കാറില്‍ വച്ച് വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ ഡിജിപി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കേസിലെ രണ്ടാം പ്രതി എസ്പിക്ക് സസ്‌പെന്‍ഷന്‍

 




ചെന്നൈ: (www.kvartha.com 11.03.2021) ഔദ്യോഗിക കാറില്‍ വച്ച് വനിതാ ഐപിഎസ് ഓഫിസറെ തമിഴ്‌നാട് പൊലീസിലെ മുന്‍ സ്പെഷല്‍ ഡിജിപി രാജേഷ് ദാസ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കേസിലെ രണ്ടാം പ്രതി എസ് പി ഡി കണ്ണനെ സസ്‌പെന്‍ഡ് ചെയ്തു. 

ഡിജിപിയുടെ ലൈംഗികാതിക്രമത്തിനു കൂട്ടുനിന്നുവെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് എസ്പിയെ മാറ്റി നിര്‍ത്താന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമിഷണര്‍ ചീഫ് സെക്രടറിക്കു രേഖാമൂലം നിര്‍ദേശം നല്‍കുകയായിരുന്നു. കേസിന്റെ ഗുരുതര സ്വഭാവം കണക്കിലെടുത്താണ് ഇടപെടല്‍. രാജേഷ് ദാസിനെതിരായ പരാതി മൂടി വയ്ക്കാന്‍ കഠിന പരിശ്രമം നടത്തിയ ചെങ്കല്‍പേട്ട് എസ് പി ഡി കണ്ണനെതിരെ തിരഞ്ഞെടുപ്പ് കമിഷനാണു നടപടി എടുത്തത്.

ഫെബ്രുവരി 21ന് കാറിനുള്ളില്‍ വച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നു മോശമായ പെരുമാറ്റം ഉണ്ടായതോടെ വനിതാ ഐപിഎസ് ഓഫിസര്‍ പെട്ടെന്നു തന്നെ കാര്‍ വിട്ടു പുറത്തിറങ്ങുകയായിരുന്നു. തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ നാടകീയമായ പല സംഭവങ്ങളും അരങ്ങേറി.

മുഖ്യമന്ത്രിയുടെ ജില്ലാതല പര്യടനത്തിനിടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന സ്‌പെഷല്‍ ഡിജിപി രാജേഷ് ദാസ് വനിതാ ഐപിഎസ് ഓഫിസറെ കാറിലേക്കു വിളിച്ചു വരുത്തി കയറിപിടിച്ചെന്നാണ് കേസ്. പരാതി പറയാനായി ഉദ്യോഗസ്ഥ ചെന്നൈയിലേക്കു വരുന്ന വഴിയില്‍ നഗരാതിര്‍ത്തിയില്‍ വച്ചു വാഹനം പിടിച്ചെടുക്കാന്‍ മുന്നില്‍ നിന്ന ആളാണ് ഡി കണ്ണന്‍. 

കാറില്‍ വച്ച് വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ ഡിജിപി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കേസിലെ രണ്ടാം പ്രതി എസ്പിക്ക് സസ്‌പെന്‍ഷന്‍


ഡിജിപിക്കെതിരെ പരാതി നല്‍കാന്‍ പോകുന്നതിനിടെ എസ്പിയുടെ നേതൃത്വത്തില്‍ 150ഓളം പൊലീസുകാരെത്തി വഴി തടയാന്‍ ശ്രമം നടത്തിയതായും പരാതിക്കാരിയുടെ ഔദ്യോഗിക കാറിന്റെ താങ്കോല്‍ ബലമായി പിടിച്ചെടുത്തു കൊണ്ടുപോയെന്നും ഡ്രൈവറെയും ഗണ്‍മാനെയും ഭീഷണിപ്പെടുത്തി കാറില്‍നിന്നു വലിച്ചിറക്കിയെന്നും ഉദ്യോഗസ്ഥ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. 

പരാതി കിട്ടിയ ഉടന്‍  ഡിജിപി രാജേഷ് ദാസിനെ സസ്‌പെന്‍ഡു ചെയ്തിരുന്നെങ്കിലും കൂട്ടുപ്രതിയായ കണ്ണനെ സംരക്ഷിക്കുന്ന നിലപാടാണു സര്‍കാര്‍ എടുത്തിരുന്നത്. വൈകാതെ പെരുമാറ്റചട്ടം നിലവില്‍ വരികയും ചെയ്തു. തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമിഷന്‍ ഇടപെട്ടത്. 

അതേസമയം ആരോപണവിധേയരായ രാജേഷ് ദാസിനെയും കണ്ണനെയും ചോദ്യം ചെയ്യാന്‍ ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ലെന്നാണ് വിവരം.

Keywords:  News, National, India, Chennai, Molestation, Molestation Attempt, Accused, Punishment, Police, Suspension, IPS Officer, DGP, EC orders suspension of SP Kannan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia