തെരെഞ്ഞെടുപ്പു തോല്‍വിയില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റവര്‍

 


നേര്‍ക്കാഴ്ചകള്‍ / പ്രതിഭാരാജന്‍

(www.kvartha.com 09.05.2021) 2021ലെ നിയമസഭാ തെരെഞ്ഞെടുപ്പില്‍ പല പ്രമുഖരും, യുവനേതൃത്വത്തിനും തോല്‍വി സംഭവിക്കുകയുണ്ടായി. ഇത് പുത്തരിയല്ല. തോറ്റിടത്തു നിന്നും എഴുന്നേറ്റ് വന്നാണ് പലരും പിന്നീട് മഹാന്മാരായി തീര്‍ന്നത്. അവസരങ്ങളുടെ കലയാണല്ലോ രാഷ്ട്രീയം. അവിടെ തോല്‍വിയും ഒരുതരം രാഷ്ട്രീയ പ്രവര്‍ത്തനമാണ്. മാരാരിക്കുളത്തില്‍ തോറ്റതാണല്ലോ വി എസിന് മുഖ്യമന്ത്രി പദത്തിലെത്താനിട വന്നത്.

രാജ്യത്തിന്റെ പ്രഥമ നിയമമന്ത്രി അംബേദ്കർ വരെ തെരെഞ്ഞെടുപ്പില്‍ തോറ്റിട്ടുണ്ട്. ഇന്ത്യയ്ക്ക് ഭരണഘടന ഉണ്ടാക്കി എന്നു കണക്കാക്കി അദ്ദേഹത്തിനു ഒരു ജയം സമ്മാനിക്കാന്‍ ബോംബെയിലെ ജനം അന്ന് കൂട്ടാക്കിയിരുന്നില്ല. ഒരു പാല്‍ വില്‍പ്പനക്കാരന്‍ സബോദക റോല്‍ക്കാറാണ് അംബേദ്ക്കറെ തോല്‍പ്പിച്ചത്. തോല്‍വിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് സാക്ഷാല്‍ നെഹ്റുവും, ഡാങ്കേയുമാണെന്ന ഖ്യാതി അന്ന് പരന്നിരുന്നു. തോറ്റിടത്തു നിന്നും തപ്പിത്തടഞ്ഞ് എഴുന്നേറ്റ് അദ്ദേഹം രാജ്യസഭയിലേക്കെത്തി. രണ്ടു വര്‍ഷം അവിടെ കഴിച്ചു കൂട്ടി. 1954ല്‍ മഹാരാഷ്ട്രയിലെ ബന്ധേരയില്‍ വീണ്ടും മല്‍സരിച്ചുവെങ്കിലും ജയിക്കാനായില്ല. അന്ന് അംബേദ്ക്കറെ തോല്‍പ്പിച്ചവരെ ഇന്ന് ജനം ഓര്‍ക്കുന്നില്ല. അംബേദ്ക്കറെ ഇന്നും നാം ആഘോഷിക്കുന്നു.

തെരെഞ്ഞെടുപ്പു തോല്‍വിയില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റവര്‍

വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശേരി തൃശൂരില്‍ വെച്ചു തോല്‍വി ഏറ്റുവാങ്ങിയിട്ടുണ്ട്. എസ് കെ പൊറ്റക്കാട്, സുകുമാര്‍ അഴിക്കോട് തുടങ്ങിയ എഴുത്തുകാര്‍ മുതല്‍ പ്രഗല്‍ഭ സിനിമാക്കാരായ രാമുകാര്യട്ട്, ഒ എന്‍ വി, മുരളി, ഇന്നസെന്റ് തുടങ്ങിയവരും മല്‍സരിച്ചു തോററിട്ടും പ്രശസ്തി മങ്ങാതെയിരുന്നിട്ടുണ്ട്. എന്തിനേറെ സാക്ഷാല്‍ ഇ കെ നായനാരും, ബാലാനന്ദനും കാസര്‍കോടിന്റെ മണ്ണിലാണ് തോറ്റത്. പിന്നീട് നായനാര്‍ മുഖ്യമന്ത്രിയായി. ബാലാനന്ദന്‍ സി ഐ ടി യുവിന്റെ അഖിലേന്ത്യാ സെക്രട്ടറിയായി. നായനാരെ തോല്‍പ്പിച്ച കടന്നപ്പള്ളി ഇന്നും മന്ത്രിയായി തുടരുന്നുണ്ട്. ഇന്നത്തെ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളിയും ഐക്യ ജനാധിപത്യ മുന്നണിയുടെ ശില്‍പി കെ കരുണാകരനും രമേശ് ചെന്നിത്തലക്കും തോറ്റ ചരിത്രമുണ്ട്. ഇവരൊക്കെ ജനം മറക്കാത്ത നേതാക്കളായി പിന്നീട് രാഷ്ട്രീയ തട്ടകങ്ങളില്‍ നിറഞ്ഞാടി.

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച 1971ല്‍ റായ്ബറേലിയില്‍ ഇന്ദിരാഗാന്ധി തോറ്റതും, കൊച്ചുമകന്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ തോറ്റതും അവരുടെ പ്രശസ്തിക്ക് മങ്ങലേല്‍ക്കാന്‍ ഇടയായിട്ടില്ല. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച ജ്യോതിബസു1971ല്‍ 3800 വോട്ടിനു ബംഗാളില്‍ തോറ്റു. പിന്നീട് മുന്ന് പതിറ്റാണ്ടു കാലം അദ്ദേഹം മുഖ്യമന്ത്രിയായി എന്നു മാത്രമല്ല, പ്രധാനമന്ത്രി സ്ഥാനത്തിലേക്കു വരെ പരിഗണിക്കപ്പെട്ടു. മാരാരിക്കുളത്തുകാര്‍ വി എസിനെ തോല്‍പ്പിച്ചതും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായതു കൊണ്ടു മാത്രമാണ്. മമത തോറ്റതും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായാണല്ലോ. മമത കിരീടമില്ലാത്ത രാജ്ഞിയായി വീണ്ടും മുഖ്യമന്ത്രി പദത്തിലെത്തിച്ചേര്‍ന്നു.

കെപിസിസി പ്രസിഡണ്ടായിരിക്കെ മല്‍സരിക്കാതെ മന്ത്രിയായി ഒടുവില്‍ തോല്‍വി സമ്മതിച്ച് ചെങ്കോലൊഴിഞ്ഞ് തിരിച്ചു പോയ കെ മുരളീധരന് പിന്നീട് വടകരയിലും വട്ടിയൂര്‍ക്കാവിലും വിജപതാക ഏന്താനായി. പികെ കുഞ്ഞാലിക്കുട്ടിയെ കുറ്റിപ്പുറത്തുകാര്‍ തോല്‍പ്പിച്ചതും മുസ്ലീം ലീഗിന്റെ കോട്ടയില്‍ വെച്ചായിരുന്നു. അത്രക്ക് ആഞ്ഞു വീശിയിരുന്നു അന്ന് ഐസ്‌ക്രീം കേസ്. അതിനു ശേഷം കുഞ്ഞാലിക്കുട്ടി ഏത്രയോ തവണ മന്ത്രിയായി, എംപിയായി. എന്തിനേറെ പറയണം ആദ്യ മന്ത്രിസഭാ രൂപീകരണ സമയത്ത് ഇഎംഎസ് പോലും നീലേശ്വരത്തു വെച്ച് തോല്‍വി മണത്ത് കഷ്ടിച്ചു രക്ഷപ്പെട്ട മുഖ്യമന്ത്രിയാണ്.

Keywords:  Kerala, Article, Assembly-Election-2021, Election, V.S Achuthanandan, Prathibha-Rajan, Politics, Political party, Those who have risen from electoral defeat.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia