Follow KVARTHA on Google news Follow Us!
ad

പാറ്റൂര്‍: റിയല്‍ എസ്‌റ്റേറ്റ് കമ്പനി പൊതു റോഡും കയ്യേറി

118.500 സെന്റ് ഭൂമി വാങ്ങിയ റിയല്‍ എസ്റ്റേറ്റ് കമ്പനി 135.135 സെന്റ് കൈവശം വയ്ക്കുന്നുവെന്നും 1964-65 കാലത്ത് വാട്ടര്‍ അതോറിറ്റി സ്ഥാപിച്ച സ്വിവേജ് Pattoor, Land Scam, Case, Investigation, Kerala, Report, Lokayukta, Complaint.
Part 2

റിപ്പോര്‍ട്ട്/ പി എസ് റംഷാദ്

(www.kvartha.com 30/01/2015) 118.500 സെന്റ് ഭൂമി വാങ്ങിയ റിയല്‍ എസ്റ്റേറ്റ് കമ്പനി 135.135 സെന്റ് കൈവശം വയ്ക്കുന്നുവെന്നും 1964-65 കാലത്ത് വാട്ടര്‍ അതോറിറ്റി സ്ഥാപിച്ച സ്വിവേജ് പബ്ലിക് മെയിന്‍ ലൈന്‍ ഉള്‍പ്പെട്ട 20 സെന്റും ഇതില്‍പെടുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പരാതികളുടെ തുടക്കം. സ്വകാര്യഭൂമിയില്‍പെടാത്ത പൊതുറോഡും കൈയേറിയിരിക്കുന്നു, വാട്ടര്‍ അതോറിറ്റിയുടെ വക സ്ഥലം ആവൃതിമാളും ആര്‍ട്ടെക്കുംകൂടി സ്വന്തമാക്കി, പൊതുമുതല്‍ സംരക്ഷിക്കാന്‍ ചുമതലപ്പെട്ട ചീഫ് സെക്രട്ടറി മുതല്‍ മുന്‍ കലക്ടര്‍ സഞ്ജയ് കൗള്‍ വരെയുള്ളവര്‍ സ്വകാര്യ വ്യക്തികളുടെ കൈയേറ്റത്തിന് അനുകൂലമായി നിയമവിരുദ്ധ ഉത്തരവുകള്‍ പുറപ്പെടുവിച്ച് സഹായം നല്‍കി എന്നിവയായിരുന്നു പരാതിയിലെ മറ്റ് ആരോപണങ്ങള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ അഞ്ച് കാര്യങ്ങളാണ് വിജിലന്‍സ് മുഖ്യമായും അന്വേഷിച്ചത്.

ഫ്ലാറ്റ് നിര്‍മിക്കാനുള്ള അനുമതി തേടി നല്‍കിയ അപേക്ഷയില്‍ പരാമര്‍ശിച്ച മുഴുവന്‍ ഭൂമിക്കും പട്ടയമുണ്ടോ,  കെട്ടിട നിര്‍മാണ അനുമതി തേടാന്‍ ആവൃതിമാളും ആര്‍ട്ടെക്കും കൊടുത്ത പട്ടികയില്‍ ഉള്‍പ്പെട്ടെ മുഴുവന്‍ ഭൂമിയുടെയും ഉടമസ്ഥതയോ കൈവശാവകാശമോ അവര്‍ക്കുണ്ടോ, പട്ടികയില്‍പെട്ട ഭൂമിയിലും തൊട്ടടുത്തുമുള്ള സര്‍ക്കാര്‍/പുറമ്പോക്ക്മി ഏതൊക്കെയാണ്, സര്‍വേയിലെ പിഴവുകളും പൊരുത്തക്കേടുകളും എന്തൊക്കെ, പട്ടികയില്‍പെട്ട ഭൂമിക്കു സമീപമുള്ള ഓരോ സര്‍വേ സബ്ഡിവിഷനിലെയും നിയമവിധേയമായ പരിധി തെളിയിക്കാനുകതുന്ന അടിസ്ഥാന രേഖകള്‍ ഏതൊക്കെ എന്നിവയാണത്.

സംസ്ഥാന ഭരണസിരാകേന്ദ്രത്തിനു വിളിപ്പാടകലെ പതിനഞ്ചുനില സ്വകാര്യ നക്ഷത്രഫ്ലാറ്റ് നിര്‍മാണത്തിന്റെ ഭാഗമായി 30.98 സെന്റ് സര്‍ക്കാര്‍/ പുറമ്പോക്ക് ഭൂമി കൈയേറിയതായാണ് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയത്. അതിന് മൗനംകൊണ്ടും സമ്പൂര്‍ണ ഇടപെടലുകള്‍കൊണ്ടും പിന്തുണ നല്‍കിയത് ഉന്നത അധികാര കേന്ദ്രങ്ങളും. തലസ്ഥാന നഗരത്തില്‍ വഞ്ചിയൂര്‍ വില്ലേജിലെ പാറ്റൂരില്‍ ആവൃതിമാള്‍ കമ്പനി കൃത്രിമ രേഖകള്‍ ചമച്ചും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമി കൈയേറിയും ഫ്ലാറ്റ് സമുച്ചയം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ടാണ് വിവാദവും പരാതിയും ഉണ്ടായത്. സ്ഥലം ആവൃതിമാളിന്റെയും ഫ്ലാറ്റ് പദ്ധതി ആര്‍ട്ടെക്കിന്റെയുമാണ്. പദ്ധതിയുടെ പേര് പേര് ആര്‍ട്ടെക് എംപെയര്‍. ഇപ്പോഴും തടസങ്ങളില്ലാതെ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നു. രാജഗോപാലന്‍ നായര്‍ എന്നയാളുടെയും മറ്റ് മൂന്നു കുടുംബാംഗങ്ങളുടെയും ഉടമസ്ഥതയിലുണ്ടായിരുന്ന ഭൂമിയാണ് ആവൃതിമാള്‍ വാങ്ങിയത്.

സര്‍ക്കാര്‍ പുറമ്പോക്കായ 16.635 സെന്റ് കൂടി ചേര്‍ത്തായിരുന്നു കൈമാറ്റം. എന്നാല്‍ ഇതിനെതിരേ നേരത്തേ പരാതി ഉയര്‍ന്നതിനേത്തുടര്‍ന്ന് നിവേദിത പി ഹരന്റെ നിര്‍ദേശപ്രകാരം ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ സുജിത് ബാബു അന്വേഷിച്ചിരുന്നു. പരാതി ശരിയാണെന്നാണ് കണ്ടെത്തിയ റിപ്പോര്‍ട്ട് 2009 ഏപ്രില്‍ ആറിന് സമര്‍പ്പിച്ചു. വാട്ടര്‍ അതോറിറ്റിയുടെ സ്വിവേജ് പൈപ്പ് ലൈന്‍ കടന്നുപോകുന്ന സ്ഥലമായിരുന്നു അത്. ആവൃതിമാളിന് ഭൂമി വിറ്റത് റദ്ദാക്കി ഫ്ലാറ്റ് നിര്‍മാണം നിര്‍ത്തിവയ്പിക്കണം എന്നും ശുപാര്‍ശയുമുണ്ടായി. അത് നടപ്പാക്കാന്‍ കലക്ടര്‍ സഞ്ജീവ് കൗളിന് 2010 മാര്‍ച്ച് 23നു നിവേദിത പി ഹരന്‍ നിര്‍ദേശം നല്‍കി. എന്നാല്‍ ജയേഷ് സോണോജിയുമായും ടി എസ് അശോകുമായും കലക്ടര്‍ ഒത്തുകളിച്ചു. പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കുകയാണ് സഞ്ജീവ്കൗള്‍ ചെയ്തത്. ആശ്ചര്യകരം എന്നാണ് ആ നീക്കത്തെ വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വിശേഷിപ്പിക്കുന്നത്. '' പട്ടയമുള്ള ഭൂമിയില്‍ക്കൂടിയാണോ അതോ പുറത്തുകൂടിയാണോ പൈപ്പ് ലൈന്‍ കടന്നുപോകുന്നതെന്ന് നോക്കാനുള്ള ആത്മാര്‍ത്ഥമായ യാതൊരു ശ്രമവും കലക്ടറുടെ ഭാഗത്തുനിന്നുണ്ടായില്ല.

സ്വകാര്യ ഭൂമിയില്‍ക്കൂടിയാണ് പൈപ്പ് ലൈന്‍ പോകുന്നതെങ്കില്‍പോലും അത് മാറ്റി സ്ഥാപിക്കാന്‍ അദ്ദേഹത്തിനു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നുമില്ല.'' റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. കമ്പനിയുടെ ഭൂമിക്ക് അടുത്തുള്ള പുറമ്പോക്കുഭൂമി അളന്നു തിരിക്കാന്‍ അഡീഷണല്‍ തഹസീല്‍ദാര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ഈ രണ്ടു തീരുമാനങ്ങളും സംശയകരമായ അധികാര ദുര്‍വിനിയോഗമാണ് എന്ന കണ്ടെത്തലാണ് വിജിലന്‍സ് റിപ്പോര്‍ട്ടിലുള്ളത്. സഞ്ജീവ് കൗളിനെതിരേ ഇതേ കാര്യത്തില്‍ 2013ലും വിജിലന്‍സ് അന്വേഷണം നടന്നിരുന്നു.

2013 മെയ് 15ന് വിജിലന്‍സ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെയും നിര്‍ദേശങ്ങളെയുംകുറിച്ച് അടിയന്തര അന്വേഷണം നടത്താന്‍ ലാന്റ് റവന്യൂ കമ്മീഷണര്‍ എം സി മോഹന്‍ദാസിന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശം നല്‍കി. സഞ്ജീവ് കൗളിന്റെ നടപടികള്‍ നിയമവിരുദ്ധമായിരുന്നുവെന്നാണ് മോഹന്‍ദാസ് കണ്ടെത്തിയതും. അതിവേഗം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നും അദ്ദേഹം റിപ്പോര്‍ട്ട് ചെയ്തു. സ്വീവേജ് പൈപ്പ് ലൈന്‍ കടന്നുപോകുന്ന ലയിന്‍ വാട്ടര്‍ അതോറിറ്റിയുടെ സഹായത്തോടെ അളന്നു തിട്ടപ്പെടുത്താന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കുക, പൈപ്പ് ലൈന്‍ കടന്നുപോകുന്നതിന്റെ ഉപരിതലത്തില്‍ ഇരുവശവും അഞ്ച് മീറ്റര്‍ ഭാഗത്ത് യാതൊരു നിര്‍മാണപ്രവര്‍ത്തനവും നടത്താതെ സംരക്ഷിക്കുക, കമ്പനിയുടെ തുടര്‍കൈയേറ്റം തടയുന്നതിന് വാട്ടര്‍ അതോറിറ്റി മതില്‍കെട്ടി വസ്തുവകകള്‍ സംരക്ഷിക്കുക, വിവാദഭൂമിയോടു ചേര്‍ന്നുകിടക്കുന്ന സര്‍ക്കാര്‍ ഭൂമി അളന്നു തിട്ടപ്പെടുത്തുക, കൈയേറിയ ഭൂമി തിരിച്ചുപിടിക്കുക എന്നീ ശുപാര്‍ശകളാണ് 2013 ആഗസ്റ്റ് 31നു സമര്‍പ്പിച്ച ആ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇതൊന്നും നടപ്പില്‍ വന്നില്ല.

അഞ്ചരമാസം കഴിഞ്ഞ് കഴിഞ്ഞ ഫെബ്രുവരി 18ന് ഇതേ വിഷയത്തില്‍ ലാന്റ് റവന്യൂ കമ്മീഷണര്‍ എം സി മോഹന്‍ദാസ് ചെയര്‍മാനും വാട്ടര്‍ അതോറിറ്റി എംഡി, സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് ഡയറക്ടര്‍ എന്നിവര്‍ അംഗങ്ങളുമായി റവന്യൂ വകുപ്പ് ഒരു സമിതി രൂപീകരിച്ചു. പുറമ്പോക്ക് കൈയേറ്റവും വിവാദ നിര്‍മാണപ്രവര്‍ത്തനവും ഭൂമിയുടെ ഉടമസ്ഥാവകാശവും സംബന്ധിച്ച് അന്വേഷിക്കാനായിരുന്നു ഇത്. സ്ഥലപരിശോധന നടത്തി ഏപ്രില്‍ 23ന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇതേ ലാന്റ് റവന്യൂ കമ്മീഷണര്‍ നേരത്തെ നല്‍കിയ റിപ്പോര്‍ട്ടില്‍ നിന്നു പാടേവ്യത്യസ്ഥമായിരുന്നു. ആവൃതിമാളും ആര്‍ട്ടെക്കും ചെയ്തതിനും ചെയ്തുകൊണ്ടിരിക്കുന്നതിനും നിയമപരിരക്ഷ നല്‍കുന്ന റിപ്പോര്‍ട്ട് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ കടന്നുപോകുന്ന സ്ഥലത്ത് പുറമ്പോക്ക് ഭൂമി ഇല്ലെന്നു പറഞ്ഞുവയ്ക്കുന്നതായിരുന്നു. പിന്നെയാണ് അതുവരെ ചെയ്തതിനെയൊക്കെ മറികടക്കുന്ന വലിയ സഹായം ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്കു നല്‍കുകയും സര്‍ക്കാരിനെയും ജനത്തെയും കബളിപ്പിക്കുകയും ചെയ്യുന്ന നടപടി ഉണ്ടായത്. മെയ് അഞ്ചിന് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി സത്യജിത് രാജന്‍ ഒരു ഉത്തരവ് ഇറക്കി. മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് ശരിവയ്ക്കുന്നുവെന്നും അതുകൊണ്ട് സ്വിവേജ് പൈപ്പ് ലൈന്‍ അവിടെനിന്ന് മാറ്റി സ്ഥാപിക്കാനുള്ള അടിയന്തര നടപടികള്‍ വാട്ടര്‍ അതോറിറ്റി എംഡി സ്വീകരിക്കണമെന്നുമായിരുന്നു അതിന്റെ കാതല്‍. ചെലവ് സ്വകാര്യ ഭൂവുടമ നിര്‍വഹിക്കണം എന്നൊരു മഹാ ഉപാധിയും വച്ചു. കൂടുതല്‍ ഭൂമിയെങ്ങാനും അവരുടെ കൈയില്‍ പെട്ടുപോയിട്ടുണ്ടോ എന്നറിയാന്‍ സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്‌സ് ഡയറക്ടര്‍ ഒരു സര്‍വേ നടത്തണമെന്നം; ചീഫ് സെക്രട്ടറിയുടെ അനുമതി ഇതിനുണ്ടെന്നും 15 ദിവസത്തിനുള്ളില്‍ ഇക്കാര്യങ്ങള്‍ നടപ്പാക്കണമെന്നും അടിയന്തരമായ തുടര്‍നടപടികള്‍ക്ക് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ മേല്‍നോട്ടം വഹിക്കണമെന്നുംകൂടി നിര്‍ദേശിക്കുകയും ചെയ്തു. കാര്യങ്ങള്‍ ആ വഴിക്കുതന്നെ നടന്നു.

'' ഈ വിഷയത്തെ സംബന്ധിച്ച ആരോപണങ്ങള്‍ ഞാന്‍ നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ അങ്ങനെയൊരു ഉത്തരവിനേക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് ഇപ്പോഴത്തെ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞത്. റവന്യൂ വകുപ്പിന്റെ ഫയലില്‍ മന്ത്രി അറിയാതെ എങ്ങനെയാണ് ചീഫ് സെക്രട്ടറി ഉത്തരവിട്ടത്?'' പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ചോദിക്കുന്നു. വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ആ സാഹചര്യത്തേക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. റവന്യൂ മന്ത്രി അറിയാതെ രണ്ടു മാസത്തിലേറെ ഫയല്‍ കൈവശംവച്ച ശേഷം മുഖ്യമന്ത്രി ആ ഫയല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറുകയായിരുന്നു. ''ചീഫ് സെക്രട്ടറിയുടെ നിര്‍ദേശമനുസരുച്ചാണ് പൈപ്പ് ലൈന്‍ മാറ്റിയിടാന്‍ നടപടിയെടുത്തതെന്നാണ് വാട്ടര്‍ അതോറിറ്റി എംഡി പരസ്യമായിപ്പറഞ്ഞത്.'' വി എസ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ അങ്ങനെയൊരു നിര്‍ദേശം അനുസരിക്കാതിരിക്കാനുള്ള വിവേചനാധികാരം കേരള വാട്ടര്‍ സപ്ലൈ ആന്‍ഡ് സ്വിവറേജസ് ആക്റ്റ് പ്രകാരം എംഡിക്ക് ഉണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് സംശയരഹിതമായി വിശദീകരിക്കുന്നു. ''ഇക്കാര്യത്തില്‍ അന്തിമ ഉത്തരവ് നല്‍കാനുള്ള അധികാരം ജലവിഭവ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും മന്ത്രിക്കുമാണ്. അതുകൊണ്ടുതന്നെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ നിയമവിരുദ്ധവും സ്വേഛാപരവും യുക്തിരഹിതവുമാണ്.''എന്നു വ്യക്തമാക്കുന്ന വിജിലന്‍സ്, അത് അധികാര ദുര്‍വിനിയോഗവും അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 13(1)(ഡി)യുടെ പരിധിയില്‍ വരുന്ന കുറ്റകൃത്യവുമാണെന്ന് വിശദീകരിക്കുന്നു. താന്‍ ചെയ്യരുതാത്ത ഒന്നിനുവേണ്ടി തന്റെ പദവി ദുരുപയോഗം ചെയ്യലാണിത്.
Pattoor, Land Scam, Case, Investigation, Kerala, Report, Lokayukta, Complaint.

ജലവിഭവ മന്ത്രിയെയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും 'ഇരുട്ടില്‍ നിര്‍ത്തി'യാണ് വാട്ടര്‍ അതോറിറ്റിയുടെ കാര്യത്തില്‍ റവന്യൂ മന്ത്രിയും പിന്നീട് മുഖ്യമന്ത്രിയും തീരുമാനമെടുത്തതെന്ന അതീവ ഗുരുതരമായ കണ്ടെത്തലും നടത്തിയിട്ടുണ്ട് വിജിലന്‍സ്. മുഖ്യമന്ത്രിക്കും നഗരകാര്യ മന്ത്രിക്കും ജലവിഭവ മന്ത്രിക്കും റവന്യൂ മന്ത്രിക്കും റിയല്‍ എസ്റ്റേറ്റ് കമ്പനി നിവേദനം നല്‍കിയിരുന്നു. ഹൈക്കോടതി പറഞ്ഞാലും വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് വാട്ടര്‍ അതോറിറ്റിയുടേതുതന്നെയാണ് എന്ന ഉറച്ച നിലപാടാണ് ജലവിഭവ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വീകരിച്ചത്. ഈ തീരുമാനം അദ്ദേഹം കലക്ടറെയും വാട്ടര്‍ അതോറിറ്റി എംഡിയെയും അറിയിക്കുകയും ചെയ്തു. പിന്നീട് ജലവിഭ വകുപ്പില്‍ നിന്ന് ഫയല്‍ റവന്യൂ വകുപ്പിലേക്ക് വിളിച്ചുവരുത്തി. പൈപ്പ്‌ലൈന്‍ മാറ്റാന്‍ അതിനുശേഷം എടുത്ത തീരുമാനത്തില്‍ ജലവിഭവ വകുപ്പ് പങ്കാളിയായുമില്ല എന്നാണ് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയത്. അടുത്ത ഖണ്ഡികയിലാണ് വിജിലന്‍സ് സുപ്രധാനവും സംസ്ഥാന ഭരണത്തെ ഇളക്കാന്‍ ശേഷിയുള്ളതുമായ ആ വെളിപ്പെടുത്തല്‍ നടത്തുന്നത്: 'സംസ്ഥാന ഭരണത്തിന്റെ ഉന്നതതലത്തിലുള്ള നിര്‍വ്വഹണാധികാരിയുടെ ഇടപെടല്‍ ഉണ്ടായി.' റിപ്പോര്‍ട്ടിലെ മറ്റു ഭാഗങ്ങളേക്കാള്‍ പ്രാധാന്യം നല്‍കി ബോള്‍ഡ് ആയി രേഖപ്പെടുത്തിയിരിക്കുന്നു ഇത്. ഓരോ അധികാര കേന്ദ്രങ്ങളുടെയും ഉദ്ദേശ്യം അവരുടെ ഫയല്‍ കുറിപ്പുകളില്‍ നിന്നു വ്യക്തമായി മനസ്സിലാക്കാനാകും എന്ന് റവന്യൂ, ജലവിഭ വകുപ്പുകളുടെ ബന്ധപ്പെട്ട ഫയലുകളെ പരാമര്‍ശിച്ച് വിജിലന്‍സ് കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു. പൈപ്പ്‌ലൈന്‍ മാറ്റിയിടുന്ന കാര്യത്തില്‍ അടിയന്തരമായി ( ശാാലറശമലേഹ്യ) നടപടിയെടുക്കാനാണ് റവന്യൂ മന്ത്രിയും ചീഫ് സെക്രട്ടറിയും നിര്‍ദേശിച്ചതെന്നും ബോള്‍ഡായിത്തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട് വിജിലന്‍സ്.

