Follow KVARTHA on Google news Follow Us!
ad

പാറ്റൂര്‍: വിജിലന്‍സ് സംഘം കണ്ടെത്തിയത് ഞെട്ടിക്കുന്ന തെളിവുകള്‍

അഴിമതി നിരോധന നിയമത്തിലെ മൂന്നു വകുപ്പുകള്‍ കൃത്യമായും ബാധകമായ ഇടപാടുകളാണ് പാറ്റൂരിലേതെന്നാണ് വിജിലന്‍സ് സംഘം കണ്ടെത്തിയത്. Pattoor, Land Scam, Case, Investigation, Kerala, Report, Lokayukta, Complaint.
Part 3

റിപ്പോര്‍ട്ട്/ പി എസ് റംഷാദ്

(www.kvartha.com 30/01/2015) അഴിമതി നിരോധന നിയമത്തിലെ മൂന്നു വകുപ്പുകള്‍ കൃത്യമായും ബാധകമായ ഇടപാടുകളാണ് പാറ്റൂരിലേതെന്നാണ് വിജിലന്‍സ് സംഘം കണ്ടെത്തിയത്. ഒന്നാമതായി, സ്വന്തം നിലയിലോ മറ്റുള്ളവര്‍ക്കോ സാമ്പത്തികമോ അതുപോലെ മൂല്യമുള്ളതോ ആയ നേട്ടമുണ്ടാക്കുന്നതിനു വേണ്ടി വഴിവിട്ടു ചെയ്യുന്നത് അഴിമതിയായാണ് കണക്കാക്കുന്നത്. മറ്റൊന്ന്, സ്വന്തമായോ മറ്റുള്ളവര്‍ക്കോ മേല്‍പ്പറഞ്ഞതുപോലുള്ള നേട്ടമുണ്ടാക്കാന്‍ പൊതുപദവി ദുരുപയോഗം ചെയ്യുന്നതാണ്. യാതൊരു പൊതുജനതാല്‍പര്യവും ഇല്ലാത്ത കാര്യമാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ പൊതുസേവകന്‍ തന്റെ പ്രവര്‍ത്തനമണ്ഡലം മേല്‍പ്പറഞ്ഞതുപോലുള്ള നേട്ടങ്ങള്‍ക്ക് വിനിയോഗിക്കുന്നതാണ് മൂന്നാമത്തേത്. ഇവിടെ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ മാറ്റി സ്ഥാപിച്ചതിനു പിന്നില്‍ റിയല്‍ എസ്റ്റേറ്റ് കമ്പനി ഉടമയുടെയും ഫ്ലാറ്റ് നിര്‍മാതാവിന്റെയും താല്‍പര്യം മാത്രമാണ് സംരക്ഷിക്കപ്പെട്ടത്.

അതുകൊണ്ട് ഈ റിപ്പോര്‍ട്ടിനെ ഒരു അന്വേഷണ റിപ്പോര്‍ട്ടായി പരിഗണിച്ച് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ കേസെടുക്കണമെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട 'ലളിത കുമാരിയും യുപി സര്‍ക്കാരും തമ്മിലുള്ള കേസില്‍' സുപ്രീംകോടതി 2013 നവംബര്‍ 12നു പുറപ്പെടുവിച്ച വിധി ഈ കേസിലും ബാധകമാക്കണം. പ്രാഥമികാന്വേഷണത്തില്‍ തെളിവു കണ്ടെത്തിയാല്‍ കേസെടുക്കാന്‍ വൈകരുതെന്നാണ് ആ വിധി. നേരത്തേ സസ്‌പെന്‍ഷനിലായ രണ്ടു നഗരകാര്യ വകുപ്പ് ഉദ്യോഗസ്ഥരെയും ജയേഷ് സോണോജി, ടി എസ് അശോക് എന്നിവരെയും പ്രതികളാക്കി കേസ് രജിസ്റ്റര്‍ ചെയ്യുകയും കുറ്റകരമായ വീഴ്ചകള്‍ വരുത്തിയ കൂടുതല്‍ ഉദ്യോഗസ്ഥരെ തുടരന്വേഷണത്തിനിടയിലോ ലോകായുക്ത തീരുമാനിക്കുന്ന മുറയ്‌ക്കോ പ്രതികളാക്കുകയും വേണമെന്ന് വിജിലന്‍സ് സംഘം ശുപാര്‍ശ ചെയ്യുന്നു. എന്നാല്‍ ''ലോകായുക്ത ഈ റിപ്പോര്‍ട്ട് കൈവശംവച്ചുകൊണ്ടിരുന്നു. ഒടുവില്‍ കഴിഞ്ഞ ദിവസം അതു പുറത്തുവന്നു. എന്നിട്ടും കുറ്റക്കാര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സ് എന്തുകൊണ്ടാണ് തയ്യാറാകാത്തത്?'' വി എസ് അച്യുതാനന്ദന്‍ ചോദിക്കുന്നു. പാറ്റൂരില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയതിനെക്കുറിച്ച് വി എസ് നിയമസഭയില്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അത് പൂര്‍ണമായി നിഷേധിക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹം നയിക്കുന്ന സര്‍ക്കാരിനു കീഴിലുള്ള വിജിലന്‍സ് സംഘമാണ് 30.98 സെന്റ് സര്‍ക്കാര്‍ ഭൂമി സ്വകാര്യ കെട്ടിട നിര്‍മാതാക്കളും റിയല്‍ എസ്റ്റേറ്റുകാരും കൈയേറിയതായി കണ്ടെത്തിയിരിക്കുന്നത്.

ഒരുഘട്ടത്തില്‍ ഫ്ലാറ്റ് നിര്‍മാണം ഹൈക്കോടതി നിര്‍ത്തിവയ്പിച്ചിരുന്നു. ഫ്ലാറ്റ് നിര്‍മാതാക്കള്‍ ഹൈക്കോടതിയില്‍ നിന്നുതന്നെ അതിനു സ്‌റ്റേ വാങ്ങി. പക്ഷേ, കോടതി അന്ന് ഒരു കാര്യംകൂടി നിര്‍ദേശിച്ചിരുന്നു: ലോകായുക്തയ്ക്ക് തുടര്‍നടപടികളും സാഹചര്യങ്ങളും നിരീക്ഷിച്ച് ഉചിതമായതു ചെയ്യാം. കൈയേറ്റത്തിന്റെ വിശദാംശങ്ങളും നിയമവിരുദ്ധ ഇടപെടലുകളും വരച്ചുകാട്ടുന്ന ബ്ലൂപ്രിന്റു പോലെയാണ് വിജിലന്‍സ് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ലോകായുക്തയ്ക്ക് കിട്ടിയിരിക്കുന്നത്. എന്നിട്ടും രാപ്പകലില്ലാതെ ഫ്ലാറ്റ് നിര്‍മാണം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. പ്രധാനപ്പെട്ട പല രേഖകളും രജിസ്റ്ററുകളും നഷ്ടപ്പെട്ടതായി അന്വേഷണത്തിനിടെ മനസ്സിലായതായി അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നു. വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ മാറ്റ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിവാദ ഫയല്‍ ഉദാഹരണം. അത് എംഡി തന്നെയാണ് മാറ്റിയതെന്ന് വ്യക്തമാക്കുന്ന പരാതികള്‍ അതോറിറ്റിക്കുള്ളിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നുതന്നെ സര്‍ക്കാരിനു ലഭിച്ചിരുന്നു. അതിന്റെ പകര്‍പ്പും വിജിലന്‍സ് റിപ്പോര്‍ട്ടിനൊപ്പമുണ്ട്. ഇക്കാര്യങ്ങള്‍ ക്രൈബ്രാഞ്ച് കേസെടുത്ത് അന്വേഷിക്കണമെന്നും ശുപാര്‍ശയുണ്ട്. ക്രിമിനല്‍ ഗൂഡാലോചന അടക്കം ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 14ഓളം വകുപ്പുകള്‍ പ്രകാരം കേസെടുക്കാനാണ് ശുപാര്‍ശ. സത്യം കണ്ടെത്താന്‍ സഹായമാകാവുന്ന രേഖകളാണ് നഷ്ടപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തിരിക്കുന്നത്. കാര്‍ബണ്‍ ഡേറ്റിംഗ് ടെക്‌നിക്, എഫ്എസ്എല്‍ എക്‌സ്‌പേര്‍ട്ട് സ്‌ക്രൂട്ടിനി തുടങ്ങിയ ശാസ്ത്രീയ അന്വേഷണ രീതികള്‍ സ്വീകരിക്കേണ്ടത് സത്യങ്ങള്‍ വെളിപ്പെടാന്‍ അത്യാവശ്യമാണ്. അന്വേഷണ സംഘം ചൂണ്ടിക്കാണിക്കുന്നു.

 അന്വേഷണത്തിനിടെ വെളിപ്പെട്ടതും ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തപ്പെടേണ്ടതുമായ ഗൗരവതരമായ മറ്റു കുറ്റകൃത്യങ്ങളേക്കുറിച്ച് ശാസ്ത്രീയ രീതികളുടെ സഹായത്തോടെ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നാണ് മറ്റൊരു ശുപാര്‍ശ. സര്‍ക്കാര്‍ ഭൂമി കൈയേറിയ കുറ്റത്തിന് ജയേഷ് സോണോജിക്കും ടി എസ് അശോകനുമെതിരേ കേരള ലാന്‍ഡ് കണ്‍സര്‍വേറ്ററി ആക്റ്റ് പ്രകാരം കേസെടുക്കണമെന്ന് റവന്യൂ വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരിക്കെ നിവേദിത പി ഹരന്‍ നല്‍കിയ നിര്‍ദേശം ഇനിയും നടപ്പായിട്ടില്ലെന്ന് വിജിലന്‍സ് ഓര്‍മിപ്പിക്കുന്നു. 2011ല്‍ വില്ലേജ് ഓഫീസറാണ് ഇതിനു ശുപാര്‍ശ ചെയ്തത്. 2011 ഡിസംബര്‍ 24ന് നല്‍കിയ കെട്ടിട നിര്‍മാണാനുമതിയും 2014ല്‍ ജൂണ്‍ 17നു നല്‍കിയ പുതുക്കിയ അനുമതിയും റദ്ദുചെയ്യാന്‍ തിരുവനന്തപുരം നഗരസഭാ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കണം. സര്‍ക്കാര്‍ ഭൂമി കൈയേറി കെട്ടിട നിര്‍മാണച്ചട്ടങ്ങളും നീര്‍ത്തട- വയല്‍ സംരക്ഷണ നിയമവും ലംഘിച്ച് നടത്തിയ നിര്‍മാണമായതിനാലാണിത്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസുകള്‍ തീരുകയും അവര്‍ക്ക് അര്‍ഹമായത് തിരിക്കുകയും കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ പരിഹരിക്കുകയും ചെയ്യുന്നതുവരെ കെട്ടിടം മൂന്നാം കക്ഷിക്ക് കൈമാറണം. കേരള സ്‌റ്റേറ്റ് പൊലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് അതിനു യോജിച്ചത്. സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റങ്ങള്‍ കണ്ടെത്താന്‍ റവന്യൂ വകുപ്പ് ഇപ്പോള്‍ പാറ്റൂരില്‍ നടത്തുന്ന റീസര്‍വേ നീട്ടിവയ്ക്കണം.
Pattoor, Land Scam, Case, Investigation, Kerala, Report, Lokayukta, Complaint.

സര്‍വേ ആധികാരികമായിരിക്കണമെങ്കില്‍ ഭൂമിയുടെ യഥാര്‍ത്ഥ രേഖകള്‍ കൂടിയേ തീരൂ എന്നതിനാലാണിത്. ഓരോ സര്‍വേ സബ്ഡിവിഷനുകളുടെയും അതിര്‍ത്തികള്‍ ശരിയായി നിര്‍ണയിക്കുന്നതിന് സര്‍വേ ഓഫ് ഇന്ത്യ തിരുവനന്തപുരം സര്‍ക്കിളോ ഡയറക്ടറേറ്റ് ഓഫ് സര്‍വേയുടെ വിജിലന്‍സ് വിംഗോ മുഖേന ആധുനിക സര്‍വേ നടത്തുക, സര്‍ക്കാര്‍ ഭൂമിയിലെ കൈയേറ്റവും നീര്‍ത്തടപ്രദേശങ്ങളില്‍ വന്‍കിട ബില്‍ഡര്‍മാരുടെ നിര്‍മാണപ്രവര്‍ത്തനങ്ങളും ഫലപ്രദമായി തടയാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായ അഞ്ചംഗ സമിതിയുടെ സൂക്ഷ്മപരിശോധനയ്ക്ക് വമ്പന്‍ കെട്ടിടങ്ങളുടെ നിര്‍മാണാനുമതി നല്‍കണുക എന്നീ ശുപാര്‍ശകളുമുണ്ട്. റവന്യൂ - ജലവിഭവ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, നിയമ സെക്രട്ടറി, പരിസ്ഥിതി സെക്രട്ടറി എന്നിവരായിരിക്കണം അതിലെ മറ്റംഗങ്ങള്‍.

2013ല്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ നടപ്പാക്കിയ പബ്ലിക് ഗവേണന്‍സ്, പെര്‍ഫോമന്‍സ് ആന്‍ഡ് അക്കൗണ്ടബിലിറ്റി ആക്റ്റ് മാതൃകയില്‍ കേരളത്തിലും നിയമം നിര്‍മിച്ചു നടപ്പാക്കണമെന്ന് ജേക്കബ് തോമസ് അന്വേഷണ സംഘം ശുപാര്‍ശ ചെയ്യുന്നു. സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ സേവനാവകാശ നിയമത്തിന്റെ മാതൃകയില്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മൗലികമായ ആറ് പൊതു ചുമതലകള്‍ ഏകോപിപ്പിക്കുന്നതിന് 'ജനറല്‍ ഡ്യൂട്ടീസ് ആന്‍ഡ് അക്കൗണ്ടബിലിറ്റി ആക്റ്റ്' നടപ്പാക്കണം.

എല്ലാ തീരുമാനങ്ങളിലും നടപടികളിലും ജാഗ്രതയും ശുഷ്‌കാന്തിയും പാലിക്കാനുള്ള ചുമതല, പ്രവര്‍ത്തനങ്ങള്‍ സത്യസന്ധവും ഉചിതമായ കാര്യത്തിനു മാത്രവുമായിരിക്കുന്നതിനുള്ള ചുമതല, പദവി നല്‍കുന്ന ബന്ധങ്ങള്‍ നല്ലതിന് ഉപയോഗിക്കാനുള്ള ചുമതല, പൊതുതാല്‍പര്യത്തിനുവേണ്ടി വിവരങ്ങള്‍ ആവശ്യപ്പെടാനും ഉപയോഗിക്കുകയും ചെയ്യാനുള്ള ചുമതല, താല്‍പര്യങ്ങള്‍ പുറത്തുകൊണ്ടുവരാനുള്ള ചുമതല, പൊതുമുതലും വിഭവങ്ങളും സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ചുമതല എന്നിവയാണ് അവ. ഭാവിയില്‍ ഇത്തരം സംഭവങ്ങളും ഇടപാടുകളും ഉണ്ടാകാതിരിക്കാന്‍ ഇതാവശ്യമാണെന്ന് അന്വേഷണ സംഘം നിരീക്ഷിക്കുന്നു. എല്ലാവരും സ്വന്തം താല്‍പര്യങ്ങള്‍ക്കുവേണ്ടി മാത്രം നിലകൊള്ളുകയും മുന്നിലെ ഫയലില്‍ ലഭ്യമായ വിവരങ്ങളെ മറികടക്കുകയും ചെയ്യുമ്പോള്‍ ബലികഴിക്കപ്പെടുന്നത് പൊതുതാല്‍പര്യമാണ്. അതുകൊണ്ട് ഭരണപരമായ നടത്തിപ്പില്‍ ഫലപ്രദമായ ഏകോപനം വേണം. അങ്ങനെയില്ലാതിരിക്കുമ്പോള്‍ ഭരണപരമായ തീരുമാനങ്ങള്‍ സാധാരണക്കാരനു ദുരന്തമായി മാറുന്നു- വിജിലന്‍സ് സംഘത്തിന്റെ നിരീക്ഷണം.

സ്വന്തം മുദ്ര പതിപ്പിക്കാനുള്ള ആവേശത്തോടെ, നടക്കാത്ത കാര്യങ്ങളേക്കുറിച്ചു വെറുവാക്കുകള്‍ പറയുകയല്ല എഡിജിപി ജേക്കബ് തോമസും അദ്ദേഹത്തിനൊപ്പം അന്വേഷണ സംഘത്തിലുണ്ടായിരുന്നവരും. ലോകായുക്ത ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയിലെ സൂപ്രണ്ട് കെ ബി രവി, മ്യൂസിയം സിഐ ജി എല്‍ അജിത്ത്കുമാര്‍, വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയിലെ ഇന്‍സ്‌പെക്ടര്‍ പി ആര്‍ സരീഷ്, കന്റോണ്‍മെന്‍് അസിസ്റ്റന്റ് കമ്മീഷണര്‍ റെജി ജേക്കബ് എന്നിവരെ എഡിജിപി തന്നെ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും അന്വേഷണം അവസാനിക്കുമ്പോഴും ഈ ടീമിന്റെ കഠിനാധ്വാനം പൊലീസിനുള്ളില്‍ തന്നെ ചര്‍ച്ചയായി മാറുകയും ചെയ്തു. ആ കഠിനാധ്വാത്തിന്റെ ഫലം അന്വേഷണ റിപ്പോര്‍ട്ടില്‍ ഉടനീളം തെളിഞ്ഞുകാണാനുമുണ്ട്.
ഇനി വേണ്ടത്, ആക്ഷന്‍.

കടപ്പാട്: സമകാലികം മലയാളം വാരിക

Part 1:
പാറ്റൂര്‍: നീതി നടപ്പാക്കേണ്ടവര്‍ പ്രതികളാകുമ്പോള്‍

Part 2:
പാറ്റൂര്‍: റിയല്‍ എസ്‌റ്റേറ്റ് കമ്പനി പൊതു റോഡും കയ്യേറി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Pattoor, Land Scam, Case, Investigation, Kerala, Report, Lokayukta, Complaint.

Post a Comment