Follow KVARTHA on Google news Follow Us!
ad

റേഷന്‍ മാഫിയയ്‌ക്കെതിരെ നല്‍കിയ പരാതി വിജിലന്‍സും അട്ടിമറിച്ചു

റേഷന്‍ വിതരണത്തില്‍ അരി തൂക്കിനല്‍കുന്നതിലുള്ള ദുരൂഹമായ ഈ വ്യത്യാസത്തെക്കുറിച്ചും അതിനു പിന്നിലെസാമ്പത്തിക Ration Shop, Rice, Cheating, Complaint, Mafia, Vigilance, Employee, Vigilance probe against ration Mafia.
Part 2

Special Correspondent

തിരുവനന്തപുരം: (www.kvartha.com 26.07.2014) റേഷന്‍ വിതരണത്തില്‍ അരി തൂക്കിനല്‍കുന്നതിലുള്ള ദുരൂഹമായ ഈ വ്യത്യാസത്തെക്കുറിച്ചും അതിനു പിന്നിലെസാമ്പത്തിക ഇടപാടുകളെക്കുറിച്ചും അന്വേഷണം ആവശ്യപ്പെട്ടു റേഷന്‍ സംരക്ഷണ സമിതി മാസങ്ങള്‍ക്കു മുമ്പു വിജിലന്‍സിനു നേരിട്ടു പരാതി നല്‍കിയിരുന്നു. ആഴ്ചകള്‍ക്കു ശേഷം പരാതിക്കാരെ വിജിലന്‍സ് ഉദ്യോഗസ്ഥന്‍ ഫോണില്‍ വിളിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ തെളിവെടുപ്പിനായിരിക്കുമെന്നു കരുതിയ സംരക്ഷണ സമിതി വിജിലന്‍സ് ഉദ്യോഗസ്ഥന്റെ ആവശ്യം കേട്ടു ഞെട്ടി. താങ്കള്‍ ഇവിടെ വരെയൊന്നു വരണം, ആ പരാതി തീര്‍പാക്കാനാണ് എന്നായിരുന്നു ആവശ്യം.

ഏതായാലും അങ്ങനെ തീര്‍പാക്കാന്‍ കൊടുത്ത പരാതി അല്ലാത്തതുകൊണ്ട് അതില്‍ ഒപ്പിട്ടുകൊടുക്കാന്‍ മോന്‍സിയും സഹപ്രവര്‍ത്തകരും പോയില്ല. പക്ഷേ, പരാതി ഫയല്‍ പൂട്ടിക്കെട്ടിയെന്ന് പരാതിക്കാര്‍ സംശയിക്കുന്നു. പ്രാഥമിക അന്വേഷണം നടത്തുകയും പ്രഥമദൃഷ്ട്യാ കഴമ്പുള്ള പരാതിയാണെങ്കില്‍ കേസെടുത്ത് അന്വേഷണം നടത്തുകയും ചെയ്യുകയാണ് വിജിലന്‍സിന്റെ സാധാരണ രീതി. ഇവിടെ അതുണ്ടായില്ല. പക്ഷേ, പൊരുതാന്‍ ഇറങ്ങിത്തിരിച്ചതുകൊണ്ട് വിട്ടുകളയാന്‍ തീരുമാനിച്ചില്ല. അതുകൊണ്ടാണ് അതേ വിജിലന്‍സ് കോടതിയുടെ വിധി വാങ്ങിക്കൊടുത്തിരിക്കുന്നത്. പോലീസിലെ സത്യസന്ധരാണ് വിജിലന്‍സില്‍ വരുന്നതെന്ന ധാരണകൂടി മാറിക്കിട്ടി എന്നതാണ് ഈ അനുഭവത്തിലെ ഗുണപാഠം.

അരിയുടെ തൂക്കം ഗോഡൗണിലും മൊത്ത വ്യാപാരിയുടെ തൂക്കത്തിലും അമ്പരപ്പിക്കുന്ന വിധം മാറുന്നതിന്റെ സംസാരിക്കുന്ന തെളിവുകളായി വിവരാവകാശ നിയമപ്രകാരം ശേഖരിച്ച രസീതുകളുടെ പകര്‍പും പരാതിക്കൊപ്പം വച്ചിരുന്നു. ഇല്ലാത്ത തൂക്കമാണ് അധികമായി കള്ളത്തൂക്കത്തില്‍ കാണിക്കുന്നത് എന്നാണ് വ്യക്തമാകുന്നത്. അത് റേഷന്‍ കടക്കാര്‍ സഹിക്കുന്നതാകട്ടെ റേഷന്‍ കാര്‍ഡ് ഉടമകളായ സാധാരണക്കാരെ കബളിപ്പിക്കാനുള്ള പല വഴികളും അവര്‍ക്ക് അറിയാവുന്നതുകൊണ്ടാണ്. എല്ലാവരും അറിഞ്ഞുകൊണ്ടുള്ള ഈ അഡ്ജസ്റ്റുമെന്റ് സംസ്ഥാനത്തെ മുഴുവന്‍ എഫ്‌സിഐ ഗോഡൗണുകളിലും അവിടെ നിന്നുള്ള അരി, ഗോതമ്പ് കൈമാറ്റത്തിലും നടക്കുന്നു.

അധികം കാണിക്കുന്ന അരി ചാക്കൊന്നിന് ഒന്നരയോ രണ്ടോ കിലോ ആണെങ്കില്‍ അത് നൂറുകണക്കിന് ചാക്കുകളിലേതാകുമ്പോഴോ. മുടക്കില്ലാതെ വില്‍ക്കാന്‍ പറ്റുന്ന മുതലിന് കിട്ടുന്നത് അത്രയും ലാഭം. ചെറുതല്ല കിട്ടുന്ന തുക. എഫ്‌സിഐയില്‍ നിന്നു ലഭിക്കുന്നതിനേക്കാള്‍ ശരാശരി 500 കിലോ ഒരു ലോഡില്‍ അധികം കാണിച്ചാല്‍ മാസം ശരാശരി മൊത്ത വ്യാപാരിക്ക് ലഭിക്കുന്നത് 1,01,500 കിലോ. അരിയുടെ ഇപ്പോഴത്തെ പൊതുവിപണി വില കിലോയ്ക്ക് 30 രൂപയായി കണക്കാക്കിയാല്‍ മാത്രം ഇതുവഴി മൊത്ത വ്യാപാരിയുടെ അനധികൃത ലാഭം 30,45,000 രൂപ. ഇത് വ്യാപാരിയുടെ മുടക്കുമുതലിന്റെ 150 ഇരട്ടിയാണ്.

ഇല്ലാത്ത തൂക്കം കൂടുതല്‍ കാണിക്കുമ്പോള്‍ റേഷന്‍ വ്യാപാരി പ്രതികരിക്കേണ്ടതല്ലേ എന്ന ചോദ്യം സ്വാഭാവികമായും ഉണ്ടാകാം. റേഷന്‍ വ്യാപാരി ഇത് മുഴുവന്‍ റേഷന്‍ വിലയ്ക്ക് കാര്‍ഡുടമയ്ക്ക് കൊടുക്കുന്നില്ല എന്നതാണ് ഇതിനുള്ള മറുപടി. കടയിലെത്താതെയൊ എത്തിയ ശേഷമോ സ്വകാര്യ വിപണിയിലേക്ക് പോകുന്ന അരി ലോഡിന്റെ ദൃശ്യങ്ങള്‍ കേരളം ഇടയ്‌ക്കെപ്പോഴോ കണ്ടിട്ടുണ്ട്. എന്നും കാണാന്‍ വേറെത്ര ദൃശ്യങ്ങള്‍.

35 കിലോ അരി പ്രതിമാസം കാര്‍ഡൊന്നിന് ലഭിക്കേണ്ട എഎവൈ ഉപഭോക്താവോ 25കിലോ ലഭിക്കേണ്ട ബിപിഎല്‍ കാരനോ ഒമ്പത് കിലോ ലഭിക്കേണ്ട എപിഎല്‍ കാരനോ മുഴുവന്‍ അരിയും എപ്പോഴും വാങ്ങാന്‍ മെനക്കെടുന്നില്ല എന്നത് ഇവര്‍ക്ക് സൗകര്യവുമാണ്. വാങ്ങാനുറച്ചു ചെന്നാല്‍ അരി സ്റ്റോക്കില്ല എന്ന് കേള്‍ക്കുന്ന മറുപടി ശരിയല്ലാതായി മാറുന്നതിനു വ്യക്തമായ കാരണമുണ്ട്. അഥവാ ചോദ്യം ചെയ്യാനും പരാതി പറയാനും തയ്യാറാകുന്ന കാര്‍ഡുടമ ആയിരത്തിലൊന്നോ മറ്റോ ഉണ്ടെങ്കില്‍ ആ 'പ്രശ്‌നക്കാരന്' ചോദിക്കുന്നതിനേക്കാള്‍ കുറച്ചുകൂടുതല്‍ നല്‍കും. അതോടെ ചോദ്യം ചെയ്യല്‍ തീരും.

ഇത് പൊതുവേ സ്വീകരിച്ചു വരുന്ന രീതിയും തന്ത്രവുമാണ്. എഫ്‌സിഐയില്‍ നിന്ന് എടുക്കുന്ന അതേ അരിക്കു പകരം, ത്രാസില്‍ തൂക്കിയാണ് റേഷന്‍ വ്യാപാരിക്ക് നല്‍കുന്നത്. മുകളില്‍ പറഞ്ഞതില്‍ നിന്നു വ്യത്യസ്ഥമായി തൂക്കം വര്‍ധിക്കുന്നത് യഥാര്‍ത്ഥമായിത്തന്നെയാണെങ്കില്‍ അങ്ങനെ അധിക തൂക്കമായി വരുന്നത് അരി തന്നെയാണോ എന്ന സംശയവും വിജിലന്‍സിനു നല്‍കിയ പരാതിയിലുണ്ടായിരുന്നു. അരിയില്‍ മായം കലര്‍ത്തുക വഴി ജനങ്ങളുടെ ആരോഗ്യം അപകടത്തിലാക്കി നേട്ടം കൊയ്യാന്‍ ഉദ്ദേശിക്കുന്ന ഡ്രഗ്‌സ് മാഫിയയോ ഏതെങ്കിലും സംഘടനകളോ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും അവര്‍ക്ക് ആരെങ്കിലുമൊക്കെ സംഘടിതമായി കൂട്ടുനില്‍ക്കുകയാണോ എന്നുമുള്ള ചോദ്യം കേട്ടാല്‍തന്നെ ഞെട്ടിപ്പോകും. പക്ഷേ, ഞെട്ടേണ്ടവര്‍ ഞെട്ടിയില്ല. അതുകൊണ്ടാണല്ലോ പരാതിക്കാരനെ വിളിച്ചുവരുത്തി തീര്‍പാക്കാന്‍ ശ്രമമുണ്ടായത്.

റേഷന്‍ മാഫിയ കൊയ്യുന്ന ലാഭം ആര്‍ക്കൊക്കെ ഏതൊക്കെ ഘട്ടങ്ങളില്‍ ലഭിക്കുന്നു എന്ന് അന്വേഷിച്ച് അതിനു കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ഇനിയുമുണ്ട് അവസരം. കാരണം ഇത് അവസാനിക്കാത്ത കൂട്ടുകച്ചവടമാണ്. അരിയില്‍ മാത്രമല്ല ഗോതമ്പിലും പഞ്ചസാരയിലും മണ്ണെണ്ണയിലുമുണ്ട് ഈ കളികള്‍. പെട്രോളിലും ഗ്യാസ് സിലിണ്ടറിലുമുണ്ട്. രീതികള്‍ പലതാണെന്നു മാത്രം.

Part 1:
റേഷന്‍ മാഫിയയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം (കോടതി ഇടപെട്ടപ്പോള്‍)

Part 3:
റേഷന്‍ മാഫിയ: അധോലോകത്തെപോലെ കൂട്ടംതെറ്റുന്നവരേയും കുടുക്കാനും ചോരപൊടിയാത്ത കളികള്‍
Ration Shop, Rice, Cheating, Complaint, Mafia, Vigilance, Employee, Vigilance probe against ration Mafia

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Ration Shop, Rice, Cheating, Complaint, Mafia, Vigilance, Employee, Vigilance probe against ration Mafia.

Post a Comment