഈ ആരോപണമുന്നയിച്ചതിനു പിന്നിലെ ദുഷ്ടലാക്ക്. മുഖ്യമന്ത്രി ആരാണ് എന്നു പറയാതെയാണ് പി ടി തോമസ് ഇതു പറഞ്ഞതെങ്കിലും അറസ്റ്റിലാവേണ്ട തരം പ്രതികളുടെ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ താന്‍ പോയി എന്ന പ്രതീതിയാണുണ്ടായത്.

എന്നാല്‍ ഇത് സത്യമല്ല. 2016 ഫെബ്രുവരി 29 നാണ് മാംഗോ ഫോണ്‍ കമ്പനി ഉടമകള്‍ അറസ്റ്റിലായത്. എന്നാല്‍ ഞാന്‍ അന്നു മുഖ്യമന്ത്രിയേ അല്ല. അന്നു മുഖ്യമന്ത്രി ആരായിരുന്നുവെന്നു ഞാന്‍ പറയേണ്ട കാര്യമില്ല. അത് എന്നെക്കൊണ്ടു പറയിക്കുന്നതില്‍ പിടി തോമസിനു പ്രത്യേകമായ സന്തോഷമെന്തെങ്കിലും ഉണ്ടോ എന്ന് എനിക്കു നിശ്ചയമില്ല' എന്നും മുഖ്യമന്ത്രി സഭയില്‍ വിശദീകരിച്ചു.

ഏതായാലും, പട്ടാപ്പകലിനെ കുറ്റാക്കുറ്റിരുട്ടായി ചിത്രീകരിക്കുന്ന രീതികള്‍ക്കായി സഭ ദുരുപയോഗിക്കപ്പെട്ടുകൂടാ. പകുതി മാത്രം പറഞ്ഞ്, അതുകൊണ്ട് തെറ്റിദ്ധാരണയുടെ ഒരു മൂടല്‍മഞ്ഞുണ്ടാക്കി ഇന്നത്തെ മുഖ്യമന്ത്രിയെ അതിന്റെ മറവില്‍ നിര്‍ത്താന്‍ നോക്കുക. അതാണ് നടന്നത്. മുഖ്യമന്ത്രിയെ നിങ്ങള്‍ കൊണ്ടുവരുന്ന മൂടല്‍മഞ്ഞിനു കീഴ്‌പ്പെടുത്താനാവില്ല എന്നുമാത്രം പറയട്ടെ.

വനംകൊള്ളക്കാരുടെ സ്വാധീനത്തെക്കുറിച്ചു പറയവേയാണ് പിടി തോമസ് ഇതു പറഞ്ഞത്. വനംകൊള്ളക്കാര്‍ നിസ്സാരക്കാരല്ലെന്നും, നേരത്തേ തന്നെ തട്ടിപ്പുകേസുകളില്‍ പ്രതികളായിരുന്നവരായിരുന്നുവെന്നും പറഞ്ഞിട്ട്, അവരുടെ സ്വാധീനം ബോധ്യപ്പെടുത്താനാണ് നമ്മുടെ മുഖ്യമന്ത്രിയെയായിരുന്നു ഇവരുടെ മാംഗോ മൊബൈലിന്റെ ഉദ്ഘാടനത്തിനു ക്ഷണിച്ചിരുന്നത് എന്ന് വിശദീകരിച്ചത്. ഉദ്ഘാടന വേദിയില്‍ വെച്ചു പൊലീസ് അറസ്റ്റു ചെയ്തതുകൊണ്ട് മുഖ്യമന്ത്രിക്ക് ഉദ്ഘാടനം ചെയ്യേണ്ടിവന്നില്ല എന്നും പറഞ്ഞു.

എന്നാല്‍ തട്ടിപ്പുകാരുടെ സ്വാധീനത്തില്‍ നില്‍ക്കുന്നത് ഞാനല്ല. ഇന്നത്തെ മുഖ്യമന്ത്രിയല്ല. അവരുടെ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ ഏറ്റത് ഞാനല്ല. ഈ മുഖ്യമന്ത്രിയല്ല. ഏതു മുഖ്യമന്ത്രിയുടെ മേലായിരുന്നു സ്വാധീനമെന്ന് അന്നത്തെ തീയതിയും കലണ്ടറും വെച്ച് പിടി തോമസ് കണ്ടുപിടിക്കട്ടെ. സഭയെ തെറ്റിദ്ധരിപ്പിച്ചതിന് പിടി തോമസ് മാപ്പ് പറയുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ബജറ്റിന്മേലുള്ള പൊതുചര്‍ച്ചയ്ക്കിടെയായിരുന്നു മുഖ്യമന്ത്രി ആരോപണങ്ങളോട് പ്രതികരിച്ചത്. വനം കൊള്ളയുമായി ബന്ധപ്പെട്ട് ആദ്യമായാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായിരിക്കുന്നത്.

Keywords:  CM Pinarayi Vijayan on Muttil tree felling case, Thiruvananthapuram, News, Allegation, Pinarayi Vijayan, Mobile Phone, Kerala, Politics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia