കോവിഡിനെതിരായ പോരാട്ടത്തില്‍ കൂടുതല്‍ നൂതന പദ്ധതികളുമായി കോഴിക്കോട് ആസ്റ്റര്‍ മിംസ്; ഇത്തവണ സജ്ജീകരിക്കുന്നത് 50 കിടക്കകളുള്ള വെന്റിലേറ്റര്‍, ബൈ പാപ്, ഓക്സിജന്‍ സൗകര്യങ്ങളോട് കൂടിയ ഫീല്‍ഡ് ഹോസ്പിറ്റല്‍

 


കോഴിക്കോട്: (www.kvartha.com 05.05.2021) കോവിഡിനെതിരായ പോരാട്ടത്തില്‍ കൂടുതല്‍ നൂതന പദ്ധതികളുമായി കോഴിക്കോട് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍. ഇത്തവണ സജ്ജീകരിക്കുന്നത് കോവിഡ് രോഗികള്‍ക്ക് മാത്രമായി അന്‍പത് കിടക്കകളുള്ള വെന്റിലേറ്റര്‍, ബൈ പാപ്പ്, ഓക്സിജന്‍ സൗകര്യങ്ങളോട് കൂടിയ ഫീല്‍ഡ് ഹോസ്പിറ്റലാണ്.

ഇതില്‍ 25 കിടക്കകളുള്‍പെടുന്ന ആദ്യ ഫീല്‍ഡ് ഹോസ്പിറ്റലിന്റെ പ്രവര്‍ത്തനം ബുധനാഴ്ച ആരംഭിക്കും. നേരത്തെ സ്ഥാപിച്ച മെയ്ക്ക് ഷിഫ്റ്റ് ഐ സി യു വിന് സമീപം കാര്‍പാര്‍കിംഗ് ഗ്രൗണ്ടില്‍ തന്നെയാണ് ഫീല്‍ഡ് ഹോസ്പിറ്റലും സ്ഥാപിച്ചിരിക്കുന്നത്. വെറും അഞ്ച് ദിവസം കൊണ്ടാണ് ഫീല്‍ഡ് ഹോസ്പിറ്റല്‍ എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്.

കേരളത്തില്‍ ആദ്യമായാണ് കോവിഡ് പോരാട്ടത്തിന്റെ ഭാഗമായി ഫീല്‍ഡ് ഹോസ്പിറ്റല്‍ എന്ന സങ്കല്‍പ്പം യാഥാര്‍ഥ്യമാകുന്നത്. ഇത് ആസ്റ്റര്‍ മിംസിന്റെ വലിയ അംഗീകാരമാണ്. കേരളത്തിലെ മറ്റ് ജില്ലകളിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും ഫീല്‍ഡ് ഹോസ്പിറ്റല്‍ യാഥാര്‍ഥ്യമാക്കുവാനുള്ള ശ്രമങ്ങളും ചര്‍ച്ചകളും നടന്നുവരുന്നതായി ആസ്റ്റര്‍ മിംസ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

കോവിഡിനെതിരായ പോരാട്ടത്തില്‍ കൂടുതല്‍ നൂതന പദ്ധതികളുമായി കോഴിക്കോട് ആസ്റ്റര്‍ മിംസ്; ഇത്തവണ സജ്ജീകരിക്കുന്നത് 50 കിടക്കകളുള്ള വെന്റിലേറ്റര്‍, ബൈ പാപ്, ഓക്സിജന്‍ സൗകര്യങ്ങളോട് കൂടിയ ഫീല്‍ഡ് ഹോസ്പിറ്റല്‍

