Follow KVARTHA on Google news Follow Us!
ad

ഭക്ഷണം കഴിക്കാനുള്ളതാണ്... പാഴാക്കാനുള്ളതല്ല; പലരും അറിയാത്ത സത്യങ്ങൾ!

ഒക്ടോബര്‍ 15 ന് ലോകമെമ്പാടും ലോക ഭക്ഷ്യ ദിനം ആചരിക്കുകയാണല്ലോ? തികഞ്ഞ അലംഭാവത്തോടെ മാത്രം നമ്മളോരോരുത്തരും കൈകാര്യം ചെയ്യുന്ന ഒരു വിഷയമാണ് ഇArticle, Food, Food Day, Awareness, Programs, Qatar, India, Food Waste, change the future of migration -invest in food security and rural development, UNFAO, DWF, Article on Food Day
ഒക്ടോബര്‍ 16 ലോക ഭക്ഷ്യ ദിനം

നിസാര്‍ മൊയ്തീന്‍

(www.kvartha.com 16.10.2017) ഒക്ടോബര്‍ 16 ന് ലോകമെമ്പാടും ലോക ഭക്ഷ്യ ദിനം ആചരിക്കുകയാണല്ലോ? തികഞ്ഞ അലംഭാവത്തോടെ മാത്രം നമ്മളോരോരുത്തരും കൈകാര്യം ചെയ്യുന്ന ഒരു വിഷയമാണ് ഇതുമായി ബന്ധപ്പെട്ടു ഇവിടെ ചര്‍ച്ച ചെയ്യുന്നത്. ലോകമെമ്പാടും എവിടെ നോക്കിയാലും ഭക്ഷണം പാഴാക്കിക്കളയുന്ന കാഴ്ച കാണാം. സ്ഥല കാല ജാതി മത ലിംഗ പ്രായ ഭേദമന്യേ എല്ലാവരും ഈ കാര്യത്തില്‍ കാണിക്കുന്ന ശുഷ്‌ക മനോഭാവം ഭീകരവും ഭയനാകവുമാണ് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

സമ്പന്ന രാജ്യമായ ഖത്തറില്‍ ഈയിടെ ഒരു സര്‍ക്കാര്‍ ഏജന്‍സി നടത്തിയ പഠനമനുസരിച്ച് നഗരസഭയുടെ കുപ്പത്തൊട്ടിയില്‍ കൊണ്ട് തള്ളുന്ന  പാഴ് വസ്തുക്കളില്‍ 50 ശതമാനവും ഉപയോഗിക്കാതെ വലിച്ചെറിയുന്ന ഭക്ഷണമാണെന്നാണ് കണ്ടെത്തിയത്. അഥവാ ഒരു വര്‍ഷം ഉണ്ടാക്കുന്ന ആകെ 2 .5 മില്യണ്‍ ടണ്‍ ഖര മാലിന്യങ്ങളില്‍ ഒരു മില്യണ്‍ ടണ്ണിലധികമാണ് ഭക്ഷണ വസ്തുക്കള്‍. ശരാശരി 1.6 മുതല്‍ 1.8 കിലോ വരെയാണ് പാഴാക്കി കളയുന്നതിന്റെ ആളോഹരി നിരക്ക്, അഥവാ ഒരാള്‍ ഒരു ദിവസം 5  ഉരുള ചോറാണ് പാഴാക്കുന്നത് വിശേഷ ദിവസങ്ങളിലും ആഘോഷ വേളകളിലും. ഇതിന്റെ നിരക്ക് ഇനിയും കൂടും എന്നതാണ് വാസ്തവം. ചെറിയ ഒരു രാജ്യമായ ഖത്തറിലെ അവസ്ഥ ഇതാണെങ്കില്‍ ഇന്ത്യ പോലുള്ള വലിയ രാജ്യങ്ങളിലെ സ്ഥിതി നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.

ഭാരതത്തിലും പ്രത്യേകിച്ച് വിദ്യാ സമ്പന്നരും ഉയര്‍ന്ന ജീവിത നിലവാരവും മൂല്യ ബോധവുമുള്ള കേരളീയ സമൂത്തിലും ഈ അലംഭാവം രൂഢമൂലമാണ്. ചുറ്റുമൊന്നു കണ്ണോടിച്ചാല്‍ നമുക്ക് മനസിലാവും. നമ്മുടെ അടുക്കളയിലേക്ക്, അയല്‍പക്കത്തേക്ക്. വിദ്യാലയങ്ങളിലും, തൊഴില്‍ ഇടങ്ങളിലും, എന്നുവേണ്ട ദിനേന വലിച്ചെറിയപ്പെടുന്ന നല്ല ഭക്ഷണത്തിന്റെ തോത് വളരെ വലുതാണ്. ഹോട്ടലുകളിലും, കല്യാണ വീടുകളിലും, മണ്ഡപങ്ങളിലും, മതസ്ഥരുടെയും ആരാധനാലയങ്ങളിലും, ഉത്സവ പറമ്പുകളിലും മറ്റു ആഘോഷ സ്ഥലങ്ങളിലും ഒന്ന് ശ്രദ്ധിച്ചാല്‍ കാണാവുന്ന കാഴ്ച അതി ദയനീയമാണ്. എല്ലാ മതത്തിലും എല്ലാ വേദ ഗ്രന്ധങ്ങളിലും ഭക്ഷണത്തെ ബഹുമാനിക്കേണ്ടതിനെയും സംരക്ഷിക്കേണ്ടതിനെയും ബാക്കിയാകാതെ മറ്റുള്ള പാവങ്ങള്‍ക്ക് നല്‍കേണ്ടുന്നതിന്റെയും പാഴാക്കുന്നതിന്റെ അപകടത്തെയും കുറിച്ച് എല്ലാ മത മേലധ്യക്ഷന്മാരും, സാംസ്‌കാരിക നായകര്‍മാനും വ്യക്തമായി പ്രസ്താവനകള്‍ നല്‍കിയിട്ടുണ്ട്.

പണ്ടൊരിക്കല്‍ പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ അടുക്കല്‍ ഒരാള്‍ വന്നു പറഞ്ഞു. നബി ദൂതരെ, ഞാന്‍ എത്ര ചെലവഴിച്ചിട്ടും എന്റെ സമ്പാദ്യത്തിലും എന്റെ ഐശ്വര്യത്തിലും ഒട്ടും കുറവ് വരുന്നില്ല, മറിച്ചു ബര്‍കത്ത് കൂടി വരികയാണ്. ഇതിനു എന്തായിരിക്കും കാരണമെന്നു വിശദമാക്കാമോ എന്ന് ആഗതന്‍ നബി (സ)യോട് ആരാഞ്ഞു. ഉദാഹരണം വിവരിച്ചു കൊണ്ട് മഹാനായ മുഹമ്മദ് നബി വന്നയാളോടും കൂടെ നിന്നവരോടുമായി പറഞ്ഞു. ഈ മഹാനായ മനുഷ്യന്റെ എല്ലാ വിധ ഐശ്വര്യത്തിന്റെയും കാരണം മറ്റൊന്നുമല്ല. ഭക്ഷണം പാഴാക്കാതെ സൂക്ഷിക്കുന്ന ഈ സ്വഭാവമാണ്.

ഈ ഒരു സംഭവം നമ്മളോരോരുത്തരിലും ഒരു ചിന്ത ഉണ്ടാക്കണം, ഭക്ഷണം പാഴാക്കുക എന്നാല്‍, സാമ്പത്തികമായും, സാമൂഹികപരമായും മതപരമായും ഒരു വലിയ അപരാധം തന്നെയാണ്. വെറുതെ കിട്ടുന്നതായാല്‍ പോലും ഒരു തരിപോലും ഭക്ഷണം പാഴാക്കാനുള്ളതല്ല. ലോകത്ത് ഓരോ 5 സെക്കന്റിലും ഓരോ കുട്ടികള്‍ വിശപ്പ് കൊണ്ട് മരണപ്പെടുമ്പോഴാണ് ലക്ഷങ്ങള്‍ ചെലവഴിച്ചു സംഘടിപ്പിക്കുന്ന ഭക്ഷണ മേളകളുടെ ഭാഗമായി യാതൊരു മനസാക്ഷി കുത്തുമില്ലാതെ നിഷ്‌കരുണം ഭക്ഷണം പാഴാക്കി കളയുന്നത്. നമ്മള്‍ ഭക്ഷണം പാഴാക്കില്ല എന്ന് തീരുമാനിച്ചാല്‍ തന്നെ എത്രപേര്‍ക്ക് വിശപ്പടക്കാന്‍ ഇത് സഹായകമാകും എന്ന് കൂടി നാം ഓര്‍ക്കണം. 'wasting  food  is like stealing  from  the  poor people ' പാവപ്പെട്ടവരുടേതു മോഷ്ടിച്ചതുപോലെയാണ് നാം പാഴാക്കുന്ന ഭക്ഷണം എന്നാണ് പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ- II  അഭിപ്രായപ്പെട്ടത്.

പരിശുദ്ധ ഖുര്‍ആന്‍ 7 :31  മുന്നറിയിപ്പ് നല്‍കുന്നത് ഇപ്രകാരമാണ്- 'തിന്നുകയും കുടിക്കുകയും ചെയ്യുക, ഇവ പാഴാക്കി കളയരുത്. നിശ്ചയമായും ഭക്ഷണം പാഴാക്കി കളയുന്നവരെ ദൈവം ഇഷ്ടപ്പെടുകയില്ല. ഭക്ഷണ തളികയില്‍ ഒന്നും തന്നെ അവശേഷിപ്പിക്കരുത് എന്നാണ് പ്രവാചക തിരുമേനി നമ്മെ ഉപദേശിച്ചത് - ലോകത്താകമാനം അനേകായിരം ജനങ്ങള്‍ വിശന്നിരിക്കുമ്പോള്‍ ഒരു റൊട്ടിയുടെ രൂപത്തിലാണ് അവരുടെ മുമ്പില്‍ ദൈവം പ്രത്യക്ഷപ്പെടുന്നത് എന്നാണ് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി അഭിപ്രായപ്പെട്ടത്.

ലോകത്തില്‍ ചിലയിടങ്ങളില്‍ ഭക്ഷണം പാഴാക്കുന്നവരോട് കര്‍ശന സമീപനം കൈക്കൊള്ളുന്ന ഭക്ഷണ ശാലകളുണ്ട്. ചില ജപ്പാനീസ് ഹോട്ടലുകളില്‍ ഭക്ഷണം പാഴാക്കുകയാണെങ്കില്‍ അതിന്റെ തുക കൂടി പിഴയായി ബില്ലിനോടൊപ്പം ചേര്‍ത്ത് നല്‍കുന്നതായി മാധ്യമ റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നമ്മുടെ നാട്ടിലും മാതൃകാപരമായ ഇത്തരം നിയമ നടപടികള്‍ക്കുള്ള നീക്കം നാടത്തണം ഇതിനായി സമൂഹവും, ഭരണകൂടവും വിവിധ മത രാഷ്ട്രമായ സംഘടനകളും കൈകോര്‍ക്കണം. എങ്കില്‍ നമുക്ക് വലിയൊരളവില്‍ മാറ്റം ഉണ്ടാക്കാന്‍ കഴിയും ആവശ്യമായ ഉല്‌ബോധന പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളുടെ മനോഭാവത്തിലും ഒരു മാറ്റമുണ്ടാക്കാന്‍ സാധിക്കുമെന്ന്‌മെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ഇതോടൊപ്പം നമ്മള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടുന്ന ഏതാനും ചില കാര്യങ്ങള്‍ കൂടിയുണ്ട്. നമ്മുടെ വീട്ടമ്മമാരാണ് ഇതില്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടത്. ആലോചിച്ചു മാത്രം ഭക്ഷണ സാധനങ്ങള്‍ വാങ്ങുക, ഇതിനായി നേരത്തെ ആസൂത്രണം ചെയ്യുക, സൂക്ഷിച്ചു പാചകം ചെയ്യുക, ആവശ്യമായ അളവില്‍ മാത്രമേ പാചകം ചെയ്യാവൂ, കഴിയുന്നത്ര പ്രദേശികമായി ലഭിക്കുന്ന സാധനങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുക അതിലൂടെ കൊണ്ട് വരുമ്പോള്‍ ഉണ്ടാകുന്ന നഷ്ട്ടം പരമാവധി കുറക്കാനാകും, ആവശ്യത്തിന് മാത്രമെ ഭക്ഷണം വിതരണം ചെയ്യാവൂ. പ്രത്യേകിച്ചു കുട്ടികള്‍ക്കും പ്രായമായവര്‍ക്കും, രോഗികള്‍ക്കും മറ്റും.

ബാക്കി വരുന്നവ ശാസ്ത്രീയമായി കൃത്യതയോടെ സൂക്ഷിക്കുകയും ബുധിപൂര്‍വ്വം ഉപയോഗിക്കുകയും ചെയ്യുക, ഉപയോഗിക്കാത്തവ റീസൈക്കിള്‍ ചെയ്യുക, കമ്പോസ്റ്റിംഗ് പോലുള്ള നൂതന മാര്‍ഗങ്ങള്‍ അവലംബിക്കുക കൂടി ചെയ്യണം. പറയുക പ്രവര്‍ത്തിക്കുക, മറ്റുള്ളവരെകൂടി ബോധവാന്മാരാക്കുക, എന്നതാവണം നമ്മുടെ നയം. നമ്മള്‍ ഓരോരുത്തരും ഇതൊരു വെല്ലുവിളിയായും ഉത്തരവാദിത്തമായും ഏറ്റെടുക്കണം. അപ്പോഴേ സ്ഥായിയായ മാറ്റം ഉണ്ടാക്കാനാവൂ.

ഭക്ഷണം പാഴാക്കിക്കളയുന്നതു ശ്രദ്ധയില്‍പെട്ടാല്‍ ഉടനടി ഇടപെടണം. അവരെ ഉപദേശിക്കണം. അതിന്റെ പ്രാധാന്യം മനസിലാക്കി കൊടുക്കണം. സാധിക്കുമെങ്കില്‍ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്ന തീരെ പാവപ്പെട്ട ഇതര സംസ്ഥാന തൊഴിലാളികളും, ഭിക്ഷയെടുത്തു ജീവിക്കുന്നവരുമായവരെ കണ്ടെത്തി അവര്‍ക്കു ബാക്കി വന്ന ഭക്ഷണം എത്തിച്ചു കൊടുക്കാന്‍ കൂട്ടായ പരിശ്രമം നടത്തണം. നമ്മുടെ നാട്ടില്‍ ചില ഇടങ്ങളിലൊക്കെ ഇത്തരം സ്വയം സേവക സംഘങ്ങള്‍ പ്രവര്‍ത്തിക്കുണ്ടെങ്കിലും സ്ഥിരമായ ഒരു സംവിധാനം ഇനിയും ഉണ്ടായിട്ടില്ല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കും പൊതു മേഖലാ സ്ഥാപനങ്ങളായ ഫുഡ്‌കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (FCI), സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍, പഞ്ചായത്ത്- നഗരസഭാ കോര്‍പറേഷനുകള്‍ കൂടാതെ രാഷ്ട്രീയ സംഘടനകള്‍ക്കും മറ്റു സമുദായ സംഘടനകള്‍ക്കും ഈ കാര്യത്തില്‍ ഒരുപാട് ചെയ്യാനാവും. നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ അതിനുള്ള അജണ്ട ഉണ്ടാക്കണം. നമ്മള്‍ പാഴാക്കി കളയുന്നത് മറ്റൊരാളുടെ ഭക്ഷണമാണ് എന്ന ബോധം എല്ലായ്‌പ്പോഴും നമ്മില്‍ ഉണ്ടായിരിക്കണം. ശ്വാസോച്ഛാസം പോലെ ദൈനം ദിന ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ  ഭക്ഷണവും. അതുകൊണ്ട് തന്നെ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും നമുക്ക് ഈ കാര്യത്തില്‍ പ്രവര്‍ത്തിക്കാനാകും. എല്ലാം കൊണ്ടും എല്ലാവര്‍ക്കും വലിയ ഗുണം കിട്ടുന്ന മഹത്തായ ഒരു പുണ്യ കര്‍മ്മം കൂടിയാണിത്.

ഈ വിഷയത്തില്‍ ചര്‍ച്ച ചെയ്യാന്‍ ഒരുപാടുണ്ട്. ഒന്നോ രണ്ടോ പേജുകളില്‍ അല്ലെങ്കില്‍ ഒന്നോ രണ്ടോ ദിവസം പറഞ്ഞാല്‍ തീരുന്ന ഒരു വിഷയമല്ല ഇത്. പാചകം ചെയ്ത ഭക്ഷണം മാത്രമല്ല, വേണ്ട വിധം സൂക്ഷിക്കാതെയും വഹിച്ചു കൊണ്ട് പോകുമ്പോള്‍ ശ്രദ്ധിക്കാതെയും പാഴാക്കികളയുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളുടെ അളവും വളരെ വലുതാണ്. നമ്മുടെ പച്ചക്കറി ചന്തകളും സൂപ്പര്‍ മാര്‍ക്കറ്റുകളും മറ്റു ഭക്ഷണ ശാലകളും ഇതില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. അതിലൂടെ മാത്രമേ പട്ടിണിയില്ലാത്ത ഒരു സമൂഹം കെട്ടിപ്പടുക്കുന്നത്തിനുള്ള ശ്രമങ്ങളില്‍  നമുക്കും പങ്കാളികളാവാന്‍ സാധിക്കുകയുള്ളൂ.

ഇതിനായി ഒന്നും നല്‍കാന്‍ കഴിഞ്ഞില്ലെങ്കിലും സ്വന്തം ജീവിതത്തിലും, സ്വന്തം കുടുംബത്തിലും, സുഹൃത്തുക്കള്‍ക്കിടയിലും, അവരവരുടെ പ്രദേശത്തെങ്കിലും അനാവശ്യമായി ഭക്ഷണങ്ങള്‍ പാഴാക്കുന്നില്ലെന്നു ഉറപ്പു വരുത്താന്‍ നമുക്കാവണം. അതിനുള്ള മാനസികമായ തയാറെടുപ്പിനൊപ്പം ഇന്ന് മുതല്‍ മുതല്‍ മരണം വരെ  ജീവിതത്തില്‍ ഒരിക്കലും ഒരു തരത്തിലും ഭക്ഷണ സാധനങ്ങള്‍ പാഴാക്കി കളയുകയില്ല എന്ന ദൃഢ പ്രതിജ്ഞ എടുക്കാന്‍ നാം ഓരോരുത്തരും മുന്നോട്ടു വരണം. ഐക്യ രാഷ്ട്രസഭയുടെ കീഴിലുള്ള ഫുഡ് ആന്‍ഡ് അഗ്രികളര്‍ ഓര്‍ഗനൈസേഷന്‍ (UNFAO) ഉദ്ദേശിക്കുന്നത് 2030 യോടെ ലോകം പൂര്‍ണമായും വിശപ്പ് രഹിതമാകുക (zero hunger 2030)എന്ന  ലക്ഷ്യവുമായിട്ടാണ് യു.എന്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി വരുന്നത്. UN FAO യുടെ കീഴില്‍ സേവ് ഫുഡ് (save  food ) എന്ന പ്രത്യേകം പദ്ധതി തന്നെ നിലവിലുണ്ട്. ലോകത്താകമാനം  ഭക്ഷണം പാഴാക്കി കളയുന്നത് ഇല്ലാതാക്കി കൊണ്ടും മിച്ചം വരുന്ന ഭക്ഷ്യ യോഗ്യമായ ഭക്ഷണം പാവങ്ങളായ ജനങ്ങള്‍ക്ക് എത്തിച്ചു കൊടുക്കുന്നതിനും ഭക്ഷണം പാഴാക്കി കളയുന്നതിനെതിരെയും മിച്ചം വരുന്ന ഭക്ഷണം ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും അവയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യുക എന്നതാണ് save food പ്രോജക്ടിന്റെ ലക്ഷ്യം.

ലോകത്തെമ്പാടുമുള്ള അഭയാര്‍ത്ഥി സമൂഹത്തിന്റെ ഭാവിയെ മാറ്റി മറിക്കുക, ഭക്ഷ്യ സുരക്ഷക്കും ഗ്രാമങ്ങളുടെ വികസനത്തിനും വേണ്ടി നിക്ഷേപങ്ങള്‍ നടത്തുക (change  the  future of  migration -invest  in  food  security and  rural  development)എന്നാണ് ഐക്യ രാഷ്ട്ര സഭയും, UNFAO യും മുന്നോട്ടു വെക്കുന്ന ഈ വര്‍ഷത്തെ ലോക ഭക്ഷ്യ ദിന സന്ദേശം.

ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തു ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യയിലുമായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു പ്രവര്‍ത്തിക്കുന്ന UNFAO -SAVE  FOOD പദ്ധതിയുടെ ഭാഗമായ ഒരു NGO ആണ് DontWasteFood (DWF). ഭക്ഷണം പാഴാക്കി കളയുന്നതിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ക്യാമ്പെയിന്‍ നടത്തിക്കൊണ്ടാണ് DWF പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. DWF -ഗ്ലോബലുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും +974-77034866 എന്ന മൊബൈല്‍ നമ്പറിലോ, dontwastefoodgm @gmail com എന്ന ഇ-മെയിലിലോ, DWF ന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍, ലിങ്ക്ഡിന്‍ തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെയോ DWF മായി ബന്ധപ്പെടാവുന്നതാണ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Food, Food Day, Awareness, Programs, Qatar, India, Food Waste, change  the  future of  migration -invest  in  food  security and  rural  development, UNFAO, DWF, Article on Food Day