ഞെട്ടിക്കുന്ന പഠന റിപോര്‍ട് പുറത്ത്; ഇന്ത്യയിലെ മൂന്നില്‍ ഒന്ന് വാട്‌സ്ആപ് സന്ദേശങ്ങള്‍ മുസ്ലിംകളെ അപകീര്‍ത്തിപ്പെടുത്തുകയും ഭയപ്പെടേണ്ടവരായി ചിത്രീകരിക്കുകയും ചെയ്യുന്നു; ഇസ്ലാമോഫോബിയ വേഗത്തില്‍ പടര്‍ത്തുന്നു

 


ന്യൂഡല്‍ഹി: (www.kvartha.com 01.03.2021) ഇന്ത്യയിലെ മൂന്നില്‍ ഒന്ന് വാട്‌സ്ആപ് സന്ദേശങ്ങള്‍ മുസ്ലിംകളെ അപകീര്‍ത്തിപ്പെടുത്തുകയും ഭയപ്പെടേണ്ടവരായി ചിത്രീകരിക്കുകയും ചെയ്യുന്നതായി പഠന റിപോര്‍ട്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ഗോരഘ്പൂര്‍, മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട് ഓഫ് ടെക്‌നോളജി (എംഐടി) എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. 2018 ഓഗസ്റ്റ് മുതല്‍ 2019 ഓഗസ്റ്റ് വരെ ഇന്ത്യയിലെ വാട്സ്ആപ് ഗ്രൂപുകളില്‍ പ്രചരിപ്പിച്ച സന്ദേശങ്ങളെ പഠനവിധേയമാക്കിയപ്പോഴാണ് ഇസ്ലാമോഫോബിയ ബോധപൂര്‍വം അതിവേഗം പടര്‍ത്തുന്നതായി കണ്ടെത്തിയത്. ഇന്ത്യയിലെ അയ്യായിരത്തിലധികം വാട്സ്ആപ് ഗ്രൂപുകളിലായി 2 ദശലക്ഷത്തിലധികം സന്ദേശങ്ങള്‍ പഠനത്തിനായി ഉപയോഗിച്ചു.

                                                                                 
ഞെട്ടിക്കുന്ന പഠന റിപോര്‍ട് പുറത്ത്; ഇന്ത്യയിലെ മൂന്നില്‍ ഒന്ന് വാട്‌സ്ആപ് സന്ദേശങ്ങള്‍ മുസ്ലിംകളെ അപകീര്‍ത്തിപ്പെടുത്തുകയും ഭയപ്പെടേണ്ടവരായി ചിത്രീകരിക്കുകയും ചെയ്യുന്നു; ഇസ്ലാമോഫോബിയ വേഗത്തില്‍ പടര്‍ത്തുന്നു


സാധാരണ സന്ദേശങ്ങളേക്കാള്‍ കൂടുതല്‍ പങ്കിട്ട ഇസ്ലാമോഫോബിക് സന്ദേശങ്ങള്‍ വിദ്വേഷത്തോടെ തന്ത്രപരമായാണ് അയക്കുന്നതെന്നും പഠനം കണ്ടെത്തി. വിദ്വേഷ പ്രസംഗങ്ങളുടെ വീഡിയോകള്‍ മറ്റുള്ളവയേക്കാള്‍ വേഗത്തില്‍ വിവിധ ഗ്രൂപുകളിലേക്ക് പങ്കിടുന്നു. 25 ദിവസം വരെ ഇവ ആക്റ്റീവ് ആയി നിലനില്‍ക്കുന്നു. വ്യാജപ്രചരണങ്ങളാണ് കൂടുതലും കൈമാറ്റം ചെയ്യപ്പെടുന്നത്. 'അയല്‍ പ്രദേശത്ത് മുസ്ലിംകള്‍ സംഘടിതമായി ജനക്കൂട്ടത്തെ കൊന്നു കൊണ്ടിരിക്കുന്നു' പഠന വിധേയമാക്കിയ ഗ്രൂപുകളില്‍ ഒന്നില്‍ പ്രചരിപ്പിച്ചത് ഇങ്ങനെയായിരുന്നു. മുസ്ലിംകളെ കുറ്റവാളികളായി ചിത്രീകരിക്കുകയും അവസരം ലഭിക്കുമ്പോള്‍ മുസ്ലിംകള്‍ തങ്ങളെയും കൊല്ലുമെന്ന് ഹിന്ദുക്കള്‍ക്കിടയില്‍ ഭയാശങ്ക സൃഷ്ഠിക്കുകയും ചെയ്യുക എന്നതാണ് ഇത്തരം പ്രചാരങ്ങളിലൂടെ അവര്‍ ലക്ഷ്യമിടുന്നതെന്നും ഗവേഷകര്‍ പറയുന്നു.

ഇസ്ലാമോഫോബിക് സന്ദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രചരിപ്പിച്ചത് എട്ട് വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു. മുസ്ലിംകള്‍ ദളിതരെ ചൂഷണം ചെയ്യുന്നു, കേരളത്തില്‍ കലാപം, ലവ് ജിഹാദ്, യുപിഎസ്സി ജിഹാദ്, ബംഗാളില്‍ ഇസ്ലാം പടരുന്നു, ശ്രീലങ്ക കലാപം, ഇസ്ലാമില്‍ സ്ത്രീകള്‍ക്ക് വിവേചനം, മുസ്ലിം ജനസംഖ്യ വര്‍ധനവ് എന്നിവയാണ് കൂടുതലും പ്രചരിപ്പിച്ചത്. ഇതിന് ആവശ്യമായ നുണകളും വന്‍തോതില്‍ പ്രചരിപ്പിച്ചു. ഇവ കൂടാതെ, ഹിന്ദുക്കള്‍ക്കിടയില്‍ മുസ്ലീങ്ങളോടുള്ള വിദ്വേഷവും ഭയവും ഉളവാക്കുന്ന നിരവധി വ്യാജ പ്രചാരങ്ങളും ഉണ്ട്. ഡോക്ടര്‍ കഫീല്‍ ഖാനെ പരാമര്‍ശിച്ച് വ്യാജ ചികിത്സയിലൂടെ ഹിന്ദുക്കളെ കൊല്ലാന്‍ മുസ്ലീം ഡോക്ടര്‍മാര്‍ 'മെഡികല്‍ ജിഹാദ്' ചെയ്യുന്നു എന്നാണ് പ്രചരിപ്പിച്ച സന്ദേശങ്ങളിലൊന്ന്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മത്സരിച്ച വയനാടിനെ സംബന്ധിച്ച്, 'എല്ലാ വെള്ളിയാഴ്ചയും അമുസ്ലിംകളെ കൊല്ലാന്‍ ഉത്തരവുകള്‍ നല്‍കുന്ന സ്ഥലം' എന്നാണ് പ്രചരിപ്പിച്ചത്.

1378 ല്‍ ഇന്ത്യയുടെ ഒരു ഭാഗം വേര്‍പെടുത്തി ഒരു ഇസ്ലാമിക രാഷ്ട്രമായി, പേര് ഇറാന്‍. 1761 ല്‍ ഒരു ഭാഗം ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്തി ഒരു ഇസ്ലാമിക രാഷ്ട്രമായി, പേര് അഫ്ഗാനിസ്ഥാന്‍. ഇപ്പോള്‍ ഉത്തര്‍പ്രദേശും അസമും കേരളവും ഒരു ഇസ്ലാമിക രാഷ്ട്രമായി മാറാനുള്ള വക്കിലാണ്' ഒരു സന്ദേശം ഇങ്ങനെ പറയുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ നവമാധ്യമ ഇടം വാട്‌സ്ആപ്പ് ആണെന്ന് പറയുന്ന പഠനം, വ്യാജ സന്ദേശങ്ങള്‍ അധികവും പ്രചരിപ്പിക്കുന്നത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നും പറയുന്നു. വിദ്വേഷ പ്രസംഗങ്ങളില്‍ 52 ശതമാനത്തിനും പിന്തുണയുമായി ഒരുപാട് അര്‍ത്ഥങ്ങളുള്ള ഇമോജികള്‍ മറുപടിയായായി നല്‍കുന്നുണ്ടെന്നും പഠനം കണ്ടെത്തുന്നു. സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ കൂടുതലും ബിജെപിയോട് അനുഭാവം പുലര്‍ത്തുന്നവരാണെന്നും പഠനം വ്യക്തമാക്കുന്നു. പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചും കോവിഡ് പടരാന്‍ കാരണം മുസ്ലിംകളാണെന്ന് പറഞ്ഞുമാണ് ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതെന്നും പഠന റിപോര്‍ടില്‍ പറയുന്നു.

Keywords:  New Delhi, India, News, Whatsapp, Islam, Anti-Islam, Message, Report, Researchers, People, Iran, Afghanistan, Kerala, Assam, UP, Social Media, Shocking study report out; One-third of WhatsApp messages in India defame Muslims and portray them as fearsome; Islamophobia is spreading fast.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia