യുഡിഎഫിന് തലവേദനയായി എലത്തൂര്‍; പ്രാദേശിക നേതാക്കളുടെ പിന്തുണയോടെ ബദല്‍ സ്ഥാനാര്‍ത്ഥി

 





എലത്തൂര്‍: (www.kvartha.com 19.03.2021) എലത്തൂര്‍ സീറ്റില്‍ യുഡിഎഫില്‍ പ്രതിസന്ധി തുടരുന്നു. യു ഡി എഫ് പ്രഖ്യാപിച്ച സുല്‍ഫീഖര്‍ മയൂരിയെ അംഗീകരിക്കില്ലെന്ന് തീരുമാനമെടുത്ത കോണ്‍ഗ്രസ് എലത്തൂര്‍ നിയോജക മണ്ഡലം സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ച് പത്രിക നല്‍കി. കെ പി സി സി നിര്‍വാഹക സമിതിയംഗം യുവി ദിനേശ് മണിക്കൊപ്പം പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ പത്രിക നല്‍കാനെത്തിയപ്പോള് യു ഡി എഫ് സ്ഥാനാര്‍ത്ഥി സുല്‍ഫീക്കര്‍ മയൂരി പൊലീസ് സംരക്ഷണയിലാണ് പത്രിക സമര്‍പിച്ച് മടങ്ങിയത്.

മാണി സി കാപ്പന്റെ എന്‍ സി കെയ്ക്ക് യു ഡി എഫ് നല്‍കിയ രണ്ടാം സീറ്റാണ് എലത്തൂര്‍. കാപ്പന്റെ അടുപ്പക്കാരനായ സുല്‍ഫീഖര്‍ മയൂരിക്ക് സീറ്റും കിട്ടി. എന്നാല്‍ എലത്തൂരിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഈ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ത്തു. മുന്നണി നേതൃത്വം തീരുമാനവുമായി മുന്നോട്ടുപോയി. ഇതോടെ എലത്തൂര്‍ കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി സ്വന്തം നിലയ്ക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ തീരുമാനമെടുത്തു. രാവിലെ നാമനിര്‍ദേശ പത്രികയും നല്‍കി. കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന്റെ ഒരു സംഘം തന്നെ ദിനേശ് മണിക്കൊപ്പം കലക്ട്രേറ്റില്‍ എത്തിയിരുന്നു.

പിന്നാലെ സുല്‍ഫീക്കര്‍ മയൂരി പത്രിക നല്‍കാന്‍ കലക്ട്രേറ്റിലെത്തി. കൂടെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളാരുമില്ല. സുല്‍ഫീക്കര്‍ മയൂരി പത്രിക സമര്‍പിക്കുമ്പോഴേക്ക് കലക്ട്രേറ്റില്‍ ദിനേശ് മണിയുടെ കൂടെയെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ സംഘടിച്ച് നിന്നു. സംഘര്‍ഷ സാധ്യത മുന്‍കൂട്ടി കണ്ട പൊലീസ് സുരക്ഷ കൂട്ടി. ഒടുവില്‍ പൊലീസ് സംരക്ഷണയില്‍ സുല്‍ഫീക്കര്‍ മയൂരി കലക്ട്രേറ്റില്‍ നിന്ന് പുറത്തേക്കുപോയി. 

യുഡിഎഫിന് തലവേദനയായി എലത്തൂര്‍; പ്രാദേശിക നേതാക്കളുടെ പിന്തുണയോടെ ബദല്‍ സ്ഥാനാര്‍ത്ഥി


കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം ഗ്രൂപ് വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി ദിനേശ് മണിയുടെ കൂടെ പ്രചാരണത്തിനിറങ്ങുമ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ കൈ മലര്‍ത്തുകയാണ് കോഴിക്കോട്ടെ യു ഡി എഫ് നേതൃത്വം. അതേസമയം ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ നീക്കം നടത്തിയാല്‍ അച്ചടക്ക നടപടിയുണ്ടാകുമെന്ന് കോഴിക്കോട് ഡി സി സി പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി.  

Keywords:  News, Kerala, State, Assembly Election, Election, Assembly-Election-2021, Police, UDF, Elathur UDF crisis; Alternative candidate with the support of local leaders
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia