Follow KVARTHA on Google news Follow Us!
ad

അന്ന് ആസിഡ് ആക്രമണക്കേസിലെ പ്രതികളെ വെടിവെച്ചുകൊന്നു; ഇപ്പോള്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ വെടിവെച്ചപ്പോഴും നേതൃത്വം വഹിച്ചത് പോലീസ് കമ്മീഷണര്‍ വി സി സജ്ജനാര്‍

വെറ്ററിനറി ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട നാലു Hyderabad, News, Police, Gun attack, Trending, Molestation, Accused, National,
ഹൈദരാബാദ്: (www.kvartha.com 06.12.2019) വെറ്ററിനറി ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട നാലു പ്രതികളെ വെടിവെച്ചുകൊന്ന ഹൈദരാബാദ് പോലീസിന്റെ തലവന്‍ മുന്‍പും സമാനമായ രീതിയില്‍ പ്രതികളെ വധിച്ചിട്ടുണ്ട്. ഹൈബരാബാദ് പോലീസ് കമ്മീഷണര്‍ വി സി സജ്ജനാര്‍ മുന്‍പ് പോലീസ് സൂപ്രണ്ട് ആയിരുന്നപ്പോള്‍ ആസിഡ് ആക്രമണത്തിലെ പ്രതികളായിരുന്ന മൂന്ന് യുവാക്കള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു.

2008ല്‍ ആന്ധ്രയിലെ വാറങ്കലില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ ശരീരത്തില്‍ ആസിഡ് ഒഴിച്ച സംഭവത്തിലെ പ്രതികളെന്നു കരുതുന്ന യുവാക്കളെ പോലീസ് വെടിവച്ചു കൊന്നപ്പോള്‍ വാറങ്കല്‍ എസ് പിയായിരുന്നു സജ്ജനാര്‍. അന്ന് ആസിഡ് ദേഹത്ത് വീണ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചിരുന്നു.

4 accused in Hyderabad rape-murder case killed in encounter: Telangana Police,Hyderabad, News, Police, Gun attack, Trending, Molestation, Accused, National

ആക്രമണത്തിന് ഉപയോഗിച്ചിരുന്ന ബൈക്കും ആസിഡ് കുപ്പിയും സൂക്ഷിച്ചിരുന്ന സ്ഥലത്ത് പ്രതികളെ എത്തിച്ച് തെളിവെടുക്കുന്നതിനിടെയാണ് സംഭവം നടന്നതെന്നായിരുന്നു സജ്ജനാര്‍ അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.

തെളിവെടുപ്പിനിടെ പ്രതികള്‍ പെട്ടെന്ന് ഒരു നാടന്‍ തോക്ക് പുറത്തെടുക്കുകയും വെടിയുതിര്‍ക്കാന്‍ ശ്രമിക്കുകയും ഒരു പോലീസുകാരനു നേരെ ആസിഡ് ആക്രമണം നടത്തുകയും ചെയ്തെന്നും പോലീസ് പറഞ്ഞിരുന്നു. സ്വയരക്ഷയ്ക്കുവേണ്ടി പോലീസ് വെടിയുതിര്‍ക്കുകയും മൂന്നുപേരെയും വധിക്കുകയും ചെയ്തു എന്നും അന്ന് സജ്ജനാര്‍ പറഞ്ഞിരുന്നു.

എന്നാല്‍, പോലീസ് പ്രതികളായ യുവാക്കളെ ആസൂത്രിതമായി വെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പോലീസ് ഇവരെ വധിക്കുകയായിരുന്നുവെന്ന് നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടിയിരുന്നു.

സൗപര്‍ണിക എന്ന പെണ്‍കുട്ടിയോട് പ്രധാന പ്രതിയെന്നു കരുതുന്ന സഞ്ജയ് നടത്തിയ പ്രേമാഭ്യര്‍ഥന നിരസിച്ചതിനെ തടുര്‍ന്ന് ഈ കുട്ടിയുടെയും കൂട്ടുകാരിയുടെയും ശരീരത്തില്‍ ആസിഡ് ഒഴിക്കുകയായിരുന്നു. അന്നത്തെ സംഭവത്തെ തുടര്‍ന്ന് വാറങ്കലില്‍ ഹീറോ പരിവേഷമായിരുന്നു സജ്ജനാര്‍ക്ക് ലഭിച്ചത്.

പെണ്‍കുട്ടിയുടെ സുഹൃത്തുക്കളടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ ഇദ്ദേഹത്തെ കാണാനായി എത്തിയിരുന്നു. വിവിധ സ്ഥലങ്ങളില്‍ സജ്ജനാറിന് മാലയിട്ട് സ്വീകരണം വരെ നല്‍കിയിരുന്നു.

നക്സലൈറ്റുകളെ നേരിടുന്നതിനുള്ള പ്രത്യേക രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവനായിരുന്നപ്പോഴും ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്. ഹൈദരാബാദില്‍ നയീമുദ്ദീന്‍ എന്ന നക്സലൈറ്റിന്റെ ഏറ്റുമുട്ടല്‍ കൊലപാതകത്തിലും വി സി സജ്ജനാര്‍ പ്രധാന പങ്കുവഹിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.

വാറങ്കലില്‍ പ്രതികള്‍ക്കെതിരെ പോലീസ് സ്വീകരിച്ച ഇത്തരം ശിക്ഷാരീതി ഹൈദരാബാദ് കേസിലും വേണമെന്നതരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചാരണങ്ങള്‍ നടന്നിരുന്നു. ഇതിനിടെയാണ് പോലീസ് ഏറ്റുമുട്ടലില്‍ പ്രതികള്‍ കൊല്ലപ്പെടുന്നത്.

ഡോക്ടറുടെ വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജോല്ലു ശിവ, ജോല്ലു നവീന്‍, ചിന്താകുന്ത ചന്നകേശവുലു, മുഹമ്മദ് എന്നിവര്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 3.30ന് ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നുവെന്നാണ് സൈബരാബാദ് പോലീസ് പറയുന്നത്. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുവെച്ചുതന്നെയാണ് പ്രതികള്‍ പോലീസിന്റെ വെടിയേറ്റു മരിച്ചത്.

ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് തെളിവെടുക്കുന്നതിനായി പ്രതികളെ എത്തിച്ചപ്പോള്‍ നാലുപേരും പോലീസിനെ ആക്രമിക്കാനും ഓടിരക്ഷപ്പെടാനും ശ്രമിച്ചെന്നാണ് പോലീസ് ഭാഷ്യം. തുടര്‍ന്ന് പോലീസ് നടത്തിയ വെടിവെയ്പ്പിലാണ് പ്രതികളുടെ മരണം സംഭവിച്ചതെന്നും പോലീസ് അവകാശപ്പെടുന്നു.

വെറ്ററിനറി ഡോക്ടറുടെ ക്രൂരമായ കൊലപാതകത്തിനു ശേഷം പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യം പല കോണുകളില്‍നിന്ന് ഉയര്‍ന്നിരുന്നു. ശിക്ഷ നടപ്പാക്കുന്നതിന് പ്രതികളെ ജനങ്ങള്‍ക്ക് വിട്ടുനല്‍കണമെന്ന് ജയാ ബച്ചന്‍ എംപി പാര്‍ലമെന്റില്‍ പറഞ്ഞത് വലിയ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 4 accused in Hyderabad molest-murder case killed in encounter: Telangana Police,Hyderabad, News, Police, Gun attack, Trending, Molestation, Accused, National.