ക്രൂരന്മാരായ ഭര്‍ത്താക്കന്മാരോട് മധുരമായി പ്രതികാരം ചെയ്യാം

 


കൂക്കാനം റഹ് മാന്‍

(www.kvartha.com 17.03.2021) ചില ഭാര്യമാരുടെ ത്യാഗം നമ്മുടെയെല്ലാം ചിന്തകള്‍ക്കപ്പുറത്താണ്. എല്ലാം സഹിക്കുകയാണവര്‍. കെട്ടിച്ചയച്ച വീട്ടുകാരോട് കെട്ടിയോന്‍ കാട്ടുന്ന ക്രൂരതകള്‍ പറഞ്ഞറിയിക്കാന്‍ പ്രയാസം. എല്ലാം സ്വയം അടക്കിപ്പിടിച്ച്, പലപ്പോഴും അവന് അനുകൂലമായ നിലപാട് സ്വീകരിച്ചുകൊണ്ട് അവള്‍ ജീവിതം തള്ളി നീക്കും. ഒരു രക്ഷയുമില്ലാത്തപ്പോള്‍ ആര്‍ക്കും ഭാരമാവാതെ അവള്‍ ജീവിതം ഹോമിക്കും. പിടിച്ചു കയറുന്നവര്‍ അപൂര്‍വ്വം. ഈ കുറിപ്പ് ഭര്‍തൃപീഡനങ്ങളില്‍ നിന്ന് കരകയറി രക്ഷപ്പെട്ട ഒരു സ്ത്രീയുടേതാണ്. അവള്‍ ആ ദുരിതക്കയത്തില്‍ നിന്ന് രക്ഷപെട്ടില്ലായെങ്കില്‍ ഈ ദുഖങ്ങളും പ്രയാസങ്ങളും അവളോടൊപ്പം മണ്‍മറഞ്ഞു പോയേനെ. എന്നിട്ടും അതി ക്രൂരമായി, ഇഞ്ചിഞ്ചായി മനുഷ്യപ്പറ്റില്ലാതെ ദ്രോഹിച്ച ഭര്‍ത്താവെന്ന മനുഷ്യനെ അവള്‍ ഇന്നും സഹായിക്കുന്നു. മധുര പ്രതികാരം എന്നൊക്കെ പറയാം.
ഞാനീ കുറിപ്പ് തയ്യാറാക്കുന്നത് നിത്യ ദുരിതത്തില്‍പെട്ടുപോയ നിരവധി ഭാര്യമാര്‍ക്ക് പ്രചോദനമാകട്ടെ എന്ന ആഗ്രഹം കൊണ്ടാണ്. ഇവിടെ വ്യക്തികളെ ചൂണ്ടികാണിച്ച് കാര്യങ്ങള്‍ അവതരിപ്പിക്കുക എന്നതല്ല എന്റെ ലക്ഷ്യം. ഈ സംഭവങ്ങള്‍ കൃത്യമായി പരാമര്‍ശിക്കുകയും, ഇതൊക്കെയാണ് ചില ഭര്‍ത്താക്കന്മാരില്‍ നിന്നു ലഭിക്കുന്ന പീഢനമെന്നും വായനക്കാരെ ബോധ്യപ്പെടുത്താനാണ് എന്റെ ശ്രമം. പതിനാറ് വയസ്സിലാണ് മീനയുടെ വിവാഹം നടന്നത്. ഏഴു മക്കളുള്ള അച്ഛന്റെയും അമ്മയുടെയും അവസാനത്തെ മകളായി പിറന്നവള്‍. അച്ഛന്‍ ചെറുപ്പത്തിലേ മരിച്ചു. ജീവിതം ഇരു തല മുട്ടിക്കാന്‍ പാടുപെടുന്ന അമ്മ. മീനയെകൂടി ഒരുത്തനെ ഏല്‍പ്പിച്ചാല്‍ രക്ഷപ്പെടുമല്ലോ എന്നു കരുതി ജീവിക്കുകയായിരുന്നു ആ അമ്മ.
വിവാഹദല്ലാള്‍ മുഖേന അന്വേഷണം വന്നു. ബന്ധുക്കള്‍ പോയി കണ്ടു. അമ്മയുടെ ഏക മകന്‍, സുന്ദരന്‍, ടെക്ക്‌നീഷ്യന്‍. ഇതിനപ്പുറം മേന്മയുള്ള വരനെ കിട്ടുക പ്രയാസമാണ്. ഇതായിരുന്നു മീനയുടെ കുടുംബത്തിന്റെ നിലപാട്. നാട്ടുകാരോടന്വേഷിക്കുമ്പോഴും ജിനേഷിനെക്കുറിച്ചു എല്ലാവര്‍ക്കും നല്ലതു മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. ആര്‍ഭാടമൊന്നുമില്ലാതെ ലളിതമായ രീതിയില്‍ വിവാഹം നടന്നു.

അമ്മയ്ക്കും സഹോദരങ്ങള്‍ക്കും ആശ്വാസമായി, മീനയ്ക്കും തോന്നി ഇനിയും അമ്മയെ ആശ്രയിച്ചു കഴിയുന്നതില്‍ നിന്നും രക്ഷപ്പെട്ടുവല്ലോയെന്ന്. വലതു കാല്‍ വെച്ച് ഭര്‍തൃവീട്ടിലേക്ക് കയറി. ജിനേഷിന്റെ അമ്മ സ്‌നേഹം കൊണ്ട് മീനയെ വീര്‍പ്പുമുട്ടിച്ചു. ഭര്‍ത്താവും നല്ല സ്‌നേഹ സമ്പന്നന്‍. മീന അല്പം കറുപ്പ് കലര്‍ന്ന തൊലിയുടെ ഉടമയാണ്. ജിനേഷാണെങ്കില്‍ വെളുവെളുത്ത സുന്ദരക്കുട്ടപ്പന്‍. ഇതെല്ലാംകൊണ്ട് മീന അതീവ സന്തുഷ്ടയായി. ദിനങ്ങളും മാസങ്ങളും കടന്നുപോയി. ജിനേഷിന്റെ വ്യക്തിഗത ജീവിതം മീന പഠിച്ചു തുടങ്ങി. പണിയെടുക്കാന്‍ മടിയനാണ്. സുഖലോലുപതയില്‍ ജീവിക്കണം. അമ്മ കഷ്ടപ്പെട്ടാണ് അന്നന്നേക്കുള്ള ഭക്ഷണ കാര്യങ്ങളൊക്കെ ശരിപ്പെടുത്തുന്നത്. ജിനേഷിന് എല്ലാ ടെക്കിനിക്കുകളും അറിയാം. നല്ല ഡ്രൈവറാണ്. മെക്കാനിക്കലായുള്ള സകല പ്രവര്‍ത്തികളും ചെയ്യാനറിയാം. പക്ഷേ ഈ പണിയൊന്നും കക്ഷി ചെയ്യില്ല. മൊഞ്ചനായി നടക്കണം. നല്ല ഭക്ഷണം മൂക്കറ്റം കഴിക്കണം. അതിനാവശ്യമായ മാര്‍ഗ്ഗം കണ്ടെത്താനൊന്നും കക്ഷിക്കാവില്ല. കൂട്ടുകൂടിയുള്ള പല ഏര്‍പ്പാടുകളും ഉണ്ട്. ലഹരിക്കടിമയാണ്. ഇതൊക്കെ മനസ്സിലാകുമ്പോഴേക്കും മീന ഗര്‍ഭിണിയായി.

ക്രൂരന്മാരായ ഭര്‍ത്താക്കന്മാരോട് മധുരമായി പ്രതികാരം ചെയ്യാം

സ്വന്തം വീട്ടില്‍ ചെന്നു പ്രസവിച്ചു. അതും ഒരു പെണ്‍കുഞ്ഞാണ്. പ്രസവത്തിനായുള്ള ഒരു ചെലവും ഭര്‍ത്താവായ മനുഷ്യന്‍ ചെയ്തില്ല. മീന പ്രസവിച്ചു കിടക്കുമ്പോള്‍ പോലും ഉണ്ണാന്‍ കിട്ടാതെ വിശപ്പടക്കി കഴിയുകയായിരുന്നു. കുഞ്ഞിനു മുലപ്പാല്‍ കൊടുക്കാന്‍ പോലും ഭക്ഷണം കിട്ടാറില്ല. വിശന്നു കരഞ്ഞുപോയ ദിവസങ്ങളുണ്ട്. വീട്ടുകാര്‍ക്ക് മീനയെ വേണ്ടപോലെ സംരക്ഷിക്കാനുള്ള സാഹചര്യമില്ല. എങ്ങിനെയൊക്കെയോ കഷ്ട്ടപ്പെട്ട് മൂന്നു മാസം സ്വന്തം വീട്ടില്‍ കഴിച്ചുകൂട്ടി. ആ ദിവസം കുഞ്ഞിനെ കാണാനെന്ന പേരില്‍ ജിനേഷ് വരും. വന്നാല്‍ ഒരു നാണവുമില്ലാതെ ആ വീട്ടില്‍ നിന്നു വയറു നിറച്ച് ഭക്ഷണം കഴിച്ചേ തിരിച്ചു വരൂ. അവരൊക്കെ വയറു മുറുക്കി കെട്ടിയാണ് ഈ മനുഷ്യന് വയറ് നിറക്കാന്‍ ആഹാരം കൊടുക്കുന്നത്. റൂമില്‍ ഭക്ഷണവും, പലഹാരവും ഭാര്യ കൊണ്ടുകൊടുക്കും. വെറും കാലി പ്ലേറ്റാണ് തിരിച്ച് അടുക്കളയിലേക്കു എത്തുക. എല്ലാം അയാള്‍ മാത്രമല്ല ഞാനും കൂടി കഴിച്ചുവെന്ന് മീന വീട്ടുകാരോട് പറയും. വിശന്ന വയറുമായിട്ടാണ് ഭര്‍ത്താവിനെ മാന്യനെന്നു കാണിക്കാന്‍ അവള്‍ കള്ളം പറഞ്ഞിരുന്നത്.
മൂര്‍ച്ചയേറിയ നീളമുള്ള കത്തി എന്നും കയ്യിലുണ്ടാവും. മദ്യപിച്ചു വന്നാല്‍ വഴക്കു കിട്ടും. ബഹളം വെക്കും, തിരിച്ചൊരു വാക്കു പറഞ്ഞാല്‍ കത്തിയെടുക്കും കഴുത്തിനു നേരെ പിടിക്കും. പിന്നെ ഓടി രക്ഷപ്പെടുകയേ വഴിയുള്ളൂ. പ്രസവം കഴിഞ്ഞ് ഭര്‍തൃ വീട്ടിലേക്കു വന്നപ്പോഴും കാര്യം പഴയപടി തന്നെ. ഭക്ഷണത്തിന് ഒന്നുമില്ല. മീനയുടെയും, കുഞ്ഞിന്റെയും, സ്വന്തം അമ്മയുടേയും വിശപ്പൊന്നും അങ്ങേര്‍ക്കു പ്രശ്‌നമല്ല. അങ്ങേര്‍ക്കു തിന്നാന്‍ കിട്ടണം. അല്ലെങ്കില്‍ ബഹളം വെക്കും. മീന മൂന്നു മാസം പ്രായമായ കുഞ്ഞിനെയുമെടുത്ത് കുറച്ചകലെ താമസിക്കുന്ന ജ്യേഷ്ഠന്റെ വീട്ടില്‍ ചെല്ലും. ജ്യേഷ്ഠനും ഭാര്യയും ഉദ്യോഗസ്ഥരാണ്. അവര്‍ മീനയെ വീടിന്റെ ചുമതല ഏല്‍പ്പിച്ചു ജോലിക്കു പോകും. വീട്ടിലെ എല്ലാ പണികളും കഴിഞ്ഞ് വൈകീട്ട് അവര്‍ വന്നാല്‍ മീനയ്ക്ക് ഭക്ഷണം കിട്ടും. പഴകിയ ഭക്ഷണങ്ങളും ഭക്ഷണം ഉണ്ടാക്കാന്‍ പറ്റുന്ന കറിസാമാനങ്ങളും മറ്റും ജ്യേഷ്ഠന്‍ നല്‍കും. വൈകീട്ട് അതുമായി വീട്ടിലെത്തും. അതിനെകൊണ്ടുവേണം ഭക്ഷണമുണ്ടാക്കി ജിനേഷിന് കാഴ്ച വെക്കാന്‍.

ഉണ്ടാക്കിയ ഭക്ഷണമൊക്കെ മേശമേല്‍ എടുത്തുവെക്കും. അതില്‍ നിന്ന് ആവശ്യമുള്ളത്ര വാരിവലിച്ചു തിന്നും. ഏമ്പക്കം വിടും. ഇനി നിങ്ങള്‍ കഴിക്കേണ്ട എന്നു പറഞ്ഞ് ബാക്കിയായ ഭക്ഷണത്തിലേക്ക് എച്ചില്‍ കൈ കഴുകും. ക്രൂരത നോക്കൂ... ആ ഭക്ഷണം അമ്മയും മീനയും കഴിക്കാതെ രാത്രി പട്ടിണി കിടക്കും...

അമ്മയെ ഭീഷണിപ്പെടുത്തി സ്വത്തും സ്വര്‍ണ്ണവും തട്ടിയെടുത്തു. അതുപയോഗിച്ച് ബൈക്ക് വാങ്ങിയിട്ടുണ്ട്. അതിലാണ് യാത്ര. രാത്രി മൂക്കറ്റം കുടിച്ചുവരുമ്പോള്‍ ബൈക്കിന്റെ ശബ്ദം കേട്ടാല്‍ കുഞ്ഞിമോള്‍ പേടിച്ചു വിറക്കും. മീന അമ്മ കിടക്കുന്ന കട്ടിലിനടിയില്‍ ശ്വാസം പോലും അടക്കി പിടിച്ച് കിടക്കും
രാത്രി കാലത്തെത്തുന്ന ഭര്‍ത്താവിന്റെ ക്രൂര പീഡനം ഭയന്ന് അയല്‍ വീട്ടില്‍ ചെന്ന് ഒളിച്ചിരിക്കലായിരുന്നു മീനയുടെ പതിവ്. ഒരു ദിവസം അതിനും പറ്റാത്തപ്പോള്‍ പറമ്പിലുണ്ടായിരുന്ന ഒരു കുഴിയില്‍ ഇറങ്ങി തല പുറത്തു കാണാത്ത വിധം കുത്തിയിരുന്നു. മീനയെ അന്വഷിച്ചു നടന്ന ഭര്‍ത്താവ് എവിടെയും കണ്ടില്ല. മീന ഒളിച്ചിരിക്കുന്ന കുഴിയിലേക്ക് അവന്‍ മൂത്രമൊഴിച്ചു. തലയിലും, മുഖത്തും മൂത്രം വാര്‍ന്നൊഴുകിയിട്ടും അവള്‍ ശ്വാസം പിടിച്ചു അനങ്ങാതെ നിന്നുപോലും.

മീന ഒരു പച്ചത്തുരുമ്പ് കണ്ടെത്തി. ഒരകന്ന ബന്ധു ഗള്‍ഫിലേക്കുള്ള വിസ സംഘടിപ്പിച്ചു കൊടുത്തു. അവള്‍ ഗള്‍ഫിലെത്തി. തനിക്കറിയാവുന്ന തൊഴില്‍ ചെയ്തു ജീവിതമാരംഭിച്ചു. ഒരു പാട് കയ്പുനീരു കുടിച്ച അനുഭവം മീനയെ പിടിച്ചു നില്‍ക്കാനുള്ള കരുത്തുള്ളവളാക്കി മാറ്റി. സ്വയം ഒരു തയ്യല്‍ ഷോപ്പ് തുടങ്ങി. അവിടെ അടിവെച്ചടിവെച്ച് ഉയരങ്ങള്‍ കീഴടക്കുകയായിരുന്നു അവള്‍. ഗള്‍ഫില്‍ രണ്ടു തയ്യല്‍ കടയുടെ ഉടമയാണവളിന്ന്. ഭര്‍തൃവീട്ടിലെ ജീവന്മരണ പോരാട്ടത്തില്‍ നിന്ന് അവള്‍ കരകയറി. സുഖിയനും, സുമുഖനും, ഭക്ഷണപ്രിയനും, സ്വന്തം ഭാര്യയേയും അമ്മയെയും അടിച്ചമര്‍ത്തി ചൂഷണം ചെയ്യുന്ന വ്യക്തിത്വത്തിന്റെ ഉടമയായ ഭര്‍ത്താവില്‍ നിന്നും മോചനം നേടിയ സന്തോഷത്തിലാണവളിന്ന്. ഒരു വ്യാഴവട്ടത്തിലേറെയായി പ്രവാസ ജീവിതം പിന്നിട്ടിട്ട്.

അവള്‍ എല്ലാം മറക്കുന്നു. തന്നെ ചെയ്ത ക്രൂരതകള്‍ക്ക് മധുരമായി പ്രതികാരം ചെയ്യുകയാണിന്നവള്‍. ഭര്‍ത്താവെന്നു പറയുന്ന മനുഷ്യന് എല്ലാ സുഖസൗകര്യങ്ങളും അവള്‍ ഒരുക്കികൊടുത്തു. മനോഹരമായ ഒരു വീട് പണിതു. കാറും, ആധൂനിക ഗൃഹോപകരണങ്ങളും ഒരുക്കി കൊടുത്തു. ആവശ്യത്തിന് പണം എത്തിച്ചു നല്‍കുന്നു. പരിഭവമില്ല പരാതിയില്ല പക്ഷേ അവള്‍ അനുഭവിച്ച യാതനകളും, വേദനകളും ഉറക്കെ തുറന്നു പറയാനുള്ള ആര്‍ജ്ജവം അവള്‍ കൈവരിച്ചു അതാണ് അവള്‍ ഇപ്പോള്‍ ഉള്ളു തുറന്ന് സമൂഹത്തോട് വിളിച്ചു പറയുന്നത്.

വേദന കടിച്ചമര്‍ത്തി ജീവിക്കുന്ന ഭാര്യമാരായ സഹോദരിമാരെ, നിങ്ങള്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കാതെ, വെളിച്ചം തേടി പുറത്തിറങ്ങൂ. അപകടകാരികളായ കരിമൂര്‍ഖന്‍മാരില്‍ നിന്നു രക്ഷ നേടൂ. കൊള്ളരുതാത്തവന്മാരായ ഭര്‍ത്താക്കന്മാരെ നിഷ്‌ക്കരുണം തള്ളി മാറ്റൂ. നിങ്ങള്‍ക്ക് തനിച്ച് നിന്ന് പോരാടി ജയിക്കാന്‍ പറ്റും. ഇവന്മാരെ പാഠം പഠിപ്പിക്കാനും പറ്റും. തീര്‍ച്ച...

Keywords:  Article, Kookanam-Rahman, Top-Headlines, Husband, House Wife, Drunkard, Sweet revenge on cruel husbands.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia