Follow KVARTHA on Google news Follow Us!
ad

പാറ്റൂര്‍: നീതി നടപ്പാക്കേണ്ടവര്‍ പ്രതികളാകുമ്പോള്‍

''ലോകം മുഴുവന്‍ തട്ടിപ്പിന്റേതാകുന്ന കാലത്ത് സത്യം പറയുന്നത് വിപ്ലകരമായ ഒരു കാര്യമാണ്.''ജോര്‍ജ്ജ് ഓര്‍വെല്‍ പറഞ്ഞത് പാറ്റൂര്‍ ഭൂമി കൈയേറ്റക്കേസിലെ Pattoor, Land Scam, Case, Investigation, Kerala, Report, Lokayukta, Complaint.
Part 1

റിപ്പോര്‍ട്ട്/ പി എസ് റംഷാദ്

(www.kvartha.com 30/01/2015) ''ലോകം മുഴുവന്‍ തട്ടിപ്പിന്റേതാകുന്ന കാലത്ത് സത്യം പറയുന്നത് വിപ്ലകരമായ ഒരു കാര്യമാണ്.''ജോര്‍ജ്ജ് ഓര്‍വെല്‍ പറഞ്ഞത് പാറ്റൂര്‍ ഭൂമി കൈയേറ്റക്കേസിലെ വിജിലന്‍സ് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ ഉദ്ധരിക്കുന്നുണ്ട്. ''അന്വേഷണത്തെ സഹായിക്കുന്ന നിരവധി വിവരങ്ങള്‍ നല്‍കിയ പലരുടെയും കാര്യത്തില്‍ ഇതു വസ്തുതയാണ്; എന്നാല്‍ അവരുടെ സുരക്ഷയെക്കരുതി അതൊന്നും രേഖയാക്കായിട്ടില്ല. ഭരണരംഗത്തെ തോന്ന്യാസങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്നവര്‍ ശാരീരികമായ പീഡാനുഭവങ്ങള്‍ക്കും അപമാനത്തിനുംവരെ ഇരയാകുന്നതുകൊണ്ടാണ് അത്തരമൊരു കരുതല്‍.''

എന്നു പറഞ്ഞിട്ട് അന്വേഷണസംഘം കൂട്ടിച്ചേര്‍ക്കുന്ന മറ്റൊന്നുണ്ട്: ''ടീമിന്റെ ലീഡര്‍ ഇതു വ്യക്തിപരമായിത്തന്നെ അനുഭവിച്ചതുമാണ്.''കോളിളക്കം സൃഷ്ടിച്ച പാറ്റൂര്‍ ഭൂമി കൈയേറ്റവും ഫ്ലാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതിയേക്കുറിച്ച് അന്വേഷിച്ച അഞ്ചംഗ സംഘത്തെ നയിച്ചത് എഡിജിപി ജേക്കബ് തോമസ്്. തിക്താനുഭവങ്ങളുടെ പരമ്പരയേത്തുടര്‍ന്ന് പോലീസില്‍ നിന്നു കുറേക്കാലം മാറിനിന്ന ശേഷം ശക്തമായി തിരിച്ചുവന്ന അദ്ദേഹത്തിന്റെ പ്രതിബദ്ധത പ്രകടമാണ് ഈ റിപ്പോര്‍ട്ടില്‍. ഇഞ്ചോടിഞ്ച് അദ്ദേഹത്തിന്റെ കൂടെനില്‍ക്കുകയും സത്യാന്വേഷണത്തിന്റെ കാമ്പ് കാണിക്കുകയും ചെയ്ത മറ്റ് നാല് ഉദ്യോഗസ്ഥരുടെ കഠിനാധ്വാനം കൂടിയായപ്പോള്‍ പുറത്തുവന്നിരിക്കുന്നത് അമ്പരപ്പിക്കുന്ന വസ്തുതകള്‍. ഇനി പ്രവര്‍ത്തിച്ചു കാണിക്കേണ്ടവരുടെ ഊഴമാണ്. വേണ്ടത് മുകളില്‍ നിന്നു താഴേയ്്ക്ക് മേലുകീഴു നോക്കാതെ നടപടി.

അതാകട്ടെ സസ്‌പെന്‍ഷനില്‍ മാത്രം ഒതുങ്ങുകയുമില്ല. കേസെടുക്കേണ്ടിവരും, അഴിമതി നിരോധന നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ മറ്റു സുപ്രധാന വകുപ്പുകളുടെ അടിസ്ഥാനത്തിലും. പ്രതിസ്ഥാനത്ത് പേര് വരുന്നവരില്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെ ആറ് ഐഎഎസ് ഉദ്യോഗസ്ഥരും ഐഎഎസ് ഇല്ലെങ്കിലും പദവിയില്‍ ഒട്ടും മോശമല്ലാത്ത മൂന്നു പേരുമുണ്ടാകും. പിന്നെ അവരുടെ വഴിവിട്ട ചെയ്തികളുടെ ഗുണഭോക്താക്കളായ, സര്‍ക്കാരിനു പുറത്തുള്ള രണ്ടു പ്രമുഖരും. പക്ഷേ, അവിടംകൊണ്ട് കാര്യങ്ങള്‍ തീരില്ല; പദവിയില്‍ ഇവരേക്കാളൊക്കെ മുകളിലുള്ള, കേരള രാഷ്ട്രീയത്തിലെ വന്‍തോക്കുകളായ രണ്ടു പേര്‍ക്ക്കൂടി മൊഴിമുട്ടും.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഇടപാട് നടന്ന കാലത്തെ റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ലോകായുക്തയ്ക്ക് വിജിലന്‍സ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ ഇവരെക്കുറിച്ചും വ്യക്തമായ പരാമര്‍ശങ്ങളുണ്ട്. പേരു പറയുന്നില്ലെങ്കിലും പദവി പറയുന്നുണ്ട്; ആ പദവികളില്‍ വേറെയാരുമില്ലതാനും.

ലോകായുക്തയുടെ നിര്‍ദേശപ്രകാരമാണ് വിജിലന്‍സ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതും കഴിഞ്ഞ നവംബര്‍ 19നും ഡിസംബര്‍ ആറിനുമായി രണ്ടു ഭാഗങ്ങളുള്ള റിപ്പോര്‍ട്ട് നല്‍കിയതും. തൃശൂര്‍ ആസ്ഥാനമായ മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജനറല്‍ സെക്രട്ടറി ജോയ് കൈതാരത്ത് അഡ്വ. പി.കെ. സുരേഷ് ബാബു മുഖേന നല്‍കിയ പരാതിയേത്തുടര്‍ന്ന് 2014 ജൂലൈ 30നാണ് ലോകായുക്ത ജസ്റ്റിസ് പയസ് സി കുര്യാക്കോസ്, ഉപലോകായുക്ത ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് അന്വേഷണ ഉത്തരവിട്ടത്.

കണ്ടെത്തലുകളുടെ സൂക്ഷ്മതയും സമഗ്രതയുംകൊണ്ട് കേരളത്തെ ഞെട്ടിക്കാനും അഴിമതിക്കാരുടെ കോട്ടകൊത്തളങ്ങളെ വിറപ്പിക്കാനും പോന്നതാണ് റിപ്പോര്‍ട്ട്. പക്ഷേ, ഇനിയെന്ത് എന്ന ചോദ്യത്തിന് പ്രത്യേകിച്ച് ഉത്തരമൊന്നും ലോകായുക്തയുടെ പക്കലില്ല. പൊതുപ്രവര്‍ത്തകരുടെ അധികാര ദുര്‍വിനിയോഗവും കെടുകാര്യസ്ഥതയും അഴിമതിയും കണ്ടെത്തിയാല്‍ നടപടി ശുപാര്‍ശ ചെയ്യാന്‍ മാത്രമേ ലോകായുക്തയ്ക്ക് അധികാരമുള്ളു. എന്നാല്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയവര്‍ക്കെതിരേ കേസെടുക്കാന്‍ വിജിലന്‍സിനോട് പറയാം. പാറ്റൂര്‍ കേസില്‍ അത്തരമൊരു ശുപാര്‍ശയും നിര്‍ദേശവും ഉണ്ടായിട്ടില്ല; കേസെടുക്കണമെന്ന് വിജിലന്‍സ് സംഘം ശുപാര്‍ശ ചെയ്തിട്ടും ഉന്നത ഉദ്യോഗസ്ഥരുടെ നടപടിവീഴ്ചകളേക്കുറിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും റിപ്പോര്‍ട്ട് അയയ്ക്കുകമാത്രമാണ് ചെയ്തിരിക്കുന്നത്.

നടപടിക്കു വിധേയരാകേണ്ടവര്‍ അക്കാര്യത്തില്‍ ശരിയായ തീരുമാനമെടുക്കുമെന്നു പ്രതീക്ഷിക്കുന്ന ദുരവസ്ഥ. പുറമേ, ലോകായുക്ത ഇതിനൊപ്പംതന്നെ നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ റിപ്പോര്‍ട്ട്കൂടി കാത്തിരിക്കുകയുമാണ്. പാറ്റൂര്‍ അഴിമതി പുറത്തുകൊണ്ടുവരാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍തന്നെ വിജിലന്‍സ് കോടതിയുടെയോ ഹൈക്കോടതിയുടെയോ പരിധിയിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയും ജേക്കബ് തോമസ് സംഘം അക്കമിട്ടു ചൂണ്ടിക്കാട്ടിയവരോ കുടുക്കുകയുമാണ് അടുത്തപടിയായി സംഭവിക്കേണ്ടത്. ചീഫ് സെക്രട്ടറി ഇ കെ ഭരത് ഭൂഷണ്‍ ഈ മാസം 31നു സര്‍വീസില്‍ നിന്നു വിരമിക്കുന്നതിനു മുമ്പുള്ള വളരെക്കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ എന്തു സംഭവിക്കുമെന്ന ആകാംക്ഷയുണ്ട് കേരളത്തിന്.

''സ്വകാര്യ ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്കും വന്‍കിട റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാര്‍ക്കും വേണ്ടി അധികാര ദുര്‍വിനിയോഗം നടത്തിയവര്‍ ശിക്ഷിക്കപ്പെടുന്നതുവരെ പിന്നോട്ടു പോകില്ല. ലോകായുക്തയുടെ അധികാരം ഉപയോഗിച്ച് ഇതു സാധിക്കുന്നില്ലെങ്കില്‍ ഉയര്‍ന്ന നീതി ന്യായ സംവിധാനങ്ങളെ സമീപിക്കും.'' ജോയ് കൈതാരത്ത് പറയുന്നു. അതിനുമുന്നോടിയായി വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്കും ഡിജിപിക്കും പരാതി നല്‍കിയിരിക്കുകയാണ് അദ്ദേഹം.

ഭരത് ഭൂഷണെക്കൂടാതെ മുന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി ഹരന്‍, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി സത്യജിത് രാജന്‍, വാട്ടര്‍ അതോറിറ്റി എംഡി അശോക് കുമാര്‍ സിംഗ്, മുന്‍ തിരുവനന്തപുരം കലക്ടര്‍സഞ്ജയ് കൗള്‍, തിരുവനന്തപുരം നഗരസഭാ സെക്രട്ടറി വെങ്കിടേസപതി എന്നീ ഐഎഎസ് ഉദ്യോഗസ്ഥരെയും റവന്യൂ അഡീഷണല്‍ സെക്രട്ടറി ടി വി വിജയകുമാര്‍, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ എം സി മോഹന്‍ദാസ്, മുന്‍ ചീഫ് ടൗണ്‍ പ്ലാനര്‍ ഈപ്പന്‍ വര്‍ഗ്ഗീസ്, മുംബൈയിലെ ആവൃതിമാള്‍ മാനേജ്‌മെന്റ് കമ്പനി പ്രതിനിധി ജയേഷ് സോണോജി, ആര്‍ട്ടെക് റിയല്‍ട്ടേഴ്‌സ് എംഡി ടി എസ് അശോക് എന്നിവരെയും പ്രതി ചേര്‍ത്താണ് ലോകായുക്തയ്ക്ക് പരാതി നല്‍കിയത്. മുന്‍ കലക്ടറും നിലവില്‍ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുമായ കെ എന്‍ സതീശന്‍, ഇപ്പോഴത്തെ കലക്ടര്‍ ബിജു പ്രഭാകര്‍, ലാന്‍ഡ് റവന്യൂ ഡെപ്യൂട്ടി ഡയറക്ടര്‍ ഷീബാ ജോര്‍ജ്ജ്, ആര്‍ഡിഒ ജയപ്രകാശ്, വാട്ടര്‍ അതോറിറ്റി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍മാരായ എസ് സോമശേഖരന്‍ നായര്‍, കെ കെ മധു, നഗരസഭയിലെ പബ്ലിക് വര്‍ക്‌സ് ഓവര്‍സിയര്‍മാരായ എം കുമാരി, ജയകുമാര്‍, നഗരസഭയിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍മാരായ എസ് തുളസീധരന്‍, കെ രമണന്‍, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍മാരായ മാത്യു എം ജോണ്‍, ജെ അന്‍സാര്‍, എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍മാരായ ദിനേശ്, എസ് ആനന്ദ രാജു, ആര്‍ക്കിടെക്റ്റ് എന്‍ മഹേഷ് എന്നിവര്‍ അധികാര ദുര്‍വിനിയോഗം നടത്തിയതായി വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലോകായുക്ത ഈ മാസം ഒമ്പതിനു പുറത്തിറക്കിയ ഉത്തരവില്‍ പരാമര്‍ശിക്കുന്നുമുണ്ട്.

കടപ്പാട്: സമകാലികം മലയാളം വാരിക

Part 2:
പാറ്റൂര്‍: റിയല്‍ എസ്‌റ്റേറ്റ് കമ്പനി പൊതു റോഡും കയ്യേറി

Part 3:
പാറ്റൂര്‍: വിജിലന്‍സ് സംഘം കണ്ടെത്തിയത് ഞെട്ടിക്കുന്ന തെളിവുകള്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Pattoor, Land Scam, Case, Investigation, Kerala, Report, Lokayukta, Complaint.

Post a Comment