അങ്ങനെ അടിയന്തര സ്വഭാവം കാണിക്കാന്‍, പെട്ടെന്നുള്ള ക്രമസാധാന പ്രശ്‌നമോ പ്രകൃതി ദുരന്തമോ പോലുള്ള അടിയന്തര സാഹചര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല ഇതെന്നും ആഡംബര ഫ്ലാറ്റിന്റെയും വാണിജ്യ സമുച്ചയത്തിന്റെയും നിര്‍മാണവും ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട കാര്യമാണെന്ന് ഓര്‍മിപ്പിക്കുകയും ചെയ്യുന്നു. ''പൈപ്പ് ലൈന്‍ മാറ്റണമെന്ന ആര്‍ട്ടെക്കിന്റെ അപേക്ഷ വാട്ടര്‍ അതോറിറ്റിക്ക് 2008ല്‍ തന്നെ കിട്ടിയിരുന്നു. ഭൂമിയുടെ തര്‍ക്കവുമായി ബന്ധപ്പെട്ട എഴുത്തുകുത്തുകള്‍ നടക്കുന്നതേയുണ്ടായിരുന്നുള്ളു. സ്വാധീനത്തിനോ സമ്മര്‍ദത്തിനോ വഴങ്ങി നയപരമായ കാര്യങ്ങളില്‍ പക്ഷപാതപരമായ തീരുമാനങ്ങളോ നടപടികളോ എടുത്തിരിക്കുന്നുവെന്നാണ് മനസിലാക്കാനാകുന്നത്.''

പൈപ്പ് ലൈന്‍ മാറ്റുന്നതിനെതിരേ ജലവിഭവ വകുപ്പ് ശക്തമായ നിലപാടെടുക്കുകയും ഫ്ലാറ്റ് നിര്‍മാതാവിന്റെ ഭൂമി കൈയേറ്റത്തെക്കുറിച്ച് ലാന്റ് റവന്യൂ കമ്മീഷണര്‍ ആദ്യം നല്‍കിയ റിപ്പോര്‍ട്ടില്‍ റവന്യൂ വകുപ്പിന് ഉത്കണ്ഠയുണ്ടായിരിക്കുകയും ചെയ്തിരിക്കെയാണ് റവന്യൂ മന്ത്രിയുടെ ചുമതലയുണ്ടായിരുന്ന തിരുവഞ്ചൂര്‍ ഈ വിഷയം മുഖ്യമന്ത്രിക്ക് കൈമാറിയത്. ഭരണപരമായ നടപടിക്രമവും അതായിരുന്നു. പക്ഷേ, ജലവിഭവ വകുപ്പിന്റെ ഫയലുംകൂടി വിളിച്ചുവരുത്തിയിരുന്ന റവന്യൂവകുപ്പ് രണ്ടു ഫയലും ഒന്നിച്ചാക്കി. ജലവിഭവ മന്ത്രിക്ക് വിയോജിപ്പുണ്ടെങ്കില്‍ അത് ഭരണപരമായ നടപടിക്രമമനുസരിച്ച് റവന്യൂവിന്റെ ചുമതല വഹിക്കുന്ന മന്ത്രിയെ അറിയിക്കാം. വിഷയം മുഖ്യമന്ത്രിയുടെയ മന്ത്രിസഭയുടെയോ പരിഗണനയ്ക്കു വിടുകയുമാകാം. ഒന്നിലധികം വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ രണ്ടു വകുപ്പുകള്‍ക്കും പുറത്തുനിന്ന് പരിഹാരം തേടുകയെന്നത് സെക്രട്ടറിയേറ്റ് മാന്വല്‍ പ്രകാരം നിര്‍ബന്ധമാണ്. മാത്രമല്ല, തീരുമാനമെടുക്കേണ്ടത് ബന്ധപ്പെട്ട കാര്യത്തില്‍ ഭരണപരമായ ചുമതലയുള്ള വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കണം. അതിനു മുമ്പ് ആ വകുപ്പ് വിജിലന്‍സ് വകുപ്പുമായി കൂടിയാലോചിക്കുകയും വേണം. ഇവിടെ ഭരണപരമായ ചുമതലയുള്ള വകുപ്പ് ജലവിഭവ വകുപ്പാണ്. തീരുമാനമെടുത്തത് അവരല്ലെന്നുമാത്രം.
നിര്‍മാണപ്രവര്‍ത്തനമൊന്നു നിര്‍ത്തിവയ്പ്പിക്കുന്നതിന് നിര്‍ദേശം നല്‍കാന്‍ 18 മാസമെടുത്തതിനേക്കുറിച്ചും വിജിലന്‍സ് ചൂണ്ടിക്കാണിക്കുന്നു. തീരുമാനമെടുക്കുന്നതിനും ഫലപ്രദമായ ആശയവിനിമയം നടത്തുന്നതിനും ഭരണതലത്തില്‍ ഉണ്ടാകുന്ന കാരണമില്ലാത്ത താമസത്തിന് ഉദാഹരണമായാണ് റിപ്പോര്‍ട്ടില്‍ ഇതിനേക്കുറിച്ചു പറയുന്നത്. ഒരുതരത്തിലുള്ള നിര്‍മാണപ്രവര്‍ത്തനവും തുടരരുതെന്ന് ആവശ്യപ്പെടുന്ന റവന്യൂ വകുപ്പിന്റെ 2010 മാര്‍ച്ച് 23ന്റെ കത്തിന്മേല്‍ തീരുമാനമെടുക്കുന്നതാണ് അനന്തമായി വൈകിയത്. ഭൂമി കൈമാറ്റം റദ്ദാക്കാന്‍ നിര്‍ദേശിച്ച് 2009ല്‍ ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറല്‍ നല്‍കിയ കത്തിലും തീരുമാനം വൈകി. ഈ രണ്ടു താമസങ്ങളും സ്വകാര്യ ഫ്ലാറ്റ് നിര്‍മാതാവിന് നിര്‍മാണം വളരെയേറെ മുന്നോട്ടുകൊണ്ടുപോകാന്‍ സഹായകമായി. ഇത് പൊതുതാല്‍പര്യത്തിന് വിരുദ്ധമാണെന്നും അതിനിടയാക്കിയത് പൊതുതാല്‍പര്യം സംരക്ഷിക്കേണ്ടവര്‍ തന്നെയാണെന്നും വിജിലന്‍സ് നിരീക്ഷിക്കുന്നു.

കടപ്പാട്: സമകാലികം മലയാളം വാരിക

Part 1:
പാറ്റൂര്‍: നീതി നടപ്പാക്കേണ്ടവര്‍ പ്രതികളാകുമ്പോള്‍

Part 3:
പാറ്റൂര്‍: വിജിലന്‍സ് സംഘം കണ്ടെത്തിയത് ഞെട്ടിക്കുന്ന തെളിവുകള്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Pattoor, Land Scam, Case, Investigation, Kerala, Report, Lokayukta, Complaint.

Post a Comment