12-ാം നിലയില്‍ നിന്നും താഴേക്ക് വീണ് 2 വയസുകാരി; ചുറ്റിലും നിലവിളി ശബ്ദങ്ങള്‍; രക്ഷകനായത് ഡെലിവറി ബോയ്; വിഡിയോ വൈറല്‍

 


വിയറ്റ് നാം: (www.kvartha.com 02.03.2021) പന്ത്രണ്ടാം നിലയുടെ ബാല്‍ക്കണി ഗ്രില്ലില്‍ പിടിച്ചു പുറത്തേക്കു തൂങ്ങിക്കിടന്നു കരയുന്ന രണ്ടുവയസുകാരി. എന്തുചെയ്യണമെന്നറിയാതെ അലറിക്കരയുന്ന അയല്‍ക്കാര്‍. പെട്ടെന്നാണ് അത് സംഭവിച്ചത്. കൈവഴുതി കുഞ്ഞ് താഴേക്ക്. 

താഴെയുള്ളൊരു ചെറിയ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് ഒരു ചെറുപ്പക്കാരന്‍ അവളെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും അയാളുടെ കാല്‍വഴുതി. പക്ഷേ അവള്‍ വീണത് അയാളുടെ മടിയിലാണ്. ആ രക്ഷപ്പെടലിന്റെ വിഡിയോ വൈറലായതോടെ, മരണത്തിന്റെ കൈകളില്‍ നിന്ന് കുഞ്ഞിനെ തട്ടിമാറ്റിയ 31 കാരനായ ആ ഡെലിവറി ബോയ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹീറോയാണ്.

ഞായറാഴ്ച ഹനോയില്‍ ആണ് സംഭവം. ഒരു പാക്കേജ് എത്തിക്കാനെത്തിയതായിരുന്നു ഡെലിവറി ബോയ് എന്‍യുഎന്‍ എന്‍ഗോക് മാന്‍ (31). ക്ലയന്റിനെ കാത്ത് കാറിലിരുന്നപ്പോഴാണ് അടുത്തുളള കെട്ടിടത്തില്‍ നിന്ന് ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടത്. ആദ്യം അതു ശ്രദ്ധിച്ചില്ല. അമ്മ വഴക്കു പറഞ്ഞിട്ട് ഏതോ കുഞ്ഞുകരയുകയാണെന്നാണ് മാന്‍ കരുതിയത്. എന്നാല്‍ പെട്ടെന്ന് മറ്റൊരു നിലവിളി കൂടി കേട്ടു. രക്ഷിക്കണേ എന്ന് ആരോ അലറിവിളിക്കുന്നു.

ഉടന്‍തന്നെ കാറില്‍നിന്നു ചാടിയിറങ്ങിയ മാന്‍ കണ്ടത് നെഞ്ചിടിപ്പു നിന്നുപോകുന്ന കാഴ്ചയാണ്. അടുത്തുള്ള 16 നിലക്കെട്ടിടത്തിന്റെ പന്ത്രണ്ടാംനിലയുടെ ബാല്‍ക്കണിയില്‍നിന്ന് ഒരു കുഞ്ഞ് തൂങ്ങിക്കിടന്നു കരയുന്നു. അതു കണ്ട അടുത്തുള്ള കെട്ടിടത്തിലെ ആരോ ആണ് സഹായത്തിന് അലറിയത്. എന്തുചെയ്യണമെന്നറിയാതെ നിന്ന മാന്‍ പെട്ടെന്നു കാറിന്റെ മുകളില്‍ക്കയറി രണ്ടു മീറ്റര്‍ ഉയരമുള്ള സമീപത്തെ കെട്ടിടത്തിന്റെ മേല്‍ക്കൂരയിലേക്കു പിടിച്ചുകയറി.

കുഞ്ഞ് നിലത്തുവീണാല്‍ പിടിക്കാന്‍ സൗകര്യപ്രദമായ സ്ഥലം കണ്ടെത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ മേല്‍ക്കൂര വളഞ്ഞതായതിനാല്‍ അയാളുടെ കാലിടറി ഇരുന്നുപോയി. പെട്ടെന്ന് കുഞ്ഞിന്റെ പിടി വഴുതി താഴേക്കുവീണു. മാന്‍ കുട്ടിയെ പിടിക്കാന്‍ കൈനീട്ടി. കൈയില്‍ കിട്ടിയില്ലെങ്കിലും കുട്ടി അയാളുടെ മടിയിലാണ് വീണത്. 

12-ാം നിലയില്‍ നിന്നും താഴേക്ക് വീണ് 2 വയസുകാരി; ചുറ്റിലും നിലവിളി ശബ്ദങ്ങള്‍; രക്ഷകനായത് ഡെലിവറി ബോയ്; വിഡിയോ വൈറല്‍
കുഞ്ഞ് രക്ഷപ്പെട്ടെങ്കിലും വായില്‍നിന്നു ചോര വരുന്നുണ്ടായിരുന്നു. പിന്നെ മറ്റൊന്നും ആലോചിക്കാതെ മാന്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. വീഴ്ചയില്‍ കുഞ്ഞിന്റെ ഡിസ്‌ക് തെറ്റിയിരുന്നു. എങ്കിലും ജീവന് അപകടമില്ലാതെ കുഞ്ഞ് രക്ഷപ്പെട്ടതിന്റെ ആഹ്ലാദത്തിലാണ് മാതാപിതാക്കളും മാനും.

'തൂങ്ങിനില്‍ക്കുന്ന കുഞ്ഞിനെ കണ്ടപ്പോള്‍ എന്റെ രണ്ടുവയസ്സുകാരി മകളെക്കുറിച്ചാണ് ഓര്‍ത്തുപോയത്. ഒരു മിനിറ്റിനുള്ളില്‍ എല്ലാം നടന്നു. എന്താണു സംഭവിക്കുന്നതെന്നു ചിന്തിക്കാന്‍ പോലും എനിക്കു സമയം കിട്ടിയില്ല.' മാന്‍ പറയുന്നു. ഈ യുവാവിന്റെ സമയോചിതമായ പ്രവൃത്തിയുെട ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

പിഞ്ചുകുഞ്ഞിനെ മരണത്തില്‍ നിന്ന് രക്ഷിച്ചതിനുശേഷം മന്‍ഹിന്റെ സോഷ്യല്‍ മീഡിയ പേജില്‍ നിരവധി അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. 'ഞാന്‍ എന്നെ ഒരു ഹീറോ ആയി കാണാനാഗ്രഹിക്കുന്നില്ല. നല്ലതു ചെയ്യാന്‍ മാത്രമാണ് ആഗ്രഹിക്കുന്നത്' അഭിനന്ദനപ്രവാഹത്തിലും വിനയം കൈവിടാതെ മാന്‍ പറയുന്നു.

Keywords:  Girl, 2, survives fall from 12th storey balcony thanks to ‘hero’ delivery driver, America, News, Child, Social Media, Video, Lifestyle & Fashion, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia