'ഞങ്ങൾക്ക് 10 മിനിറ്റ് തരൂ' ബോംബിട്ട് തകർക്കുന്നതിന് തൊട്ട് മുമ്പ് ഇസ്രാഈലിനോട് കെഞ്ചി മാധ്യമപ്രവർത്തകർ; ഒരു ദൈവമുണ്ടെന്ന് ഓർമിപ്പിച്ച് കെട്ടിട ഉടമ; ഇത് കൊണ്ടൊന്നും നിശബ്ദരാക്കാനാവില്ലെന്ന് അൽ ജസീറ

 


ഗാസ: (www.kvartha.com 16.05.2021) മാധ്യമ സ്ഥാപനങ്ങളെയും വെറുതെ വിടാതെ ഇസ്രാഈൽ. ഗാസയില്‍ മാധ്യമ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം ഇസ്രാഈൽ സൈന്യം ബോംബിട്ട് തകര്‍ത്തു. അൽജസീറ, അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് ഉൾപെടെയുള്ള അന്താരാഷ്ട്ര മാധ്യമസ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഗാസ നഗരത്തിലെ 11 നില കെട്ടിടത്തിലാണ് ഇസ്രാഈൽ ബോംബ് വർഷിച്ചത്. 60 ഓളം റെസിഡൻഷ്യൽ അപാർടുമെന്റുകളും ഇതിൽ ഉണ്ടായിരുന്നു.

                                                                           
'ഞങ്ങൾക്ക് 10 മിനിറ്റ് തരൂ' ബോംബിട്ട് തകർക്കുന്നതിന് തൊട്ട് മുമ്പ് ഇസ്രാഈലിനോട് കെഞ്ചി മാധ്യമപ്രവർത്തകർ; ഒരു ദൈവമുണ്ടെന്ന് ഓർമിപ്പിച്ച് കെട്ടിട ഉടമ; ഇത് കൊണ്ടൊന്നും നിശബ്ദരാക്കാനാവില്ലെന്ന് അൽ ജസീറ



ആറ് ദിവസമായി ഗാസയിൽ ബോംബാക്രമണം നടത്തുന്ന ഇസ്രാഈൽ സൈന്യം കെട്ടിടം ഒഴിയാൻ മാധ്യമസ്ഥാപനങ്ങൾക്ക് ഒരു മണിക്കൂർ മുമ്പ് ടെലിഫോണിൽ മുന്നറിയിപ്പ് നൽകിയിരുന്നു. യുദ്ധവിമാനങ്ങൾ ആക്രമിക്കുന്നതിനുമുമ്പ് കെട്ടിടം ഒഴിയണമെന്നായിരുന്നു ആവശ്യം. കെട്ടിട ഉടമയ്ക്കും മുന്നറിയിപ്പ് നൽകിയിരുന്നു.

ക്യാമറ അടക്കമുള്ള ഉപകരണങ്ങളും മറ്റും ശേഖരിക്കാൻ മാധ്യമപ്രവർത്തകർ കൂടുതൽ സമയം ചോദിച്ചിരുന്നു. എന്നാൽ ഇസ്രാഈൽ സൈന്യം നിരാകരിക്കുകയാണ് ചെയ്‌തത്‌. 'എനിക്ക് 15 മിനിറ്റ് തരൂ' ഒരു എപി മാധ്യമപ്രവർത്തകൻ ഇസ്രാഈൽ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനോട് ഫോണിൽ അപേക്ഷിച്ചു. 'ഞങ്ങളുടെ പക്കൽ ധാരാളം ഉപകരണങ്ങൾ ഉണ്ട്, അതിൽ ക്യാമറകൾ, മറ്റ് കാര്യങ്ങൾ, എനിക്ക് ഇതെല്ലാം പുറത്തെത്തിക്കാൻ കഴിയും'. അദ്ദേഹം പറഞ്ഞു.

'10 മിനിറ്റ് ഉണ്ടാവില്ല'. ഇസ്രാഈൽ ഉദ്യോഗസ്ഥൻ അദ്ദേഹത്തിന് മറുപടി നൽകി. 'കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ആരെയും അനുവദിച്ചിട്ടില്ല, സ്ഥലം മാറ്റാൻ ഞങ്ങൾ ഇതിനകം ഒരു മണിക്കൂർ സമയം നൽകിയെന്നും അയാൾ മറുപടി നൽകി. കെട്ടിട ഉടമ മഹ്ദിയും കൂടുതൽ സമയം ചോദിച്ചിരുന്നു. എന്നാൽ അഭ്യർഥന നിരസിക്കപ്പെട്ടപ്പോൾ മഹ്ദിയുടെ മറുപടി ഇങ്ങനെയായിരുന്നു, 'നിങ്ങൾക്ക് വേണ്ടത് ചെയ്യുക. ഒരു ദൈവമുണ്ട്.'

പിന്നീട് കെട്ടിടത്തിൽ നിന്ന് രക്ഷപ്പെടാനുള്ള കൂട്ടപ്പലായനമായിരുന്നു. ഒരു എലിവേറ്റർ മാത്രമാണ് ഉണ്ടായിരുന്നത്. വയസായവരെയും കുട്ടികളെയും എല്ലാവരും പരസ്പരം സഹായിച്ചു. ഒടുവിൽ പറഞ്ഞ സമയത്ത് തന്നെ ഇസ്രാഈൽ സമയം ഉച്ചകഴിഞ്ഞ് 3.12 ന് ഡ്രോൺ ആക്രമണത്തിൽ കെട്ടിടം നിലം പതിച്ചു. എഫ് -16 വിമാനങ്ങളിൽ നിന്ന് മൂന്ന് ശക്തമായ ആക്രമണങ്ങളാണ് ഉണ്ടായത്. 'വർഷങ്ങളുടെ ഓർമകൾ, ഈ കെട്ടിടത്തിലെ ജോലി, പെട്ടെന്ന് എല്ലാം അവശിഷ്ടങ്ങളായി മാറി' അൽജസീറ മാധ്യമപ്രവർത്തകൻ അൽ കഹ്‌ല അനുസ്‌മരിച്ചു.

കെട്ടിടത്തിൽ ഹമാസിന്റെ പ്രവർത്തനങ്ങൾ നടക്കുന്നു എന്നാരോപിച്ചായിരുന്നു ഇസ്രാഈലിന്റെ ആക്രമണം. മാധ്യമപ്രവർത്തകരെ കവചങ്ങളായി ഉപയോഗിക്കുന്നതായും സൈന്യം ആരോപിച്ചു. എന്നാൽ എ പി അടക്കമുള്ള മാധ്യമ പ്രവർത്തകരും താമസക്കാരും ഇത് തള്ളി.

ഇസ്രാഈലിന്റെ വ്യോമാക്രമണത്തിന് പിന്നാലെ പ്രതികരണവുമായി അൽ ജസീറ രംഗത്തെത്തി. ഇതുകൊണ്ടൊന്നും നിശബ്ദമാക്കാനാവില്ലെന്ന് അല്‍ ജസീറ അവതാരക ഹസ മൊയ്‌തീൻ പ്രതികരിച്ചു.


Keywords:  News, World, Israel, Bomb Blast, Media, America, Apartments, Drone Attack, 'Give us 10 minutes' Journalists beg Israel just before bombing; Building owner reminded that there is a God; Al Jazeera says nothing can be silenced by this.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia