Follow KVARTHA on Google news Follow Us!
ad

Eid ul fitr | പെരുന്നാൾ ആഘോഷത്തിലെ കേരളത്തിലെ രുചിഭേദങ്ങൾ; പൊരിയപ്പം മുതൽ കിണ്ണത്തപ്പം വരെ, വ്യത്യസ്തം ഓരോ നാടും!

ഓരോ വീട്ടിലും സ്വാദൂറും വിഭവങ്ങൾ ആസ്വദിക്കാം, Eid ul fitr, Celebration, Ramadan, Malayalam News
കൊച്ചി: (KVARTHA) പെരുന്നാളിന്റെ വരവറിയിച്ച് ചന്ദ്രക്കല തെളിഞ്ഞാൽ വീടുകൾ സന്തോഷത്താൽ നിറയും. കേരളത്തിലെ പെരുന്നാൾ ആഘോഷങ്ങളിൽ രുചികരമായ വിഭവങ്ങൾക്ക് പ്രധാന സ്ഥാനമുണ്ട്. ഓരോ വിഭവവും പെരുന്നാൾ ആഘോഷങ്ങൾക്ക് പ്രത്യേക സ്വാദ് നൽകുന്നു. തെക്കൻ കേരളത്തിലെയും വടക്കൻ മലബാറിലെയും പെരുന്നാൾ രുചികളിൽ വ്യത്യസ്തത കാണാം. കേരളത്തിൽ ഓരോ പ്രദേശത്തും സഞ്ചരിക്കുമ്പോൾ ഈ വിഭവങ്ങളുടെ രുചിയും മണവും ഘടനയും വ്യത്യസ്തമാണ്.
  
News, News-Malayalam-News, Kerala, Kerala-News, Eid-ul-fitr, Traditional delicacies on Eid ul fitr in Kerala.

പൊരിയപ്പം, ഈത്തപ്പഴം കാച്ചിയത്, കടല കാച്ചിയത്, ചട്ടിപ്പത്തിൽ തുടങ്ങിയവയാണ് കാസർകോട്ടെ തനതായ പെരുന്നാൾ രുചികൾ. നെയ്ത്തലും ബീഫും കഴിച്ച് പെരുന്നാൾ നിസ്‌കാരത്തിന് പുറപ്പെടുന്നതാണ് കണ്ണൂരുകാരുടെ രീതി. പോത്തിറച്ചി വരട്ടിയതും നെയ്യപ്പവും തയ്യാറാക്കാത്ത വയനാട്ടുകാർ കുറവായിരിക്കും. കോഴിക്കോടെത്തിയാൽ പിടിപ്പായസം, ചട്ടിപ്പത്തിരി, പഴം നിറച്ചത്, കോഴിയട, വിവിധതരം പത്തലുകൾ, മുട്ട മാല പോലെയുള്ള പലഹാരങ്ങൾ എന്നിങ്ങനെ വിഭവങ്ങളുടെ നീണ്ട നിര കാണാം. പായസം, ഗോതമ്പ് കറി, തേങ്ങാച്ചോറും ബീഫ് വരട്ടിയതും, നെയ്യപ്പം, കുഴിയപ്പം എന്നിവയാണ് മലപ്പുറത്തെ പരമ്പരാഗത വിഭവങ്ങൾ.

പാലക്കാട്ടെ റാവുത്തർമാർ തേങ്ങാച്ചോറും ഇറച്ചിക്കറിയും പരിപ്പുകറിയും പപ്പടവും അച്ചാറും കൊണ്ട് പെരുന്നാൾ ആഘോഷിക്കുന്നു. പത്തിരിയും തേങ്ങാപ്പാലും ഇറച്ചിക്കറിയുമാണ് എറണാകുളത്തെ മിക്കയിടങ്ങളിലെയും പ്രധാന പെരുന്നാൾ വിഭവങ്ങൾ. ചെമ്മീനിൽ നിന്നോ പോത്തിറച്ചിയിൽ നിന്നോ ഉണ്ടാക്കുന്ന ചെറിയ വലിപ്പത്തിലുള്ള സമൂസയും ഇവിടെ പ്രധാനമാണ്. തേങ്ങാപ്പാലിൽ വേവിച്ചെടുക്കുന്ന തിക്കിടി, ഇറച്ചിയും പിടിയും, കപ്പ ബിരിയാണിയുമാണ് കോട്ടയം, ഇടുക്കി ഭാഗങ്ങളിലെ സവിശേഷ പെരുന്നാൾ രുചികൾ. കൊല്ലം അടക്കമുള്ള തെക്കൻ കേരളത്തിലെ ജില്ലകളിൽ തേങ്ങാപ്പാലും അരിയും പഞ്ചസാരയും ചേർത്തുണ്ടാക്കുന്ന കിണ്ണത്തപ്പവും പ്രധാന പലഹാരമാണ്.

കേരളത്തിൽ എല്ലായിടത്തും പൊതുവെ പെരുന്നാളിന് ബിരിയാണിയും നെയ്‌ച്ചോറും തയ്യാറാക്കുന്നുണ്ട്. മട്ടൺ ബിരിയാണി മലബാറിലെ പ്രധാന ഭക്ഷണമാണ്. ആട്ടിറച്ചിയും മസാലയും ചേർത്തുണ്ടാക്കുന്ന അലീസ എന്ന കഞ്ഞിയും മലബാർ മേഖലയിൽ ഉണ്ടാക്കാറുണ്ട്. മധുര പലഹാരങ്ങളാണ് ഈ ആഘോഷത്തിന്റെ മറ്റൊരു പ്രത്യേകത. മാസപ്പിറവി ദൃശ്യമായാൽ പലയിടത്തും ആദ്യം വിളമ്പുന്നത് 'ചക്കര ചോർ' ആണ്. ഗോതമ്പ് ശർക്കരയും തേങ്ങാപ്പാലും ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.

തെക്കൻ മേഖലയിൽ പൊതുവെ, പ്രഭാതഭക്ഷണം ആഡംബരപരമാണ്. മട്ടൺ കറി, ബീഫ് വരട്ടിയത് ചിക്കൻ ഫ്രൈ, ഒറോട്ടി പത്തിരി തുടങ്ങിയവ പ്രഭാതഭക്ഷണത്തിന് തയ്യാറായിരിക്കും. പരമ്പരാഗത വിഭവങ്ങൾക്കൊപ്പം, ഗൾഫിൽ നിന്നും ആഫ്രിക്കയിലെ ചില പ്രദേശങ്ങളിൽ നിന്നുമുള്ള വിഭവങ്ങളും ഇപ്പോൾ പെരുന്നാൾ രുചികളെ സ്വാധീനിച്ചിട്ടുണ്ട്. ഇതുകൂടാതെ വീടുകളിൽ അതിഥികൾക്ക് വ്യത്യസ്‌ത രുചികളുള്ള പാനീയങ്ങളും വിളമ്പും. എന്തുതന്നെയായാലും മലബാർ മുതൽ തെക്കൻ കേരളം വരെ ഓരോ വീട്ടിലും പെരുന്നാളിന് സ്വാദൂറും വിഭവങ്ങൾ ആസ്വദിക്കാം.

Keywords: News, News-Malayalam-News, Kerala, Kerala-News, Eid-ul-fitr, Traditional delicacies on Eid ul fitr in Kerala.

Post a Comment