സംസ്ഥാനത്ത് രണ്ടാം കോവിഡ് വ്യാപനം ശക്തി പ്രാപിച്ചതോടെ രോഗികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. ഇതോടെ ആശുപത്രികളില്‍ കിടക്കകളും ഐ സി യു ബെഡ്ഡുകളും തികയാതെ വന്നതോടെ ജനങ്ങള്‍ക്കുണ്ടാകാന്‍ പോകുന്ന ബുദ്ധിമുട്ടുകള്‍ മനസിലാക്കി മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യവകുപ്പ് മന്ത്രി ശൈലജ ടീച്ചറും നിര്‍ദേശിച്ചതനുസരിച്ചാണ് ഇത്തരം ഒരു പ്രവര്‍ത്തനം നടത്താന്‍തീരുമാനിച്ചതെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ആസ്റ്റര്‍ വളണ്ടിയേഴ്സിന്റെ സഹകരണത്തോടെ നിര്‍ധനരായ കോവിഡ് രോഗികള്‍ക്ക് സൗജന്യമായ കോവിഡ് ചികിത്സ ഇവിടെ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ മെയ്ക്ക് ഷിഫ്റ്റ് ഐ സി യു എന്ന നൂതന ആശയം നടപ്പിലാക്കിയതിലൂടെ ഇരുപതോളം ഐ സി യു ബെഡ്ഡുകള്‍ അധികമായി സജ്ജീകരിക്കാന്‍ ആസ്റ്റര്‍ മിംസിന് കഴിഞ്ഞു. ഫീല്‍ഡ് ഹോസ്പിറ്റല്‍ കൂടി യാഥാര്‍ഥ്യമാകുന്നതോടെ ചുരുങ്ങിയ ദിവസങ്ങള്‍ക്കകം ഐ സി യുവും വെന്റിലേറ്റര്‍ സൗകര്യവും ഉള്‍പെടെ എഴുപത് ബെഡ്ഡുകള്‍ സജ്ജീകരിക്കാന്‍ സാധിച്ചു എന്നും സി ഇ ഒ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.

പത്ത് ദിവസത്തിനകം പൂര്‍ത്തിയാക്കുവാനാണ് തീരുമാനിച്ചിരുന്നതെങ്കിലും എഞ്ചിനിയറിംഗ് വിഭാഗം മേധാവി ലിജുവിന്റെയും സുധീറിന്റെയും നേതൃത്വത്തില്‍ പകുതി സമയം കൊണ്ട് തന്നെ ആശുപത്രിയുടെ സജ്ജീകരണങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെന്റിലേറ്ററും, ബൈ പാപ് മെഷീനും ഉള്‍പെടെയുള്ള സംവിധാനങ്ങളെല്ലാം ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ യാഥാര്‍ഥ്യമാക്കുന്നതിന് ബയോമെഡ് വിഭാഗം മേധാവി മനീഷിന്റെ നേതൃത്വത്തിലുള്ള ടീമും, ആവശ്യമായ നഴ്സിങ്ങ് സേവനം ലഭ്യമാക്കുന്നതിന് സി എന്‍ ഒ ഷീലാമയുടെ നേതൃത്വത്തിലുള്ള ടീമും രാപകലില്ലാതെ പ്രയത്‌നിച്ചു.

പദ്ധതിയുടെ ആസൂത്രണം മുതല്‍ യാഥാര്‍ഥ്യവല്‍ക്കരണം വരെയും തുടര്‍ന്നുമുള്ള പ്രവര്‍ത്തികള്‍ക്കും എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. വേണുഗോപാലന്‍ പി പി നേതൃത്വം വഹിക്കും. ഫീല്‍ഡ് ഹോസ്പിറ്റല്‍ യാഥാര്‍ഥ്യമാക്കുന്നതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പേരെയും ആസ്റ്റര്‍ മിംസ് ചെയര്‍മാന്‍ ഡോ. ആസാദ് മുപ്പന്‍ അഭിനന്ദിച്ചു.



Keywords:  Kozhikode Aster Mims with more innovative plans in the fight against Covid; This time the field hospital will be equipped with a 50-bed ventilator, bi-pop and oxygen facilities, Kozhikode, News, Health, Health and Fitness, Hospital, Treatment, Patient, Kerala.






ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia