Follow KVARTHA on Google news Follow Us!
ad

ഡിന്നര്‍ ബ്രേക്കിനു പിന്നാലെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി; സൂര്യനെ പേടിച്ച് കളി നിര്‍ത്തിവെച്ചു

ന്യൂസീലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ 158 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്നCricket Test, Cricket, Sports, Rohit Sharma, Virat Kohli, World
നേപ്പിയര്‍: (www.kvartha.com 23.01.2019) ന്യൂസീലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ 158 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഡിന്നര്‍ ബ്രേക്കിനു തൊട്ടുപിന്നാലെ ഓപ്പണര്‍ രോഹിത് ശര്‍മയാണ് പുറത്തായത്. 24 പന്തില്‍ ഒരു ബൗണ്ടറി സഹിതം 11 റണ്‍സെടുത്ത ശര്‍മയെ ഡഗ് ബ്രാസ്വെലിന്റെ പന്തില്‍ മാര്‍ട്ടിന്‍ ഗപ്റ്റിലാണ് ക്യാച്ചെടുത്തു പുറത്താക്കിയത്.

10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 43 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ശിഖര്‍ ധവാന്‍ (29), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (രണ്ട്) എന്നിവരാണ് ക്രീസില്‍. ഒന്‍പതു വിക്കറ്റും 40 ഓവറും ശേഷിക്കെ ഇന്ത്യയ്ക്ക് വിജയത്തിലേക്ക് 115 റണ്‍സ് കൂടി മതി.

India vs New Zealand Live Score, 1st ODI: Rohit Sharma falls, Cricket Test, Cricket, Sports, Rohit Sharma, Virat Kohli, World

10 ഓവര്‍ പിന്നിട്ടതിനു പിന്നാലെ മല്‍സരം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. സൂര്യപ്രകാശം ബാറ്റ്‌സ്മാന്റെ കണ്ണിലടിച്ച് കാഴ്ചയെ മറയ്ക്കുന്ന സാഹചര്യത്തിലാണിത്. ക്രിക്കറ്റ് കളത്തില്‍ അപൂര്‍വമായ സംഭവവികാസമാണിത്. സാധാരണഗതിയില്‍ സ്റ്റേഡിയങ്ങള്‍ നിര്‍മിക്കുമ്പോള്‍ വടക്കു-തെക്ക് ദിശയിലാകും അതിന്റെ സ്ഥാനം. ബാറ്റ്‌സ്മാന്‍ സൂര്യന് അഭിമുഖമായി വരുന്നത് ഒഴിവാക്കുന്നതിനാണിത്. എന്നാല്‍, ലോകത്തിന്റെ കിഴക്കേ അറ്റത്തുള്ള വേദിയെന്ന വിശേഷണമുള്ള മക്ലീന്‍ പാര്‍ക്കിന്റെ നിര്‍മാണം കിഴക്കു-പടിഞ്ഞാറു ദിശയിലാണ്.

അതിനിടെ, ശിഖര്‍ ധവാന്‍ ഏകദിനത്തില്‍ 5,000 റണ്‍സ് പിന്നിടുന്നതിനും നേപ്പിയറിലെ മക്ലീന്‍ പാര്‍ക്ക് വേദിയായി. ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ താരവും രണ്ടാമത്തെ ഇന്ത്യക്കാരനുമാണ് ധവാന്‍. 118 ഇന്നിങ്‌സുകളില്‍നിന്ന് 5,000 കടന്ന ധവാന്‍ ഇക്കാര്യത്തില്‍ വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയ്‌ക്കൊപ്പമെത്തി. 101 ഇന്നിങ്‌സുകളില്‍നിന്ന് 5,000 പിന്നിട്ട ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംലയാണ് ഒന്നാമത്. 114 ഇന്നിങ്‌സുകളില്‍നിന്ന് ഇതേ നേട്ടം കരസ്ഥമാക്കിയ വിവിയന്‍ റിച്ചാര്‍ഡ്‌സ്, വിരാട് കോഹ്‌ലി എന്നിവര്‍ രണ്ടാമതുണ്ട്. 119 ഇന്നിങ്‌സുകളില്‍നിന്ന് 5,000 കടന്ന ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസനെ സാക്ഷിനിര്‍ത്തിയാണ് ഒരു ഇന്നിങ്‌സ് കുറച്ച് ധവാന്‍ റെക്കോര്‍ഡിലെത്തിയതെന്നതും ശ്രദ്ധേയം.

നേരത്തെ, പേസും സ്പിന്നും സമാസമം ചാലിച്ച് നേപ്പിയറില്‍ ഇന്ത്യ നടത്തിയ ഓള്‍ഔട്ട് അറ്റാക്കില്‍ ന്യൂസീലന്‍ഡ് തകര്‍ന്നടിയുകയായിരുന്നു. ഫലം, ഒന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്കു മുന്നില്‍ ഉയര്‍ന്നത് 158 റണ്‍സ് വിജയലക്ഷ്യം. നായകന്‍ കെയ്ന്‍ വില്യംസന്‍ ഒഴികെയുള്ള ആര്‍ക്കും ഫോമിലെത്താന്‍ സാധിക്കാതെ പോയതോടെ ന്യൂസീലന്‍ഡ് 38 ഓവറില്‍ 157 റണ്‍സിന് എല്ലാവരും പുറത്തായി. 36-ാം ഏകദിന അര്‍ധസെഞ്ച്വറി കുറിച്ച വില്യംസന്‍ 81 പന്തില്‍ ഏഴു ബൗണ്ടറികള്‍ സഹിതം 64 റണ്‍സെടുത്ത് പുറത്തായി.

നാലു വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവ് മൂന്നു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി, രണ്ടു വിക്കറ്റ് വീഴ്ത്തിയ യുസ്വേന്ദ്ര ചാഹല്‍ എന്നിവരാണ് ന്യൂസീലന്‍ഡിനെ തകര്‍ത്തുവിട്ടത്. പാര്‍ട്ട് ടൈം സ്പിന്നറുടെ റോള്‍ ഭംഗിയാക്കിയ കേദാര്‍ ജാദവിനാണ് ഒരു വിക്കറ്റ്. ബുധനാഴ്ചത്തെ മല്‍സരത്തോടെ മുഹമ്മദ് ഷമി ഏകദിനത്തില്‍ 100 വിക്കറ്റും പൂര്‍ത്തിയാക്കി. ന്യൂസീലന്‍ഡ് നിരയില്‍ ആറു താരങ്ങള്‍ക്ക് രണ്ടക്കം കടക്കാനായില്ല. ഒരു അര്‍ധസെഞ്ച്വറി കൂട്ടുകെട്ടുപോലും പിറക്കാതെ പോയ ഇന്നിങ്‌സിനൊടുവിലാണ് ന്യൂസീലന്‍ഡ് 157 റണ്‍സിന് എല്ലാവരും പുറത്തായത്.

63 പന്തില്‍ ആറു ബൗണ്ടറികളോടെയാണ് വില്യംസന്‍ തന്റെ 36-ാം ഏകദിന അര്‍ധസെഞ്ച്വറി നേടിയത്. കുല്‍ദീപ് യാദവിന് മത്സരത്തിലെ ആദ്യ വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോഴേയ്ക്കും 81 പന്തില്‍ ഏഴു ബൗണ്ടറികള്‍ സഹിതം 64 റണ്‍സായിരുന്നു വില്യംസന്റെ സമ്പാദ്യം. മാര്‍ട്ടിന്‍ ഗപ്റ്റില്‍ (ഒന്‍പതു പന്തില്‍ അഞ്ച്), കോളിന്‍ മണ്‍റോ (ഒന്‍പതു പന്തില്‍ എട്ട്), റോസ് ടെയ്ലര്‍ (41 പന്തില്‍ 24),ടോം ലാഥം (10 പന്തില്‍ 11), ഹെന്റി നിക്കോള്‍സ് (17 പന്തില്‍ 12), മിച്ചല്‍ സാന്റ്‌നര്‍ (21 പന്തില്‍ 14), ഡഗ് ബ്രേസ്വെല്‍ (15 പന്തില്‍ ഏഴ്), ലോക്കി ഫെര്‍ഗൂസന്‍ (മൂന്നു പന്തില്‍ പൂജ്യം), ട്രെന്റ് ബൗള്‍ട്ട് (10 പന്തില്‍ ഒന്ന്) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. ടീം സൗത്തി ഒന്‍പതു റണ്‍സോടെ പുറത്താകാതെ നിന്നു.

സ്‌കോര്‍ ബോര്‍ഡില്‍ വെറും അഞ്ചു റണ്‍സുള്ളപ്പോള്‍ മാര്‍ട്ടിന്‍ ഗപ്റ്റിലിനെ നഷ്ടമായ ന്യൂസീലന്‍ഡിന് പിന്നീട് പിടിച്ചുകയറാന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ അവസരം നല്‍കിയില്ല. നാട്ടിലെ പരിചിത സാഹചര്യങ്ങളുടെ ആനുകൂല്യമുണ്ടായിട്ടും ഇതുവരെ ഒരു അര്‍ധസെഞ്ച്വറി കൂട്ടുകെട്ടു പോലും തീര്‍ക്കാന്‍ ന്യൂസീലന്‍ഡിനു സാധിച്ചിട്ടില്ല. മൂന്നാം വിക്കറ്റില്‍ റോസ് ടെയ്ലര്‍-കെയ്ന്‍ വില്യംസന്‍ സഖ്യം കൂട്ടിച്ചേര്‍ത്ത 34 റണ്‍സാണ് ഇതുവരെയുള്ള ഉയര്‍ന്ന കൂട്ടുകെട്ട്.

സ്‌കോര്‍ ബോര്‍ഡില്‍ അഞ്ചു റണ്‍സ് മാത്രമുള്ളപ്പോള്‍ ഗപ്റ്റിലിന്റെ കുറ്റി തെറിപ്പിച്ച് മുഹമ്മദ് ഷമിയാണ് ഇന്ത്യ ആശിച്ച തുടക്കം സമ്മാനിച്ചത്. പിടിച്ചുകയറാനുള്ള കിവീസ് ശ്രമങ്ങളുടെ മുനയൊടിച്ച് സ്‌കോര്‍ 18ല്‍ നില്‍ക്കെ രണ്ടാമത്തെ ഓപ്പണര്‍ കോളിന്‍ മണ്‍റോയെയും ഷമി തന്നെ വീഴ്ത്തി. ഇക്കുറിയും കുറ്റിതെറിപ്പിച്ചാണ് ഷമി മണ്‍റോയെ കൂടാരം കയറ്റിയത്.

മൂന്നാം വിക്കറ്റില്‍ ക്ഷമയോടെ പിടിച്ചുനിന്ന റോസ് ടെയ്ലര്‍-വില്യംസന്‍ സഖ്യം ന്യൂസീലന്‍ഡിന് പ്രതീക്ഷ പകര്‍ന്നെങ്കിലും ഇന്ത്യയയുടെ രക്ഷകനായി ചാഹല്‍ അവതരിച്ചു. സ്‌കോര്‍ 50 കടന്നതിനു പിന്നാലെ ടെയ്ലറെ സ്വന്തം ബോളിങ്ങില്‍ പിടിച്ചു പുറത്താക്കിയ ചാഹല്‍, പിന്നാലെ ടോം ലാഥമിനെയും സമാന രീതിയില്‍ മടക്കി.

പാര്‍ട്ട് ടൈം സ്പിന്നര്‍ കേദാര്‍ ജാദവിന്റേതായിരുന്നു അടുത്ത ഊഴം. വില്യംസനു കൂട്ടുനില്‍ക്കാനുള്ള ഹെന്റി നിക്കോള്‍സിന്റെ ശ്രമം പൊളിച്ച കേദാര്‍, ഇന്ത്യയ്ക്ക് അഞ്ചാം വിക്കറ്റ് സമ്മാനിച്ചു. അപ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 107 റണ്‍സ് മാത്രം. മിച്ചല്‍ സാന്റ്‌നറിനെയും ഷമി മടക്കിയതോടെ ആറിന് 133 റണ്‍സ് എന്ന നിലയിലായി ന്യൂസീലന്‍ഡ്.

ഡഗ് ബ്രേസ്വെല്ലിനെ കൂട്ടുപിടിച്ച് വില്യംസന്‍ രക്ഷാപ്രവര്‍ത്തനത്തിനു തുനിഞ്ഞെങ്കിലും ഇരട്ടപ്രഹരവുമായി കുല്‍ദീപ് എത്തിയതോടെ ന്യൂസീലന്‍ഡ് വീണ്ടും പതറി. 34-ാം ഓവറിന്റെ ആദ്യ പന്തില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്റെ പ്രതിരോധം തകര്‍ത്ത ചാഹല്‍, അവസാന പന്തില്‍ ബ്രേസ്വെല്ലിനെയും മടക്കി. സ്‌കോര്‍ 146ല്‍ നില്‍ക്കെയാണ് ന്യൂസീലന്‍ഡിന് രണ്ടു വിക്കറ്റ് നഷ്ടമായത്. ഒരു ഓവറിനു ശേഷം മടങ്ങിയെത്തിയ കുല്‍ദീപ് ലോക്കി ഫെര്‍ഗൂസനെയും പുറത്താക്കി ന്യൂസീലന്‍ഡിനെ ഒന്‍പതിന് 148 റണ്‍സ് എന്ന നിലയിലേക്കു തള്ളിവിട്ടു. അടുത്ത വരവില്‍ ടിം സൗത്തി സിക്‌സോടെ വരവേറ്റെങ്കിലും അവസാന പന്തില്‍ ബൗള്‍ട്ടിനെ (1) വീഴ്ത്തി കുല്‍ദീപ് കിവീസ് ഇന്നിങ്‌സിന് തിരശീലയിട്ടു.

ലോകകപ്പിന് മുന്നോടിയായി മികച്ച ടീമിനെ കണ്ടെത്താനുള്ള ശ്രമത്തില്‍ ഇക്കുറിയും ടീമില്‍ മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന അമ്പാട്ടി റായുഡു, കുല്‍ദീപ് യാദവ് എന്നിവര്‍ ടീമില്‍ തിരിച്ചെത്തിയപ്പോള്‍ രവീന്ദ്ര ജഡേജ, ദിനേഷ് കാര്‍ത്തിക് എന്നിവര്‍ പകരക്കാരുടെ ബെഞ്ചിലേക്കു മാറി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: India vs New Zealand Live Score, 1st ODI: Rohit Sharma falls, Cricket Test, Cricket, Sports, Rohit Sharma, Virat Kohli, World.