വോടര്‍ പട്ടികയില്‍ ഇനിയും പേര്‍ ചേര്‍ത്തിട്ടില്ലേ? ചൊവ്വാഴ്ച അര്‍ധരാത്രിവരെ സമയമുണ്ട്; അറിയേണ്ടതെല്ലാം!

 


തിരുവനന്തപുരം: (www.kvartha.com 09.03.2021) 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ ആറിന് നടത്താനിരിക്കെ ഇനിയും വോടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാത്തവര്‍ക്ക് ചൊവ്വാഴ്ച അര്‍ധരാത്രി വരെ സമയമുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വോടര്‍ പട്ടികയില്‍ പേരില്ലാതെ പോകുന്ന സാഹചര്യം ഇനിയുമുണ്ടായേക്കാം. വോടര്‍ പട്ടികയില്‍ ഓണ്‍ലൈനായി പേര് ചേര്‍ക്കാനുമുള്ള അവസാന ദിവസമാണ് ചൊവ്വാഴ്ച. അര്‍ധരാത്രിക്കുശേഷം പേര് ചേര്‍ക്കാന്‍ ലഭിക്കുന്ന അപേക്ഷകള്‍ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം മാത്രമേ പരിഗണിക്കൂ.

സ്ഥിരമായി വോട് ചെയ്തിരുന്നതും വോടര്‍ തിരിച്ചറിയല്‍ കാര്‍ഡുള്ളതുമായ പലര്‍ക്കും ഇക്കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. പല പ്രമുഖരും ഇതില്‍പെടും. സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ, ചലച്ചിത്ര താരം മമ്മൂട്ടി തുടങ്ങിയവര്‍ ഇക്കൂട്ടത്തിലുണ്ട്.

എന്നാല്‍ എന്തായിരിക്കാം ഇവര്‍ക്കു വോട് ചെയ്യാനാവാതെ പോയതിന്റെ കാരണം? അധികമാലോചിക്കാനൊന്നുമില്ല, വോടര്‍ പട്ടികയില്‍ പേരില്ല എന്നതുതന്നെ. ഏറ്റവും ഒടുവില്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട് ചെയ്തിരുന്നതാണെന്നതിനാല്‍ വോടര്‍ പട്ടികയില്‍ പേരുണ്ടാകുമെന്ന വിശ്വാസമാണു തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ പലര്‍ക്കും വിനയായത്.

തദ്ദേശഭരണ തെരഞ്ഞെടുപ്പും നിയമസഭാ-ലോക്സഭാ തെരഞ്ഞെടുപ്പുകളും രണ്ട് തെരഞ്ഞെടുപ്പ് കമിഷനുകളാണു നടത്തുന്നതെന്നതുപോലെ വോടര്‍ പട്ടികകളും വ്യത്യസ്തമാണ്. തദ്ദേശഭരണ തെരഞ്ഞെടുപ്പ് സംസ്ഥാന തെരഞ്ഞെടുപ്പ് കമിഷനാണു നടത്തുന്നതെങ്കില്‍ പൊതു തെരഞ്ഞെടുപ്പുകള്‍ നടത്തുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമിഷനാണ്. അതുകൊണ്ട് ഒരു പട്ടികയില്‍ പേരുണ്ട് എന്നതുകൊണ്ട് മറ്റൊന്നില്‍ ഉണ്ടാണമെന്നില്ല.

തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ വോടര്‍ പട്ടികയില്‍ പേര് ഉണ്ടോയെന്നു പരിശോധിക്കാനും ഇല്ലെങ്കില്‍ പേര് ചേര്‍ക്കാനും അവസാനഘട്ടത്തിലും സംസ്ഥാന കമിഷന്‍ അവസരം നല്‍കിയിരുന്നു. ഇത് കണക്കിലെടുക്കാതെ തങ്ങളുടെ പേര് പട്ടികയിലുണ്ടാവുമെന്ന് ഉറച്ചുവിശ്വസിച്ചുപോയതാണ് പലര്‍ക്കും വിനയായത്. വോടര്‍പട്ടികയില്‍ പേരുണ്ടോയെന്നത് ഉറപ്പാക്കേണ്ടത് വോടറുടെ ഉത്തരവാദിത്തമാണെന്നാണ് തിരഞ്ഞെടുപ്പ് കമിഷനുകള്‍ പറയുന്നത്.

