ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചില്ലെന്ന കാരണത്താല്‍ കേന്ദ്രസര്‍കാര്‍ മരവിപ്പിച്ചത് മൂന്നു കോടി റേഷന്‍ കാര്‍ഡുകള്‍; രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി

 


ന്യൂഡല്‍ഹി: (www.kvartha.com 17.03.2021) ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചില്ലെന്ന കാരണം കാട്ടി കേന്ദ്രസര്‍ക്കാര്‍ രാജ്യത്തുടനീളം മൂന്നു കോടി റേഷന്‍ കാര്‍ഡുകള്‍ മരവിപ്പിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. ശത്രുതാ സമീപനത്തോടെ കാണേണ്ട വിഷയമല്ലെന്നു പറഞ്ഞ കോടതി സംഭവം അതീവഗുരുതരമാണെന്നും വിലയിരുത്തി. കേന്ദ്രത്തില്‍ നിന്നും സംസ്ഥാനങ്ങളില്‍നിന്നും കോടതി വിശദീകരണവും തേടി.
ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചില്ലെന്ന കാരണത്താല്‍ കേന്ദ്രസര്‍കാര്‍ മരവിപ്പിച്ചത് മൂന്നു കോടി റേഷന്‍ കാര്‍ഡുകള്‍; രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി
ചീഫ് ജസ്റ്റിസ് എസ് എ ബോബ് ഡെ, ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, വി രാമസുബ്രമണ്യന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്. പരാതിക്കാരിയായ കൊയ്‌ലി ദേവിക്കു വേണ്ടി ഹാജരായ കോളിന്‍ ഗോണ്‍സാല്‍വസ് സംഭവം വലിയ വിഷയമാണെന്ന് ബോധിപ്പിച്ചു. ഇത് അംഗീകരിച്ച പരമോന്നത കോടതി പരാതിക്കാരിയുടെ അഭിഭാഷകന്‍ വിഷയത്തിന്റെ പരിധി ഉയര്‍ത്തിയതായും ആശ്വാസം നല്‍കിയതായും വിലയിരുത്തി. നാലാഴ്ചക്കകം മറുപടി നല്‍കണമെന്നും ആവശ്യപ്പെട്ടു. കേസ് അവസാനവാദം കേള്‍ക്കലിനായി നീട്ടിവെച്ചു.

കേന്ദ്രം ഇതുവരെയായി മൂന്നു കോടി റേഷന്‍ കാര്‍ഡുകള്‍ മരവിപ്പിച്ചതായി അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍, കേന്ദ്രമാണ് മരവിപ്പിച്ചതെന്ന വാദം അബദ്ധമാണെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ അമന്‍ ലേഖി പ്രതികരിച്ചു.

പട്ടിണി മരണങ്ങളെ കുറിച്ച് റിപോര്‍ട് നല്‍കാന്‍ 2019 ഡിസംബറില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, മരണങ്ങള്‍ പട്ടിണി മൂലമാണെന്ന് കരുതുന്നില്ലെന്നായിരുന്നു കേന്ദ്രം നല്‍കിയ മറുപടി. ഒരാള്‍ക്കും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തതിന് ഭക്ഷ്യ വസ്തുക്കള്‍ മുടക്കിയില്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ മറുപടിയിലുണ്ട്.

2018ല്‍ പട്ടിണി മൂലം 11 കാരിയായ മകള്‍ സന്തോഷി മരിച്ചതിനു പിന്നാലെയാണ് ഝാര്‍ഖണ്ഡ് സ്വദേശിയ ദേവി പൊതുതാല്‍പര്യ ഹരജി നല്‍കിയിരുന്നത്. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചില്ലെന്ന് പറഞ്ഞ് തങ്ങളുടെ റേഷന്‍ കാര്‍ഡ് പ്രാദേശിക ഭരണകൂടം റദ്ദാക്കിയെന്നും ഭക്ഷണം കിട്ടാതെ മകള്‍ മരിക്കുകയായിരുന്നുവെന്നുമായിരുന്നു പരാതി.

ദളിത് കുടുംബത്തിന് റേഷന്‍ കാര്‍ഡ് മരവിപ്പിക്കപ്പെട്ടതോടെ 2017 മാര്‍ച്ച് മാസം മുതല്‍ റേഷന്‍ ലഭിച്ചിരുന്നില്ല. ഇത് കുടുംബത്തെ പട്ടിണിയിലാക്കി. മരിച്ച ദിവസം പോലും മകള്‍ക്ക് ഉപ്പിട്ട ചായ മാത്രമാണ് നല്‍കാന്‍ കഴിഞ്ഞതെന്നായിരുന്നു ദേവിയുടെ പരിഭവം. മറ്റൊന്നും വീട്ടിലുണ്ടായിരുന്നില്ല.

Keywords:  Scrapping 3 Crore Ration Cards For Not Linking Aadhaar 'Too Serious': Supreme Court, New Delhi, News, Politics, Supreme Court of India, Criticism, Justice, National, Aadhar Card.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia