വിദ്യാര്‍ത്ഥികളില്‍ മാധ്യമങ്ങളുടെ സ്വാധീനം

 


വിദ്യാര്‍ത്ഥികളില്‍ മാധ്യമങ്ങളുടെ സ്വാധീനം ല്ല പുസ്തകങ്ങളിലൂടെയും പത്രങ്ങളിലൂടെയും റേഡിയോയിലൂടെയുമൊക്കെ വിജ്ഞാനം ആര്‍ജിച്ചിരുന്ന ഒരു പഴയ തലമുറ നമുക്കുണ്ടായിരുന്നു. നേരായ വിദ്യനേടി, നേരായ പാതയില്‍ സഞ്ചരിച്ച് ശരിയായ ലക്ഷ്യത്തിലെത്തിച്ചേര്‍ന്നിരുന്ന ആ പഴയ തലമുറ ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. മാറി മാറി വരുന്ന ടെലിവിഷന്‍ ചാനലുകളുടെ കാലവും കടന്ന് ആധുനിക ഹൈ­ടെക് സംവിധാനങ്ങളുള്ള മാധ്യമസംസ്‌കാരത്തിലേക്ക് എത്തിയിരിക്കുന്നു ഇന്നത്തെ പുതുതലമുറ. ഈ കുതിച്ചുചാട്ടം എവിടേക്കാണ്? നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

സെല്‍ഫോണും കമ്പ്യൂട്ടറും ലാപ് ടോപ്പുമൊക്കെ കളിപ്പാട്ടം പോലെ കൈകാര്യം ചെയ്യുന്ന ആധുനിക തലമുറയ്ക്ക് അവയില്ലാത്ത ലോകം സങ്കല്‍പ്പിക്കാന്‍പോലും സാധിക്കില്ല. പുതുതായി എത്തുന്ന ഹൈ­ടെക് സംവിധാനങ്ങളെ രണ്ടു കൈകളും നീട്ടി സ്വാഗതം ചെയ്യുകയാണ് ഇന്നത്തെ സൈബര്‍ തലമു­റ.

അകലങ്ങളെ ഇല്ലാതാക്കുന്ന, ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കുന്ന മൊബൈല്‍ ഫോണ്‍ ഇന്ന് ഒഴിച്ചുകൂടാനാവാത്ത ഒന്നായിത്തീര്‍ന്നിരിക്കുന്നു. ക്യാമറ, ഇന്റര്‍നെറ്റ്, ജി.പി.എസ് സംവിധാനം ഇവയെല്ലാം ഇന്ന് സെല്‍ഫോണുകളില്‍ ലഭ്യമാണ്. യാത്രയില്‍ ഉപയോഗിക്കാം എന്ന നിലയില്‍ അതിന്റെ ഉപയോഗം നന്നാണ്.

എന്നാല്‍ നമ്മുടെ വിദ്യാര്‍ത്ഥികളെ വഴിതെറ്റിക്കുന്നതില്‍ മൊബൈല്‍ഫോണുകള്‍ മുന്നിലാണ് എന്നത് ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യമാണ്. യു.പി. ക്ലാസുകള്‍ മുതല്‍ ഒളിച്ചും അല്ലാതെയും മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണം ഇന്ന് വര്‍ധിച്ചിരിക്കുന്നു. ആകര്‍ഷിക്കുന്നതെന്തും സ്വന്തമാക്കാനുള്ള മോഹം ഉള്ളില്‍ വ­ളരുന്ന കൗമാരപ്രായക്കാരെ ഇതിന്റെ ഉപയോഗം വഴി തെറ്റിക്കുന്നു.

