ട്രഷറിയുടെ പ്രവര്‍ത്തന സമയം രാത്രി 9 മണി വരെയാക്കി; ഇക്കുറി പെന്‍ഷന്‍ നേരത്തെ; പണത്തിന് ഒരു പ്രയാസവുമില്ലെന്ന് ധനമന്ത്രി

 


ആലപ്പുഴ: (www.kvartha.com 10.03.2021) ട്രഷറിയുടെ പ്രവര്‍ത്തന സമയം രാത്രി ഒമ്പതുമണി വരെയാക്കിയെന്നും ഈ മാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷനും വിഷുവിന്റെ പെന്‍ഷനും നേരത്തേ നല്‍കാനുള്ള ക്രമീകരണങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്നും ധനമന്ത്രി തോമസ് ഐസക്. ആലപ്പുഴയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

സാധാരണ ധനകാര്യ വര്‍ഷത്തിന്റെ അവസാനമാകുമ്പോള്‍ പണമില്ലാതെയാണ് ട്രഷറി അടയ്ക്കുക. അല്ലെങ്കില്‍ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തുക. എന്നാല്‍ ഇത്തവണ ഒരു അപൂര്‍വ വര്‍ഷമാണ്. പണത്തിന് ഒരു പ്രയാസവുമില്ല. ഒരുവിധ ട്രഷറി നിയന്ത്രണവും ഏര്‍പെടുത്തിയിട്ടില്ല. പക്ഷേ, ഫലം മറ്റേതു വര്‍ഷത്തെയും പോലെയാണെന്നും ഐസക് പറഞ്ഞു. ട്രഷറിയുടെ പ്രവര്‍ത്തന സമയം രാത്രി 9 മണി വരെയാക്കി; ഇക്കുറി പെന്‍ഷന്‍ നേരത്തെ; പണത്തിന് ഒരു പ്രയാസവുമില്ലെന്ന് ധനമന്ത്രി
ട്രഷറിയില്‍നിന്നു സുഗമമായി പണം പിന്‍വലിക്കാന്‍ കഴിയുന്നില്ല. കഴിഞ്ഞ മാസത്തെ ശമ്പളവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നിരുന്നു. അന്നു മുതല്‍ പരിശ്രമിക്കുന്നതാണ്. പക്ഷേ, പ്രശ്‌നത്തിന്റെ കുരുക്ക് അഴിക്കാനായിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ നാഷനല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ (എന്‍ഐസി) സോഫ് റ്റ് വെയറിലുണ്ടായ തകരാറാണ് കാരണം.

ഇതു പരിഹരിക്കുന്നതിന് ഇതുമായി ബന്ധപ്പെട്ട എന്‍ഐസി, സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ രണ്ടു യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തു. എന്നാല്‍ എന്താണ് പ്രശ്‌നമെന്നു ഇതുവരെ വ്യക്തമായിട്ടില്ല. എന്‍ഐസി ഉദ്യോഗസ്ഥരുടെ ഒരു ടീം ഒരാഴ്ചയായി പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം നടത്തുകയാണ്. കഴിഞ്ഞദിവസം ഐബിഎം, ടെക്നോപാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ അടങ്ങുന്ന വിദഗ്ധ സമിതിക്കു രൂപം നല്‍കി. അവര്‍ കൂടി സമാന്തരമായി പരിശോധിക്കട്ടെ. വ്യാജ പ്രചാരണങ്ങളില്‍ കുടുങ്ങരുതെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ട്രഷറി സേവനങ്ങള്‍ തടസപ്പെടാതിരിക്കാന്‍ താഴെപ്പറയുന്ന നിര്‍ദേശങ്ങള്‍ നല്‍കി:

1. ട്രഷറി പ്രവര്‍ത്തന സമയം രാത്രി 9 മണി വരെയാക്കി.

2. ട്രഷറിയിലെ പണവിതരണം രാവിലെ മുതല്‍ ഉച്ചയ്ക്ക് രണ്ടു മണിവരെ. ഈ സമയം പണം വിതരണം ചെയ്യുന്നതിനുള്ള സോഫ് റ്റ് വെയര്‍ മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. രണ്ടു മണി മുതല്‍ രാത്രി ഒന്‍പത് മണിവരെ ട്രഷറിയില്‍ ബില്ല് സമര്‍പിക്കുന്നതിനുള്ള സോഫ് റ്റ് വെയറുകള്‍ പ്രവര്‍ത്തിപ്പിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ബില്ലുകള്‍ സമര്‍പിക്കാം. ഈ പുനഃക്രമീകരണംകൊണ്ട് ട്രഷറി സര്‍വറിലുള്ള ലോഡ് കുറയ്ക്കാനും കംപ്യൂട്ടര്‍ സ്തംഭനം ഒഴിവാക്കാനും കഴിയും.

3. ഈ മാസം അവധി ദിവസങ്ങളിലും ട്രഷറി പ്രവര്‍ത്തിക്കും.

4. അടുത്ത മാസത്തെ ആദ്യത്തെ ആഴ്ച അവധി ആയതിനാല്‍ പുതുക്കിയ ശമ്പള ബില്ലുകള്‍ ഈ മാസം സമര്‍പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പെടുത്തി. എല്ലാവര്‍ക്കും അടുത്ത മാസത്തെ ആദ്യ പ്രവൃത്തി ദിനത്തില്‍ വാഗ്ദാനം ചെയ്തതുപോലെ പുതുക്കിയ ശമ്പളവും പെന്‍ഷനും ലഭിക്കും.

5. ഈ മാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷനും വിഷുവിന്റെ സാമൂഹ്യ സുരക്ഷാ പെന്‍ഷനും അവധി ദിവസങ്ങള്‍ പരിഗണിച്ച് നേരത്തേ നല്‍കാനുള്ള ക്രമീകരണങ്ങള്‍ അന്തിമ ഘട്ടത്തിലാണ്.

6. വര്‍ഷാവസാനത്തിലെ ബില്ലുകള്‍ സമര്‍പിക്കുന്നതിനുള്ള തിരക്കൊഴിവാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. ട്രഷറികളില്‍ ആവശ്യത്തിന് പണമുള്ളതിനാല്‍ എല്ലാ ബില്ലുകളും ഈ മാസം കൊടുത്തുതീര്‍ക്കും.

Keywords:  Treasury working hours extended to 9 pm: Thomas Isaac,  Alappuzha, News, Thomas Issac, Minister, Press meet, Pension, Festival, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia