Follow KVARTHA on Google news Follow Us!
ad

റേഷന്‍ മാഫിയ: അധോലോകത്തെപോലെ കൂട്ടംതെറ്റുന്നവരേയും കുടുക്കാനും ചോരപൊടിയാത്ത കളികള്‍

ടാങ്കറില്‍ നിന്ന് അളന്നൊഴിച്ച ശേഷം കുറയുകയല്ലാതെ കൂടാന്‍ ഒരു വഴിയുമില്ലാത്ത പെട്രോള്‍ പമ്പിലെ കണക്കില്‍ മാത്രം Ration Shop, Rice, Cheating, Complaint, Mafia, Vigilance, Employee, Vigilance probe against ration Mafia.
Part 3

Special Correspondent

തിരുവനന്തപുരം: (www.kvartha.com 26.07.2014) ടാങ്കറില്‍ നിന്ന് അളന്നൊഴിച്ച ശേഷം കുറയുകയല്ലാതെ കൂടാന്‍ ഒരു വഴിയുമില്ലാത്ത പെട്രോള്‍ പമ്പിലെ കണക്കില്‍ മാത്രം കൂടുന്നുണ്ടെങ്കില്‍ അത് ഉപഭോക്താവിന് കൊടുക്കുമ്പോള്‍ അളവില്‍ കുറയ്ക്കുന്നതുകൊണ്ടു മാത്രമാണ്. അതിവേഗം പെട്രോള്‍ അടിക്കുന്ന പമ്പു ജീവനക്കാരോടു ദേഷ്യപ്പെട്ടാല്‍ അവര്‍ പ്രതികരിക്കാറില്ല. അതിന്റെ കാരണം സിവില്‍ സപ്ലൈസിലെ ഒരു ഉദ്യോഗസ്ഥന്‍ വിശദമാക്കിത്തന്നു. വേഗത്തില്‍  സപ്ലൈ ചെയ്യുമ്പോള്‍ അളവില്‍ കുറയുമെന്നത് സത്യമാണ്. അത് ചോദ്യം ചെയ്യുന്നവരോടു പ്രതികരിച്ചില്ലെങ്കില്‍ അവര്‍ രോഷം പ്രകടിപ്പിച്ചിട്ടു വണ്ടിയോടിച്ചു പൊയ്‌ക്കോളും. പ്രതികരിച്ചാല്‍ തര്‍ക്കമാകും, മറ്റുള്ളവരും ഇടപെടും. ആതില്‍ നിന്നെങ്കിലും ഒരു പരാതി പോയാല്‍ പിന്നെ അന്വേഷിക്കാന്‍ വരുന്ന ഉദ്യോഗസ്ഥനും കൊടുക്കണം ലാഭത്തിന്റെ വിഹിതം. അതുകൊണ്ട് പമ്പ് ജീവനക്കാരന് ഉടമയുടെ കൃത്യമായ നിര്‍ദേശമുണ്ട്്: മിണ്ടിപ്പോകരുത്.

ലാഭം പങ്കുവയ്‌ക്കേണ്ടി വരും എന്നല്ലാതെ പമ്പ് പൂട്ടിപ്പോകും എന്ന് ഉടമ പേടിക്കുന്നില്ല എന്നതു ശ്രദ്ധേയം. ഇന്ധന കമ്പനിക്കും അളവു തൂക്ക വിഭാഗത്തിനും സിവില്‍ സപ്ലൈസുകാര്‍ക്കും പമ്പില്‍ പരിശോധിക്കാം. പക്ഷേ, നടക്കുന്നില്ലെന്നു മാത്രം.

റേഷന്‍ മാഫിയയ്ക്കു കൂട്ടുനില്‍ക്കാന്‍ വേണ്ടി മാത്രം രാവിലെ ഉടുപ്പുമിട്ട് ഇറങ്ങുന്നവരല്ല എല്ലാ ഉദ്യോഗസ്ഥരും. പക്ഷേ, ചെറുത്തു നില്‍ക്കുമ്പോള്‍ ഉണ്ടാകുന്ന പീഢനം ഭയന്ന് നിശ്ശബ്ദരാവുകയാണ് ആദര്‍ശ ബോധമുള്ള ഉദ്യോഗസ്ഥരും. താഴെയും മുകളിലുമുള്ള സഹപ്രവര്‍ത്തകര്‍ക്ക് പണം വേണം. റേഷനിംഗ് ഇന്‍സ്‌പെക്ടര്‍, താലൂക്ക് സപ്ലൈ ഓഫീസര്‍, ജില്ലാ സപ്ലൈ ഓഫീസര്‍, മൂന്ന് ജില്ലയ്ക്ക് ഒരു ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫ് റേഷനിംഗ്, കണ്‍ട്രോളര്‍ ഓഫ് റേഷനിംഗ് എന്നിവരും ഡെപ്യൂട്ടി കണ്‍ട്രോളര്‍ റാങ്കിലുള്ള
വിജിലന്‍സ് ഓഫീസറും ജില്ലാതല സ്‌ക്വാഡുകളും ഉള്‍പെടുന്നതാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ ബൃഹദ് ശൃംഖല. പക്ഷേ, പൂച്ചയ്ക്കു മണികെട്ടാനുള്ള അനാവശ്യ ശാഠ്യമൊന്നുംപണം ആവശ്യമുള്ള ഇക്കൂട്ടര്‍ സമ്മതിക്കില്ല.

അത്തരക്കാര്‍ക്ക് തടസമായി നില്‍ക്കാന്‍ തന്റേടം കാട്ടിയ ധീരയായ ഐഎഎസ് ഉദ്യോഗസ്ഥയായിരുന്നു ശര്‍മിള മേരി ജോസഫ്. നിശ്ശബ്ദമായി, എന്നാല്‍ ഫലപ്രദമായി അവര്‍ നടത്തിയതിന് തുല്യമായ ഇടപെടലുകള്‍ പൊതുവിതരണ രംഗത്തെ ക്രമക്കേടുകള്‍ക്കെതിരെ ഉണ്ടായിട്ടില്ലെന്ന് അക്കാലത്ത് കോട്ടയം ജില്ലയില്‍  താലൂക്ക് സപ്ലൈ ഓഫീസറായി ജോലി ചെയ്ത ഉദ്യോഗസ്ഥന്‍ പറയുന്നു.

പേരു വെളിപ്പെടുത്തരുത് എന്നാണ് അദ്ദേഹം ആദ്യം തന്നെ പറഞ്ഞത്. കാരണം, അക്ഷരാര്‍ത്ഥത്തില്‍ മാഫിയ തന്നെയാണ് റേഷന്‍ രംഗത്തെ കൊള്ളരുതായ്മകള്‍ക്കു പിന്നില്‍. അവര്‍ എന്തു ചെയ്യാനും മടിക്കില്ല. അതേ മാഫിയയ്ക്ക് ഇപ്പോഴും ശര്‍മിളയുടെ കാലത്തെ ഭയമാണ്. കോട്ടയം കളക്ടറായിരിക്കെ ഏതാനും വര്‍ഷം മുമ്പ് അവര്‍ സിവില്‍ സപ്ലൈസ് സ്‌ക്വാഡുകളെ സമര്‍ത്ഥമായി ഉപയോഗിച്ചതാണു കാരണം. അക്കാലത്തു  പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ ചാണ്ടിയുള്‍പെടെ ആരും ഒരു മൊത്ത വ്യാപാരിക്കും റേഷന്‍ കടക്കാരും വേണ്ടി അവരോടു ശുപാര്‍ശ ചെയ്യാന്‍ ധൈര്യപ്പെട്ടിരുന്നില്ലെന്നതിനു സാക്ഷ്യം പറയും പലരും. ഏതായാലും ശര്‍മിള മേരി കോട്ടയത്തു നിന്ന് നേരെ ഐക്യരാഷ്ട്ര സഭയിലേക്കാണു പോയത്. ഇവിടെയല്ല അവിടെയാണ് അവര്‍ ഇരിക്കേണ്ടതെന്ന് ഉറപ്പിച്ചവര്‍ക്ക് നല്ല പിടിപാടുണ്ടായിരുന്നു. കേരളത്തില്‍ അധികം കറങ്ങാന്‍ അവരും നിന്നില്ല. യുഎന്നില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ശര്‍മിളയ്ക്ക് കേരളത്തിലേക്ക് വരികതന്നെ ചെയ്യേണ്ടതാണ്. പക്ഷേ, തടയാന്‍ ആയിരം കൈകളാണ് നീളുന്നത്.

അതൊരു പഴയകഥയാണ്. കേരളം ആണ്ടോടാണ്ട് ഓര്‍മ്മ പുതുക്കുകയും തലമുറകള്‍ക്ക് പകര്‍ന്നു കൊടുക്കുകയും ചെയ്ത് ആഘോഷിക്കുന്ന കഥ. കള്ളവും ചതിയും കള്ളം പറയലുമില്ലാത്ത മാവേലി നാടുവാണീടും കാലത്തെ പൊതുവിതരണ സമ്പ്രദായത്തിന്റെ മികവു തന്നെയാണ് കാലങ്ങളായുള്ള വാഴ്ത്തു പാട്ടുകളിലെ ഹൈലൈറ്റ്. അതുകൊണ്ടാണ് കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം എന്നതിനു തുടര്‍ച്ചയായി, കള്ളപ്പറയും ചെറുനാഴിയും ആ കാലത്ത് ഇല്ലായിരുന്നുവെന്ന് നമ്മള്‍ ഊറ്റം കൊള്ളുന്നത്.

'എല്ലാവര്‍ക്കും വേണ്ടി ഓരോരുത്തരും ഓരോരുത്തര്‍ക്കും വേണ്ടി എല്ലാവരും' എന്ന മനോഹര മാര്‍ക്‌സിയന്‍ പൊതുവിതരണ സങ്കല്പത്തെ മറ്റാരേക്കാളും കേരളം നെഞ്ചോടു ചേര്‍ത്തതും അതിന്റെ തുടര്‍ച്ച തന്നെ. പക്ഷേ, കാലം മാറുകയും കള്ളവും ചതിയും കളം നിറയുകയും ചെയ്തപ്പോള്‍ ഓരോരുത്തരും അവരവര്‍ക്കു വേണ്ടി മാത്രമായി, മറ്റുള്ളവരെല്ലാം തനിക്കും തന്റെ ആളുകള്‍ക്കും വേണ്ടിയുമായി. അരിയും ഗോതമ്പും പാചക വാതകവും പെട്രോളും ഇന്ധനമാക്കി ഇവരുണ്ട്. പലതരം മാഫിയകളില്‍ ഒന്ന്്. അല്ലെങ്കി  ആരെയും വിലയ്‌ക്കെടുക്കുന്ന മാഫിയകളില്‍ ഒന്നാമത്.

കേരളം ആരു ഭരിച്ചാലും സുരക്ഷിതരമായി പൂഴ്ത്തിവയ്പും കരിഞ്ചന്തയും നടത്താന്‍ ശേഷിയുള്ള മാഫിയയ്‌ക്കെതിരെ കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് സിവില്‍ സപ്ലൈസ് വകുപ്പിലെ ഒരു താലൂക്ക്തല ഉദ്യോഗസ്ഥന്‍ പരാതി പറയാന്‍ തിരുവന്തപുരത്തു പോയി. ഭക്ഷ്യമന്ത്രി സി. ദിവാകരനു മുന്നില്‍ അദ്ദേഹം തന്റെ അനുഭവങ്ങള്‍ നിരത്തി. പൊതുവിതരണ സംവിധാനം ജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കി നിലനിര്‍ത്താന്‍ വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസഥനാണ്. അതുകൊണ്ട് വകുപ്പിലെ ചില താപ്പാനകള്‍ക്കും അവരുമായി അടുപ്പമുള്ള പൊതുവിതരണക്കാര്‍ക്കും ഇഷ്ടമില്ല. ഇപ്പോള്‍ മനസറിയാതെ ഒരു വിജിലന്‍സ് കേസ് തലയില്‍ വന്നു വീണിരിക്കുന്നു. കുടുക്കാനുള്ള ശ്രമമാണ്, താന്‍ അത്തരക്കാരനല്ല.

ഘടക കക്ഷി മന്ത്രിയായ നേതാവ് ചില വെട്ടിപ്പുകാരായ മൊത്തക്കച്ചവടക്കാര്‍ക്കു വേണ്ടി ഇടപെട്ട കാര്യവും അക്കൂട്ടത്തില്‍ വെളിപ്പെടുത്തി. ധാര്‍മിക രോഷം ഉണര്‍ന്ന ഭക്ഷ്യമന്ത്രി ക്ഷുഭിതനായി ആദ്യം ഘടക കക്ഷി മന്ത്രിയെ ഫോണില്‍ വിളിച്ചു. 'എന്റെ വകുപ്പിലെ ആളുകളെ താന്‍ കയറി ഭരിക്കുന്നുണ്ടെന്ന് അറിഞ്ഞല്ലോ അതു വേണ്ട കേട്ടോ.' അപ്പുറത്തു നിന്ന് ഉദ്യോഗസ്ഥനെ കുറ്റം പറയുന്നത് മന്ത്രിയുടെ പ്രതികരണങ്ങളില്‍ നിന്നു വ്യക്തമായിരുന്നു. എന്നിട്ടും അദ്ദേഹം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെ വിളിച്ചു. ഈ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഇത്തരം കൊള്ളാവുന്ന ഉദ്യോഗസ്ഥരെ സംരക്ഷിച്ചില്ലെങ്കില്‍ പിന്നെ ആരും സംരക്ഷിക്കും എന്ന ചോദ്യത്തിനു മൂര്‍ച്ചയേറെയുണ്ടായിരുന്നു. നടപടി അതോടെ അവസാനിപ്പിക്കുമെന്നു പ്രതീക്ഷിച്ചു മടങ്ങി സ്വന്തം ജോലികളില്‍ മുഴുകിയ ഉദ്യോഗസ്ഥന് ആ പ്രതീക്ഷ വെറുതേയായിരുന്നുവെന്നു മനസിലാകാന്‍ അധികം ദിവസങ്ങളെടുത്തില്ല.

മന്ത്രി നാടകം കളിച്ചതാണെന്ന് അദ്ദേഹം വിശ്വസിക്കുന്നില്ല. പക്ഷേ, കേരളത്തിലെ പൊതുവിതരണ രംഗത്ത് പിടിമുറുക്കിയിരിക്കുന്ന ശക്തികളുടെ സ്വാധീനം എത്രയോ വലുതാണെന്ന് കുറച്ചുകൂടി മനസിലാക്കാന്‍ സാധിച്ചു. തങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ആയുഷ്‌കാല ബുദ്ധിമുട്ട് സമ്മാനിക്കാന്‍ ഉദ്ദേശിച്ച് അവര്‍ നീക്കുന്ന കരുക്കളില്‍ ഒന്നും അവര്‍ മാറ്റിവയ്ക്കുകയേ ഇല്ല. മൊത്ത വ്യാപാരികള്‍, സിവില്‍ സപ്ലൈസ് വകുപ്പ് ഉദ്യോഗസഥര്‍, രാഷ്ട്രീയക്കാര്‍ എന്നിവര്‍ അടങ്ങുന്ന ഈ ശൃംഖലയിലെ ഏതെങ്കിലും കണ്ണിക്ക് ഇടയ്ക്ക് മാനസാന്തരം വന്നാലും ഇതുതന്നെയാണു സ്ഥിതിയെന്ന് ഈ രംഗത്ത് വര്‍ഷങ്ങളുടെ അറിവും പരിചയവുമുള്ള ഉദ്യോഗസ്ഥരും അഴിമതിക്കു കൂട്ടുനില്‍ക്കാത്ത റേഷന്‍ വ്യാപാരികളും പറയുന്നു. തങ്ങളുടെ കൂട്ടം വിടുന്നവനെ വെച്ചേക്കില്ലെന്ന് ഉഗ്രപ്രതിജ്ഞയെടുത്ത് ചോരക്കളി കളിക്കുന്ന അധോലോക സംഘങ്ങളെപ്പോലെ വാശിയും വൈരാഗ്യവും കാട്ടും ഇവര്‍. തല്‍ക്കാലം രക്തമൊഴുക്കിത്തുടങ്ങിയിട്ടില്ലെന്നു മാത്രം. കള്ളക്കേസുകള്‍, ഭീഷണികള്‍, തുടര്‍ച്ചയായ സ്ഥലംമാറ്റങ്ങള്‍ തുടങ്ങി പല ആയുധങ്ങളുണ്ട്. ഇരയെ കൊല്ലാതെ കൊല്ലുന്ന പകവീട്ടല്‍ രീതികള്‍.

റേഷനരിയും പഞ്ചസാരയും മണ്ണെണ്ണയും വാങ്ങാന്‍ നാട്ടുംപുറത്തെ റേഷന്‍ കടകള്‍ക്കു മുന്നില്‍ ക്യൂ നിന്ന ബാല്യകാലം ഉള്ളവരുടെ തലമുറയാണ് കേരളത്തിലെ ഇപ്പോഴത്തെ മധ്യവയസിനോട് അടുത്തവര്‍. കാലം മാറിയപ്പോള്‍ റേഷന്‍ കടകളുടെ പേരും രൂപവും രീതിയും മാറി. സ്വാഭാവികം. പൊതുവിതരണ സമ്പ്രദായം എന്ന കരുത്തുറ്റ ചതുരക്കളത്തില്‍ ക്രമക്കേടുകളുടെയും വെട്ടിപ്പിന്റെയും ചൂത് കളിക്കുന്നവരുടെ തലമുറയും മാറി. പക്ഷേ, ഇല്ലാതായില്ല. പുതിയ രീതികളില്‍, കൂടുതല്‍ വിപുലമായ സന്നാഹങ്ങളോടെ അവര്‍ ഈ മേഖലയില്‍ പിടിമുറുക്കിയിരിക്കുന്നു. ചേര്‍ത്തലയിലെ റേഷന്‍ സംരക്ഷണ സമിതിയുടെ ശ്രമഫലമായി ഉണ്ടായ കോടതി വിധിയും അന്വേഷണവും ഒറ്റയടിക്ക് ഇതിന്റെ അടിവേരറുക്കുമെന്നു പ്രതീക്ഷിക്കുന്നത് അബദ്ധമായേക്കാം. പക്ഷേ, ഒടുക്കത്തിലേക്കുള്ള നീണ്ട വഴികളുടെ തുടക്കമെങ്കിലുമായാലോ.

Part 1:
റേഷന്‍ മാഫിയയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം (കോടതി ഇടപെട്ടപ്പോള്‍)

Part 2:
റേഷന്‍ മാഫിയയ്‌ക്കെതിരെ നല്‍കിയ പരാതി വിജിലന്‍സും അട്ടിമറിച്ചു

Ration Shop, Rice, Cheating, Complaint, Mafia, Vigilance, Employee, Vigilance probe against ration Mafia
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Ration Shop, Rice, Cheating, Complaint, Mafia, Vigilance, Employee, Vigilance probe against ration Mafia.

Post a Comment