ഒരു മിസ്ഡ് കോളില്‍ തുടങ്ങുന്ന തെറ്റായ ബന്ധങ്ങളും അശ്ശീലമെസ്സേജുകളും സ്വകാര്യതകള്‍ ഒപ്പിയെടുക്കുന്ന മൊബൈല്‍ ക്യാമറകളും അവ കൈമാറാനുള്ള ബ്ലൂടൂത്തുമൊക്കെ ചതിക്കുഴികളായി മാറി നമ്മുടെ കുഞ്ഞുങ്ങളുടെ കൂടെയുണ്ട്. ഇതിന്റെ ഫലമായി സൈബര്‍ കുറ്റകൃത്യങ്ങളും വര്‍ധിക്കുന്നു. മാതാപിതാക്കളുടെ സത്വരശ്രദ്ധ ഈ മേഖലയില്‍ ഉണ്ടാകണം. പ്ലസ്­ടു തലം വരെയെങ്കിലും കുട്ടികളുടെ മൊബൈല്‍ഫോണ്‍ ഉപയോഗം തടയാന്‍ മാതാപിതാക്കളും അധ്യാപകരും മറ്റ് ഉത്തരവാദിത്തപ്പെട്ടവരും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ഇന്ന് നമ്മുടെ കുടുംബങ്ങളുടെ ടൈംടേബിള്‍ തീരുമാനിക്കുന്നത് റിയാലിറ്റിഷോകളും അവസാനമില്ലാത്ത സീരിയലുകളുമാണ്. മനുഷ്യമനസ്സിന്റെ ആഴങ്ങളെ സ്വാധീനിക്കാന്‍ ഈ പരിപാടികള്‍ക്കു സാധിക്കുന്നു. ടി.വി. നല്ലതാണ്. നല്ലരീതിയില്‍ ഉപയോഗിച്ചാല്‍ വിജ്ജാനപ്രദമായ പല ചാനലുകളും ഇന്നുണ്ട്. പക്ഷേ അവയൊന്നും കാണാതെ കുറ്റകൃത്യങ്ങളുടെയും മാനസികവൈകല്യങ്ങളുടെയും അതിപ്രസരമുള്ള പരിപാടികള്‍ ആസ്വദിക്കാനാണ് കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇന്നിഷ്ടം. വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും ആത്മ­ഹത്യാപ്രവണതകള്‍ക്കും സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്കും ഒക്കെ അടിസ്ഥാന കാരണം യാതൊരു നിലവാരവുമില്ലാത്ത ഇത്തരം സീരിയലുകളാണ്. ചാനല്‍ സീരിയലുകളും റിയാലിറ്റിഷോകളും കാണുന്ന കുഞ്ഞുങ്ങള്‍ക്ക് പഠനത്തില്‍പോലും ശ്രദ്ധിക്കാന്‍ സാധിക്കാതെ വരുന്നതില്‍ അത്ഭുതപ്പെടേണ്ട­തില്ല!

നീതിപൂര്‍വ്വമായ മാധ്യമപ്രവര്‍ത്തനം നടത്തേണ്ട പത്രങ്ങളില്‍ അന്ന് അച്ചടിച്ചുവരുന്ന വാര്‍ത്തകള്‍ പലതും നമ്മുടെ പുതുതലമുറ നല്ല രീതിയിലാണോ സ്വീകരിക്കുന്നത് എന്ന് പരിശോധിക്കേണ്ടതുണ്ട്. കൊലപാതകപരമ്പരകളും സ്ത്രീപീഡനങ്ങളും ആത്മഹത്യകളും കവര്‍ച്ചകളുമൊക്കെ നമ്മുടെ പത്രങ്ങളെയും കീഴടക്കിയിരിക്കുന്നു. ഇത്തരം വാര്‍ത്തകള്‍ വായിച്ചുവളരുന്ന കുഞ്ഞുങ്ങള്‍ക്ക് തെറ്റായ സാമൂഹിക കാഴ്ചപാടുകളും ധാരണകളുമാണ് ഉണ്ടാകുന്നത്. ജീവിതത്തില്‍ പ്രതിസന്ധിയുണ്ടാകുമ്പോള്‍ ഇത്തരം പ്രവണതകളെ അനുകരിച്ച് ദാനമായി ലഭിച്ച ജീവിതത്തെ നശിപ്പിക്കുന്ന ഒരു വിഭാഗവും നമ്മുടെ പുതുതലമുറയില്‍ വളര്‍ന്നു വരു­ന്നു.

വിജ്ജാനത്തിന്റെ വാതായനം തുറന്നുതരുന്ന നൂതന സാങ്കേതിക വിദ്യയാണ് ഇന്റര്‍നെറ്റ്. ശക്തമായ സാമൂഹിക മാധ്യമവും പഠനോപകരണവും ജോലിസ്ഥലവുമൊക്കെയാണ് ഇന്റര്‍നെറ്റ്. ബാങ്കിംഗിനും ബിസിനസ്സിനും ഷോപ്പിംഗിനും അഡ്മിഷനും പരീക്ഷാഫലം അറിയുന്നതിനുമൊക്കെ ഇന്റര്‍നെറ്റിനെ ആശ്രയിക്കാം. ഏതു വിഷയത്തെക്കുറിച്ചുമുള്ള ആധികാരികവിവരങ്ങള്‍ തിരഞ്ഞുതരുന്ന 'ഗൂഗിളും' 'വിക്കിപീഡിയ' യുമൊക്കെ ഇന്ന് കുട്ടികള്‍ക്കും ചിരപരിചിതമായിരിക്കുന്നു.

ഇ­മെയിലും ചാറ്റിംഗുമൊക്കെ ഇന്ന് നമ്മുടെ കൊച്ചുകുട്ടികളെപ്പോലും സ്വാധീനിച്ചിരിക്കുന്നു. ഫേസ്ബുക്കില്‍ അംഗത്വമില്ലാത്തവര്‍ ഇന്ന് സ്‌കൂള്‍ വിദ്യാത്ഥികളില്‍ വളരെ കുറവാണ്. പരസ്പരം കണ്ട് ചാറ്റിംഗ് നടത്തുന്നതും ഇന്ന് ശീലമായി മാറിക്കഴിഞ്ഞു. ഈ സൗകര്യങ്ങളെല്ലാം ആധുനിക സാങ്കേതികവിദ്യ എത്രമാത്രം വികസിച്ചിരിക്കുന്നു എന്നതിന്റെ ചൂണ്ടുപലകകളാണ്. എല്ലാം നല്ലതുതന്നെ. നന്മക്കായി ഉപയോഗിച്ചാല്‍ മാത്രം.

ഇന്റര്‍നെറ്റ് സൗഹൃദങ്ങളും ചാറ്റിംഗുമൊക്കെ അതിരുവിടുന്നതായും അതിന് കൂടുതലും ഇരകളാകുന്നത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും കോളജ് വിദ്യാര്‍ത്ഥികളുമാണെന്നും സൈബര്‍ പഠനങ്ങള്‍ തെളിയിക്കുന്നു. വിജ്ജാനസമ്പാദനം നടത്തുന്നതിനു പകരം അശ്ശീല സൈറ്റുകള്‍ തിരയുന്നവരുടെ എണ്ണവും കൂടിവരുന്നു.

ഫേസ്ബുക്കിലെയും ഓര്‍ക്കുട്ടിലെയുമൊക്കെ സൗഹൃദങ്ങള്‍ പലപ്പോഴും അതിരുവിട്ട് അവിശുദ്ധ സൗഹൃദങ്ങളിലേക്ക് നയിക്കുന്നു. ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നെറ്റില്‍ പ്രദര്‍ശിപ്പിക്കുന്നതും കൊള്ളയും കൊലയും തീവ്രവാദപ്രവര്‍ത്തനങ്ങളുമെല്ലാം ഇതിന്റെ ബാക്കിപത്രങ്ങളാണ്.

സൈബര്‍ കുറ്റകൃത്യങ്ങളും അസാന്മാഗിക പ്രവര്‍ത്തനങ്ങളും അനുദിനം വര്‍ധിച്ചുവരുന്ന ഇന്നത്തെ സാഹചര്യത്തില്‍ മാതാപിതാക്കളുടെയും മുതിര്‍ന്നവരുടെയും സാന്നിധ്യത്തില്‍ മാത്രം ഇന്റര്‍നെറ്റ് ഉപയോഗിക്കണം. അശ്ശീല സൈറ്റുകള്‍ക്ക് ഗവണ്മെന്റു തലത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തണം. തങ്ങളുടെ കുഞ്ഞുങ്ങള്‍ എന്താണ് തിരയുന്നതെന്ന് മാതാപിതാക്കള്‍ തിരിച്ചറിയണം.

ആധുനിക മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന ചതിക്കുഴികള്‍ നാം തിരിച്ചറിയണം. നമ്മുടെ കുഞ്ഞുങ്ങളെ തിരുത്തേണ്ടത് മുതിര്‍ന്നവരാണ്.ആ തിരുത്തല്‍ തങ്ങളുടെ നന്മയ്ക്കുവേണ്ടിയാണെന്ന് കുട്ടികള്‍ തിരിച്ചറിയണം. നമ്മുടെ മാധ്യമങ്ങളും സാങ്കേതിക വിദ്യകളും നല്ല രീതിയില്‍ ഉപയോഗിച്ച് വിജ്ജാനം ആര്‍ജിക്കാന്‍ നമ്മുടെ പുതുതലമുറയെ നാം പ്രാപ് തരാക്ക­ണം.

വിദ്യാര്‍ത്ഥികളില്‍ മാധ്യമങ്ങളുടെ സ്വാധീനം -നിഷ മനോജ് കപ്പലു­മാക്കല്‍
(ടീച്ചര്‍, ഹോളിഫാമിലി യു.പി സ്‌കൂള്‍, ഇഞ്ചിയാനി, കോട്ടയം)

Keywords: Childrens, Life, Books, Radio, Channel, Teachers, Parents, School, Kvartha, Students, Book, Facebook, Mobile Phone, Media influence
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia