Follow KVARTHA on Google news Follow Us!
ad

ആലി മുസ്ലിയാര്‍; ആ തൂക്കുകയറിന് 97 വര്‍ഷം

1922 ഫെബ്രുവരി 17 ശനിയാഴ്ച, പുലര്‍ച്ചെ കോയമ്പത്തൂര്‍ ജയിലധികൃതര്‍ പണ്ഡിതനായ ആ വയോധികനോട് വളരെ വിനയത്തോടെ
കുഞ്ഞിപ്പ നെല്ലിക്കുത്ത്

മലപ്പുറം: (www.kvartha.com 16.02.2019) 1922 ഫെബ്രുവരി 17 ശനിയാഴ്ച, പുലര്‍ച്ചെ കോയമ്പത്തൂര്‍ ജയിലധികൃതര്‍ പണ്ഡിതനായ ആ വയോധികനോട് വളരെ വിനയത്തോടെ ഇങ്ങനെ ചോദിച്ചു. അന്ത്യാഭിലാഷമായി അങ്ങ് എന്താണ് ആഗ്രഹിക്കുന്നത്? ഒരു നിമിഷ നേരത്തെ മൗനത്തിനു ശേഷം എനിക്ക് രണ്ട് റകഅത്ത് സുന്നത്ത് നമസ്‌ക്കരിക്കാനുള്ള സൗകര്യം ചെയ്തു തന്നാല്‍ മാത്രം മതി എന്ന് ആ പണ്ഡിത കേസരി ശാന്ത സ്വരത്തില്‍ പ്രതിവചിച്ചു. നമസ്‌കാരത്തിനുള്ള സൗകര്യം ലഭ്യമായതോടെ തന്റെ ജീവിതത്തിലെ അവസാനത്തെ നമസ്‌കാരത്തിനായി അദ്ദേഹം അംഗശുദ്ധി നടത്തി. എല്ലാം സര്‍വ്വ ശക്തനില്‍ അര്‍പ്പിച്ച്, സുജൂദ് (സാഷ്ടാംഗം) ചെയ്ത് തഴമ്പിച്ച ആ നെറ്റിത്തടം ഒരിക്കല്‍ കൂടി രാജാധിരാജന് സമര്‍പ്പിച്ചു. അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹ് എന്ന് സലാം ചൊല്ലി ഇടതു ഭാഗത്തേക്ക് തലതിരിച്ച് നമസ്‌കാരത്തില്‍ നിന്നും വിടപറഞ്ഞ അദ്ദേഹം ആ ഇരിപ്പില്‍ തന്നെ ഇരുകരങ്ങളും ഉയര്‍ത്തി പ്രാര്‍ത്ഥനയില്‍ മുഴുകി.


കണ്ണും കാതും മനസ്സും പൂര്‍ണ്ണമായും നാഥനില്‍ അര്‍പ്പിച്ച് അങ്ങേയറ്റത്തെ ഏകാഗ്രതയോടെ അനിര്‍വചനീയമായ വിശ്വാസ ദൃഢതയോടെ പ്രാര്‍ത്ഥിച്ചു. ചെറിയ മക്ക എന്ന് പ്രസിദ്ധമായ പൊന്നാനിയില്‍ പത്തു വര്‍ഷവും സാക്ഷാല്‍ മക്കയില്‍ ആറുവര്‍ഷക്കാലവും മതപഠനം നടത്തിയ സൂഫിവര്യന്‍ കൂടിയായ ആ പണ്ഡിത കേസരിയുടെ മനംനൊന്തുള്ള പ്രാര്‍ത്ഥന സര്‍വ്വശക്തന്‍ സ്വീകരിച്ചു. തൂക്കുമരത്തിലേക്ക് നടത്തും മുമ്പേ ആ നമസ്‌കാരപായയില്‍ വെച്ച് തന്നെ മഹാനായ ആ സ്വാതന്ത്ര്യസമര നായകന്‍ മരണപ്പെട്ടു. സൂര്യന്‍ അസ്തമിക്കാത്ത വൈദേശിക വെള്ള മേധാവിത്വത്തിന്റെ കിരാത ഭരണം ആറുമാസക്കാലത്തേക്കെങ്കിലും അവസാനിപ്പിക്കാന്‍ പോന്ന സമരാഗ്്‌നിയുടെ ജ്വാല മലബാറിലാകെ വ്യാപിപ്പിച്ച സമര യോദ്ധാവ് ഇതോടെ ചരിത്രമാവുകയായിരുന്നു.

അറസ്റ്റുചെയ്യപ്പെട്ട ഖിലാഫത്ത് വളണ്ടിയര്‍മാരെ വിട്ടയക്കണമെന്ന മിതമായ ആവശ്യവുമായി പോലീസ് സ്‌റ്റേഷനില്‍ ചെന്ന ആലി മുസ്ലിയാരും സംഘവുമായി അകത്ത് ചര്‍ച്ച നടക്കേ ഫയര്‍ എന്ന കല്‍പ്പനയോടെ പൊട്ടിയ ആ വെടിയാണ് ഒരു മഹാസമരമായി കത്തിജ്വലിച്ചത്. കയ്യില്‍ കിട്ടിയ കത്തിയും വടിയും വേലിത്തറിയുമായാണ് മാപ്പിളപോരാളികള്‍ തിരൂരങ്ങാടിയിലേക്ക് മാര്‍ച്ച് ചെയ്ത് ഒരു പ്രകോപനവുമില്ലാതെ പൊട്ടിച്ച വെടിയോട് പകരം ചോദിച്ചത്. അവസാനം താന്‍ ജോലി ചെയ്യുന്ന പള്ളി വളഞ്ഞ് ആലി മുസ്ലിയാരെയും ഏതാനും അനുയായികളെയും വെള്ളപ്പട്ടാളം പിടികൂടുകയായിരുന്നു.

1921 നവംബര്‍ രണ്ടിന് മാര്‍ഷല്‍ ലോ കോടതി കോഴിക്കോട്ട് പ്രത്യേകം കച്ചേരി ചേര്‍ന്നു. വിചാരണ പ്രഹസനം നടത്തിയപ്പോള്‍ അഡ്വ. എ വി ബാലകൃഷ്ണ മേനോനെ പ്രതികള്‍ക്കു വേണ്ടി ഏര്‍പ്പാടാക്കി കൊടുത്തിരുന്നുവെങ്കിലും തങ്ങള്‍ക്ക് വേണ്ടി വാദിക്കേണ്ടതില്ലെന്നായിരുന്നു ആലി മുസ്ലിയാര്‍ മേനോനോട് പറഞ്ഞത്്. ജെ ഡബ്ല്യുയും ഹ്യുഗ്്‌സിന്റെ നേതൃത്വത്തില്‍ ആര്‍ രാമയ്യരും എഡിംടനും അടങ്ങുന്ന പാനല്‍ കേസ് നടപടികള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കി വൈകാതെ വിധി പറയുകയായിരുന്നു. ആലി മുസ്ലിയാര്‍ അടക്കം 13 പേരെ തൂക്കി കൊല്ലുക, മൂന്നു പേരെ നാട് കടത്തുക, 14 പേരെ ജീവപര്യന്തം ജയിലില്‍ അടക്കുക, എട്ട് പേരെ ജീവപര്യന്തം നാടു കടത്തുക, എല്ലാ പ്രതികകളുടെയും സര്‍വ്വത്ര സ്വത്തുക്കളും പിടിച്ചെടുത്ത് സര്‍ക്കാറിലേക്ക് മുതല്‍കൂട്ടുക ഇതായിരുന്നു വിധി.

വെറും മൂന്നേ മൂന്നു ദിവസം കൊണ്ടാണ് വിചാരണയും വിധിയുമൊക്കെ വന്നത്. പ്രതികളുടെ അപ്പീല്‍ സ്വീകരിച്ചില്ല. ശിക്ഷ നടപ്പാക്കുന്നതിനായി പ്രതികളെ കോയമ്പത്തൂര്‍ ജയിലിലേക്ക് മാറ്റി. 1922 ഫെബ്രുവരി 17 ന് പുലര്‍ച്ച തൂക്കി കൊല്ലാനുള്ള വിധി ജയില്‍ അധികൃതര്‍ നടപ്പാക്കാന്‍ ഒരുങ്ങുമ്പോള്‍ സ്വതന്ത്ര സമര നായകനായിരുന്ന ആ മഹാ പണ്ഡിതന്റെ തിരുശരീരത്തില്‍ നിന്നും (റൂഹ്) ആത്മാവ് പിരിഞ്ഞു പോയിരുന്നു. തൂക്കി കൊല്ലുക എന്ന കോടതി വിധി നടപ്പാക്കാന്‍ ജയിലധികൃതര്‍ നിര്‍ബന്ധിതരായതനാല്‍ ആത്മാവ് പിരിഞ്ഞ ആ ദേഹം അവര്‍ കൊലക്കയറില്‍ കുരുക്കുക തന്നെ ചെയ്തു. തൂക്കി കൊന്നതായി റിക്കാര്‍ഡില്‍ രേഖപ്പെടുത്തുകയും ചെയ്തു. ചരിത്ര പണ്ഡിതനും ഗവേഷകനുമായിരുന്ന ആലിമുസ്ലിയാരുടെ പൗത്രന്‍ പരേതനായ നെല്ലിക്കുത്ത് എ പി മുഹമ്മദാലി മുസ്ലിയാര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കോയമ്പത്തൂരില്‍ പോയി നടത്തിയ ആഴത്തിലുള്ള അന്വേഷണത്തില്‍ അക്കാലത്ത് അവിടെ ഉണ്ടായിരുന്ന വിശ്വാസയോഗ്യരായ വയോവൃദ്ധരില്‍ നിന്നാണ് ഈ സത്യം പുറത്തു വന്നത്.

ആലി മുസ്ലിയാരുടെ മയ്യിത്ത് കുളിപ്പിക്കാന്‍ അവസരം ലഭിച്ച അവരിലൊരാളോട് ജയില്‍ ജീവനക്കാരനാണത്രെ ആലി മുസ്ലിയാരുടെ അന്ത്യാഭിലാഷവും പ്രാര്‍ത്ഥനക്കിടയിലുള്ള മരണവുമൊക്കെ വിവരിച്ചത്. ആത്മാവ് വേര്‍പ്പെട്ട ശരീരമാണ് താന്‍ കൊലക്കയറില്‍ തൂക്കുന്നതെന്ന് ആരാച്ചാര്‍ക്ക് വ്യക്തമായ ബോധ്യമുണ്ടായിരുന്നുപോലും. കോയമ്പത്തൂരിലെ ശുക്രാന്‍പേട്ടയില്‍ മറവ് ചെയ്യപ്പെട്ട ആലി മുസ്സിയാര്‍ക്ക് അവിടെ നിര്‍മ്മിച്ച സ്മാരകം 1957ല്‍ സയ്യിദ് അബ്ദുര്‍ റഹിമാന്‍ ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ മുന്‍ കേന്ദ്രമന്ത്രി പ്രൊഫ ഹുമയൂണ്‍ കബീറാണ് ഉദ്ഘാടനം ചെയ്തത്.

മാസങ്ങള്‍ക്കു മുമ്പ് ആലി മുസ്ലിയാരുടെ പൗത്രപുത്രന്മാര്‍ കോയമ്പത്തൂരില്‍ ഉപ്പാപ്പയുടെ ഖബര്‍ സിയാറത്തിനും മറ്റും പോയപ്പോള്‍ ഖബര്‍ ഏതെന്നോ, സ്മാരകം ഏതെന്നോ വ്യക്തമായി മനസ്സിലാക്കാന്‍ പറ്റാത്ത വിധം വിസ്മൃതിയില്‍ അകപ്പെട്ട വിവരം പറഞ്ഞതും ഓര്‍ക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Ali Musliyar, Article, Kunhippa Nellikuth, Namaz, Prayer,