Follow KVARTHA on Google news Follow Us!
ad

മേയ് 31: ലോക പുകവലി വിരുദ്ധദിനം; പുകവലിയും ഒരു ശ്വാസം മുട്ടി മരണം; ഓരോ സിഗരറ്റും അപഹരിക്കുന്നത് ആയുസിൽ നിന്നും 10 മിനുറ്റ് !

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ഡോ. അബ്ദുൽ സത്താർ എ എ

(www.kvartha.com 30.05.2021) പുകവലിക്കാരെക്കുറിച്ചൊരു ചൊല്ലുണ്ട്. ചിലർ വെള്ളത്തിൽ മുങ്ങിശ്വാസം മുട്ടി മരിക്കുന്നു. മറ്റു ചിലർ പുകവലിച്ചു ശ്വാസം മുട്ടി മരിക്കുന്നു. ആനന്ദദായകമെന്ന നിലയിൽ തുടങ്ങുന്ന പുകവലി ശീലം പതിയെ നമ്മെ ത്തന്നെ മരണത്തിലേക്കെത്തിക്കുന്നു. പുകവലികൊണ്ട് ഒരുവർഷത്തിൽ എൺപത് ലക്ഷത്തോളമാളുകൾ മരിക്കുകയും അതിലിരട്ടി ആൾക്കാർ പുകവലികൊണ്ടുണ്ടാവുന്ന ആരോഗ്യ പ്രശ്നങ്ങൾ കൊണ്ട് മരിച്ചു ജീവിക്കുകയും ചെയ്യുന്നു.

                                                                              
Article, Smoking, Kills, Health, Patient, People, Lifestyle & Fashion, Hospital, Goverment, Cancer, Women, Pregnant Woman, Baby, May 31: World No Tobacco Day; Smoking and suffocation to death; Every cigarette takes 10 minutes out of life!.പുകവലി ഉപദ്രവമൊന്നുമില്ലാത്ത, തെറ്റില്ലാത്ത ഒരു ശീലമാണെന്നാണ് പൊതുവെയുള്ള ധാരണ. ഇന്ത്യയിൽ പുകവലി തുടങ്ങുന്ന ശരാശരി പ്രായം പതിനഞ്ചു വയസ്സാണ്. കൗമാരപ്രായക്കാരിൽ ഒരു ഫാഷനായിട്ടാണ് പുകവലി തുടങ്ങുക. പിന്നീട് ജീവിതകാലമത്രയും കൊണ്ടു നടക്കുകയും രോഗബാധിതനായി സാമ്പത്തികവും, മാനസികവുമായ പ്രയാസങ്ങളിൽചെന്ന് പെടുകയും ചെയ്യുന്നു.

പുകവലിക്കുന്നയാൾ ഉള്ളിലേക്കെടുക്കുന്ന പുകയെ പ്രധാന പുക എന്ന് പറയുന്നു - പുകവലിക്കുന്നയാൾ ആക്ടിവ് സ്മോക്കർ. ബീഡിയുടെയോ സിഗരറ്റിൻ്റെയോ അറ്റത്ത് നിന്നു വരുന്ന പുകയാണ് പാർശ്വ പുക - അത് ശ്വസിക്കുന്നയാളാണ് പാസ്സീവ് സ്മോക്കർ. ഒരാൾ വലിച്ചു പുറത്തുവിട്ട പുക ശ്വസിക്കുന്നതും പാസ്സീവ് സ്മോക്കിംഗ് ആണ്. പേരു രണ്ടാണെങ്കിലും ദൂഷ്യം രണ്ടിലും ഒരുപോലെയാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. അതു കൊണ്ട് നിങ്ങളുടെ പുകവലി നമ്മുടെ ആരോഗ്യത്തിന് ഹാനികരമാണ് എന്നാണ് കാൻസറിനെതിരെയുള്ള അന്താരാഷ്ട്ര യൂണിയൻ ഉയർത്തുന്ന മുദ്രാവാക്യം. പുകവലിക്കാർ ചെയ്യുന്നത് ഒരു സാമൂഹ്യ ദ്രോഹം കൂടിയാണ്.

പുകയിലകത്തുമ്പോഴുണ്ടാകുന്ന രാസവസ്തുക്കളെ വേർതിരിച്ചെടുത്തിട്ടുണ്ട്. നാലായിരത്തിലേറെയുള്ള രാസവസ്തുക്കളുടെ ഒരു സങ്ക രൂപമാണത്. പുകവലിക്കുന്ന ആൾ, പാർശ്വ പുക വഴി തൊട്ടടുത്ത് നിൽക്കുന്നവർക്കും ഈ രാസവസ്തുക്കളത്രയും നൽകുന്നു. നിക്കോട്ടിൻ, കാർബൺ മോണോക്സൈഡ്, നൈട്രജൻ ഡെയോക്സൈഡ്, കരി, കാൻസറിന് ഹേതുവാകുന്ന ബെൻസോ പൈറിൻ മുതലായവയാണ് പ്രധാനപ്പെട്ട രാസവസ്തുക്കൾ.

നിക്കോട്ടിൻ പ്രകൃതിയിൽ തന്നെയുള്ള ഒരു പദാർത്ഥമാണ്. പുകയില ദ്രാവകം ഒരു കീടനാശിനിയുമാണ്. മനുഷ്യ ശരീരത്തിലിത് നാടീ മിടിപ്പുകളുടെ വേഗത കൂട്ടുകയും രക്തസമ്മർദ്ദം കൂട്ടാൻ ഇടവരുത്തുകയും ചെയ്യും. ഹൃദയധമനികളുടെ സങ്കോചത്തിനും ധമനികളിൽ രക്തം കട്ടപിടിക്കാനും ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകുന്നു. ഹൃദയാഘാതം മൂലമുള്ള മരണത്തിൽ ഇരുപത്തഞ്ച് ശതമാനവും പുകവലികൊണ്ടാണെന്നും യുവാക്കളിൽ ഇത് എഴുപത്തിരണ്ട് ശതമാനമാണെന്നും പഠനങ്ങൾ തെളിയിക്കുന്നു. ശരീരത്തിൻ്റെ മറ്റു ഭാഗങ്ങളിലും രക്തക്കുഴലുകൾ സങ്കോചിക്കാൻ കാരണമാവുന്നു. പിന്നീട് അവയവങ്ങളുടെ ജീർണ്ണാവസ്ഥയിലെത്തിക്കുന്ന ഗാൻഗ്രിൻ എന്ന രോഗമുണ്ടാവുന്നു.

പുകയിലയിൽ അഞ്ചു ശതമാനം കാർബൺ മോണോക് സൈഡുണ്ട്. ഇത് ഹൃദയത്തിലേക്കും മറ്റു അവയവങ്ങൾക്കുമുള്ള ഓക്സിജൻ ലഭ്യത കുറയ്കയും പ്രവർത്തനം അവതാളത്തിലാവുകയും ചെയ്യുന്നു. പുകയിലയിലടങ്ങിയ നൈട്രജൻ ഡയോക്സൈഡിൻ്റെ അളവ് വ്യവസായ ശാലകളിൽ നിന്നും പുറത്തു വിടുന്ന സുരക്ഷിത അളവിനേക്കാൾ അമ്പത് ഇരട്ടി കൂടുതലാണ്. ഈ വാതകം ശ്വാസകോശത്തിൻ്റെ സുരക്ഷ സംവിധാനത്തെ തടസ്സപ്പെടുത്തുന്നു. ശ്വാസകോശ കലകളെ ദ്രവീകരിക്കുന്നു. ശ്വാസകോശത്തിൻ്റെ പ്രധിരോധ ശക്തിയെ നശിപ്പിക്കുന്നു. കഫം അടിഞ്ഞുകൂടി അണുബാധയുണ്ടാവുകയും ശ്വാസകോശ ഘടനക്ക് തന്നെ മാറ്റം വരുത്തുകയും ചെയ്യുന്നു. ഇതേ പോലെയാണ് സിഗരറ്റിലും ബീഡിയിലുമുള്ള കരിയും ചെയ്യുന്നത്. ഇങ്ങിനെയുണ്ടാകുന്ന ശ്വാസകോശ രോഗങ്ങളാണ് കോണിക് ഒബ് സ്ട്രക്ടീവ് പൾമണറി ഡി സീസസ്.

കുറച്ചു നാൾ മുമ്പ് ജനറൽ ആസ്പത്രിയിലെ ഒപി യിലിരിക്കുമ്പോൾ ഒരാൾ കടന്നു വരുന്നു. ഒരു കൂട്ടം ഫയലുകളുമായിട്ട്. ഞാൻ സ്കൂളിൽ പോകുന്ന കാലം തൊട്ട് അയാളെ അറിയാം. സർവീസിൽ കയറിയ അന്നു മുതൽ ആസ്പത്രിയിലും കാണാറുണ്ട്. ചികിത്സയ്ക്കായി എന്റെയടുത്തെത്തുന്നതാദ്യവും. അയാളെ രണ്ടു ദിവസം മുമ്പ് മുണ്ടും മടക്കിക്കുത്തി റോഡരികിലുള്ള ഇലക്ട്രിക് പോസ്റ്റും ചാരി നിന്ന് ബീഡി വലിച്ചു തീർക്കുന്നത് ഞാൻ കണ്ടതായിരുന്നു.

അയാളുടെ ഫയലുകൾ എടുത്ത് നോക്കുന്നതിനു മുമ്പ് തന്നെ ഉത്തരമായി, ശ്വാസകോശത്തിന് കാൻസറാണ്. തിരുവനന്തപുരത്തെ റീജിയനൽ കാൻസർ സെൻ്ററിൽ നിന്നും റേഡിയേഷനും കീമോയും കഴിഞ്ഞതാണ്. ഇനി സാന്ത്വന ചികിത്സ വിഭാഗത്തിൽ കാണിച്ചാൽ മതിയെന്നും പറഞ്ഞിട്ടുണ്ട്. ഇന്നലെ നിങ്ങളെ ബീഡി വലിക്കുന്നത് കണ്ടതാണല്ലോ? ബീഡി വലിക്കുന്നത് നിർത്തണമെന്ന് ഡോക്ടർ പറഞ്ഞിട്ടില്ലേ.... ?പറഞ്ഞിട്ടുണ്ടെങ്കിലും ഒരു ബീഡി വലിച്ചാൽ എന്താണ് പ്രശ്നം എന്നായി അയാൾ.! ഇതാണ് പൊതുവെയുള്ള ചിന്താഗതി.


പുകവലികൊണ്ടുണ്ടാകുന്ന മാരകരോഗമാണ് ശ്വാസകോശ കാൻസർ. 90 ശതമാനം രോഗികളിലും പുകവലി നേരിട്ടുള്ള കാരണമായി കണ്ടെത്തിയിട്ടുമുണ്ട്. പുകയിലടങ്ങിയ ബെൻസോ പൈറിനുകളാണ് കാരണം. കൂടാതെ മറ്റു പല രാസവസ്തുക്കളും കാൻസറുണ്ടാക്കാൻ കാരണമാകുന്നു. ദിവസത്തിൽ പത്തു സിഗരറ്റ് വലിക്കുന്ന ഒരാൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കാൻസർ വരാനുള്ള സാധ്യത പതിനഞ്ച് ഇരട്ടിയും ഇരുപത് സിഗരറ്റ് വലിക്കുന്ന ഒരാൾക്ക് കാൻസർ സാധ്യത നാല്പതിരട്ടിയുമാണ്.


പുക വലി മറ്റു അവയവങ്ങളുടെ കാൻസർ സാധ്യതയും വർദ്ധിപ്പിക്കുന്നു. ശരീരത്തിലെ മറ്റു അവയവങ്ങൾക്കും രോഗം വരുത്തുന്നു. ദഹനേന്ദ്രിയ രോഗങ്ങളിൽപ്പെട്ട കുടൽ പുണ്ണ് ഇവയിൽ പ്രധാനപ്പെട്ട ഒന്നാണ്. മറ്റൊന്ന് പുകവലി ശീലമുള്ളവരിൽ ലൈംഗികോദ്ധാരണ ശേഷി കുറയുകയും ചെയ്യും എന്നതാണ്.
സ്ത്രീകകളിലെയും ഗർഭിണികളിലെയും പുകവലി ശീലം അവർക്ക് മാത്രമല്ല ജനിക്കുന്ന കുഞ്ഞിനു പോലും ഹാനികരമാണ്. അതുപോലെ മാതാപിതാക്കളുടെ പുകവലി കുട്ടികളിലും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
ഒരു സിഗരറ്റ് വലിച്ചു തീർക്കാൻ മൂന്നു മിനിറ്റു വേണം. പക്ഷെ ദിവസവും ഇരുപതിലധികം സിഗരറ്റ് വലിക്കുന്നവർ ഓർക്കുക, ഓരോ സിഗരറ്റും നിങ്ങളുടെ ആയുസ്സിൽ നിന്നും പത്ത് മിനിറ്റു വീതം അപഹരിക്കുന്നു.


(കാസർകോട് ഗവ. ജനറൽ ആശുപത്രിയിലെ ശ്വാസകോശ രോഗ വിദഗ്ദൻ ആണ് ലേഖകൻ)

Keywords: Article, Smoking, Kills, Health, Patient, People, Lifestyle & Fashion, Hospital, Goverment, Cancer, Women, Pregnant Woman, Baby, May 31: World No Tobacco Day; Smoking and suffocation to death; Every cigarette takes 10 minutes out of life!.
< !- START disable copy paste -->

Post a Comment