വോടര്‍ കാര്‍ഡുണ്ടല്ലോ എന്ന ആത്മവിശ്വാസം വേണ്ട. വോടര്‍ തിരിച്ചറിയല്‍ കാര്‍ഡ് കൈയിലുണ്ട് എന്നതുകൊണ്ട് മാത്രം വോടര്‍ പട്ടികയില്‍ പേര് ഉണ്ടാവണമെന്ന് നിര്‍ബന്ധമില്ല. ഒരാള്‍ ആറു മാസത്തിലേറെയായി സ്ഥലത്തില്ലെങ്കില്‍ ഇയാളെ പട്ടികയില്‍നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനു പരാതി സമര്‍പിക്കാം.

ബന്ധപ്പെട്ട വോടര്‍ക്കു നോടിസ് നല്‍കിയശേഷം ഇലക്ടറല്‍ റജിസ്ട്രേഷന്‍ ഓഫിസര്‍ രേഖകള്‍ പരിശോധിക്കുകയോ ഹിയറിങ് നടത്തുകയോ വേണം. ഹിയറിങ്ങില്‍ വോടര്‍ ഹാജരായി കൃത്യമായ മറുപടിയും രേഖകളും സമര്‍പിച്ചില്ലെങ്കില്‍ പട്ടികയില്‍നിന്നു പുറത്താകാം.

ഇങ്ങനെ എതിര്‍ രാഷ്ട്രീയ കക്ഷികള്‍ വോടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യിച്ച വാര്‍ത്തകള്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ വ്യാപകമായി ഉയര്‍ന്നിരുന്നു. സമീപകാലത്ത് വിവാഹിതരായ സ്ത്രീകളാണ് ഇക്കാര്യത്തില്‍ ഏറെയും പരാതിയുമായി രംഗത്തുവന്നത്. വിവാഹം കഴിഞ്ഞ് മറ്റൊരു വീട്ടിലേക്കു പോയി എന്ന കാരണത്താലാണ് ഇവരെല്ലാം സ്വന്തം നാട്ടിലെ പട്ടികയില്‍നിന്ന് പുറത്തായത്. എന്നാല്‍ ഭര്‍ത്താവിന്റെ നാട്ടിലെ വോടര്‍ പട്ടികയില്‍ ഇവര്‍ ഇടംപിടിച്ചിട്ടില്ല താനും.

മേയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കരട് വോടര്‍ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓണ്‍ലൈനായി ബൂത്ത് തലമനുസരിച്ച് പരിശോധിക്കാം. //ceo.kerala.gov.in/electoralrolls.html എന്നതാണ് ഇതിനായുള്ള ലിങ്ക്.

പേര് ചേര്‍ക്കാനാഗ്രഹിക്കുന്നവര്‍ക്ക് //voterportal.eci.gov.in/ എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കാം. തിരുത്തല്‍, പേര് നീക്കം ചെയ്യല്‍ എന്നിവയ്ക്കും ഈ വെബ് സൈറ്റ് സന്ദര്‍ശിക്കാം. നേരിട്ടും അക്ഷയ സെന്റര്‍ വഴിയും ഈ വെബ് സൈറ്റിലൂടെ വോടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.

നേരത്തെ, വോടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഡിസംബര്‍ 31 വരെ എന്ന പരിധി തെരഞ്ഞെടുപ്പ് കമിഷന്‍ മുന്നോട്ടുവച്ചിരുന്നു. എന്നാലിത് അന്തിമ തിയതിയല്ലെന്നും എല്ലാവര്‍ഷവും നടക്കുന്ന സ്‌പെഷ്യല്‍ സമ്മര്‍ റിവിഷന്റെ ഭാഗമായാണ് ഈ തിയതി നിര്‍ദേശിച്ചതെന്നും കമിഷന്‍ അഡിഷണല്‍ സിഇഒ ബി. സുരേന്ദ്രന്‍ പിള്ള വ്യക്തമാക്കിയിരുന്നു.

ഡിസംബര്‍ 31 വരെ പേര് ചേര്‍ത്തവര്‍ പ്രധാന വോടര്‍ പട്ടികയിലാണ് ഇടം പിടിച്ചിരിക്കുന്നത്. ഈ പട്ടിക ജനുവരി 20 നു കമിഷന്‍ പ്രസിദ്ധീകരിച്ചിരുന്നു. ഡിസംബര്‍ 31 നുശേഷം പേര് ചേര്‍ത്തവര്‍ അനുബന്ധ പട്ടികയിലാണുണ്ടാവുക. ഇവര്‍ക്ക് ഫോടോ പതിച്ച തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് വോടെടുപ്പിനു മുന്‍പ് ലഭിക്കാന്‍ അല്‍പം പ്രയാസം നേരിടും. എന്നാല്‍ വോട്ടവകാശമുണ്ടാകും. ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിനുപകരം തെരഞ്ഞെടുപ്പ് കമിഷന്‍ നിര്‍ദേശിച്ച മറ്റു രേഖകളിലേതെങ്കിലുമൊന്ന് ഹാജരാക്കി വോട് ചെയ്യാന്‍ കഴിയും. അന്തിമ വോടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്ന തിയതി പിന്നീട് പ്രഖ്യാപിക്കും.

2021 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാകുന്നത് അടിസ്ഥാനമാക്കിയാണു വോടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയുക. തിരിച്ചറിയല്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്കും കാര്‍ഡില്‍ പുതിയ ഫോട്ടോ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം.

വോട്ടര്‍മാരെ ചേര്‍ക്കാന്‍ സ്വീപ്പ്

വോടര്‍ ബോധവത്കരണ പരിപാടിയായ സ്വീപ്പി(സിസ്റ്റമാറ്റിക് വോടേഴ്‌സ് എജുക്കേഷന്‍ ആന്‍ഡ് ഇലക്ട്രല്‍ പാര്‍ടിസിപ്പേഷന്‍)ന്റെ നേതൃത്വത്തില്‍ വോടര്‍മാരെ ചേര്‍ക്കാന്‍ സജീവ പ്രവര്‍ത്തനം നടന്നുവരികയാണ്. ഏതെങ്കിലും തരത്തില്‍ വോടര്‍ പട്ടികയില്‍ നിന്നും പുറത്തു പോയതോ ഇതുവരെ പേര് ചേര്‍ക്കാത്തതോ ആയ മുഴുവന്‍ ആളുകളെയും പട്ടികയില്‍ ഉള്‍പെടുത്താനാണ് ലക്ഷ്യമിടുന്നത്.

ഇതോടൊപ്പം വോടര്‍ ബോധവത്കരണ പരിപാടികളും നടക്കുന്നുണ്ട്. നിയോജക മണ്ഡല അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വീപ് ടീമിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍, കോളജുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍. തെരഞ്ഞെടുപ്പില്‍ പങ്കാളിയാകുന്നതിന്റെ പ്രാധാന്യം അറിയിക്കുന്ന ലഘുവിഡിയോകള്‍ പ്രദര്‍ശിപ്പിച്ചാണ് ബോധവത്കരണം. ഓണ്‍ലൈന്‍ ക്ലാസുകളുടെ ഇടവേളകളില്‍ അധ്യാപകരുടെ അനുവാദത്തോടെ ലഘുവീഡിയോകള്‍ പ്രദര്‍ശിപ്പിക്കുകയാണ് ചെയ്യുന്നത്. കോളജുകള്‍ തുറക്കുന്ന മുറക്ക് നേരിട്ട് കോളജിലെത്തിയും ബോധവത്കരണ പരിപാടികള്‍ നടത്തും.

പേര് ചേര്‍ക്കാന്‍ ആവശ്യമുള്ളവ എന്തൊക്കെ?

*എസ് എസ് എല്‍ സി സര്‍ടിഫിക്കറ്റ്

*റേഷന്‍ കാര്‍ഡ്

*ആധാര്‍ കാര്‍ഡ്

*ഫോണ്‍ നമ്പര്‍

*വീട്ടു നമ്പര്‍

*വീട്ടിലെ ആരുടെയെങ്കിലുമോ അല്ലെങ്കില്‍ അയല്‍വാസിയുടെയോ വോടര്‍ തിരിച്ചറിയല്‍ കാര്‍ഡ്

*ബൂത്ത് നമ്പര്‍
വോടര്‍ പട്ടികയില്‍ ഇനിയും പേര്‍ ചേര്‍ത്തിട്ടില്ലേ? ചൊവ്വാഴ്ച അര്‍ധരാത്രിവരെ സമയമുണ്ട്; അറിയേണ്ടതെല്ലാം!
*ഫോട്ടോ

രാഷ്ട്രീയ കക്ഷികളുടെ സഹകരണം തേടി കമിഷന്‍

വോടര്‍ പട്ടികയില്‍ പേരു ചേര്‍ക്കല്‍ നടപടികള്‍ സംസ്ഥാനത്ത് മികച്ച രീതിയില്‍ പുരോഗമിക്കുകയാണ്. എന്നാല്‍, കോവിഡ് സാഹചര്യത്തില്‍ കോളജുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാത്തതിനാല്‍ യുവ വോടര്‍മാരെ പട്ടികയില്‍ ചേര്‍ക്കുന്നത് അല്‍പം വെല്ലുവിളിയാണ്. ഇതിനാല്‍ ബൂത്ത് ലെവല്‍ അസിസ്റ്റന്റുമാര്‍ മുഖേന പരമാവധി അപേക്ഷകള്‍ ശേഖരിച്ച് നല്‍കാനാണു രാഷ്ട്രീയകക്ഷികളോട് അധികൃതരുടെ അഭ്യര്‍ഥന.

വോടര്‍ പട്ടിക പുതുക്കല്‍ സമഗ്രമാകണമെങ്കില്‍ രാഷ്ട്രീയപ്രവര്‍ത്തകരുടെ സഹകരണം അനിവാര്യമാണെന്ന് നീരിക്ഷക ടിങ്കു ബിസ്വാള്‍ കഴിഞ്ഞദിവസം കോഴിക്കോട്ട് പറഞ്ഞു. യുവ വോടര്‍മാരെ പട്ടികയിലുള്‍പെടുത്താന്‍ ഓരോ പ്രദേശത്തെയും രാഷ്ട്രീയ പാര്‍ടി പ്രവര്‍ത്തകരുടെ സഹകരണം വേണമെന്നു അവര്‍ അഭ്യര്‍ഥിച്ചു. കമിഷന്റെ നിര്‍ദേശപ്രകാരം ഫീല്‍ഡ് തല പരിശോധന നടത്തുമെന്നും അവര്‍ പറഞ്ഞു.

തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം

കേന്ദ്ര തെരഞ്ഞെടുപ്പ് കമിഷന്റെ വോടര്‍ പട്ടികയില്‍ പേരുള്ളവര്‍ക്ക് വോടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ദേശീയ സമ്മതിദായക ദിനമായ ചൊവ്വാഴ്ച മുതല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യം. കമിഷന്റെ പോര്‍ടലായ //voterportal.eci.gov.in/ ല്‍ നിന്നാണ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുക. തെരഞ്ഞെടുപ്പ് കമിഷന്റെ 'വോടര്‍ ഹെല്‍പ് ലൈന്‍' മൊബൈല്‍ ആപ് വഴിയും തിരിച്ചറിയല്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.

ഏറ്റവുമൊടുവില്‍ വോടര്‍ പട്ടികയില്‍ പേരു ചേര്‍ത്തവര്‍ക്ക് ചൊവ്വാഴ്ച രാവിലെ 11.30നു ശേഷം ഇ- കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. മുന്‍പ് റജിസ്റ്റര്‍ ചെയ്തവര്‍ക്ക് അടുത്ത മാസം ഒന്നു മുതലാണ് കാര്‍ഡ് ലഭിക്കുക. പ്രിന്‍ഡ് എടുത്തോ ഡിജിലോക്കറിലോ സൂക്ഷിക്കാം.

മൊബൈല്‍ നമ്പര്‍ നല്‍കി റജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയൂ. മൊബൈല്‍ നമ്പര്‍ റജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തവര്‍ കെ വൈ സി വിവരങ്ങള്‍ നല്‍കണം.

ക്യുആര്‍ കോഡ് ഉള്‍പെടുന്നതാണ് ഇ-കാര്‍ഡ്. വോട് ചെയ്യാന്‍ ഈ കാര്‍ഡ് ഹാജരാക്കിയാല്‍ മതി. അതേസമയം, പഴയ രീതിയില്‍ നേരിട്ടു കാര്‍ഡ് കൈമാറുന്ന രീതി തെരഞ്ഞെടുപ്പ് കമിഷന്‍ തുടരും.

Keywords:  Kerala Election 2021 Voters list Registration Time Limit and other details, Thiruvananthapuram, News, Assembly-Election-2021, Election Commission,Voters, Website, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia